പ്രിയ എ എസ്
കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് (മാര്‍ച്ച് 27) അഷിത ഭൂമി വിട്ടു പോയത്.
അന്നേ ദിവസം തൃശൂര്‍ ശാന്തികവാടത്തിലെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്കു ശേഷം മനസ്സെവിടെപോയി എന്ന് അന്തമില്ലായ്മയില്‍ പെട്ടുഴലുന്നതിനിടെ, കൂടെയുണ്ടായിരുന്നവര്‍ ചോദിച്ചു ‘ഇ ഹരികുമാറിന്റെ ഫ്‌ളാറ്റിലേയ്ക്ക് പോയാലോ…’
‘ഇപ്പോഴോ?’ എന്നു ചോദിയ്ക്കാനാണ് തോന്നിയതെങ്കിലും പിന്നെ വിചാരിച്ചു യാത്രകള്‍ തീരെ കുറവായ ഞാന്‍ ഇനിയെന്നു വന്നിട്ട് ഹരിയേട്ടനെ കാണാനാണ്. കാന്‍സര്‍സംബന്ധിയായ സര്‍ജറിയ്ക്ക് ഹരിയേട്ടന്‍ വിധേയനായതിനു ശേഷം കണ്ടിട്ടുമില്ലല്ലോ…ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഇനിയൊന്നു കാണാന്‍ പറ്റുക എന്ന ചിന്തയുടെ പുറകേ പോയി ഒടുവില്‍ ഞാന്‍ സമ്മതിച്ചു.
സര്‍ജറി കൊണ്ട് മുഖാകൃതി മാറിപ്പോയിരുന്നുവെങ്കിലും ക്ഷീണിതനായിരുന്നുവെങ്കിലും ഹരിയേട്ടന്‍ അന്ന് ഒരുപാട് ചിരിച്ചു, മിണ്ടി, ഡൈനിങ് റ്റേബിളിലിരുന്ന ഇന്‍ഡോര്‍ പ്‌ളാന്റിന്റെ വിചിത്ര ആകൃതിയെ കുറിച്ചു തമാശ പറഞ്ഞു. ബാല്‍ക്കണിയിലാണെങ്കില്‍ ആയിരക്കണക്കിന് ഗപ്പി മീനുകള്‍ മഴവില്‍ നിറങ്ങളില്‍ ലളിതേച്ചിയുടെ ഫി്ഷ് ടാങ്കില്‍ തുരുതുരെ നീന്തി കളിച്ചു.
അഷിതലോകത്തില്‍ നിന്നു വിട്ടുപോരാന്‍ പറ്റാതെ വേറെയേതോ ലോകത്തെന്നപോലെ പാതിച്ചിരി ചിരിച്ച് ഞാനിരുന്നു. എപ്പോഴോ ‘പോകാം, പോകാം’ എന്ന് ഞാന്‍ തിരക്കു കൂട്ടി.
‘ഇനി കുഞ്ഞുണ്ണിയെ കൂട്ടി വരാം,’ എന്നുയാത്ര പറയുമ്പോള്‍, ‘അവനെന്റെ മുഖത്തിന്റെ ഷെയ്പ് കണ്ട് പേടിക്കുമോ,’ എന്ന് ഹരിയേട്ടന്‍ ആശങ്കപ്പെട്ടു. ഹരിയേട്ടന്‍ എന്നും കുഞ്ഞുണ്ണിയുടേതായിരുന്നല്ലോ.
‘ഇല്ലില്ല, ഞാനവന് അസുഖവിവരമെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്,’ എന്ന് പറഞ്ഞ് ആ കൈതൊട്ടു ഞാന്‍.
‘സുഖമാവുമ്പോള്‍ ഹരിയപ്പൂപ്പന്‍ ഇനിയും കഥയെഴുതും, അല്ലേ അമ്മേ?’ എന്നവന്‍ ചോദിക്കാറുണ്ടെന്നു പറഞ്ഞപ്പോള്‍ ഒരു മൃദുവായ ചിരിയെ കൂട്ടുപിടിച്ച് ഹരിയേട്ടന്‍ പറഞ്ഞു ‘എഴുത്തിന്റെ കാലമൊക്കെ കഴിഞ്ഞു കുട്ടീ.’
ഞാനൊന്നും മിണ്ടിയില്ല. വെറും വാക്കു കൊണ്ട് ആരെയും സമാധാനിപ്പിയ്ക്കാന്‍ എനിക്ക് ഒരിയ്ക്കലും അറിയില്ലല്ലോ. അന്ന് വിചാരിച്ചില്ല അഷിതയുടെ വീട്ടില്‍ നിന്നു ഞാന്‍ പോയി കണ്ടയാള്‍, അഷിതയുടെ ചരമവാര്‍ഷികത്തിന് രണ്ടു ദിവസം മുമ്പ് എന്നേയ്ക്കുമായി കടന്നു കളയുമെന്ന്, അഷിത പോയ ദിവസം ഞാന്‍ രണ്ടു പേരെയും അടുത്തടുത്ത് ചേര്‍ത്ത് വച്ച് ഓര്‍മ്മകളുടെ ഭണ്ഡാരപ്പുരയിലേയ്ക്ക് വീഴേണ്ടി വരുമെന്ന്.
ഹരിയേട്ടന്റെ ശ്വാസകോശത്തിന്റെ സര്‍വ്വാധികാര്യക്കാരനായി ക്യാന്‍സര്‍ വീണ്ടും ഒരു വരവ് നടത്തിയിരിക്കുന്നു എന്ന വിവരം അറിയുമ്പോള്‍ കുഞ്ഞുണ്ണിയ്ക്ക് ഒമ്പതാംക്‌ളാസിലെ വാര്‍ഷിക പരീക്ഷ നടക്കുകയായിരുന്നു. പക്ഷേ അവന്റെ പരീക്ഷ കഴിഞ്ഞപ്പോഴേയ്ക്കും ഹരിയേട്ടനെ ക്യാന്‍സര്‍ അവസാന പരീക്ഷകളില്‍പെടുത്തിക്കഴിഞ്ഞിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് കഥാകൃത്ത് അഷ്ടമൂര്‍ത്തി പറഞ്ഞ് ഹരിയേട്ടന്റെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നറിഞ്ഞത് സുഹൃത്തു വഴിയാണ്. പിറ്റേന്നു തന്നെ പോകാം, ഇനി വൈകിയ്ക്കുന്നത് പന്തിയല്ല എന്നു തീരുമാനമെടുത്തപ്പോള്‍ മകനോട് ഞാന്‍ ചോദിച്ചു, ‘നീ വരുന്നോ? ചിലപ്പോള്‍ നമ്മളെ കണ്ടാല്‍ തിരിച്ചറിഞ്ഞു എന്നു പോലും വരില്ല.’
വയ്യായ്കയുടേതായ അവസ്ഥകളെ നേരില്‍ കാണുന്നത് ഒഴിവാക്കിക്കളയുക എന്ന കുട്ടിമട്ട് അവനവലംബിയ്ക്കും എന്നു തന്നെ ഞാന്‍ കരുതി. പക്ഷേ കുഞ്ഞുണ്ണി കണ്ണില്‍ വെള്ളം നിറഞ്ഞ് തറപ്പിച്ചു പറഞ്ഞു, ‘ഹരിയപ്പൂപ്പനെ എനിയ്ക്കു കാണണം.’
ആ വൈകുന്നേരം മുതല്‍ രാത്രിയാവോളം അവന്‍ ഹരിയേട്ടന്റെ വെബ്സൈറ്റില്‍ പോയി പഴയ ഫോട്ടോകള്‍, വാര്‍ത്തകള്‍, കഥകള്‍ ഒക്കെ തിരയാന്‍ തുടങ്ങി, നിര്‍ത്താതെ. എനിയ്ക്കതു കണ്ട് വിശ്വാസം വന്നില്ല. ഒരു പതിനാലുകാരന്‍ കുട്ടി ഈറന്‍കണ്ണുമായി, തകര്‍ന്ന ഹൃദയവുമായി ഒരു 76 കാരന്‍ കഥാകൃത്തിന്റെ കഥാലോകത്തില്‍ വിവശനായി ‘കാനഡയിലെ രാജകുമാരി’യിലും ‘ശ്രീപാര്‍വ്വതിയുടെ പാദങ്ങളി’ലും പരതി നടക്കുന്നു, ‘അപ്പൂപ്പാ നിങ്ങളീ ലോകം വിട്ടു പോകല്ലേ,’ എന്ന പ്രാര്‍ത്ഥന പോലെ.
എനിക്ക് സത്യത്തിലസൂയ വന്നു. ഞാന്‍ വിചാരിച്ചു, ഞാന്‍ എന്ന കഥാകൃത്ത് മരിക്കുമ്പോള്‍ ഏതെങ്കിലും ഒരു പതിന്നാലുകാരന്‍ ഇങ്ങനെ പരിഭ്രാന്തനാവുമോ! ഞാന്‍ പോട്ടെ വേറെ ഏതു കഥാകൃത്ത് മരണാസന്നനാകുമ്പോഴാണ് ഇങ്ങനൊരു രംഗം കാണാനാവുക? ഞാന്‍ ഉള്ളാലെ പറഞ്ഞു ‘എന്റെ ഹരിയേട്ടാ, ഏതു കഥാകൃത്തിനാണ് ഇത്തരമൊരു ഭാഗ്യം ലഭിയ്ക്കുക?’
‘ഉള്ളിന്റെയുള്ളില്‍ ഒരു കുഞ്ഞു സങ്കടമുണ്ടായിരുന്നില്ലേ എന്നെ ആരും കണ്ടെടുത്തില്ല എന്ന്? അത് വെറുതെയാണെന്ന് ഈ കുഞ്ഞുണ്ണിനിമിഷം മുതല്‍ ലോകം വിളിച്ചു പറയാന്‍ പോവുകയാണ്.’ ഇതു ഇ ഹരികുമാറിനെ നഷ്ടപ്പെടുന്നതിലെ ലോകവേദനയുടെ ആരംഭം മാത്രമാണ്.
പെട്ടെന്ന് കുഞ്ഞുണ്ണി വെബ്സൈറ്റില്‍ നിന്ന് ‘ദിനോസറിന്റെ കുട്ടി’യുടെ ഓഡിയോ വച്ചു. കൂട്ടുകാരന്‍ കൂടിയായ ദാമോദര്‍ എന്ന കൊച്ചി എഫ് എം സ്റ്റേഷിലെ അനൗണ്‍സറിന്റെ ശബ്ദത്തില്‍ കഥ, വീടു മുഴുവന്‍ ഒഴുകിപ്പരക്കാന്‍ തുടങ്ങവേ അടുത്തുവന്നു നിന്ന് നിശബ്ദമായി ഞാനും താഴെ ഊണു കഴിച്ചു കൊണ്ട് എന്റെ അമ്മയും ശ്രോതാക്കളായി. ഞങ്ങളുടെ വീട് ദിനോസറിന്റെ വീടായി.
ഇതേ ശബ്ദത്തിലെ ഇതേ കഥ വഴിയാണ് കുഞ്ഞുണ്ണി, ഇ ഹരികുമാറിന്റെ കഥാലോകത്തേയ്ക്ക് കടന്നു ചെന്നത് എന്നു ഞാനോര്‍ത്തു. അവന് എട്ടു വയസ്സുള്ളപ്പോഴാണ് ഞാനവനെ മടിയിലിരുത്തി ദിനോസര്‍ കഥ കേള്‍പ്പിച്ചു കൊടുത്തത്. അവസാനമായപ്പോള്‍ അവന്‍ കണ്ണുകള്‍ വിടര്‍ത്തി എന്നെ നിസ്സഹായതയോടെ നോക്കി. അവന്റെ വലിയ കണ്ണുകള്‍ കണ്ണീര്‍ത്തടാകങ്ങളായിക്കഴിഞ്ഞിരുന്നു. അന്നു രാത്രി മുതല്‍ പിന്നെ എത്രയോ തവണ ഞാന്‍ ദിനോസറിന്റെ കഥയുടെ അവസാനം കുഞ്ഞുമനസ്സിന് ചിരിയ്ക്കാന്‍ പാകത്തില്‍ മാറ്റിപ്പണിതു തോറ്റു!
സൈകതം ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഞ്ചു പേരുടെ പുസ്തകപ്രകാശനത്തില്‍ തൊട്ടു മുമ്പത്തെ വര്‍ഷം (2015 ല്‍) ഞാനും ഹരിയേട്ടനും പെട്ടിരുന്നു. അതു പറഞ്ഞ് ആ ഫോട്ടോകളെടുത്തു കാണിച്ച് ഞാനവനെ ഹരിയപ്പൂപ്പനെ ഓര്‍മിപ്പിച്ചു കൊടുത്തു.
അന്നെന്തൊരു ചുറുചുറുക്കായിരുന്നു ഹരിയേട്ടനെന്ന്, ഹൃദയപ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അറുപതുവയസ്സുപോലും തോന്നുമായിരുന്നില്ലല്ലോ നടപ്പിലും ഇരിപ്പിലും എന്നോര്‍ത്തു ഞാനിരിയ്‌ക്കെ കുഞ്ഞുണ്ണി പറഞ്ഞു, ‘ഇനി ദിനോസറില്‍ ദാ ഇങ്ങനെ ഒരു വാചകം വരും. അമ്മയ്ക്ക് ഓര്‍മ്മയില്ലേ?’
അവന് ദിനോസറിനെ മനപ്പാഠമാണ്. ദിനോസര്‍ നക്കിയ കുഞ്ഞുണ്ണിയെ ഹരിയേട്ടന് കാണിച്ചു കൊടുക്കാന്‍ പിന്നെ തൃശൂര് പോയി. അവന് ഹരിയേട്ടന്‍, ഹരിയേട്ടന്റെ ‘പച്ചപ്പയ്യിനെ പിടിയ്ക്കാനും’ ‘രൂപം നഷ്ടപ്പെട്ട മൃഗങ്ങളു’മൊക്കെ കൊടുത്തു.
അടുക്കിപ്പെറുക്കി വയ്ക്കുന്ന എന്റെ ക്ഷമയെ പരീക്ഷിച്ച് അവനേതു നേരവും ഇ ഹരികുമാര്‍ പുസ്തകങ്ങള്‍ ഊണുമേശയിലും നിലത്തും കട്ടിലിലും നിരത്തിയിട്ട് അതു തന്നെ പലയാവര്‍ത്തി വായിച്ചു. അവന്‍ ഏഴാം ക്‌ളാസി്ല്‍ പഠിക്കുമ്പോള്‍, സ്‌ക്കൂള്‍ വാര്‍ഷകത്തിന് മുഖ്യാതിഥിയാകാനായി ഒരു പ്രശസ്ത സാഹിത്യകാരനെ ക്ഷണിച്ചു കൊണ്ട് കത്തെഴുതുക എന്ന എക്‌സര്‍സൈസ് കിട്ടിയപ്പോള്‍, അവന്‍ ഹരികുമാറിനെ ക്ഷണിച്ചു കത്തെഴുതി.
ഹരിയേട്ടന്റെ ബന്ധു കൂടിയായ അവന്റെ റ്റീച്ചര്‍ പറഞ്ഞ് ഹരിയേട്ടന്‍ അതറിഞ്ഞു. ഒരു കുട്ടിയുടെ കാരണമില്ലാ ഇഷ്ടം ഹരിയേട്ടനെ നിലയില്ലാ സന്തോഷത്തിലേക്കുയര്‍ത്തി എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.
പിന്നെ ഹരിയേട്ടന്‍ ഒരു വാര്‍ഷികപ്പതിപ്പില്‍ ഒരു കളിപ്പാട്ടനിര്‍മ്മാണക്കാരനെ കുറിച്ച് കഥ എഴുതിയപ്പോള്‍, കുഞ്ഞുണ്ണി അതും വായിച്ച് പുളകിതനായി, ‘ഇനീം ഹരിയപ്പൂപ്പന്‍ കഥയെഴുതും അല്ലേ?’ എന്നു ചോദിച്ചു.
അതറിഞ്ഞപ്പോള്‍ ഹരിയേട്ടന്‍ പറഞ്ഞു, ‘അതിലെ കളിപ്പാട്ടക്കച്ചവടക്കാരന്‍ ഞാനും അതിലെ കളിപ്പാട്ടം വാങ്ങാന്‍ വരുന്ന കുട്ടി കുഞ്ഞുണ്ണിയും ആണ്.’
പുതിയ കാലത്തിലെ കളിപ്പാട്ടങ്ങള്‍ക്കു പുറകേ കുട്ടികള്‍ പോകുമ്പോള്‍ മരക്കളിപ്പാട്ടം ഇഷ്ടപ്പെടുന്ന കുട്ടിയായി അവന്‍ വരുന്നു. ‘ആളുകള്‍ മറന്നു തുടങ്ങുന്ന എന്റെ കഥ ഇഷ്ടപ്പെടാനും ഒരു കുട്ടി.’
അതായിരുന്നു ഹരിയേട്ടന്‍ എഴുതിയ അവസാന കഥ. ‘കുഞ്ഞുണ്ണിയ്ക്ക്’ എന്നു പറഞ്ഞ് പിന്നെ ഒരു CD വന്നു പോസ്റ്റില്‍. കുനിഞ്ഞിരുന്ന് മുഖ്യാതിഥിയായ ഹരികുമാറിന് കത്തെഴുതുന്ന കുഞ്ഞുണ്ണിയുടെ ഫോട്ടോ ഞാനെടുത്ത് എഫ് ബിയിലിട്ടത് ഡിസൈന്‍ ചെയ്ത് ചേര്‍ത്തിരുന്നു ആ കവറില്‍. കൂടെ ‘ഹരികുമാര്‍ നാടകങ്ങള്‍,’ ‘കൂറ’ എന്ന റ്റെലിഫിലിം. കുഞ്ഞുണ്ണിയ്ക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണതെന്ന് അവനിപ്പോഴറിയില്ല. എന്നെങ്കിലും അവനത് മനസ്സിലാകുമായിരിയ്ക്കും.
എന്നാലും ഞാനറിയുന്നുണ്ട്, അവനും പുതിയ കാലത്തിലെ കുട്ടിയായി മൊബൈലിനും കംപ്യൂട്ടറിനും മുമ്പിലിരുന്നും Rick Riordanന്റെ Percy Jackson Series ല്‍ തലകുത്തിക്കിടന്നും മാറിപ്പോയിരിക്കുന്നു. പക്ഷേ ഈ ഒന്‍പതാം ക്ലാസ് വര്‍ഷത്തിലും അവനൊരു ദിവസം എത്ര ആവേശത്തോടെയാണ് ‘ഹരിയപ്പൂപ്പന്റെ കഥയാണ് നാടകത്തിനായി മിസ് തിരഞ്ഞെടുത്തിരിയ്ക്കുന്നത്’ എന്നു പറഞ്ഞതും ‘അമ്മയ്ക്ക് ഓര്‍മ്മയില്ലേ അത്?’ എന്നു ചോദിച്ച് എന്നോടു അതിന്റെ കഥ വിസ്തരിക്കാനാരംഭിച്ചതും പിറ്റേന്ന് റ്റീച്ചറിന്റെ തീരുമാനം മാറിയപ്പോള്‍ ‘അമ്മ നാടകക്കാര്യം ഹരിയപ്പൂപ്പനോട് പറഞ്ഞോ, ഇല്ലല്ലേ, നന്നായി. ഹരിയപ്പൂപ്പന് സങ്കടാവും അത് മാറ്റി വേറെ കഥ തെരഞ്ഞെടുത്തറിഞ്ഞാല്‍ …’ എന്ന് നിഷ്‌കളങ്കനായി ഹരിയപ്പൂപ്പനെ അളന്നതും!
ഇ ഹരികുമാറിന്റെ കഥാ ലോകം എങ്ങനെയാണ് അവനെ ഹരികുമാര്‍ ആരാധകനാക്കുന്നത് എന്ന് സത്യമായും എനിക്കറിയില്ല. ഒരു പക്ഷേ ആ കഥകളിലെ കുട്ടികളാവാം അവനെ ആകര്‍ഷിയ്ക്കുന്നത്. വേറൊരു മലയാളകഥാകാരനെയും അവനിങ്ങനെ പിന്തുടരുന്നത് ഞാന്‍ കണ്ടിട്ടില്ല എന്നുമാത്രം എനിക്കറിയാം.
മാര്‍ച്ച് രണ്ടിലെ ആ കണ്ടുമുട്ടല്‍, അത് അവസാന്കാഴ്ചയായിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു മയക്കത്തിലായിരുന്നു, വേദനാസംഹാരികള്‍ കൊടുക്കുന്ന മയക്കമായിരുന്നിരിക്കാം. ഭാര്യ ലളിതേച്ചിയും സഹോദരന്‍ ഡോ ദിവാകരനും ഉണ്ടായിരുന്നു അവിടെ. കാലിഫോര്‍ണിയില്‍ നിന്നെത്തിയ മകന്‍ അജിയും.
ഇടയ്‌ക്കൊന്ന് കണ്ണു തുറന്നപ്പോള്‍ ഞങ്ങളകത്തു കയറിക്കണ്ടു. ദിനോസറിന്റെ കുട്ടിയെ വായിച്ച ശബ്ദമായ ദാമോദര്‍ നിലത്തു ചടഞ്ഞിരുന്നു. ആയാസപ്പെട്ട് കൈ ഉയര്‍ത്തി ദാമോദറിന്റെ തലയില്‍ കൈ വച്ച് ‘എന്തോ’ എന്ന് വിളി കേട്ടു. എന്റെ കൈയില്‍ പിടിച്ച് ‘വയ്യ, തീരെ വയ്യ…’ എന്നു പറഞ്ഞു.
എന്റെ അടുത്തുനിന്ന കുഞ്ഞുണ്ണിയെ കണ്ടുകാണണം. ‘സാരമില്ല’ എന്ന് വെറുതെ ഒരിക്കലും പറയാനറിയാത്ത ഞാന്‍ ഒന്നും മിണ്ടാനാവാതെ നിന്നു. ഹരിയേട്ടനും കുഞ്ഞുണ്ണിയ്ക്കും കൂടി ഒരുപാട് മിണ്ടാന്‍ പറ്റുന്ന ഹരിയേട്ടന്റെ ആരോഗ്യസ്ഥിതിയില്‍ ഞാനവിടെ അവനെ കൊണ്ടു ചെല്ലാത്തതിലെ കുറ്റബോധം എന്നെ വന്ന് തൊട്ടു.
ഞാന്‍ ചോദ്യങ്ങള്‍ എഴുതി അയയ്ക്കുക വഴി ഒരു അഭിമുഖം ഹരിയേട്ടനുമായി ചെയ്യാം എന്ന് ഞങ്ങള്‍, അതായത് ഞാനും ഹരിയേട്ടനും ദാമോദറും കൂടി എത്തിയ ധാരണ, അതിലേയ്ക്ക് നടന്നെത്താന്‍ എന്നെ സമ്മതിക്കാതിരുന്ന എന്റെ പെര്‍ഫെക്ഷനിസത്തെ ഞാന്‍ മനസാ പഴി പറഞ്ഞു.
മലയാളത്തില്‍ ഏതാണ്ടൊരു മാസം മുമ്പ് ഇ ഹരികുമാര്‍ കഥകളെക്കുറിച്ച് പ്രശസ്ത കഥാകൃത്ത് എന്‍ രാജന്‍ എഴുതിയ പഠനമെങ്കിലും ഹരിയേട്ടന്‍ വായിച്ചുകാണും, അംഗീകാരത്തിന്റെ ഒരു ചെറുകാറ്റുവീശലായി അത് ഹരിയേട്ടനെ ഒട്ടൊന്നു തണുപ്പിച്ചുകാണും എന്നു ഞാന്‍ ആശ്വസിച്ചു.
‘എന്തോ’ എന്ന വിളികേള്‍ക്കലിനും ‘വയ്യ തീരെ വയ്യ’ എന്ന പറച്ചിലിനും ഇടയില്‍ ഹരിയേട്ടന്‍ മയങ്ങിപ്പോയിരുന്നു. റൂമിനു പുറത്തു കടക്കുന്നതിനും മുമ്പ്, ഞാന്‍ കണ്ണു നിറഞ്ഞ് വാക്കില്ലാതെ അജിയുടെ കൈയില്‍ പിടിച്ചു. ദിനോസറിന്റെ കുട്ടിയായി വളര്‍ന്ന് പിന്നീട് കാലിഫോര്‍ണിയയില്‍ നിന്ന് എത്തിയ ഹരിയേട്ടന്റെ രാജകുമാരന്‍ അജിയും ഒന്നും മിണ്ടിയില്ല.
ബാല്‍ക്കണിയില്‍ ഗപ്പിക്കൊട്ടാരം, മേശപ്പുറത്തെ അന്നൊരിയ്ക്കല്‍ ഒരു വര്‍ഷം മുമ്പ് ഹരിയേട്ടന്‍ ചിരിച്ച് കമന്റടിച്ച വിചിത്രാകൃതിയിലെ ഇന്‍ഡോര്‍പ്‌ളാന്റ്‌സ് ഒന്നും കാണാനുണ്ടായിരുന്നില്ല.
ഹരിയേട്ടന്റെ എഴുത്തുമുറിയില്‍, പോരും മുമ്പ് ഞാനൊന്നു കയറിനോക്കി. ഇടശ്ശേരിയുടെ പടം വരച്ച മുറിയില്‍ നിന്നുകൊണ്ടാണ് ഹരിയേട്ടന്‍ എനിക്ക് പുസ്തകങ്ങള്‍ ഒപ്പിട്ടുതന്നത്. അന്ന് ചോദിച്ചത് എനിക്കെന്നും ഓര്‍മ്മ, ‘അച്ഛന്റെ മുമ്പില്‍ നിന്നു കൊണ്ട് എന്റെ പുസ്തകത്തില്‍ ഒപ്പിടാറൊക്കെ ആയോ കുട്ടീ ഞാന്‍?’
ഞാനപ്പോള്‍ എറണാകുളത്ത് ഹരിയേട്ടന്‍ താമസക്കാരനായിരുന്ന എന്റെ ഇരുപത്തിയൊന്നാം വയസുകാലം ഓര്‍ത്തു. ഇരുപത്തൊന്നുകാരി ഒരു ന്യൂസ് സിന്‍ഡിക്കേറ്റില്‍ എഴുത്തുപരിശ്രമങ്ങളുമായി കൂടിയ കാലം. ഗൃഹലക്ഷ്മി അവാര്‍ഡ് കിട്ടിയിട്ടൊക്കെയുണ്ട്. പക്ഷേ അതെന്റെ ആരും അറിയാ തുടക്കക്കാലമായിരുന്നുവല്ലോ.
എന്നും പള്ളിമുക്കിലിറങ്ങി നടക്കുന്നതിനിടെ കാണുന്നു ഒരു മധ്യവയസ്‌ക്കന്‍ മുഖം. അത് വളരെ പരിചിതം എന്നു തിരിച്ചറിയുകയും ഇ ഹരികുമാര്‍ എന്ന് ഹൃദയം ആര്‍ത്തുവിളിയ്ക്കുന്നതിന് കാതോര്‍ക്കുകയും ചെയ്യുന്നു അവള്‍. അവളുടെ കണ്ണിലെ ആരാധന കണ്ട് ആ ആള്‍ എന്നും കൗതുകത്തോടെ അവളെ നോക്കും. പിന്നൊരു ദിവസം രണ്ടും കല്പിച്ച് അവള്‍ മിണ്ടുന്നു .അന്നു കണ്ട അതേ വിനയം ,അതാണു ഞാന്‍ ഇടശ്ശേരിയുടെ പടം വച്ച മുറിയിലെ ഒപ്പിടല്‍ നില്പിലും ഹരിയേട്ടനില്‍ കണ്ടത്. ഇത്രയേറെ വിനയം ഉള്ളതു കൊണ്ടാണ് ഹരിയേട്ടന്‍ ഒരിടത്തും കയറിച്ചെല്ലാതെ മാറി ഒതുങ്ങിനിന്നത്.
തിരിച്ചു പോരാന്‍ നേരം, ഡോ ദിവാകരന്‍ പറഞ്ഞു ‘അച്ഛനെയും അച്ഛന്റെ കാലത്ത് ആരും കണ്ടെടുത്തില്ല. അതച്ഛന്‍ അംഗീകരിച്ചിരുന്നു, പക്ഷേ ഹരിയേട്ടനതുള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു… എന്നിട്ട് രണ്ടു വരി ഇടശ്ശേരിക്കവിത ചൊല്ലി.
‘എനിക്കിനിയൊന്നുമില്ല പിരിഞ്ഞുകിട്ടാന്‍
കൊടുക്കാനോ കൊടുത്താലും മുടിയാമൂല്യം
ഒരു തിരി കൊളുത്തി കൈമലര്‍ത്തി വാതില്‍
മലര്‍ക്കെ തുറന്നിട്ടു വരികേ വേണ്ടൂ’
ഞാന്‍ പിന്നെയും മിണ്ടാനാകാതെ ഇരുന്നു പോയി. ‘ഹരിയപ്പൂപ്പന് ഭേദമാകുമ്പോള്‍ വരൂ കുഞ്ഞുണ്ണി’ എന്നു ലളിതേച്ചി പറഞ്ഞപ്പോള്‍, ലളിതേച്ചി അങ്ങനെ പ്രതീക്ഷിക്കുന്നോ അതോ അവനെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതോ എന്നറിയാതെ ഞാന്‍ നിന്നു.
തിരികെ കാറെടുക്കുമ്പോള്‍, എന്നും യാത്രയാക്കാന്‍ അഞ്ചാം നില ബാല്‍ക്കണിയില്‍ വന്നുനില്‍ക്കാറുള്ള ആളിന്റെ അഭാവമോര്‍ത്തോര്‍ത്ത് ദാമോദര്‍ പെട്ടെന്നൊരു സങ്കടക്കുത്തൊഴുക്കായി. ജീവിയ്ക്കാനുള്ള ദാമോദറിന്റെ അലച്ചിലുകളെ, ആത്മാര്‍ത്ഥമായ അലച്ചിലുകള്‍ മാത്രം സ്വന്തമായുള്ള കാലത്തിലെ ആ ദിനോസര്‍കഥയിലെ അച്ഛനാണ് ഏറ്റവും മനസ്സിലായിരുന്നതെന്ന് പെട്ടെന്ന് ഒരു വെളിപാടുവന്നു. ദാമോദറിനെ എന്നതിലുപരി ദാമോദറിന്റെ വേരും പറിച്ചുള്ള അലച്ചിലുകളെയാണ് ഹരിയേട്ടന്‍ നെഞ്ഞോടു ചേര്‍ത്തുനിര്‍ത്തിയിരുന്നതെന്ന് അപ്പോള്‍ ഞാനറിഞ്ഞു.
ഹരിയേട്ടന്‍ പോയ വിവരം, രാവിലെ ഉണര്‍ന്നു വന്ന കുഞ്ഞുണ്ണിയോട് ‘സങ്കടപ്പെടരുത് ‘എന്ന മുഖവുരയോടെ പറഞ്ഞപ്പോള്‍ നിര്‍ന്നിമേഷനായി എന്നെ നോക്കി അവന്‍ പറഞ്ഞു ‘പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരിക്കാം. ഞാന്‍ സ്‌ക്കൂളില്‍ നിന്ന് ലീവെടുത്തതിന് കാരണമായി ഹരിയപ്പൂന്‍ മരിച്ചു എന്നു പറഞ്ഞ് മലയാളം റ്റീച്ചറിന് കത്തു കൊണ്ടു കൊടുക്കുന്ന എന്നെയാണ് ഞാന്‍ ഇന്നലെ രാത്രി സ്വപ്‌നം കണ്ടത്.’ ഞാന്‍ എന്തിന് വിശ്വസിക്കാതിരിക്കണം! ‘അറിയാത്തലങ്ങളിലേയ്ക്ക് ‘ അവനിഷ്ടമുള്ള ഇ ഹരികുമാര്‍ കഥയാണല്ലോ.
അഷിത യാത്ര പോയ അതേ ശാന്തികവാടത്തില്‍ നിന്ന് ഹരിയേട്ടനും യാത്ര പോയി. തന്റെ പുസ്തകങ്ങളും അച്ഛന്റേതും സമാഹരിച്ചു കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയതു കൊണ്ടാവാം തനിയ്ക്കിനി ആരും കര്‍മ്മങ്ങളൊന്നും ചെയ്യേണ്ടെന്നും ഹരിയേട്ടന്‍ പറഞ്ഞത്.
പക്ഷേ അഷിതയ്ക്കു മരണശേഷം കിട്ടാത്ത ചില സൗഭാഗ്യങ്ങള്‍, കൊറോണക്കാലത്തിന്റെ ഒത്താശമൂലം ഹരിയേട്ടനുണ്ടായി. ആള്‍ക്കൂട്ടം വന്നില്ല, വെടി പൊട്ടിയില്ല, കാക്കകള്‍ പറന്നില്ല. ഒച്ചയും ബഹളവുമില്ലാത്ത ഹരിയേട്ടന്‍, തന്റെ ആഗ്രഹം പോലെ ഒച്ചയും ബഹളവുമില്ലാതെ, പൊതുദര്‍ശനത്തിന് കിടക്കാന്‍ നില്‍ക്കാതെ കടന്നു പോയി. ആകെ അഞ്ചു പേര്‍. മകനും സഹോദരനും സഹോദരന്റെ മകനുമടക്കം ശാന്തികവാടത്തില്‍. അഞ്ചു പേരുടെ സാന്നിദ്ധ്യത്തില്‍ യാത്ര പോയ ഒരെഴുത്തുകാരന്‍ എന്ന പട്ടം ഹരിയേട്ടനു മാത്രം സ്വന്തം. ആ പട്ടമെങ്കിലും ഹരിയേട്ടനിരിക്കട്ടെ.