അയോധ്യയെപ്പറ്റി പറയുന്നതെന്തും സൂക്ഷിച്ചുവേണമെന്ന നിലയാണ് ഇപ്പോൾ. കാരണം അതു പറയുന്ന ആളോ, പറയപ്പെടുന്ന ആളുകളോ വർഗ്ഗീയതയുടെ ചെളിക്കുണ്ടിൽ വീഴുകയോ അല്ലെങ്കിൽ മതേതരത്വത്തിന്റെ കനകസിംഹാസനത്തിൽ അവരോധിക്കപ്പെടുകയോ ചെയ്യുമെന്നതുതന്നെ. അങ്ങിനെയൊന്നാണ് ഈ ആഴ്ചത്തെ സൺഡേ ദീപികയിലെ സംസ്കാരസമീക്ഷയിൽ സംഭവിച്ചത്. പ്രഫ. ബി.ബി. ലാൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ ജനറലായിരുന്നു. ആ കാലത്ത് അദ്ദേഹം ദില്ലിയിലെ പുരാണഖില(old fort)യിൽ ഖനനം നടത്തി പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥമായിരിക്കണം അതിന്നടിയിലെന്നതിനുള്ള തെളിവുകൾ കണ്ടെടുത്തിരുന്നു. ചരിത്രത്തിന്ന് മഹാഭാരതവുമായി വളരെ ദുർബ്ബലമായെങ്കിലും ഉള്ള ബന്ധം പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള അദ്ധ്വാനഫലമായിരുന്നു. അതുകഴിഞ്ഞ് ദ്വാരകയിലും അദ്ദേഹം പര്യവേഷണങ്ങൾ നടത്തി. കടലിന്നടിയിൽ ശരിക്കും ഒരു നഗരം മുങ്ങിക്കിടപ്പുണ്ടെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ശ്രീകൃഷ്ണന്റെ ദ്വാരകയുമായി അതിന് ബന്ധമുണ്ടാവാമെന്നുള്ള സൂചനകളും ഗവേഷണത്തിൽനിന്ന് ലഭിക്കുകയുണ്ടായി. മഹാഭാരതത്തിലും ദ്വാരക കടൽവിഴുങ്ങിയെന്നാണല്ലോ പറയുന്നത്.
പ്രഫ. ലാൽ ബാബറി മസ്ജിദിന്റെ പരിസരം മുഴുവൻ വിശദമായ ഖനനം നടത്തിയെന്നും രാമജന്മവുമായി ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും അവിടെനിന്നു കണ്ടെത്താനായില്ലെന്നു പറയുകയും ചെയ്തുവെന്ന് ബെന്നി എഴുതുന്നു. എന്നാൽ, കുറച്ചു വർഷങ്ങൾക്കുശേഷം രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി അയോധ്യാ വിവാദം ചിലർ ആളിക്കത്തിക്കാൻ തുടങ്ങിയപ്പോൾ പ്രഫ. ലാൽ തന്റെ നിലപാടു മാറ്റി, തകർക്കപ്പെട്ട ഹിന്ദുക്ഷേത്രത്തിന്റെ സ്ഥാനത്താണ് ബാബറിമസ്ജിദ് നിലനിൽക്കുന്നതെന്നതിന് തനിക്കു തെളിവുകളുണ്ടെന്നു പറഞ്ഞുവെന്നും, എന്നാൽ വിചിത്രമെന്നു പറയട്ടേ തന്റെ തെളിവുകൾ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല എന്നും ബെന്നി പറയുന്നു. 'ഹിന്ദു' ദിനപത്രത്തിൽ വന്ന ഒരു ഫീച്ചറിന്റെ അടിസ്ഥാനത്തിലാണ് ബെന്നി ഇത്രയും എഴുതിയിരിക്കുന്നത്. ബെന്നിയുടെ പ്രസ്താവന കടകവിരുദ്ധമാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. പ്രഫ: ലാൽ നിലപാടു മാറ്റിയിട്ടില്ലെന്നുതന്നെയല്ല, അദ്ദേഹം ആധികാരികമായിത്തന്നെയാണ് പറയുന്നതെന്നും മനസ്സിലാക്കാം. രാമജന്മവുമായി ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് പ്രഫ. ലാൽ പറയുന്നത് ശരിയാണ്. അല്ലെങ്കിൽ ത്രേതായുഗത്തിൽ ജനിച്ചുവെന്ന് വിശ്വസിക്കുന്ന ഒരവതാരപുരുഷന്റെ ജന്മസ്ഥലം യുഗങ്ങൾ കഴിഞ്ഞ് കുഴിച്ചുനോക്കിയാൽ എങ്ങിനെയാണ് മനസ്സിലാവുന്നത്? വിശ്വാസം യുക്തിക്കതീതമാണ്. രാമജന്മഭൂമി എന്നുപറഞ്ഞാൽ, ശ്രീരാമൻ ജനിച്ച സ്ഥലം എന്ന് ഒരു സമുദായക്കാർ വിശ്വസിക്കുന്ന സ്ഥലം എന്നേ അർത്ഥമാക്കേണ്ടു. (ക്രിസ്തു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നു പറയുമ്പോൾ ഒരു സമുദായക്കാർ അങ്ങിനെ വിശ്വസിക്കുന്നു എന്നേ അർത്ഥമുള്ളൂ.*) അതു ചോദ്യം ചെയ്യേണ്ട കാര്യമില്ല. ചോദ്യം ചെയ്യൽ നമ്മെ എവിടേയും എത്തിക്കുന്നില്ല. മിത്തുകളിൽ ചരിത്രത്തിന്റെ അംശങ്ങൾ ഒളിഞ്ഞുകിടപ്പുണ്ടാവാം. പക്ഷേ മിത്തുകൾ ഒരിക്കലും ചരിത്രമല്ല. അപ്പോൾ പ്രഫ. ലാൽ രാമജന്മവുമായി ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല എന്നു പറഞ്ഞത് ശരിതന്നെയാണ്. മതവിശ്വാസത്തിന് തെളിവുകളില്ല, തെളിവുകളൊന്നും ആവശ്യവുമില്ല. ഒന്നുകിൽ നിങ്ങൾ മതവിശ്വാസിയാണ്, അല്ലെങ്കിൽ അല്ല. അത്രമാത്രം.
രണ്ടാമതായി ബെന്നി പറയുന്നത് തന്റെ നിലപാടുമാറ്റി, തകർക്കപ്പെട്ട ഒരു ഹിന്ദുക്ഷേത്രത്തിന്റെ സ്ഥാനത്താണ് ബാബറി മസ്ജിദ് നിലനിൽക്കുന്നതെന്നതിന് തനിക്കു തെളിവുകളുണ്ടെന്ന് പ്രഫ. ലാൽ പറഞ്ഞുവെന്നാണ്. ബാബറിമസ്ജിദ് നിൽക്കുന്നിടത്ത് പണ്ട് ഒരു ഹിന്ദുക്ഷേത്രമുണ്ടായിരുന്നുവെന്ന് പറയുന്നതും, രാമജന്മവുമായി ബന്ധപ്പടുത്താവുന്ന സ്ഥലമാണതെന്നതിന് തെളിവുകൾ ഒന്നും കിട്ടിയിട്ടില്ലെന്നു പറയുന്നതും എങ്ങിനെയാണ് കടകവിരുദ്ധമാകുന്നത്? മുഗൾ അല്ലെങ്കിൽ മറ്റ് മുസ്ലീം അധിനിവേശത്തിന്റെ കാലത്ത് വളരെയധികം അമ്പലങ്ങൾ തകർത്ത് പള്ളികൾ പണിതിട്ടുണ്ടെന്നതിന് തെളിവുകളുണ്ട്. പലയിടത്തും പള്ളികൾ ഉണ്ടാക്കാനുപയോഗിച്ച സാമഗ്രികളിൽ അമ്പലങ്ങളുടെ അവശിഷ്ടം കാണാം. അതെല്ലാം സ്വാഭാവികമാണ്, അധിനിവേശത്തിന്റെ ഭീകരരൂപമാണത്. പക്ഷേ ഇന്നതെല്ലാം ചരിത്രമായിമാറിയിരിക്കുന്നു. അതിൽ നമുക്കൊന്നും ചെയ്യാനില്ല. ഘടികാരം തിരിച്ചുവച്ച് ചരിത്രത്തിന്റെ ശപ്തമായ ഒരോ ഘട്ടങ്ങളിലുമെത്തി നമുക്ക് തിരുത്തലുകൾ ചെയ്യാൻ കഴിയില്ല.
അയോധ്യയിലെ പര്യവേഷണത്തിൽ, ബാബറി മസ്ജിദിന്റെ സ്ഥാനത്തോ അതിനു വളരെ അടുത്തായോ ഒരു ഹിന്ദുക്ഷേത്രമുണ്ടായിരുന്നുവെന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. അത് ശ്രീരാമന്റെ ജന്മത്തോടനുബന്ധിച്ച് നിർമ്മിച്ച ക്ഷേത്രമാണെന്നൊന്നും അദ്ദേഹം പറയുന്നില്ല. ക്ഷേത്രത്തിന്റെ കൊത്തുപണികളുള്ള സ്തംഭങ്ങളും മറ്റും കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്. ഇതൊന്നും രഹസ്യമല്ല. ആ കാലത്ത് പത്രങ്ങളിൽ വന്ന വാർത്തയാണ്. പ്രഫ. ലാൽ അതൊന്നും വിശദീകരിക്കാൻ തയ്യാറായില്ലെങ്കിൽ അത് വഷളായിക്കൊണ്ടിരിക്കുന്ന ഒരു സാമുദായികാന്തരീക്ഷം കൂടുതൽ വഷളാവേണ്ട എന്നു കരുതിയായിരിക്കണം. ഈ അവശിഷ്ടങ്ങളുടെ ചിത്രങ്ങളും മറ്റു തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നാണ് എന്റെ അറിവ്. അയോധ്യാപ്രശ്‌നം കോടതിയിലായിരിക്കേ, പ്രഫ. ലാൽ മറച്ചുവെക്കുന്നുവെന്ന് പറയെപ്പടുന്ന ഫീൽഡ് ഡയറിയും മറ്റു തെളിവുകളും ഹാജരാക്കാൻ കോടതിക്ക് ആജ്ഞാപിക്കാവുന്നതേയുള്ളൂ. ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച് നമ്മുടെ സംസ്‌കാരസമ്പത്തിന് മുതൽക്കൂട്ടായ പല കണ്ടുപിടുത്തങ്ങളും നടത്തിയ ഒരു വ്യക്തിയെപ്പറ്റി, അദ്ദേഹത്തിന്റെ അവസാനകാലങ്ങളിൽ വിധികല്പിക്കുമ്പോൾ നമ്മൾ കുറച്ചുകൂടി നീതിബോധം കാണിക്കണം.
ബെന്നിയുടെ നിരീക്ഷണങ്ങൾ സാധാരണഗതിയിൽ നിഷ്പക്ഷവും ധൈഷണികവുമാണ്. പക്ഷേ പ്രഫ. ലാലിനെപ്പറ്റി ഹിന്ദുവിൽ വന്ന ഫീച്ചറിന്റെ മുൻവിധിയും സ്ഥാപിതതാല്പര്യവും ബെന്നിയുടെ ധിഷണയെ കബളിപ്പിച്ചുവെന്നു തോന്നുന്നു.
എം.ജി.എസ് നാരായണനെക്കുറിച്ചു ബെന്നി എഴുതിയതും വായിച്ചു. ഐ.സി.എച്ച്.ആറിൽ അംഗമാകുന്നതുവഴി നാരായണൻ എങ്ങിനെയാണ് തനിനിറം വ്യക്തമാക്കുന്നതെന്ന് പിടികിട്ടിയില്ല. 'തലയിൽ മുണ്ടിട്ട് ആർ.എസ്.എസ്. ക്യാമ്പിലേക്കു പോകുന്ന നാരായണൻ' എന്ന പ്രയോഗംകൊണ്ട് ബെന്നി എന്താണ് ഉദ്ദേശിച്ചത്? സ്വാഭിമാൻ എന്ന ആദർശം മുറുകെപ്പിടിക്കുന്ന ഒരു സംഘടന തലയിൽ മുണ്ടിട്ടു വരുന്നവരെ സ്വീകരിക്കുമോ? നമ്മുടേതല്ലാത്ത അഭിപ്രായം പുലർത്തുന്നവരെ അധിക്ഷേപിക്കുന്നതും തേജോവധംചെയ്യുന്നതും എത്രത്തോളം ശരിയാണ്. ഇങ്ങിനെ മുദ്രവച്ച പെട്ടികളിൽ നമ്മുടെ ആദർശങ്ങൾ സൂക്ഷിക്കാതിരിക്കയാണ് നല്ലത്. തുറന്നിടൂ, കുറച്ചൊക്കെ കാറ്റ് അതിൽ വീശട്ടെ. മാറ്റങ്ങളുണ്ടാവും.
ഫാസിസം വരുന്നവഴി പലപ്പോഴും നമ്മൾ കൊട്ടിഘോഷിക്കുന്ന വഴിയാവണമെന്നില്ല; അതു പിൻവാതിലിൽക്കൂടെയാവാം വരുന്നത്. ഫാസിസത്തെപ്പറ്റി ഏറ്റവും കൂടുതൽ ഒച്ചപ്പാടുണ്ടാക്കുന്ന കക്ഷിയായിരിക്കും പലപ്പോഴും ഫാസിസത്തിന്റെ നഗ്നരൂപം അഴിച്ചുവിടുന്നത്. നമുക്ക് ചുറ്റും അടുത്തകാലത്തു നടന്ന സംഭവങ്ങൾ വേറെ എന്തിനെയാണ് ചൂണ്ടിക്കാട്ടുന്നത്? വെട്ടിനിരത്തൽ സമരം തൊട്ട്, പോലീസ് സ്റ്റേഷനുകൾ കൈയ്യേറി പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടുപോകുക തുടങ്ങിയ സംഭവങ്ങൾ ഫാസിസത്തിന്റെ മുഖമുദ്രയുള്ളവയാണ്. താൻ വിശ്വസിക്കുന്നതുമാത്രമേ ശരിയുള്ളുവെന്നും അത് മറ്റുള്ളവരും അനുസരിക്കണമെന്നും, ഇല്ലാത്തപക്ഷം അതവരുടെ തലയിൽ അടിച്ചേല്പിക്കണമെന്നുമുള്ള തോന്നലാണ് ഫാസിസത്തിന്റെ തുടക്കം. അവസാനവും. കേരളത്തിൽ അടുത്തകാലത്ത് നടക്കുന്ന സംഭവങ്ങൾ ഈ കാഴ്ചപ്പാടിന്റേതാണെന്ന് പറയാതെ വയ്യ. സംഭവപരമ്പരയിൽ ഏറ്റവും പുതിയത് കോടതിയിൽവച്ച് പത്ര ഫോട്ടോഗ്രാഫർമാരെ പ്രതിഭാഗം അഭിഭാഷകനും ഏതാനും ഗുണ്ടകളും മർദിച്ചതാണ്. നിഷ്‌ക്രിയരായ നിയമപാലർക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. പത്രപ്രവർത്തകരെ മർദിക്കുകവഴി പത്രങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയെന്നത് ശരിക്കും ഒരു ഫാസിസ്റ്റ് പ്രവണതയാണ്. അടുത്ത ഭീഷണിയുണ്ടാവുക കോടതിക്കുനേരെത്തന്നെയാവും. അതോടെ ഫാസിസത്തിന്റെ ഷെണറിയോ പൂർണമായി. ഇപ്പോൾ നടക്കുന്നത് അരങ്ങേറ്റം തന്നെയാണ്.
സംസ്ഥാനങ്ങളിലേയ്ക്ക് ക്രമസമാധാനനില കണക്കെടുക്കാൻ നിരീക്ഷണസംഘത്തെ അയക്കുന്നത് വളരെ വിമർശനങ്ങൾക്കു വഴിതെളിയിച്ചിട്ടുണ്ട്. ഈ നടപടിയുടെ നിയമവശമാണോ അതോ ഔചിത്യമില്ലായ്മയാണോ എന്താണ് വിമർശനവിധേയമാകുന്നത്? നിയമവശത്തെപ്പറ്റി പറയുകയാണെങ്കിൽ ഭരണഘടനയുടെ വകുപ്പ് 355 പ്രകാരം അതിനുള്ള അധികാരം കേന്ദ്രസർക്കാറിൽ നിക്ഷിപ്തമായിട്ടുണ്ട്. ഔചിത്യത്തിന്റെ കാര്യം പറയുകയാണെങ്കിൽ, മുമ്പ് കേന്ദ്രത്തിലിരുന്നിട്ടുള്ള സർക്കാറുകളെല്ലാം എന്തെങ്കിലും കാരണം പറഞ്ഞ് യാതൊരു നോട്ടീസും കൊടുക്കാതെത്തന്നെ സംസ്ഥാന സർക്കാറുകളെ നിർദ്ദയം പിരിച്ചു വിടുകയാണ് പതിവ്. ഒരേ ദിവസം മൂന്നും നാലും സർക്കാറുകളെ വെട്ടിവീഴ്ത്തിയ ചരിത്രവുമുണ്ട്. അങ്ങിനെ ചെയ്യാതെ, അതായത് സംസ്ഥാനങ്ങളിലെ ക്രമസമാധാനനിലയെപ്പറ്റി വിമർശനം വരുമ്പോൾ ആർട്ടിക്കിൾ 356 ഉപേയാഗിച്ച് പിരിച്ചുവിടാതെ, നേരെചെന്ന് അന്വേഷിക്കുന്നതല്ലേ കൂടുതൽ ഉചിതം. തമിഴ്‌നാട്ടിൽ ഒരു നിരീക്ഷകസംഘത്തെ അയച്ചു അവിടുത്തെ ക്രമസമാധാനനില വിലയിരുത്തുകയും ജയലളിതയുടെ സമ്മർദ്ദം വകവെക്കാതെത്തന്നെ, സർക്കാർ പിരിച്ചുവിടേണ്ട ആവശ്യമില്ലെന്ന് തീരുമാനിക്കുകയും ചെയ്യുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. മറിച്ച് ക്രമസമാധാനനില തൃപ്തികരമല്ലെന്നും പറഞ്ഞ് കരുണാനിധിസർക്കാറിനെ പിരിച്ചുവിടുകയാണുണ്ടായതെങ്കിൽ നമുക്ക് വിമർശിക്കാമായിരുന്നു. അങ്ങിനെയല്ലാ സംഭവിച്ചത്. ജയലളിതയുടെ പിൻബലത്തിലാണ് ബി.ജെ.പി.ക്കാർ ഭരിക്കുന്നതെന്നും ജയലളിത ഒന്നു തുമ്മിയാൽ ഭരണം തെറിക്കുമെന്നുകൂടി ഓർക്കുമ്പോൾ വാജ്പയ് പറയുന്നത് വിശ്വസിക്കാമെന്നുതന്നെ തോന്നുന്നു. അതായത് ആർട്ടിക്ക്ൾ 356 അനാവശ്യമായി ഉപേയാഗിക്കില്ല എന്നുതന്നെ. പിന്നെ എന്താണ് പ്രശ്നം, എന്തിനാണ് വിമർശനം?
കേന്ദ്രത്തിൽ ബിജെ.പിയുടെ കൂട്ടുമന്ത്രിസഭ അധികാരമേറ്റെടുത്ത് നൂറു ദിവസം തികഞ്ഞു. അതിൽ സന്തോഷിക്കാനുള്ളത് ഞാണിന്മേൽ കളിച്ച് വീഴാതെ നിന്നതിലുള്ള മിടുക്കിനേപ്പറ്റി മാത്രമേയുള്ളൂ. ഏറ്റവും കൂടുതൽ സാമ്പത്തികപ്രശ്നങ്ങളുള്ള സമയത്താണ് അവർ അധികാരമേറ്റെടുത്തത്. എന്നിട്ട് അവർ എന്തുചെയ്തു എന്ന് ആലോചിക്കുമ്പോൾ കാര്യമായൊന്നും പറയാനില്ല. കഴിഞ്ഞ ഭരണകൂടത്തിന്റെ തുടർച്ചയായി പുതിയ ഭരണവും നടക്കുന്നു. സാമ്പത്തികപ്രശ്‌നങ്ങൾ അതേപടി കിടക്കുന്നു. ഒരണുവായുധ സ്ഫോടനം നടത്തിയത് ലോകത്തിനുമുമ്പിൽ വിശ്വസനീയമാംവിധം അവതരിപ്പിക്കാനുംകൂടി അവർക്കു കഴിഞ്ഞിട്ടില്ല. ആ സ്ഫോടനം കാരണം പുതുതായി ഒരു ദേശീയതയും വികസിച്ചതായി അറിവുമില്ല. സാമ്പത്തികമാന്ദ്യം കാരണം സാധാരണക്കാരൻ ഇന്നു വലിയ കഷ്ടപ്പാടുകൾ സഹിക്കുന്നുണ്ട്. അതിന് പെട്ടെന്നൊരറുതി വരുത്താഞ്ഞാൽ, കഴിഞ്ഞ അമ്പതുവർഷമായി അരങ്ങേറിയിരുന്ന കലാപരിപാടികൾതന്നെ തുടർന്നു പോകുന്ന ഒരു സർക്കാറിനെ കേന്ദ്രത്തിൽ എന്തിന് അവരോധിച്ചു എന്ന ചോദ്യമുണ്ടാവും. അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായാലേ സാധാരണക്കാരന്റെ നില മെച്ചപ്പെടൂ. അതിനായി വളരെ വൈകാതെത്തന്നെ ശ്രമങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ?