എൻ രാജൻ
ദൈനംദിന ജീവിതത്തിന്റെ ഇല്ലായ്മകൾക്കും കഷ്ടപ്പാടുകൾക്കും പൊറുതിമുട്ടലുകൾക്കും സ്‌നേഹരാഹിത്യങ്ങൾക്കുമിടയിൽ സദാ ഉള്ളുപൊരിയുന്ന ഒരു സാധാരണക്കാരന്റെ അകമെ, തനിക്കു പൂർണ്ണമായും പിടിതരാത്ത ജീവിതസങ്കീർണ്ണതകളോട് ഏറ്റുമുട്ടി എത്തിച്ചേരാവുന്ന ഒരു പൊതുനിഗമനമുണ്ട്. ഈ ജീവിതം ഇങ്ങനെ, ഇന്നനുഭവിക്കുന്ന മട്ടിലൊന്നും ആകരുതായിരുന്നു എന്ന ഏറ്റവും ആത്മാർത്ഥമായൊരു വീണ്ടുവിചാരം. താളക്കേടുകൾക്കും ക്രമഭംഗങ്ങൾക്കും അസംതൃപ്തികൾക്കും നിദാനമായി എന്തോ എവിടെയോ ചില പിശകുകൾ സംഭവിക്കുന്നുണ്ട്. എന്താണവയെന്ന് തിരിച്ചറിയാനുള്ള സൂക്ഷ്മജ്ഞാനമോ അകക്കണ്ണോ ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. ഉദ്വേഗപൂർണ്ണമായ ഈയൊരു അടിസ്ഥാനപ്രശ്‌നത്തിൽ ഒരെഴുത്തുകാരൻ പ്രതിപ്രവർത്തിക്കുമ്പോഴുണ്ടായ വരപ്രസാദമാണ് സമഗ്രാർത്ഥത്തിൽ ഹരികുമാർ കഥകൾ.
എവിടെയോ എന്തോ ചില കുഴപ്പങ്ങളുണ്ട്. വക്കുപൊട്ടാതെ ഹരികുമാറിന്റെ ഒട്ടേറെ കഥകളിൽ ആവർത്തിക്കപ്പെടുന്ന വരിയാണിത്. കുഴപ്പങ്ങളെ പൂർണ്ണമായും ഇയാൾക്കും പിടികിട്ടുന്നില്ല.
പിടികിട്ടണമെന്നും അവ പരിഹരിച്ചുകളയണമെന്നുമുള്ള മോഹചിന്തയും ഇയാൾക്കില്ല. അപരിഹാര്യമായ ജീവിതവൈഷ്യമങ്ങൾക്കിടയിലും. പക്ഷേ ഇയാൾ സ്‌നേഹംകൊണ്ടുരുക്കുന്ന കോട്ടയിൽ സ്വയം അഭയം കണ്ടെത്തുന്നു. അവിടെ മാത്രമാണ് ജീവിതത്തിന്റെ എല്ലാ നടപ്പുവ്യസനങ്ങളും മറന്ന് ഇയാൾ വിശ്രമിക്കുന്നത്. ദിനോസറിന്റെ കുട്ടിയിലെ രാജീവിനെപ്പോലെ.
അവൻ ഒരു തലയിണ കെട്ടിപ്പിടിച്ച് ഉറങ്ങുകയാണ്. വേറെ നാലു തലയിണകൾ നാലുഭാഗത്തും. അത് ഒരു കോട്ടയാണെന്നാണ് അവൻ പറയുന്നത്. അതിനു നടുവിൽ കിടക്കുമ്പോൾ അവന് പേടിയാകാറില്ലത്രെ. കെട്ടിപ്പിടിക്കുന്ന തലയിണ ഏതാണെന്ന് ചോദിച്ചതിനവൻ മറുപടി പറഞ്ഞില്ല. അതവന്റെ രഹസ്യമാണ്.
തലയിണകൾ തരുന്ന ബാല്യത്തിലെ അതീവരഹസ്യമായ സുരക്ഷിതബോധമാണ് വളർച്ചയുടെ വഴിയോരത്തെവിടെയോവെച്ച് നമുക്ക് പിന്നെ നഷ്ടമാവുന്നതും. തലയിണകൾക്ക് കോട്ടയുടെ പ്രതീകസിദ്ധി അപ്പോഴേക്കും നമ്മിൽനിന്നും ഒഴിഞ്ഞുപോകുന്നു. പകരം പ്രതിരോധത്തിന്റെ സൗമ്യതകൾ സ്‌നേഹാക്ഷരങ്ങളിലൂടെ നാം ശീലിക്കണം. ഹരികുമാറിന് കെട്ടിപ്പിടിക്കുന്ന കുട്ടിയുടെ തലയിണരഹസ്യം വളർച്ചയിൽ ഇണബന്ധംതന്നെയാണ്. പരസ്പരം അഭയാശ്രമാവുന്ന സ്ത്രീ-പുരുഷന്മാർ.
സന്ദേഹിയും നിരാശ്രയനും ഒറ്റപ്പെട്ടവനുമായ ഒരു മനുഷ്യൻ അങ്ങനെ ജീവിതത്തിൽ, തന്നെ നിരന്തരം അലട്ടുകയും ശല്യപ്പെടുത്തുകയും സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുന്ന അറിയാകാരണങ്ങളെ ആരായാൻ തുനിയുമ്പോഴൊക്കെ ഓരോ കഥയും ജനിക്കുന്നു. ഒരേ ആരംഭം. ഹേതുവിൽനിന്നും പുറപ്പെട്ട് പിന്നെ ജീവിതത്തിന്റെ വ്യത്യസ്താനുഭവ മേഖലകളിലേക്ക് ചുറ്റിപ്പിടിക്കുന്നവയാണ് ഹരികുമാറിന്റെ കഥകൾ. എല്ലാ കഥകളുടെയും സ്ഥായിയായ ഉത്ഭവദശ ഒന്നുതന്നെ. ക്ലേശപൂർണ്ണമായ ജീവിതത്തിന്റെ അസംതൃപ്തപ്രശ്‌നഭൂമിക. പക്ഷേ. കഥ വായിച്ചു നിർത്തുമ്പോൾ എത്തിച്ചേരുക പ്രകാശം പരത്തുന്ന പെൺകുട്ടിയെപ്പോലെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും അവസാനിക്കാത്ത സ്‌നേഹ തീരങ്ങളിലായിരിക്കും. കണ്ണീരുറവപോലെ മനസ്സിന്റെ അഗാധതകളിലെവിടെയോ പച്ച കിളിർക്കുന്നു. വരണ്ടുപോയ പുറംലോകജീവിതത്തിന്റെ പാരുഷ്യങ്ങൾക്കിടയിലും സമാശ്വാസത്തിന്റെ സാന്ത്വനമന്ത്രങ്ങൾ ഉരുവിടുന്ന ഈ കഥകൾ നമ്മെ അനുഗ്രഹിക്കുന്നു. പലപ്പോഴുമത് ഒറ്റപ്പെടുന്നവരുടെ ആത്മപ്രതിരോധം കൂടിയാണ്. മനുഷ്യബന്ധങ്ങളിൽ മാലിന്യമേൽക്കാത്ത ഹൃദയബന്ധങ്ങളിൽ വിശ്വസിക്കുന്നവർക്കുള്ള പ്രതിരോധം.
ഹരികുമാറും ആദ്യം ഓർമ്മപ്പെടുത്തുക അറുപതുകളുടെ കഥാന്തരീക്ഷത്തെയാണ്. ആർദ്രവും സ്‌നേഹസമ്മിശ്രവുമായ പ്രിയപ്പെട്ട കഥകളുടെ നനവുള്ള ലോകം, പേരെടുത്തു പറയുമ്പോൾ പത്മനാഭനും എം.ടി,യും മാധവിക്കുട്ടിയും തന്നേച്ചുപോയ ആ ധന്യസമ്പത്തിൽ. പക്ഷേ, ഹരികുമാറിന് ഇവരിൽനിന്നും ദൂരമുണ്ട്. ഈ ദൂരമറിയാൻ പക്ഷേ സൂക്ഷ്മദർശിനി സമമായ പരിശോധനവേണം. ഇവരാരും സാമാന്യമായി പറഞ്ഞാൽ ആൾകൂട്ടത്തിന്റെ കഥാകാരന്മാരായിരുന്നില്ല. ഒറ്റപ്പെട്ടവരും ഹൃദയലോകങ്ങളിൽ വിജനത പേറുന്നവരുമായിരുന്നു ഇവരുടെ കഥാപാത്രങ്ങളെല്ലാം. അധികം പേർക്കും പിടികൊടുക്കാത്ത, പിടികൊടുക്കുന്ന ന്യൂനപക്ഷങ്ങൾക്കു പക്ഷേ ഹൃദയത്തിൽതന്നെ സ്ഥാനം കൊടുക്കുന്ന മൗനഭാഷയും അതിന്റെ അനന്തസാധ്യമായ നിശ്ശബ്ദവിനിമയവും ഇവർ സാധിച്ചെടുത്തു. ദുഃഖത്തിന്റെ നേർത്ത അടിയൊഴുക്കുള്ള അന്തർയാഥാർത്ഥ്യങ്ങളെ ഇവരൊക്കെ വേണ്ടത്ര പ്രകാശിപ്പിച്ചു. രണ്ടായി പിരിഞ്ഞുപോകുന്ന വ്യക്തിസത്തയുടെ വൈരുധ്യമൂർച്ചകൾ, പഴയ വ്യക്തിയും സമൂഹവും തമ്മിലുള്ള ദ്വന്ദസംഘട്ടനങ്ങളെക്കാൾ ആഘാതമുള്ളതായി. പക്ഷേ ഈ വൈയക്തികാനുഭവ പ്രതിസന്ധികൾക്ക് ദാർശനികമായൊരു മാനംകൊടുക്കുന്നതിൽ ഈ തലമുറയിലെ അപൂർവ്വം ചിലർക്കേ, അതിലും ചുരുക്കം ചിലകഥകൾക്കേ സാധ്യമായുള്ളു. ഈ തലത്തിൽവെച്ചുകൊണ്ടാണ് ഹരികുമാർ ഈ തലമുറയിൽനിന്നും അകലം ഗുണപരമായി സാധിച്ചെടുക്കുന്നത്.
ആധുനികതയുടെ ഹൃദയമില്ലാത്ത ചുറ്റുപാടിലാണ് ഇയാളും ജീവിക്കാൻ വിധിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സമയത്തിന്റെ മുഴുവൻ ദുരയും ചതിയും മാത്സര്യവും കാപട്യവും യന്ത്രസമാനമായ ഔപചാരികചര്യകളും മര്യാദകളും അതിന്റെ പൊള്ളത്തരങ്ങളും എതിർപ്പുകളും അപകടങ്ങളും ഇതിനിടയിലെവിടെയെല്ലാമോവെച്ച് നഷ്ടപ്പെട്ടുപോവുന്ന ആത്മവിശുദ്ധിയും, അതിന്റെ പോയ കലാമഹത്വങ്ങളെപ്പറ്റിയുള്ള വീണ്ടുവിചാരവും അതുണർത്തുന്ന കുറ്റബോധവും എല്ലാം അതേ രൂക്ഷതയോടെ ഇയാളും അനുഭവച്ചറിയുന്നു. മറ്റുള്ളവരുടെ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിൽ ഇയാൾ അപരിചിതനാണ്. ചിലപ്പോൾ വിസ്മയപ്പെടുന്ന ഒരു കോമാളി. അല്ലെങ്കിൽ പതിവുജീവിത ചടങ്ങുകളുടെ ഗുണനിലവാരപട്ടികയിൽ ഉൾപ്പെടാതെപോയ ശുദ്ധനിർദോഷി. പക്ഷേ ഇങ്ങനെയുള്ള ഒരാൾ, തെറ്റിദ്ധരിക്കരുത്, ജീവിതനിഷേധമല്ല ഒരിക്കൽപോലും. അത് ജീവിക്കാൻ വേണ്ടിയുള്ള എല്ലാ അർത്ഥമില്ലാത്ത വേഷങ്ങളും അറിഞ്ഞുകൊണ്ടുതന്നെ അണിയുന്നുമുണ്ട്. ജീവിതം ഒരിക്കലും എഴുതാനാവാത്ത രണ്ടുവരി കവിതപോലെ ആസ്വദിക്കാൻ നിരന്തരം പാടുപെടുന്നുണ്ട്.
സെയിൽസ്‌മേനാവുന്നു, കമ്പനി എക്‌സിക്യൂട്ടീവാകുന്നു, കാസറ്റു വിൽപ്പനക്കാരനാവുന്നു, നഗരങ്ങളിൽ ഓടകൾക്കിടയിലെ കുടുസ്സുമുറിയിൽ ദിനങ്ങൾ എണ്ണിക്കഴിയുന്ന ശരാശരിക്കാരനാവുന്നു. എവിടെയും ഇയാൾ അവസാനം പരാജയപ്പെടുന്നു. ജീവിതം വലിയൊരു പ്രലോഭനമായി വഴുതി കൈയരുകിൽ തന്നെ പൂത്തുനിൽക്കുന്നു. വലിയ വിജയങ്ങളേക്കാൾ വിലയുള്ള എളിയ പരാജയങ്ങളുമായി ഇയാളാവട്ടെ എന്നിട്ടുമിവിടെ നിൽപ്പുണ്ട്. ഈ തോൽവികൾ ഇയാളിലെ നന്മ സമ്മാനിക്കുന്ന ഗുണചിഹ്നമാണ്. ഇങ്ങനെ അറിഞ്ഞുകൊണ്ട് തോൽവി ഏറ്റുവാങ്ങുകയും അതിന്റെ വേദനയിൽ യഥാർത്ഥ ജീവിതമഹത്വം ദർശിക്കുകയും ചെയ്യുന്നു.
നിഷ്‌കളങ്കവും അത്രമാത്രം ആത്മാർത്ഥവുമാണ് ഹരികുമാറിന്റെ ആവിഷ്‌ക്കാരരീതി. ഭാഷയുടെ ആർജ്ജവം അത് സാധിച്ചെടുക്കുന്നത് അതിന്റെതന്നെ സ്വാഭാവികമായ ഒഴുക്കിൽനിന്നാണ്. തനിക്ക് കഥയായിതന്നെ എന്തോ പറയാനുണ്ടെന്ന് വായനക്കാരെ ബോദ്ധ്യപ്പെടുത്തുന്നു. എന്നാലത് സംഭവഗതികളുടെ വിശദവർണ്ണനകളായി ഒരിക്കലും നമ്മെ മടുപ്പിക്കുന്നില്ല. മറ്റുള്ളവർ പറഞ്ഞാൽ ഉന്നംപിഴക്കാവുന്ന സെക്‌സിനെപ്പോലും ഇയാൾ ശിശുസഹജമായ നൈർമ്മല്യത്തോടെ അവതരിപ്പിക്കുന്നു.
'ശ്രീപാർവ്വതിയുടെ പാദത്തി'ലെ മാധവിയെ ഭൂരിപക്ഷത്തിനും മനസ്സിലാക്കാൻ പ്രയാസം കാണും. മഴയുണർത്തുന്ന മണവും ഇടവഴിയുടെ വാസനയും മാധവിയുടെ ആത്മാവ് കാട്ടുന്ന വഴി വെളിച്ചങ്ങളാണ്. ഭാഗത്തിൽ തനിക്കുള്ളതെല്ലാം ശാരദേച്ചിക്കാണെന്ന് ഈ കഥാപാത്രം പറയുമ്പോഴും നമുക്ക് മുഴുവനർത്ഥത്തിൽ അത് മനസ്സിലാവാതെ പോവുന്നത് നമ്മൾ ശീലിച്ചുറച്ച മാനദണ്ഡങ്ങൾക്ക് അളന്നെടുക്കാൻ പാകത്തിൽ ഈ കഥാപാത്രം നിന്നുതരാത്തതുകൊണ്ടാണ്. സ്വാർത്ഥനേട്ടങ്ങളുടെ വശത്തേക്കു മാത്രം ചായുന്ന തുലാസാണല്ലോ എന്നും മനുഷ്യന്റെ അളവുകോൽ.
ശാരദേച്ചി ഒരു മണ്ടിയാണ്. എനിക്കെന്തിനാ ചേച്ചി ഇനിയൊരു വീട്. ഈ വീടും പറമ്പും നെലോം ഒക്കെ ശാരദേച്ചീടെ തന്ന്യാണ്. പക്ഷേ അങ്ങനെ എല്ലാം ഔദ്യോഗികമായി ചെയ്താൽ ശാരദേച്ചീടെ സ്‌നേഹം പോലും നഷ്ടമാവുമോ എന്നൊരുഭയം. ഒന്നും പഴയ മട്ടിലാവില്ല്യാന്നു തോന്ന്വാ. ഈ പഴയ മട്ടിലാവില്ല്യാന്ന തോന്നൽ എന്താണ്? ഇതാണ് ഈ കഥയിലെ മാധവിയുടെ ഏടത്തിയെപ്പോലെ പലർക്കും മനസ്സിലാവാൻ പ്രയാസം. ശാരദേച്ചി സംസാരിക്കുകയാണ്.
നിങ്ങളുടെ തൃശൂരുള്ള വീടും ഇരുപത്തഞ്ച് സെന്റ് പറമ്പുംകൂടി ചുരുങ്ങിയത് അഞ്ചുലക്ഷം ഉറുപ്പികയെങ്കിലും വരുമെന്നാ രാമേട്ടൻ പറയുന്നത്. ശാരദേച്ചി, മുത്തശ്ശി നമുക്ക് ശ്രീപാർവ്വതിയുടെ പാദം കാണിച്ചുതന്നതോർമ്മയുണ്ടോ?
ഉം, ഉം. പിന്നെ ഇവിടെ ഈ പറമ്പും നെലോം ഒക്കെകൂടിയാൽ രണ്ടുലക്ഷം കിട്ടുമെന്നു തോന്നുന്നില്ല.
തുമ്പപ്പൂ കമിഴ്ത്തിവെച്ച് കാണിച്ചുതന്നത് ഓർമ്മല്ല്യേ? നമ്മള് ഓണത്തിന് പൂവിടുമ്പോൾ നടുവില് വെക്കാറുണ്ട്.
നീ എന്തൊക്കെയാണ് പറയുന്നത്? ശാരദേച്ചി ചോദിച്ചു. പിന്നെനെന്നെ കോൺവെന്റില് ചേർത്ത് പഠിപ്പിക്കാനും നല്ലോണം കാശായിട്ടുണ്ട്. അതൊക്കെ തറവാട്ടിലെ നെല്ല് വിറ്റതിന്റെ പണായിരുന്നു.
നോക്കൂ, സാമാന്യയുക്തിയുടെ പിൻബലത്തിൽ ശാരദേച്ചി സമുഹത്തിലാരും സംസാരിക്കാനിടയുള്ള ഭാഷയിൽ അതേ വാക്കുകളുപയോഗിച്ച് ലക്ഷങ്ങളുടെയും വിറ്റ നെല്ലിന്റെയും കണക്കു പറഞ്ഞു തന്റെ ലാഭവിഹിതം വർദ്ധിപ്പിക്കാൻ പാടുപെടുമ്പോൾ മാധവിയുടെ മനസ്സ് അന്നേരം എവിടെയായിരുന്നു? സ്‌നേഹത്തിന്റെ പഴയ ലോകത്ത്. അവിടെ പറന്ന മഴത്തുമ്പികൾ. അന്നത്തെ സന്ധ്യാവിളക്കും നാമജപവും. ജനൽതുറന്നിട്ടു കണ്ട മഴയുടെ ഭംഗി, പിന്നെ.......
മുളങ്കാടുകൾക്കപ്പുറത്ത് മാവു പൂത്തവാസനയും കാലിന്നടിയിലൂടെ ഉള്ളിലാകെ പടർന്നുപിടിച്ചു പെയ്ത മഴയുടെ നനവും, ഇടവഴിയിലെ ചീഞ്ഞഇലകളുടെയും ഇലഞ്ഞിപ്പൂക്കളുടെയും മണവുമെല്ലാം തിരിച്ചറിയാൻ മാത്രം സംവേദനക്ഷമമായ ആർദ്രമനസ്സുകൾക്ക് മാത്രമേ മാധവി പറയുന്ന കഥയില്ലാകാര്യങ്ങളുടെ പൊരുളറിയാനാവൂ. ഈ കഥാകാരന്റെ പ്രസക്തിയും അതുതന്നെ.