ഷബിത
1984ലെ കലാകൗമുദി ഓണപ്പതിപ്പ് ദിനോസറിന്റെ കുട്ടി എന്ന കഥയാല്‍ അതിസമ്പന്നമായി. ഇ. ഹരികുമാര്‍ എന്ന കഥാകൃത്താവട്ടെ സാഹിത്യത്തിലെ തന്റെ കസേരയില്‍ നിന്നും സിംഹാസനത്തിലേക്കുയരുകയും ചെയ്തു. മുപ്പത്തഞ്ചുകൊല്ലം കഴിഞ്ഞിട്ടും ഒരു കഥ അതിന്റെ വിഷയാവതരണത്താലും ഭാഷയാലും ഇന്നും വായിക്കപ്പെടുന്നു!എന്‍.എസ്. മാധവന്‍ എഡിറ്ററായിക്കൊണ്ട് മലയാളത്തിലെ എക്കാലത്തെയും മികച്ച അറുപത് കഥകള്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ആദ്യപത്തില്‍ സ്ഥാനം പിടിച്ചത് ദിനോസറിന്റെ കുട്ടിയായിരുന്നു.
എഴുത്തിലെ മിതത്വവും പക്വതയും എന്നും പുലര്‍ത്തിയിരുന്ന എഴുത്തുകാരനായിരുന്നു ഇ.ഹരികുമാര്‍. പൂതപ്പാട്ടിന്റെ അകമ്പടിയില്ലാതെ സാഹിത്യത്തില്‍ സ്വതന്ത്രമായി നിന്ന പ്രതിഭ. കൂറകള്‍, ശ്രീപാര്‍വതിയുടെ പാദം, വൃഷഭത്തിന്റെ കണ്ണ്, കാനഡയില്‍ നിന്നൊരു രാജകുമാരി... തുടങ്ങി അനേകം കഥകളും ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ഒരു കുടുംബപുരാണം, തടാകതീരത്ത്, അറിയാതലങ്ങളിലേക്ക് തുടങ്ങിയ നോവലുകളും അദ്ദേഹത്തിന്റെതായിട്ടുണ്ട്.
എഴുപത് എണ്‍പത് കാലഘട്ടങ്ങളിലെ മനുഷ്യര്‍ കടന്നുപോകുന്ന സാമ്പത്തികവും വൈകാരികവുമായ പ്രതിസന്ധികളെ പ്രമേയമാക്കിക്കൊണ്ട് മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണാവസ്ഥകളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തുകയായിരുന്നു ഹരികുമാര്‍. മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധികളും കുടുംബം എന്ന വ്യവസ്ഥ പുരുഷന്റെമാത്രം ഉത്തരവാദിത്തമാകുമ്പോളുണ്ടാവുന്ന സംഘര്‍ഷങ്ങളും ഒരു കൊച്ചുകുട്ടി കാണുന്ന അതിവിചിത്രമായസ്വപ്നവുമാണ് ദിനോസറിന്റെ കുട്ടി എന്ന കഥയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത്.
അസ്വസ്ഥമാക്കുന്ന കഥകളിലൂടെ ജീവിതത്തിന്റെയും ബന്ധങ്ങളുടെയും കഥകള്‍ പറഞ്ഞ ഇ.ഹരികുമാര്‍ ഓര്‍മയായിരിക്കുന്നു. എന്റെ സ്ത്രീകള്‍ എന്ന സമാഹാരത്തിലൂടെ സ്ത്രീപക്ഷചിന്തകള്‍ പങ്കുവെച്ച് സഹജീവികളോട് ജനാധിപത്യം പുലര്‍ത്തിയ എഴുത്തുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.