അമ്മ മണമുള്ള വീട് ....

നന്ദിനി മേനോൻ

വലിയ ഫിഷ് ടാങ്കിനടുത്ത് ചെറിയൊരു ടാങ്കു കൂടെയുണ്ട് . അത് മത്സ്യങ്ങളുടെ പേറ്റു മുറിയാണ് . പായലും പൂപ്പലും നക്കിത്തിന്ന് അകത്തളം വൃത്തിയാക്കുന്ന, മറ്റു കൂട്ടുകാരോട് അടികൂടാൻ പോകാത്ത ,എപ്പോഴും ക്ഷമ യാചിക്കുന്ന മുഖഭാവമുള്ള , നിസ്വാർത്ഥ സേവകനായ , ബിജുവിന് ഏറ്റവും ഇഷ്ടമുള്ള , ഗുറാമി എന്ന മത്സ്യത്തിന് അസുഖം വന്നപ്പോൾ അതിലിട്ടിരുന്നു . അന്നു മുതൽ ആ കുഞ്ഞു ടാങ്കിന് ഡോക്ടർ ഗുറാമിയുടെ ആശുപത്രി എന്നായി പേര് . ഡോക്ടർ ഗുറാമിയുടെ പ്രസവ വാർഡിൽ തടിച്ച ഓറഞ്ചു നിറമുള്ള സുന്ദരിയായ അമ്മൂട്ടിയമ്മയെ പ്രവേശിപ്പിച്ചിട്ട് മൂന്നു ദിവസമായി . ഇന്നലെയാണവൾ പെറ്റ വിവരം ബിജു അറിയിച്ചത് . ഓറഞ്ചു നിറത്തിൽ നാരുകൾ പോലുള്ള കുഞ്ഞുങ്ങൾ അമ്മയെ പറ്റിപ്പിടിച്ച് കിടന്നിരുന്നു . ടാങ്കിന്റെ പകുതി വരെ മാത്രം പൊക്കമുള്ള ബിജു കുഞ്ഞുങ്ങളുടെ തത്സമയ വൃത്താന്തങ്ങൾ സോഫയിൽ കിടക്കുന്ന അച്ഛനെ അറിയിച്ചു കൊണ്ടേയിരുന്നു .

എന്നാൽ അയാളോ .... ഫിഷ് ടാങ്കിലെ കുമിളകൾ നിശ്വസിക്കുന്ന സ്വരത്തിലൂടെ കുളിർന്നൊരു മലഞ്ചെരിവും മരങ്ങൾക്കിടയിൽ പാതി മറഞ്ഞു നിന്നൊരു അന്തിവെയിലും ചില്ലു വിതറി ഒഴുകിയിരുന്നൊരു അരുവിയും നനഞ്ഞ കവിൾത്തടത്തിൽ പൊന്നു കാച്ചിയതു പോലൊരു പ്രിയ മുഖവും അവളുടെ മിനുത്ത അടിവയറ്റിൽ വിരലു കുടിച്ചുറങ്ങിയിരുന്ന നഷ്ത്രപ്പൊടിയുടെയും സാമീപ്യം വീണ്ടും വീണ്ടും അറിഞ്ഞു കൊണ്ടേ കിടക്കുകയായിരുന്നു . തേച്ചു കഴുകിയ ഓട്ടു വിളക്കു പോലുള്ള ഒരുവൾ ഫിഷ് ടാങ്കിനടുത്ത് നിറവയറുകാരി മീൻ പെണ്ണിന് കാവലിരുന്നതും തൊട്ടിലിലുറങ്ങുന്ന കുഞ്ഞി ച്ചെക്കന് കുറച്ചു കൂടെ സൗകര്യമുള്ള വീടൊരുങ്ങുന്നത് സ്വപ്നം കണ്ടതും ഓർത്തോർത്ത് നീറുകയായിരുന്നു .

ബാൽക്കണിയിലെ സ്ഫടിക വാതിലിലൂടെ ,ദൂരെ ദൂരെ ദൈവങ്ങൾ നടക്കാനിറങ്ങുന്ന കുന്നിൻ ചെരുവുവരെ കാണാവുന്ന പുതിയ വീട് കാണാൻ പോകാൻ ഒരുങ്ങി നിന്നിരുന്ന ബിജുവാണ് ആശുപത്രി ടാങ്കിലെ വെള്ളം കലങ്ങിയത് കണ്ടുപിടിച്ചത് . കുഞ്ഞുങ്ങൾ വെള്ളത്തിനു മുകളിലേക്ക് മൂക്കു നീട്ടി കിതയ്ക്കുന്നു .

അച്ഛാ വെള്ളം മാറ്റു അവരൊക്കെ ചത്തു പോവും ....

ഫിൽറ്റർ ശരിയാക്കിയാൽ മതി മോനേ , വെള്ളം ഇപ്പൊ മാറ്റരുത് , ഇതിൽ അവരുടെ അമ്മ മണമുണ്ട് , രണ്ടു ദിവസമായി അമ്മക്കൊപ്പം കിടക്കുകയല്ലേ , പെട്ടെന്നു വെള്ളം മാറ്റിയാൽ അവർ പരിഭ്രമിച്ച് ചത്തു പോവും ....

പുതിയ വീടു കാട്ടിക്കൊടുക്കാനിറങ്ങുന്ന അച്ഛന്റെ മുട്ടിൽ കെട്ടിപ്പിടിച്ചു കൊണ്ട് മകൻ ഓർത്തോർത്ത് തേങ്ങി ,
ഈ വീട് മാറണ്ട അച്ഛാ , നമുക്കീ വീട് മതി അച്ഛാ ....

ഇ . ഹരികുമാറിനെ ധാരാളം വായിച്ചിട്ടുണ്ട് . വിയോഗത്തിന്റെ ഈ വേളയിൽ എന്താന്നറിയില്ല മുമ്പെന്നോ വായിച്ച 'ഡോക്ടർ ഗുറാമിയുടെ ആശുപത്രി ' എന്ന ഈ കഥ ഓർമ വരുന്നു . പഴയൊരു ഓർമയിൽ എഴുതിയതാണ് , അമ്മ മണം മാത്രം ഇന്നും മായാതെ ....

പ്രണാമം

ഫേസ് ബുക്ക് പോസ്റ്റ് - Tuesday, March 24, 2020