'ഹരിയേട്ടൻ'

പ്രസാദ്

ഇ.ഹരികുമാർ എഴുതിയ കഥകൾ ധാരാളം വായിച്ചിട്ടുണ്ട്. മലയാള ചെറുകഥയുടെ അത്യാധുനിക കാലത്ത് ദുരൂഹത ഉണ്ടാക്കാതെ കഥ പറയുന്ന ഹരികുമാറിനെ ആരാധിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല കഥാസമാഹാരം 'കൂറകൾ' ഞാൻ സ്വന്തമായി വാങ്ങി. ആ പുസ്തകം ഇപ്പോഴും എന്റെ കൈവശമുണ്ട്. നേരിൽക്കാണുന്നത് 2002 ലാണ്. ഞാനന്ന് ലളിതകലാ അക്കാദമിയിൽ എക്‌സിക്യുട്ടീവ് മെമ്പർ ആണ്. ലളിതകലയിൽ നിന്ന് സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിലിലേക്ക് എന്നെ നോമിനേറ്റു ചെയ്തു. രണ്ടാം തവണയാണ് ഞാനിങ്ങനെ സാഹിത്യ അക്കാദമിയിൽ എത്തുന്നത്. പരിചയമുള്ള എഴുത്തുകാരൊക്കെ ഭരണസമിതിയിൽ ഉണ്ടായിരുന്നു. ഇ.ഹരികുമാറിനെ അങ്ങനെയാണ് പരിചയപ്പെടുന്നത്. സൗഹൃദത്തിന്റെ തുടക്കം. ആദ്യവർത്തമാനത്തിൽതന്നെ എന്റെ കൈവശമുള്ള 'കൂറകൾ' കടന്നുവന്നു. സാഹിത്യ അക്കാദമിയുടെ കാലാവധി കഴിയുന്നതുവരെ ഇടക്കിടെ കാണാനും സൗഹൃദം പുതുക്കാനും അവസരമുണ്ടായിരുന്നു. അന്ന് ഹരികുമാർ കൊച്ചിയിലാണ് താമസം.

വർഷങ്ങൾ കടന്നുപോയി. മാതൃഭൂമിയിൽ നിന്ന് പിരിഞ്ഞ ഞാൻ തൃശൂർ താമസമാക്കിയെങ്കിലും ഹരികുമാറിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ഹരികുമാറും അപ്പോൾ കൊച്ചിയിൽ നിന്ന് തൃശൂർക്ക് താമസം മാറ്റിയിരുന്നു. കലാപൂർണ്ണ തുടങ്ങുന്നതിനു മുൻപ് എഴുത്തുകാർക്കൊക്കെ കത്തയച്ചപ്പോൾ ഹരികുമാറിനും എഴുതി. ഉടനെ മറുപടി വന്നു. 'ഹരിയേട്ടൻ' എന്നു വിളിച്ചാൽ മതിയെന്ന താക്കീതും. പിന്നെ എല്ലാ കത്തിടപാടിലും ഇമെയിലിലും ഹരിയേട്ടൻ എന്നു തുടർന്നു. ആവശ്യപ്പെടുമ്പോഴൊക്കെ കലാപൂർണ്ണയ്ക്ക് മാറ്റർ തന്നുകൊണ്ടിരുന്നു.

ഞാൻ താമസിക്കുന്ന ഹരിനഗറിൽ ഹരിയേട്ടനും ഭാര്യയും വന്നപ്പോൾ ഞങ്ങളുടെ ഫ്‌ളാറ്റ് തേടിപ്പിടിച്ചു കയറി വന്നു. പിന്നീട് ഞങ്ങൾ ഹരിയേട്ടന്റെ ഫ്‌ളാറ്റിൽ പോയി. അന്നാണ് അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ സ്റ്റുഡിയോ കാണുന്നത്. ഹരിയേട്ടന്റെ എല്ലാ രചനകളും ഡിജിറ്റൽ ആക്കിയിരിക്കുന്നു, പ്രസിദ്ധീകരണത്തിൽ വന്ന രേഖാചിത്രങ്ങളോടെ. കഥകൾ ഓഡിയോയിലും റിക്കാർഡു ചെയ്തിട്ടുണ്ട്. ധാരാളം സംസാരിച്ചു. എല്ലാം കാണിച്ചു തന്നു. കമ്പ്യൂട്ടർ സാക്ഷരത പകർന്നു തന്നു. അദ്ദേഹത്തിന്റെ വെബ്‌പേജിൽ ചിത്രകാരന്മാർക്ക് ഒരിടം കൊടുത്തിരുന്നു. അതിൽ എന്നെക്കൂടി ഉല്‌പെടുത്തി. ഹരിയേട്ടന്റെ ഭാര്യ ലളിത വരയ്ക്കുകയും ശില്പങ്ങൾ മെനയുകയും ചെയ്തിരുന്നു. വീട്ടിൽ അവ പ്രദർശിപ്പിച്ചിട്ടുണ്ട്. വരയിൽ താല്പര്യമുള്ള എന്റെ ഭാര്യയ്ക്ക് അതൊക്കെ ഇഷ്ടമായി. അവർ ആദ്യമായി ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ എന്റെ ഭാര്യ വസന്തയുടെ ചിത്രരചനകളൊക്കെ കാണുകയുണ്ടായി. അങ്ങനെ കുടുംബങ്ങൾ തിൽ പൊരുത്തത്തിലായി. വല്ലപ്പോഴും ഞങ്ങളുടെ സന്ദർശനം തുടർന്നു പോന്നു. മാസങ്ങൾക്ക് ശേഷം ഒരിക്കൽ ചെന്നപ്പോഴാണ് ഹരിയേട്ടന്റെ അസുഖം അറിയുന്നത്. തുടർ ചികിത്സയ്ക്കുശേഷം കാണുമ്പോൾ ഹരിയേട്ടൻ നല്ല പ്രതീക്ഷയിലായിരുന്നു. ധാരാളം സംസാരിക്കുകയും ചെയ്തു. എനിക്കൊരു വെബ്‌പേജ് തയ്യാറാക്കാൻ വേണ്ടുന്ന നിർദ്ദേശങ്ങളൊക്കെ തന്നു. കലാപൂർണ്ണയുടെ എല്ലാ ഓണപ്പതിപ്പിലും ഹരിയേട്ടൻ എഴുതി. 2019ലെ ഓണപ്പതിപ്പിനു ചോദിച്ചപ്പോൾ പിന്നെയാവട്ടെ എന്നു പറഞ്ഞു. ഞാൻ നിർബന്ധിച്ചില്ല. പിന്നീടൊരിക്കൽ ഫ്‌ളാറ്റിൽ ചെന്നപ്പോൾ ഹരിയേട്ടൻ ക്ഷീണിതനായി കാണപ്പെട്ടു. എന്നിട്ടും കമ്പ്യൂട്ടർ റൂമിൽ കൊണ്ടുപോയി പലതും കാണിച്ചു തന്നു. ഇടയ്ക്ക് ഹരിയേട്ടനെ കാണാൻ പോകണമെന്ന് വിചാരിച്ചെങ്കിലും പല തിരക്കുകളിൽ കുരുങ്ങി ഒന്നും നടന്നില്ല. മെസേജ് അയച്ചിട്ടും വിവരമൊന്നും ഉണ്ടായില്ല. മാർച്ച് 24 രാവിലെ ആറുമണിക്ക് ഫോൺ പരതിയപ്പോൾ വാട്‌സ്ആപ്പ് മെസേജ്: ഹരികുമാർ അന്തരിച്ചു. പിന്നീടറിഞ്ഞു, ഞണ്ടിന്റെ അതിക്രമം കടന്നുകയറിയതും ഹരിയേട്ടൻ ചികിത്സയ്‌ക്കൊന്നും തയ്യാറാകാതെ വാശിപിടിച്ചതും സ്വച്ഛന്ദമൃത്യുവിനു കീഴടങ്ങിയതും...

കലാപൂർണ്ണ മാസിക- Wednesday, April 15, 2020