‘അവൾ’ വിജയിച്ചുകയറിയ കഥകൾ

എൻ രാജൻ

E Harikumar

യാഥാർത്ഥ്യങ്ങളോട്‌ അനുതാപപൂർവം പ്രതികരിച്ചവരാണ്‌ ഹരികുമാർ കഥാപാത്രങ്ങൾ. സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ വർണരാജിയാണ്‌ കഥയുടെ അടിസ്ഥാനശ്രുതി. ഭാര്യ, കാമുകി, സഹപ്രവർത്തക, അയൽക്കാരി, സഹയാത്രിക എന്നിങ്ങനെ സ്‌ത്രീ ചൈതന്യം കഥയുടെ വെളിവും വാഴ്‌വും. പുരുഷൻ തളർന്നുപോവുന്നിടത്ത്‌ ജയിച്ചുകേറുന്ന സ്‌ത്രീകൾ. മാതൃഭാവത്തേക്കാൾ സ്‌ത്രീത്വം ശക്തമാവുന്നത്‌ കൂട്ടുകാരിയിൽ, അവരുടെ പരിലാളനയിലും ആശ്വാസത്തിലും.

കഥാപരിസരം അടഞ്ഞ വാതിലുകൾക്കുള്ളിലെ ഇടുങ്ങിയ ലോകമാണ്‌. മിക്കവാറും ഫ്ലാറ്റുജീവിത പരിഛേദം. പുറംലോക സമ്പർക്കം പീപ്‌ഹോളിലൂടെ കാണുന്ന കാഴ്‌ച. വ്യസനവും ആഘാതങ്ങളും ഒതുക്കിപ്പിടിക്കുന്ന സ്‌ത്രീകഥാപാത്രങ്ങളേറെ. അസാധാരണത്വമാണ്‌ ഹരികുമാർ കഥകളിലെ കാന്തികസ്‌പർശം. ആദ്യകഥയായ ‘കുങ്കുമം വിതറിയ വഴികളി’ൽതുടങ്ങി മികച്ച കഥകളായ ഡോക്ടർ ഗുറാമിയുടെ ആശുപത്രി, ദിനോസറിന്റെ കുട്ടി, ഒരുകങ്‌ഫു ഫൈറ്റർ, കാനഡയിൽനിന്നുള്ള രാജകുമാരി, ശ്രീപാർവതിയുടെ പാദം തുടങ്ങി ഒട്ടെല്ലാ കഥകളുടെയും കേന്ദ്രസ്ഥാനത്ത്‌ കുട്ടികളാണ്‌.

ജീവിതം വഴിമുട്ടുന്നവരുടെ ധർമസങ്കടം ആവിഷ്‌കരിക്കുമ്പോൾ കൈയൊതുക്കവും ശിൽപ്പഭദ്രതയും സന്ധ്യാകാശ മഴവില്ലുപോലെ വിഷാദമധുരം. ആദ്യകാല കഥകളായ ‘ദിനോസറിന്റെ കുട്ടി’യിലും ‘ഒരു കങ്‌ഫു ഫൈറ്ററിലും’ പോലെ ‘ഉന്നൈ കാണാതെ കണ്ണും’ എന്ന സമീപകാല കഥയിലും ഉച്ചസ്ഥായിയിലാണത്‌. ഇതേ താരള്യം സ്‌നേഹത്തെക്കുറിച്ചു പറയുമ്പോഴുമുണ്ട‌്. ഊഷരതക്കിടയിൽ സൂക്ഷിച്ചുവയ്ക്കാനൊരു മയിൽപ്പീലി ഹരികുമാർ കഥകളിൽ വീണുകിട്ടാതിരിക്കില്ല.

55 വർഷത്തിലേറെയുള്ള എഴുത്തുജീവിതത്തിൽ 1525 പുറങ്ങളിൽ നാലു വാല്യങ്ങളിൽ 166 കഥകളാണ്‌ ഹരികുമാറിന്റേതായി. ആ കണക്കിൽ ഒരാണ്ടിൽ ശരാശരി 3 കഥ . ഒമ്പത് ചെറുനോവലും അഞ്ച് തിരക്കഥയും ഒരു നാടകവും വേറെ. ഹരികുമാർ ഇത്രമാത്രമേ പറയുന്നുള്ളു: ‘എന്തെഴുതാനാണ്‌ ശ്രമിച്ചത്‌, എന്താണ്‌ എഴുതപ്പെട്ടത്‌, ഇവ തമ്മിൽ വ്യത്യാസമുണ്ടാവും. മനസ്സിലുണ്ടായിരുന്ന കഥയേ ആവണമെന്നില്ല എഴുതിക്കഴിയുമ്പോൾ. കാരണം കഥാപാത്രങ്ങൾ ജീവനുള്ളവയാണ്‌. അവർക്ക്‌ അവരുടേതായ ഒരു ജീവിതമുണ്ട്‌. ഒരിക്കൽ എഴുതപ്പെട്ടാൽ അതിനു മാറ്റവുമില്ല’.

‘ശ്രീപാർവതിയുടെ പാദം എന്ന കഥ’ പ്രസിദ്ധീകരിച്ച 80കളുടെ അവസാനം അക്കാലത്തെ വായനക്കാർ ഓർക്കുന്നുണ്ടാവും. കഥ വന്നത്‌ കലാകൗമുദി ഓണപ്പതിപ്പിൽ. അന്ന‌് മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങൾക്കും ഓണപ്പതിപ്പിൽ ഹരികുമാർ വേണം. കാരണം, ആ കഥകൾക്ക്‌ വായനക്കാർ കാത്തിരിക്കുന്നുണ്ട്‌. തുമ്പപ്പൂക്കളുടെ ചാരുതയാർന്ന ‘ശ്രീപാർവതിയുടെ പാദം’ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തെ അത്യുക്തിയില്ലാതെ പറയുന്നു. പൂമണങ്ങളുടെ, പച്ചില വാസനയുടെ, മനുഷ്യ-മൃഗ ഗന്ധങ്ങളുടെ വിപുലമായൊരു ലോകമാണത്‌. ലാഭനഷ്ടങ്ങളുടെ കണക്ക്‌ സൂക്ഷിക്കാത്ത കുറച്ചു മനുഷ്യരും. ആ കഥ മനസ്സിനെ പ്രസാദാത്മകമാക്കി. അവിടേയും ജയിച്ചത‌് ‘അവൾ’ തന്നെ.

ദേശാഭിമാനി- Wednesday, March 25, 2020