ഡോ. കെ.പി. മോഹനൻ
ഇ. ഹരികുമാർ (എന്റെ ഹരിയേട്ടന്‍) അന്തരിച്ചു. ആഗ്രഹിച്ചതുപോലെ, ആള്‍ക്കൂട്ടമില്ലാതെ, ആലഭാരങ്ങളില്ലാതെ, ആചാരവെടികളില്ലാതെ തികച്ചും ആഡംബരരഹിതമായ ഒരു മരണം. അനിയന്മാരും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ഒരു സംസ്‌കാരച്ചടങ്ങ്. ആരെയും അടുക്കാന്‍ അനുവദിക്കാത്ത മഹാമാരിക്കു നടുവിലാണല്ലോ ലോകം. മരിക്കുന്നതിന് ഏതാനും നാള്‍ മുമ്പ് അശോകന്‍ ചരുവിലും ഞാനും കൂടി ഹരിയേട്ടനെ കാണാന്‍ പോയിരുന്നു. ഒന്നും പറയാനാകാതെ ഒന്നു കണ്ടു, പോന്നു അത്രമാത്രം.
ഇനി ഹരിയേട്ടനുവേണ്ടി മലയാളത്തിന് എന്താണ് ചെയ്യാനുള്ളത്? മലയാളത്തിനുവേണ്ടി തനിക്ക് ചെയ്യാനുള്ളത് മുഴുവന്‍ വെടിപ്പായി ചെയ്തുവെച്ചിട്ടാണ് ഹരിയേട്ടന്‍ ഇറങ്ങിപ്പോയത്. എട്ടു വോള്യങ്ങളിലായി എഴുതിയതത്രയും സമാഹരിച്ചുവെച്ചു. വെബ്‌സൈറ്റില്‍ ആര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ അത് ലഭ്യമാക്കി. സി.ഡി. രൂപത്തില്‍ വേണ്ടവര്‍ക്ക് അങ്ങനെയും തന്റെ രചനകള്‍ ലഭ്യമാകുന്ന സാഹചര്യം ഒരുക്കി. കേരളത്തിലെ ആകാവുന്നിടത്തോളം പ്രധാനപ്പെട്ട ലൈബ്രറികള്‍ക്ക് സൗജന്യമായിത്തന്നെ തന്റെ സമ്പൂര്‍ണ്ണ സമ്പുടം എത്തിച്ചുകൊടുത്തു. ഇനി നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്ന മനോഭാവത്തോടെ നിസ്സംഗനായി പടിയിറങ്ങിപ്പോകുകയും ചെയ്തു.
അപ്പോള്‍ ഇനി നമുക്ക് എന്താണ് ചെയ്യാനുള്ളത്? ഹരിയേട്ടനുവേണ്ടി? 'അറിയപ്പെടാത്ത പൊന്നാനിക്കാരന്‍' എന്ന് ഇവിടെ ഉപയോഗിച്ച ശീര്‍ഷകം ഹരിയേട്ടന്റേതാണെന്ന് അദ്ദേഹത്തിന്റെ വായനക്കാര്‍ക്കൊക്കെ അറിയാം. എഴുത്തിലെ പൊന്നാനി പാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴൊക്കെ താന്‍ തമസ്‌കരിക്കപ്പെടുന്നു എന്ന ഒരു വിഷമം ഹരിയേട്ടനുണ്ടായിരുന്നു. അതു തുറന്ന് പറയുകയും ചെയ്തിട്ടുണ്ട.് മേല്‍ശ്ശീര്‍ഷകത്തില്‍ത്തന്നെയുള്ള ഒരു ലേഖനത്തില്‍. പൊന്നാനി പാരമ്പര്യത്തെപ്പറ്റി പറയുമ്പോള്‍ മാത്രമല്ല മലയാളത്തിന്റെ കഥാപാരമ്പര്യത്തെപ്പറ്റി പറയുമ്പോഴും ഇതുതന്നെയാണ് തന്റെ അവസ്ഥ എന്ന് അദ്ദേഹത്തിനു തോന്നിയിരുന്നുവോ? തന്റെ ലേഖനത്തില്‍ ഹരിയേട്ടന്‍ ഇങ്ങനെ എഴുതി:
''എന്റെ കഥകളുടെ റീഡബിലിറ്റി അതായത് രസത്തോടെ ഒഴുക്കന്‍മട്ടില്‍ വായിച്ചുപോകാന്‍ പറ്റിയ ഭാഷയുടെ പ്രത്യേകത, കഥകള്‍ക്കുതന്നെ വിനയാവുകയാണുണ്ടായത്. വായനക്കാര്‍ രസതലത്തില്‍ മാത്രം ശ്രദ്ധിക്കുകയും നല്ല കഥയെന്ന അഭിപ്രായം പാസ്സാക്കി പുസ്തകം അടച്ചുവെയ്ക്കുകയും ചെയ്യുന്നു. ആ കഥകള്‍ക്ക് മറ്റു തലങ്ങളുണ്ടെന്നു നോക്കാനേ ശ്രമിക്കുന്നില്ല. ഒരു ശരാശരി വായനക്കാരന്റെ കാര്യം മാത്രമല്ല, നിരൂപകരുടെ കാര്യവും മറിച്ചല്ല. എഴുത്തുകാരന് അതൊരു വലിയ നഷ്ടമാണ്.''
ഇക്കാരണത്താല്‍ത്തന്നെ എഴുത്തുകാരന് തന്റെ കഥകളെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടി വരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ മുകുന്ദനും കാക്കനാടനും സക്കറിയയും ഒ.വി. വിജയനും എം.പി. നാരായണപ്പിള്ളയും ദല്‍ഹിയിലിരുന്ന് കഥയെഴുതുന്ന കാലത്ത് ഹരികുമാറും ഡല്‍ഹിയിലിരുന്ന് നല്ല കഥകള്‍ എഴുതിയിരുന്നു. പക്ഷേ അന്നത്തെ ആധുനികതാവാദത്തിന്റെ പശ്ചാത്തലത്തില്‍ 'റീഡബിലിറ്റി'യുള്ള ഈ കഥകള്‍ എന്തുകൊണ്ടോ കൊണ്ടാടപ്പെട്ടില്ല. സൂക്ഷ്മദൃക്കുകളായ കുറെ നല്ല വായനക്കാര്‍ പക്ഷേ ആ കഥകള്‍ ശ്രദ്ധിക്കുകതന്നെ ചെയ്തു. 'കുങ്കുമം വിതറിയ വഴികളും', 'കൂറകളും', 'ഋഷഭത്തിന്റെ കണ്ണും', 'ഉണക്കമരങ്ങളും', 'വെള്ളക്കുതിരയുടെ രാജകുമാരനും' 'ദിനോസറിന്റെ കുട്ടിയും', 'ശ്രീപാര്‍വ്വതിയുടെ പാദവും' അങ്ങനെ ഒട്ടനവധി കഥകള്‍ മലയാള വായനക്കാര്‍ വ്യത്യസ്തതയോടെ ശ്രദ്ധിക്കുകതന്നെ ചെയ്തു. പക്ഷേ ആ കഥകളുടെ ആന്തരികതലങ്ങളിലേക്കു വെളിച്ചം വീശുന്ന പഠനങ്ങള്‍ ഏറെ ഉണ്ടായില്ല. മലയാളിയുടെ സാഹിത്യവായന എത്രകണ്ട് ഏകമാനമാണ്, അന്യാഭിപ്രായങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നതാണ് എന്നതിന് ഒട്ടനവധി തെളിവുകളുണ്ട്. ചില എഴുത്തുകാര്‍ വാരിക്കോരി ലാളിക്കപ്പെടുകയും മറ്റു ചില വലിയ എഴുത്തുകാര്‍ അഗണ്യകോടിയില്‍ തള്ളപ്പെടുകയും ചെയ്യുക എന്ന ദുര്യോഗത്തിന് മലയാളത്തിനു മുന്‍പില്‍ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്. എനിക്കു തോന്നുന്നത് സ്ത്രീമനസ്സിന്റെ വൈചിത്ര്യങ്ങളും സങ്കീര്‍ണ്ണതകളും ഉദ്വിഗ്നതകളും അരക്ഷിതത്വങ്ങളും ഇത്ര മനോഹരമായി മലയാളത്തില്‍ അവതരിപ്പിച്ചവര്‍ ഒരു ടി. പത്മനാഭനോ ഒരു ഉറൂബോ കഴിഞ്ഞാല്‍ ഒരുപക്ഷേ ഹരികുമാറായിരിക്കും എന്നുതന്നെയാണ്. 'പുരവാസികളുടെ അനാര്‍ജ്ജവങ്ങള്‍' എന്ന് അവയില്‍ ചിലതിനെയെങ്കിലും വിശേഷിപ്പിക്കുകയുമാവാം.
'എന്റെ സ്ത്രീകഥാപാത്രങ്ങള്‍' എന്ന ശീര്‍ഷകത്തിന്‍കീഴില്‍ കുറെയേറെ പരിചയപ്പെടുത്തലുകളും വിശദീകരണങ്ങളും ഹരികുമാര്‍തന്നെ എഴുതിയിട്ടുണ്ടല്ലോ. സവിശേഷ വിഷയങ്ങളുടെ പരിചരണത്തിന് സവിശേഷമായ ഭാഷയും ഘടനകളും എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നത് ഹരികുമാറിന്റെ കഥകളെ മുന്‍നിര്‍ത്തി വിശദമായിത്തന്നെ പര്യാലോചിക്കേണ്ടതുണ്ട്.
''ഞാന്‍ സ്ത്രീകളുടെയും കുട്ടികളുടെയും കഥ എഴുതുമ്പോഴാണ് നന്നാവുന്നത് എന്ന് പലരും പറയാറുണ്ട്. കാരണം ഞാന്‍ അവരുടെ പക്ഷത്താണ്, ഇന്നും എന്നും.'' ഗാന്ധിജി ജീവിതത്തില്‍ ഏറെ കൊതിച്ചത് തന്റെ പൗരുഷം മുഴുവന്‍ പോയി സ്ത്രീത്വം തന്നില്‍ നിറയണേ എന്നായിരുന്നു എന്നു കേട്ടിട്ടുണ്ട്. സ്‌നേഹത്തിന്റെ മറ്റൊരു മുഖം സ്ത്രീത്വം ആയതുകൊണ്ട്.
പ്രശസ്ത ജ്യോതിഷി ശ്രീ. തലമുണ്ട വാരിയത്ത് ശൂലപാണി വാരിയര്‍ വിവിധ ആവശ്യങ്ങള്‍ക്കായി, കവിതാസംവാദത്തിനോ കോടതി വ്യവഹാരത്തിനോ പൊതുകാര്യങ്ങള്‍ക്കോ ഒക്കെ, ഇടശ്ശേരിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. ചിലപ്പോള്‍ അത് ആരുടെയെങ്കിലും ജാതകം നോക്കാനും ആകാം.
''ഉമ്മറത്ത് പുല്ലായയില്‍ ചമ്രം പടിഞ്ഞിരുന്ന് മുമ്പില്‍ കറുത്ത സിമന്റുനിലത്ത് ചോക്കുകൊണ്ടു വരച്ച കള്ളികളില്‍ അതിന്റെ ഉടമസ്ഥരായ ഗ്രഹങ്ങളെ പാര്‍പ്പിച്ച് കണ്ണടച്ചുകൊണ്ട് മനസ്സില്‍ കണക്കുകൂട്ടും. കണ്ണുതുറന്ന് അവരെ വീടുമാറ്റി പാര്‍പ്പിക്കും. വീണ്ടും കണക്കുകൂട്ടല്‍തന്നെ.
ഒരിക്കല്‍ അച്ഛന്‍ എന്റെ ജാതകം കൈയില്‍ കൊടുത്ത് പരിശോധിക്കാനായി വാരരമ്മാമനോട് ആവശ്യപ്പെട്ടു. അച്ഛനറിയേണ്ടത് അപ്പോഴേക്കും നാലഞ്ച് കഥകളെഴുതി വീട്ടിനുള്ളില്‍ സഹോദരങ്ങളുടെ ആദരവും അല്പസ്വല്പം കളിപ്പിക്കലും നേടിയ എനിക്ക് സാഹിത്യത്തില്‍ പേരെടുക്കാന്‍ പറ്റുമോ എന്നാണ്. എല്ലാം കഴിഞ്ഞ് എഴുന്നേല്‍ക്കാന്‍ പോകുമ്പോഴാണ് അച്ഛന്‍ ഇതുംകൂടി എന്നു പറഞ്ഞ് എന്റെ ജാതകം ഏല്പിച്ചത്. അച്ഛന്റെ അക്ഷമമായ കാത്തുനില്പിന്റെ അന്ത്യത്തില്‍ വാരരമ്മാമന്‍ പറഞ്ഞു:
''ഹരിക്ക് സാഹിത്യത്തില്‍ വലിയ പേരൊന്നും ഇതില്‍ കാണുന്നില്ല. എന്തേ വല്ലതും എഴുതാന്‍ തുടങ്ങീട്ടുണ്ടോ?''
''എഴുതുന്നുണ്ട്. തരക്കേടില്ല.''
വാരരമ്മാമന്‍ ഒരിക്കല്‍കൂടി ക്ഷമയോടെ ഇരുന്ന് കണക്കുകൂട്ടി. പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു: ''ഇല്യല്ലൊ. ഞാനൊന്നും കാണണ്‌ല്യ. വയസ്സാകുമ്പോള്‍ നേരിയ തോതില്‍ പേരു കിട്ടിയെന്നു വരാം. അല്ലാതെ ഒന്നുംല്യ.''
അച്ഛന്‍ സ്വാഭാവികമായും നിരാശനായിട്ടുണ്ടാകണം. സ്വന്തം സാഹിത്യജീവിതത്തിലുണ്ടായിട്ടുള്ള ഇച്ഛാഭംഗങ്ങളും നൈരാശ്യങ്ങളും അവഗണനകളും അച്ഛന്റെ മനസ്സില്‍ക്കൂടി കടന്നുപോയിട്ടുണ്ടാകും. അന്ന് അച്ഛന് അമ്പത്തൊന്നു വയസ്സായിരുന്നു.
ജ്യോത്സ്യം ജീവിതാന്ത്യംവരെയുള്ള കാര്യങ്ങള്‍ മാത്രമേ പറയുന്നുള്ളൂ. ഒരു സാഹിത്യകാരന്‍ അല്ലെങ്കില്‍ കലാകാരന്‍ അതിനപ്പുറത്തും ജീവിതം പ്രതീക്ഷിക്കുന്നു. എല്ലാം കാലം തീര്‍ച്ചയാക്കും.''
കാലത്തിന്റെ അത്തരം തീര്‍പ്പുകള്‍ നിര്‍മ്മിക്കലാണ് ഇനി ഹരിയേട്ടനോടു ചെയ്യാനുള്ള കടമ എന്ന് ഞാന്‍ കരുതുന്നു.
അക്കാദമി സെക്രട്ടറി കൂടിയാണല്ലോ - കേരള സാഹിത്യ അക്കാദമി ഹരിയേട്ടനോട് നന്ദി പറയേണ്ട ഒരവസരം കൂടിയാണിത്. 2000 വര്‍ഷത്തില്‍നിന്ന് ഇന്ന് വളരെയധികം മുമ്പോട്ടു പോയിരിക്കുന്ന അക്കാദമിയുടെ ഡിജിറ്റൈസേഷന്‍ പരിപാടികളുടെ അടിത്തറ പാകിയത് ഹരിയേട്ടനാണ്. 256 പ്രമുഖ എഴുത്തുകാരുടെ ശബ്ദവും പ്രൊഫൈലും അടങ്ങുന്ന ഡിജിറ്റല്‍ സി.ഡികള്‍ അക്കാദമിക്കുവേണ്ടി നിര്‍മ്മിച്ചത് ഹരിയേട്ടനാണ്. പഴയ അനലോഗ് കാസറ്റുകളില്‍നിന്ന് ശബ്ദം പെറുക്കിയെടുത്തുള്ള ഇവയുടെ നിര്‍മ്മാണം അത്ര സുസാദ്ധ്യമായ ഒന്നല്ലായിരുന്നു. എന്നിട്ടും ഹരിയേട്ടനും ഇപ്പോഴത്തെ ലൈബ്രേറിയന്‍ രാജേന്ദ്രനും അടങ്ങുന്ന ഒരു സംഘം ആ ശ്രമം പൂര്‍ത്തീകരിച്ചു. അന്ന് തുടങ്ങിയ ഡിജിറ്റൈസേഷന്‍ വിപുലമായ തോതില്‍ ഇപ്പോഴും തുടരുന്നു. ഹരിയേട്ടനു പ്രണാമം.