ടി.എന്‍. ജയചന്ദ്രന്‍
ചെറുകഥാ സമാഹാരത്തിന്നുള്ള 1988-ലെ കേരളസാഹിത്യ അക്കാദമി അവാർഡു നേടിയ കൃതിയാണ് ദിനോസറിന്റെ കുട്ടി. അതിന്റെ കർത്താവത്രെ ഹരികുമാർ. ആരാണീ ഹരികുമാർ എന്നാരെങ്കിലും ചോദിച്ചാൽ അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കൂറകൾ, വൃക്ഷഭത്തിന്റെ കണ്ണ്, കുങ്കുമം വിതറിയ വഴികൾ എന്നീ മൂന്നു ചെറുകഥാ സമാഹാരങ്ങളും, ഉറങ്ങുന്ന സർപ്പങ്ങൾ എന്നൊരു നോവലുമുണ്ട് ഹരികുമാറിന്റേതായിട്ട്. പക്ഷേ, ഹരികുമാർ ഇതുവരെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതായി തോന്നുന്നില്ല. ഒരു പക്ഷേ, എന്റെ വായനയുടെ പരിമിതികൊണ്ട് ഞാൻ ശ്രദ്ധിക്കാതെ പോയതാകാം. ദിനോസറിന്റെ കുട്ടിയുമായി പരിചയപ്പെട്ടപ്പോൾ ഹരികുമാർ ഇതിനുമെത്രയോ മുമ്പുതന്നെ ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു എന്നു തോന്നി. സാഹിത്യഅക്കാദമി ഈ കുറവ് നികത്തിയിരിക്കുന്നു. ഇനി ഹരികുമാറിന്റെ കഥകൾ ശ്രദ്ധിക്കപ്പെടും. ഹരികുമാറും. ദിനോസറിന്റെ കുട്ടി വായിക്കുന്നവരും പറഞ്ഞുപോകും. മലയാള ചെറുകഥയിൽ ഇതാ ഒരു പുതിയ സ്വരം.
ജീവിതാനുഭവങ്ങൾ, സ്ത്രീ-പുരുഷബന്ധം, പുതൃ-പുത്ര ബന്ധം എന്നിവ പുതിയൊരു കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയാണ് ഹരികുമാർ. എന്നുവെച്ച് അദ്ദേഹം നവീന കഥയുടെ മാർഗ്ഗം തേടുന്നു എന്നർത്ഥമില്ല. മാത്രമല്ല, ഘടനാപരമായി പരമ്പരാഗത സങ്കേതങ്ങളാണ് ഹരികുമാർ ഉപയോഗപ്പെടുത്തുന്നത് എന്നും വേണമെങ്കിൽ പറയാം. കഥയുള്ള കഥകളാണിവ. ഉദ്വേഗം വളർത്തുന്ന, ഉൽക്കണ്ഠ ജനിപ്പിക്കുന്ന കഥകൾ. ഓരോ കഥയും അനുവാചകന്റെ ഒരനുഭവമാക്കി മാറ്റുന്ന കരവിരുത്, രചനാ വൈഭവം, കാട്ടുന്നുണ്ട് ഹരികുമാർ ഈ പതിനൊന്നു കഥകളിലും.
ദിനോസറിന്റെ കുട്ടിയെ നോക്കൂ. മകൻ രാജീവന്റെ ഭ്രമകൽപനകളുടെ കഥയാണ് മോഹനൻ പറയുന്നത്. മോഹനന്ന് വേണ്ടത്ര പ്രശ്‌നങ്ങളുണ്ട്. തൊഴിൽപരമായ പ്രശ്‌നങ്ങൾ. നിത്യജീവിത പ്രശ്‌നങ്ങൾ. പക്ഷേ, ഏക പുത്രനായ രാജീവന്റെ മോഹങ്ങളും മോഹഭംഗങ്ങലുമൊക്കെ മോഹനന്റെ പ്രശ്‌നങ്ങൾ തന്നെ. ദിനോസറിന്റെ ഭക്ഷണരീതിയെപ്പറ്റി അന്വേഷണം നടത്താൻ അയാൾ നിർബന്ധിതനാകുന്നത് അങ്ങിനെയാണ്. പക്ഷേ ജീവിതപ്രശ്‌നങ്ങൾ രൂക്ഷമാകുമ്പോൾ മകന്റെ കുട്ടിപ്രശ്‌നങ്ങൾ വഴി മാറാതെ വയ്യ. അത്തരമൊരു സന്ദർഭത്തിൽ മോഹനൻ പൊട്ടിത്തെറിച്ചു. പക്ഷേ, പിന്നീടയാൾക്ക് ദിനോസറിനോട് അസൂയ തോന്നുകയാണ്. രാത്രി മുഴുവൻ തന്റെ മകന്റെ സ്‌നേഹത്തിനു കാവൽ നിൽക്കുന്ന ഒരു ദിനോസറായെങ്കിൽ എന്ന് വേദനയോടെ അയാൾ ആശിക്കാനിടയായതങ്ങിനെയാണ്.
ധാരാളം പ്രശ്‌നങ്ങളുള്ള കുമാരന്റെ മകൻ കൃഷ്ണൻകുട്ടിയുടെ പടക്കപ്രേമമാണ് വിഷു എന്ന കഥയിലെ കേന്ദ്രബിന്ദു. ഒരു കങ്ഫൂ ഫൈറ്റർ എന്ന കഥയാകട്ടെ, കുട്ടികൾ വലിയവരേക്കാൾ എത്രയോ വലിയവരാണെന്ന വസ്തുത വിളിച്ചോതുന്നു. ഒന്നാന്തരമൊരു ബാല മനഃശാസ്ത്രവിദഗ്ധനാണ് ഹരികുമാർ എന്നു വിളംബരം ചെയ്യുന്നവയാണ് ഈ മൂന്നു കഥകളും.
സ്ത്രീ-പുരുഷ ബന്ധത്തിന്റെ ഭിന്നഭാവങ്ങൾ ചിത്രീകരിക്കുന്നതിലാണ് ഹരികുമാർ കൂടുതൽ കൃതഹസ്തത പ്രദർശിപ്പിക്കുന്നത്. സന്ധ്യയുടെ നിഴലുകൾ, കറുത്ത സൂര്യൻ, ബസ്സ് തെറ്റാതിരിക്കാൻ, സ്ത്രീഗന്ധമുള്ള ഒരു മുറി, ഒരു ദിവസത്തിന്റെ മരണം എന്നീ കഥകൾ ഈ വകുപ്പിൽപ്പെടുന്നു. സന്ധ്യയുടെ നിഴലുകൾ എന്ന കഥയിൽ രണ്ടാത്മമിത്രങ്ങളുടെ ബന്ധത്തിൽ അതിലൊരുവന്റെ വിവാഹം വരുത്തുന്ന മാറ്റം ചേതോഹരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കറുത്ത സൂര്യൻ മാനസികമായി സമനില തെറ്റിയ ഒരാളുടെ ഭ്രമകൽപനയുടെ കഥയാണ്. ബസ്സ് തെറ്റാതിരിക്കാൻ അമ്മയും മക്കളം തമ്മിലും സഹോദരനും സഹോദരികളും തമ്മിലുള്ള അസാധാരണമായ ബന്ധങ്ങളുടെ മറ നീക്കികാണിക്കുന്നു. സ്ത്രീഗന്ധമുള്ള ഒരു മുറിയാകട്ടെ, ഭർതൃമതിയായ ഒരു സ്ത്രീയുടെ പരപുരുഷഗമനത്തിന്റെ പുതിയൊരാഖ്യാനമാണ്. ഒരു ദിവസത്തിന്റെ മരണം ദരിദ്രയായ ഒരു തൊഴിലാളി സ്ത്രീയുടെ ചാരിത്ര്യത്തിന്റെ മരണകഥ പറയുന്നു.
ശ്രദ്ധേയമായിത്തോന്നിയ ഒരു കാര്യം, വിവിധ ജീവിത തലങ്ങളിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഹരികുമാർ പ്രദർശിപ്പിക്കുന്ന വൈഭവമാണ്. തുച്ഛവരുമാനക്കാരുടെ ജീവിത സാഹചര്യങ്ങളും പഞ്ചനക്ഷത്ര സംസ്‌ക്കാരത്തിന്റെ ഉപാസകരുടെ ഭൗതിക സാഹചര്യങ്ങളും ഹരികുമാറിന് ഒരു പോലെ പരിചിതമാണെന്നു തോന്നും ഈ കഥകൾ വായിച്ചാൽ. സമ്പന്നരുടെ ഭോഗാലസമായ ജീവിതവും, കഞ്ഞിക്കരിയില്ലാതെ വലയുന്ന പട്ടിണിപ്പാവങ്ങളുടെ അസ്തിത്വവും സൃഷ്ടിയുടെ അസംസ്‌കൃത പദാർത്ഥങ്ങളെന്ന നിലയിൽ - തനിക്കൊരുപോലെ പ്രധാനമാണെന്ന് ഹരികുമാർ തെളിയിക്കുന്നു.
എല്ലാ കഥകളെപ്പറ്റിയും എടുത്തുപറഞ്ഞ് ഹരികുമാറിനെ വാഴ്‌ത്തേണ്ടതില്ല. പക്ഷേ, വെറുമൊരു ബ്ലാക് മെയിലർ അദ്ദേഹത്തിന്റെ നർമബോധത്തിന് ഒരുത്തമ സാക്ഷിപത്രമാണെന്നു പറയാതെ വയ്യ. സർക്കസ്സിലെ കുതിരയാകട്ടെ, കഴുതയെപ്പോലെ ഭാരം ചുമക്കാൻ വിധിക്കപ്പെട്ട ഒരേകാന്തപഥികന്റെ ജീവിത വേദനകളുടെ ആവിഷ്‌ക്കാരമാണ്.
ഇതിൽനിന്നൊക്കെ ഭിന്നമാണ് വളരെ പഴകിയ ഒരു പാവ എന്ന കഥ. വൃദ്ധനായ ഒരു സഹയാത്രകനോട് പുതുപണക്കാരായ ചിലർ പ്രദർശിപ്പിക്കുന്ന നിന്ദ്യമായ ക്രൂരത. അത് നിസ്സഹായനായി നോക്കിനിൽക്കുന്ന കഥാകൃത്ത്. ജീവിതത്തിലൊരിക്കലും മായ്ച്ചുകളയാൻ പറ്റാത്ത അപരാധബോധത്തിന്റെ കറ ഉണ്ടാകുന്നത് കഥാകൃത്തിന്റെ മനസ്സിൽ മാത്രമല്ല വായനക്കാരുടെ ഹൃദയങ്ങളിലുമാണ്.
പുതിയ ഒരു കണ്ടെത്തലിന്റെ സുഖമാണ് ഈ കഥകൾ നമുക്കു നൽകുക. ഇത്രയും കാലം ഹരികുമാറിനെ നാം കണ്ടിട്ടും കണ്ടില്ലല്ലോ എന്ന അപരാധബോധവും നമുക്കുണ്ടാവും.