റഫീഖ് ഇബ്രാഹിം
സമ്പന്നവും അസൂയാവഹവുമായ പൈതൃകസ്വത്തുണ്ടായിരുന്ന രണ്ടു പേർ.ഒരാൾ മലയാളത്തിലെ അനന്യനായ ഭാവനാകാരൻ ഇടശ്ശേരിയുടെ പുത്രൻ, രണ്ടാമത്തയാൾ മലയാള മാർക്സിസം ജന്മം നൽകിയ ഏറ്റവും വലിയ ധൈഷണികൻ ചിന്ത രവീന്ദ്രന്റെ അനുജൻ. ഇരുവരും പക്ഷേ പാരമ്പര്യത്തിന്റെ ഈ ഭാരത്തിൽ നിന്ന് പുറത്തു കടന്ന് സ്വന്തമായി മേൽവിലാസമുണ്ടാക്കിയവർ. ആ അർത്ഥത്തിലും വിപ്ലവകാരികൾ.
ഇ.ഹരികുമാർ: "ക്ഷതത്തില്‍ തേനിടുന്ന അന്‍പിനെത്തന്നെയാണ് ഞാനും അന്വേഷിക്കുന്നതെ" ന്ന് സ്വന്തം കഥയെഴുത്തിന് ആമുഖമെഴുതി വെച്ചയാൾ. നഗരീകരണം പ്രമേയമായ ആധുനികതയുടെ അറുപതുകളിൽ കഥയെഴുതിത്തുടങ്ങിയയാൾ. പ്രമേയം ഒട്ടൊക്കെ അതിനോടു ചേർന്നു നിൽക്കെ തന്നെ ഭാവപരമായി കാല്പനികഗൃഹാതുരതയെ മറികടന്നയാൾ.കുട്ടികളുടെ ലോകത്തുനിന്നു കണ്ട മുതിര്‍ന്നവരുടെ ജീവിതാഖ്യാനങ്ങളെ ഏറ്റം സർഗാത്മകമായി കഥയിൽ വിളക്കിയയാൾ. ഒട്ടുമേ ആദരിക്കപ്പെടാതെ പോയ പ്രതിഭ.
പ്രഭാകരൻ: ആധുനിക മലയാള (അഥവാ ഇന്ത്യൻ തന്നെ) കലാചരിത്രത്തെ രണ്ടായി പകുത്ത റാഡിക്കൽ പെയിന്റേഴ്സ് മൂവ്മെന്റിലെ ഒരംഗം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയിറങ്ങിയ ആ ഇരുപത് പ്രക്ഷോഭകാരികളുടെ കഥ ഇന്ത്യൻ കലാചരിത്രത്തിലെ അനന്യമായ ഏടാണ്. അനിത ദുബെയും എൻ.എൻ.റിംസണും അടങ്ങുന്ന ആ ഗ്രൂപ്പിൽ കെ.പി.കൃഷ്ണകുമാറെന്ന കത്തുന്ന പ്രതിഭയുമുണ്ടായിരുന്നു.തൃപ്രയാറിലെ തന്റെ സ്റ്റുഡിയോ ഷെഡിൽ കൃഷ്ണകുമാർ ആത്മഹത്യ ചെയ്തതോടെ റാഡിക്കൽ പെയിന്റേഴ്സും മരിച്ചെങ്കിലും അവരുണ്ടാക്കിയ "ജന്മസിദ്ധമായ വാസനയല്ല, സാമൂഹികമായ പാരസ്പര്യത്തിലൂടെ മനുഷ്യരില്‍ വളരുന്നതാണ് കലാബോധമെന്ന " രാഷ്ട്രീയം പ്രഭാകരൻ ഉയർത്തിപ്പിടിച്ചു. അവകാശവാദങ്ങളില്ലാതെ ജീവിച്ചു. മലയാളി ആദരിച്ചിട്ടില്ലാത്ത മറ്റൊരു പ്രതിഭ.
ഇടശ്ശേരിയുടെ മകനായിരുന്നു ഇ.ഹരികുമാർ, ഇതേ ഇടശ്ശേരിയുടെ അനന്തരവനായിരുന്നു കെ.പി.കൃഷ്ണകുമാറെന്ന പ്രഭാകരന്റെ തലതൊട്ടപ്പൻ.
"ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടതായൊന്നുമില്ലൂഴിയിൽ.. " >എന്നെഴുതിയ ആ പാരമ്പര്യ നിഷേധകന്റെ പിൻതുടർച്ചയിൽ ഒരു വലിയ വൃത്തം കൂടി പൂർത്തിയാക്കപ്പെടുന്നു.
ഇ.ഹരികുമാറിന്റെയും പ്രഭാകരന്റെയും ഓർമ്മകൾക്കു മുൻപിൽ റീഡേഴ്സ് സർക്കിൾ സാദരം പ്രണമിക്കുന്നു