നന്മയുടെയും അനുകമ്പയുടെയും സൂര്യകാന്തിപ്പൂക്കൾ

ലൂയീസ് മാത്യൂ

മലയാള സാഹിത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട എഴുത്തുകാരൻ/എഴുത്തുകാരി ആരാണെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ പറയും, ഇ.ഹരികുമാർ എന്ന്. മലയാള ചെറുകഥാ രംഗത്തെ ഏറ്റവും മികച്ച എഴുത്തുകാരെ തിരഞ്ഞെടുക്കുമ്പോൾ ഒന്നാം നിരയിൽ വരേണ്ട അദ്ദേഹം എന്തുകൊണ്ടാണ് വേണ്ട വിധം അറിയപ്പെടാത്തത് എന്ന് ഞാൻ ഇപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.

"അമ്മു കഥ പറയുകയാണ്. നിലത്ത് കുഞ്ഞിക്കാലുകളുറപ്പിച്ച് കട്ടിലിലേക്ക് ചാരിനിന്ന്, വിരിച്ചിട്ട വിരിപ്പിലെ ചിത്രം നോക്കി അവൾ കഥ പറയുന്നു. അവളുടെ കഥകൾ വളരെ ഹ്രസ്വമാണ്. ഒന്നര വയസ്സിൽ സമ്പാദിച്ചുവച്ച വാക്കുകൾ വളരെ ശ്രദ്ധാപൂർവം അവൾ ഉപയോഗിച്ചു. വ്യാകരണം കടന്നുകൂടി അവളുടെ ഭാഷ ദുഷിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കഥ ഏതാനും വാക്കുകളിൽ ഒതുങ്ങി. ഏതാനും വാക്കുകളിൽ ഒരു വികാരപ്രപഞ്ചം മുഴുവൻ.

"ചേച്ചി...മുട്ടപ്പാപ്പം...കോയി...ഖോ."

ഒരു കഥയാണ്. ഒരു മുഴുവൻ കഥ. ഇതിൽ അനുവാചകന്റെ മനോധർമ്മമാണ് പ്രധാനം. നിങ്ങൾക്ക് ഭാവനയുണ്ടെങ്കിൽ അത് ഒരു മുഴുക്കഥയായി."

-ഇ.ഹരികുമാറിന്റെ 'അമ്മു പറഞ്ഞ കഥ' തുടങ്ങുന്നതിങ്ങനെയാണ്.

ഒരൊന്നര വയസ്സുകാരിയുടെ ഹൃദയവ്യഥകൾ പങ്കിടുന്ന അങ്കിളായിട്ടാണ് ഇ.ഹരികുമാർ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ജീവിതത്തിലെ വ്യഥകൾ മറക്കാനുള്ള ഏറ്റവും നല്ല "മരുന്നാണ്" കുഞ്ഞുങ്ങൾ എന്ന് തിരിച്ചറിഞ്ഞ ഒരങ്കിളായിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക് ഞാനും.

കൗമാരപ്രായക്കാരനായ ഏകമകൻ അവന്റെ ലോകത്തേക്ക് മാറിനടന്നപ്പോൾ, ജീവിതം വിരസമായിതോന്നിത്തുടങ്ങിയ ദമ്പതികളുടെ ഇടയിലേക്ക്, “അവരുടെ ജീവിതം ധന്യമാക്കാൻ,
താഴത്തെ നിലയിലെ അപ്പാർട്മെന്റിൽ നിന്ന് കോണിപ്പടികൾ കയറിവന്ന കൊച്ചു സുന്ദരിയായിരുന്നു” അമ്മു. എന്നാൽ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാൻ ചേച്ചിയെ അമ്മ തല്ലിപ്പഠിപ്പിക്കുന്നത് അമ്മുവിന് താങ്ങാൻ കഴിയുന്നില്ല. സ്വന്തം അമ്മയ്ക്ക് കാണാൻ കഴിയാത്ത വേദനകൾ അമ്മു പങ്കുവയ്ക്കുന്നത് അയൽക്കാരനായ അങ്കിളിനോടാണ്.

ഈ കഥ ഞാൻ എന്റെ ഒരു പാട് സുഹൃത്തുക്കളെക്കൊണ്ട് വായിപ്പിച്ചിട്ടുണ്ട്. അതിൽ ഒരാൾ പറഞ്ഞു, "ഇത് ശരിക്കും നടന്നതാവണം. കഥയാണെന്ന് തോന്നുന്നില്ല." ഞാൻ പറഞ്ഞു,
" എന്ന് ഞാൻ വിചാരിക്കുന്നില്ല. കാരണം ഹരികുമാറിന്റെ കഥകൾ എല്ലാം ഇങ്ങനെയാണ്. ശരിക്ക് നടന്നതാണെന്നേ തോന്നൂ. അങ്ങനെ തോന്നിക്കാനുള്ള കഴിവല്ലേ പ്രതിഭ?"
(ഒരിക്കൽ നേരിട്ട് കാണാൻ സാധിച്ചപ്പോൾ, എറണാകുളത്ത് താമസിക്കുന്ന കാലത്ത് തൊട്ടുതാഴത്തെ നിലയിൽ താമസിച്ചിരുന്ന പ്രസിദ്ധനായ ഒരു ഛായാഗ്രാഹകന്റെ മകളാണ് അമ്മുവിന്റ് ഒറിജിനൽ എന്ന് കഥാകാരൻ പറഞ്ഞുതന്നു.)

“എന്റെ കഥകളിലൂടെ നടന്നുപോകുന്നവർ എന്റെ ജീവിതത്തിലൂടെ നടക്കുകയാണ് ചെയ്യുന്നത്. എന്റെ സാഹിത്യം എന്റെ ജീവിതത്തിന്റെ പരിശ്ചേതമാണ്. ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണ്.” ‘ഇളവെയിലിന്റെ സാന്ത്വനം’ എന്ന സമാഹാരത്തിന്റെ മുഖവുരയിൽ അദ്ദേഹം പറയുന്നുണ്ട്.

ഹരികുമാറിന്റെ കഥകൾ നിത്യജീവിതത്തിൽ അദ്ദേഹം കണ്ടുമുട്ടിയിട്ടുള്ളവരുടെതാണ്. നമ്മൾ കാണാനിടയുള്ളവരാണ്. വീട്ടുകാരും ബന്ധുക്കളും അയൽക്കാരും വീട്ടിലെ ജോലിക്കാരും അവരുടെയൊക്കെ കുട്ടികളും. ഇവരെല്ലാവരും തന്നെ സാധാരണക്കാരാണ്. ഒന്നുകിൽ നാട്ടുമ്പുറത്തുകാർ. അല്ലെങ്കിൽ നഗരവാസികൾ. നാട്ടിൻപുറത്ത് ജനിച്ചുവളർന്ന് നഗരത്തിൽ ജീവിച്ച ഹരികുമാറിന് നാട്ടിൻപുറവും നഗരവും ഒരേപോലെ വഴങ്ങുന്ന കഥാപരിസരങ്ങളാണ്.

ഹരികുമാറിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം കഥ 'ദിനോസറിന്റെ കുട്ടി' യാണ്. (ആ കഥ ഉൾപ്പെടുന്ന, അതേ പേരിലുള്ള സമാഹാരത്തിനാണ് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.)
ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടത്തിൽ എഴുതിയതുകൊണ്ടാണ് അത് പ്രിയപ്പെട്ടതായത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിലെ നായകൻ മോഹനൻ സത്യത്തിൽ ഹരികുമാർ തന്നെയാണെന്ന് നമുക്ക് മനസ്സിലാവും.

ജോലി സംബന്ധമായി സംഭവിക്കുന്ന തുടർച്ചയായ പരാജയങ്ങൾ, കടബാധ്യതകൾ, വാടക വീട് മാറിക്കൊടുക്കാനുള്ള പ്രാരാബ്ധങ്ങൾ തുടങ്ങിയ "ചെറിയ" കാര്യങ്ങൾക്കിടയിലാണ് ആറുവയസ്സുകാരൻ മകന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന ദിനോസറിന്റെ ഭക്ഷണരീതി കണ്ടെത്തുകയെന്ന "വളരെ പ്രധാനപ്പെട്ട പ്രശ്നം" പരിഹരിക്കേണ്ടി വരുന്നത്.

"അതൊരു കുട്ടി ദിനോസറായിരുന്നു. കൗതുകമുള്ള മുഖം. രാജീവന് അതിനെ ഉമ്മ വയ്ക്കാൻ തോന്നി. പക്ഷെ വച്ചില്ല. അറിയില്ലല്ലോ, അതിന് ഉമ്മ ഇഷ്ടമാവുമോ എന്ന്."
ആ കുട്ടിയിലുമുണ്ട് , ഹരികുമാർ. എത്ര നിസ്വാർത്ഥമായ സ്നേഹം.

"സ്നേഹം എന്ന വികാരം എന്നെ വല്ലാതെ ആകർഷിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിൽ മാത്രമല്ല, മൃഗങ്ങളോടും ചെടികളോടും, അതായത് പ്രകൃതിയിലെ സകല ചരാചരങ്ങളോടും ഉള്ള സമന്വയവും സ്നേഹവും." ‘ഞാനും എന്റെ കഥയും’ എന്ന ലേഖനത്തിൽ ഹരികുമാർ പറയുന്നുണ്ട്.

ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ നിസ്സഹായാനാവുമ്പോഴും സ്വന്തം മകന്റെ സ്വപ്നങ്ങളെ അയാൾ പരിപാലിക്കുന്നുണ്ട്. യുക്തിയുടെ സൂചി കൊണ്ട് അവയെ കുത്തിപ്പൊട്ടിക്കാൻ അയാൾ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, അവൻെറ സംശയങ്ങൾക്ക് ഏറ്റവും ശാസ്ത്രീയമായ ഉത്തരങ്ങൾ തേടിക്കൊടുക്കുന്നുണ്ട്.


'‘ആട്ടെ, കുട്ടിയുടെ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതേതാണ്?’
‘ദിനോസറിന്റെ ഭക്ഷണം.’
‘കാഴ്ചബംഗ്ളാവിൽ പോയാൽപ്പോരേ? അവർ എന്താണ് കൊടുക്കുന്നത് എന്നന്വേഷിച്ചാൽ മതി.’
മോഹനൻ ഒന്നും പറഞ്ഞില്ല. ഒന്നുകിൽ അവൾക്ക് തെറ്റുപറ്റിയതായിരിക്കണം. ദിനോസറിനെ റൈനോസെറസായി കരുതിയിരിക്കണം. അല്ലെങ്കിൽ ദിനോസറിനെപ്പറ്റി അവൾ കേട്ടിട്ടുണ്ടാവില്ല. രാജീവൻ ഇല്ലാത്തത് അവൾക്ക് നന്നായി. അവൻ ഉണ്ടായിരുന്നെങ്കിൽ ചിരിച്ചു ചിരിച്ച് തലകുത്തി മറിയുമായിരുന്നു."

ഒരു ചിരി ആ സമയത്ത് അയാൾക്ക് തീർച്ചയായും ഗുണം ചെയ്യുമായിരുന്നു. പക്ഷെ മറ്റൊരാളുടെ അജ്ഞതയിൽ, അത് ഭാര്യയുടേതായാലും, ചിരിക്കുന്നത് അയാളുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നില്ല. ഹരികുമാറിന്റെയും.

"കുറച്ചെന്തെങ്കിലും ഒരു സഹായം, ഒരു നല്ല വാക്ക് എവിടുന്നാ കിട്ടുക?" അതായിരുന്നു അച്ഛന്റെ മനസ്സിൽ എപ്പോഴും. ഒരു നിമിഷത്തിൽ മകനോട് പൊട്ടിത്തെറിക്കുന്നുണ്ടെങ്കിലും അയാൾ സ്നേഹമയിയായ അച്ഛനാണ്. ആ മകന് അയാളെ സ്നേഹത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല.

കുട്ടികളെ ഇത്ര നന്നായി മനസ്സിലാക്കിയ മറ്റൊരു എഴുത്തുകാരനെ എനിക്കറിയില്ല, ഓരോ പ്രായത്തിലും അവരുടെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കിയാണ് അച്ഛനായും മാമനായും കൂട്ടുകാരനായും അദ്ദേഹം കുട്ടികളോട് പെരുമാറുന്നത്. അമ്മു പറഞ്ഞ കഥയിലെ ഒന്നര വയസ്സ്കാരിമുതൽ കാനഡയിൽ നിന്നൊരു രാജകുമാരിയിലെ പതിനാറുവയസ്സുകാരി വരെ ഇതിൽ മാറ്റമില്ല.

"ആ പത്തുവയസുകാരിയെ ഒരു പുതിയ കണ്ണോടെ നോക്കാൻ അന്നുമുതൽ അയാൾ പഠിച്ചു. അവൾക്ക് അവളുടേതായ ഒരു ലോകമുണ്ട്, അഭിലാഷങ്ങളുണ്ട്, ഭാവനയുണ്ട് എന്നെല്ലാം അയാൾക്ക് മനസ്സിലായി. ഇതു മനസ്സിലാക്കാൻ മൂന്നു കൊല്ലമെടുത്തുവെന്നത് അയാളെ ലജ്ജിപ്പിച്ചു." (പുഴക്കക്കരെ കൊച്ചു സ്വപ്നങ്ങൾ)

കുട്ടികളുടെ സ്വപനങ്ങളും അവരുടെ ഭാവനയും അദ്ദേഹത്തിന് ഒരിക്കലും നിസാരമായ വിഷയമല്ല. എല്ലാ കുട്ടികളിലും സർഗ്ഗാത്മകമായ കഴിവുകൾ ഉണ്ടെന്നും അവയുടെ വികാസത്തിന് തടസ്സമാവുന്നതൊന്നും ചെയ്യരുത്, എന്ന കരുതലും അദ്ദേഹത്തിനുണ്ട്. കുട്ടികളുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായും ആത്മാർത്ഥമായും ഉത്തരം പറയാൻ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. തന്റേതല്ലാത്ത കുറ്റത്തിന് കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന അപകര്ഷതയും മനോവ്യഥയും എത്ര തന്മയത്വത്തോടെയാണ് അദ്ദേഹം കഥകളിൽ കൊണ്ടുവരുന്നത്.

'ബാലസാഹിത്യം' എന്ന് വിളിക്കാവുന്ന ചുരുക്കം ചില കഥകളെ ഹരികുമാർ എഴുതിയിട്ടുള്ളൂ. എന്നാൽ കുട്ടികൾ മുഖ്യകഥാപാത്രമായി വരുന്ന നിരവധി കഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
(അത്തരം കഥകളുടെ ഒരു സമാഹാരമാണ് "രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ".)

സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കിയ നിരവധി കഥകളും ഹരികുമാർ എഴുതിയിട്ടുണ്ട്. പതിവുചട്ടക്കൂടുകളിൽ ഒതുങ്ങാത്ത സ്ത്രീകളാണവർ. 'സ്ത്രീ എന്തായിരിക്കണമെന്നുള്ള പുരുഷബോധമല്ലിത്. സ്ത്രീ എന്താണെന്നുള്ള അറിവും അവളോടുള്ള സമീപനം ഏത് വിധമാണ് വേണ്ടത് എന്ന ബോധ്യവുമാണ്" അദ്ദേഹത്തിന്റെ കഥാപാത്ര സൃഷ്ടിയെ വ്യത്യസ്തമാക്കുന്നത്.

“സ്ത്രീയ്ക്ക് എവിടെനിന്ന് സ്നേഹം കിട്ടുന്നുവോ, ആ ഭാഗത്താണ് ഞാൻ എപ്പോഴും. അത് ഭർത്താവിൽനിന്നാണോ, കാമുകനിൽനിന്നാണോ, മറ്റേതെങ്കിലും ജാരനിൽനിന്നാണോ എന്നൊന്നും ഞാൻ നോക്കാറില്ല. സ്വന്തം ഭർത്താവിൽ നിന്ന് പ്രതീക്ഷിക്കുന്നത്ര സ്നേഹം ലഭിക്കുന്ന, നീതി ലഭിക്കുന്ന എത്ര സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ!”
('എന്റെ സ്ത്രീ കഥാപാത്രങ്ങൾ' എന്ന ലേഖന സമാഹാരത്തിൽനിന്ന്)

എത്ര മനോഹരമായാണ് സ്ത്രീ പുരുഷ ബന്ധങ്ങൾ അദ്ദേഹത്തിൻറെ കഥകളിൽ വർണ്ണിച്ചിരിക്കുന്നത്. രതി അദ്ദേഹത്തിന്റെ കഥകളിൽ നിഷിദ്ധമായ ഒന്നല്ല. “സ്നേഹമുള്ളിടത്തോളം ഏത് ലൈംഗിക ബന്ധങ്ങളും കാമിക്കപ്പെടാവുന്നതാണ്. മറിച്ച് സ്നേഹമില്ലെങ്കിൽ ഏത് ബന്ധവും, ഭാര്യയും ഭർത്താവും കൂടിയുള്ളതുകൂടി, വ്യഭിചാരമാണ്.” ‘സ്ത്രീഗന്ധമുള്ള മുറി’ എന്ന കഥയിലെ മോഹന്റെ വാക്കുകളാണിവ.

"സെക്സ് ആവശ്യമുള്ളിടത്ത് അതിന്റെ മനോഹാരിതയോടെ വരച്ചുകാട്ടാനേ ശ്രമിച്ചിട്ടുള്ളു. സെക്സ് നമ്മുടെയൊക്കെ ജീവിതത്തിലുണ്ട്. അതവിടെ ഇല്ല എന്ന് നടിക്കുന്നതിൽ കാര്യമൊന്നുമില്ല. എന്റെ കഥകളിൽ സെക്സുണ്ടെന്ന് പറയുന്നവർ, ക്രീം ബിസ്കറ്റിന്റെ ക്രീം മാത്രം തിന്ന് ബിസ്കറ്റ് വലിച്ചെറിയുന്ന കുട്ടികളെപ്പോലെയാണ്. അവർക്ക് പക്വത വന്നിട്ടില്ല. അവർ വളരട്ടെ. പിന്നെ സെക്സിനും വൾഗാരിറ്റിക്കും ഇടയിലുള്ള വരമ്പ് വളരെ നേരിയതാണ്. ആ വരമ്പാകട്ടെ കുറെയൊക്കെ ആസ്വാദകന്റെ മനസ്സിലാണു താനും." ഒരഭിമുഖത്തിൽ ഹരികുമാർ പറഞ്ഞ വാക്കുകൾ.

"ആ വാചകം, ഒരു കുഞ്ഞിക്കിളി പറന്നുവന്ന് ജനൽപ്പടിയിലിരിക്കുന്ന ലാഘവത്തോടെ പെൻസിൽ തുമ്പിൽനിന്ന് കടലാസിലെ നീലവരികൾക്കിടയിൽ വന്നിരുന്ന് ചിറകുകളൊതുക്കി തല വെട്ടിച്ച് അവളെ നോക്കുന്നു." (ദുഷ്ട കഥാപാത്രങ്ങളുള്ള കഥകൾ)

എഴുത്തുകാരിയായ പത്തുവയസ്സുകാരി സുചിത്രയുടെ സർഗ്ഗപ്രക്രിയ വിശദീകരിക്കുകയാണ് ഈ വാക്കുകളിൽ. അത് ഹരികുമാറിന്റെ ഭാഷയെപ്പറ്റി പറഞ്ഞാൽ അന്വര്ഥമാണ്. എത്ര മനോഹരമായാണ് വാക്കുകൾ അദ്ദേഹത്തിന്റെ കഥകളിൽ ചേക്കേറുന്നത്!

പ്രകൃതി ഹരികുമാറിന്റെ കഥകളിലെ സജീവ സാന്നിധ്യമാണ്. കഥയിൽ ഊന്നൽ കൊടുക്കുന്ന ആശയങ്ങൾക്ക് പാശ്ചാത്തലമായോ, കഥയുടെ കേന്ദ്രബിന്ദു തന്നെയായോ പ്രകൃതി പ്രത്യക്ഷപ്പെടുന്നത് കാണാം. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നും ഈ പ്രപഞ്ചവും മനുഷ്യനും തമ്മിൽ അഭേദ്യമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ടെന്നുമുള്ള ഒരു ബോധം അദ്ദേഹത്തിന്റ കഥകളിൽ കണ്ടെത്താൻ കഴിയും.

ഒരു വികൃതിക്കാറ്റ് ആ വിത്തുകളെ പൊതിയിൽ നിന്നഴിച്ച് താഴ്'വരയിൽ വിതറി. വെയിൽ ആ വിത്തുകളെ ഉണക്കിയെടുന്നു. മണ്ണ് ആ വിത്തുകളെ അരുമയോടെ തന്റെ മാറിൽ മഴക്കാലം വരുന്നതുവരെ സൂക്ഷിച്ചു. മഴ വന്നപ്പോൾ അവയെ ഉണർത്തി അവയുടെ കൊച്ചുകണ്ണുകൾ മിഴിപ്പിച്ചു. ചെടികൾ വളർന്ന് പൂവും കായുമായി. (സൂര്യകാന്തിപ്പൂക്കൾ)

കലയും (സാഹിത്യം, ചിത്രകല, സംഗീതം) ജീവിതവും തമ്മിലുള്ള അവിഭാജ്യ ബന്ധമാണ് ഹരികുമാറിന്റെ കഥകളുടെ മറ്റൊരു പ്രത്യേകത. 'ആശ്വാസം തേടി' എന്ന കഥയിൽ സിനിമയിലേതു പോലെ പാശ്ചാത്തല ശബ്ദമായാണ് സംഗീതം കടന്നുവരുന്നതെങ്കിലും കഥയുടെ ഇതിവൃത്തത്തിൽ അത് സൂക്ഷമായി ഇഴചേർന്ന് നിൽക്കുന്നത് കാണാം. കുട്ടികൾ ഉൾപ്പെടെ പല കഥാപാത്രങ്ങളും ഭാവനാസമ്പന്നരാണ്. കല പ്രത്യാശയുടെയും ആശ്വാസത്തിന്റെയും പ്രതീകമായി പല കഥകളിലും നിറഞ്ഞു നിൽക്കുന്നു.

"ഓരോ കഥയും എന്റെ ജീവിതത്തിന്റെ ഓരോ ഫ്രെയിം ആണ്" ഹരികുമാർ പറയുന്നുണ്ട്. ആ പ്രയോഗം എനിക്ക് വളരെ ബോധിച്ചു. കാരണം അദ്ദേഹത്തിന്റെ കഥകൾക്ക് ഒരു ക്യാമെറയിൽകൂടി കാണുന്നതുപോലെയുള്ള ചില പ്രത്യേകതകൾ ഉണ്ട്. വെളിച്ചവും നിഴലുകളും കടന്നുവരാത്ത കഥകൾ ഉണ്ടാവില്ല. സൂര്യപ്രകാശം ദിവസത്തിന്റെ പല സമയങ്ങളിൽ ദൃശ്യങ്ങൾക്കുണ്ടാക്കുന്ന ഭാവവ്യത്യാസങ്ങൾ കഥകളിൽ മനോഹരമായി ഉപയോഗിച്ചിട്ടുള്ളത് കാണാം. ഒരു മേഘം സൂര്യനെ മറിക്കുമ്പോൾ ഉണ്ടാകുന്ന മ്ലാനത മുതൽ ചിമ്മിനിവെട്ടത്തിൽ ഭിത്തിയിൽ പ്രത്യക്ഷപ്പെടുന്ന, കുട്ടികളെ പേടിപ്പെടുത്തുന്ന, നിഴലുകൾ വരെ "ഡൈനാമിക് റേഞ്ച്" മുഴുവനായും ഉപയോഗിക്കുന്നത് നമുക്ക് കാണാം.

“പല വാതിലുകളും തുറന്നുകിടക്കുകയായിരുന്നു. അതിലൂടെ കാണാവുന്ന ദൃശ്യങ്ങൾ ഇല്ലായ്മയുടേതായിരുന്നു. പൊട്ടിയ കസേലകൾ, പോളീഷ് എന്താണെന്ന് മറന്ന വാതിലുകളും ജനലുകളും, മുറിക്കു കുറുകെ കെട്ടിയ അയലുകളിൽ തൂങ്ങിക്കിടക്കുന്ന നരച്ച വസ്ത്രങ്ങൾ.” (അരുന്ധതിയുടെ പൈങ്കിളി കവിതകൾ)

ദൃശ്യങ്ങൾ മാത്രമല്ല ശബ്ദങ്ങളും ഗന്ധവും അദ്ദേഹത്തിന്റെ കഥകളിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. "അകത്തും പുറത്തും പണിക്കാരികൾ ഓടിനടന്ന് ജോലിയെടുത്തു. നെല്ലു പുഴുങ്ങുന്നതിന്റെ ഗന്ധം, നെല്ലുകുത്തുകാരികൾ നെല്ല് കുത്തുമ്പോഴുള്ള ശ്ശ് ശ്ശ് ശബ്ദം, വളകളുടെ സംഗീതം." (കാട്ടിക്കൊമ്പ്)

ഹരികുമാറിന്റെ തിരഞ്ഞെടുത്ത കഥകളുടെ ഒരു സമാഹാരത്തിന്റെ പേര് ‘ഇളവെയിലിന്റെ സാന്ത്വനം’ എന്നാണ്. (ശ്രീ.എം.കൃഷ്ണകുമാറിന്റെ ഒരു പഠനത്തിന്റെ ശീര്ഷകമാണത്. അതിൽ ഹരികുമാറിന്റെ കഥകളെ വളരെ മനോഹരമായി അദ്ദേഹം അവലോകനം ചെയ്യുന്നുണ്ട്.) ‘സാന്ത്വനം’ എന്ന വാക്ക് ഹരികുമാറിന്റെ കഥകളെ സൂചിപ്പിക്കാൻ പറ്റിയ ഏറ്റവും നല്ല വാക്കാണ്. അഭിമാനത്തോടെ ജീവിക്കാൻ വേണ്ടി (to live with dignity) പടപൊരുതുന്ന മനുഷ്യരോട്, അവരുടെ സ്വപനങ്ങളോടും സ്വപനഭംഗങ്ങളോടും, പറ്റിപ്പോകുന്ന ചെറിയ തെറ്റുകളോടും അനുഭാവപൂർവ്വമുള്ള ഒരു നോട്ടം, സ്നേഹത്തോടെ ഒരു വാക്ക്, ചെയ്യാൻ പറ്റുന്ന ഒരു ചെറിയ സഹായം. അങ്ങനെ സാന്ത്വനമായി മാറുന്നവയാണ് അദ്ദേഹത്തിന്റെ കഥകൾ.

"എനിക്ക് മനുഷ്യനെ വിശ്വാസമാണ്. മറ്റൊന്നിനെ വിശ്വസിച്ചില്ലെങ്കിലും ഞാൻ മനുഷ്യനിലും അവന്റെ നന്മയിലും വിശ്വസിക്കുന്നു."

..."മോഹനൻ പിള്ള പറയുന്നതെല്ലാം ശരിയാണെന്നറിയാം. എന്നാലും മനുഷ്യൻ. അവനെ സ്നേഹിക്കാതിരിക്കാനും വിശ്വസിക്കാതിരിക്കാനും വയ്യ. അതെന്റെ ബലഹീനതയാണ്." 'ഒരു വിശ്വാസി' എന്ന കഥയിലെ നായകൻറെ ഈ വാക്കുകൾ ഹരികുമാറിന്റേത് തന്നെയാണ്. ആ കഥ അവസാനിക്കുന്നതിങ്ങനെയാണ്:

“രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ വീണ്ടും എന്നിലേക്ക് തിരിച്ചുവന്നു. എല്ലാം ആദ്യം മുതൽ തുടങ്ങണമെന്നാലോചിച്ചപ്പോൾ വിഷമം തോന്നി. പക്ഷെ ഈ നൂലാമാലകളിൽനിന്ന് ഊരി പുറത്തുകടക്കാൻ പറ്റുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നെ ഉറക്കം വന്ന് കണ്ണുകളടഞ്ഞപ്പോൾ ഒരു പുതിയ ഓർമ്മ കാലത്തിന്റെ ഈർപ്പം നിറഞ്ഞ വഴികളിൽ പൂപ്പൽ പിടിക്കാൻ വിട്ടുകൊണ്ട്, മനുഷ്യനിൽ ഒരിക്കലും നശിക്കാത്ത വിശ്വാസവും മുറുകെ പിടിച്ചുകൊണ്ട് ഏകനായി നടന്നുപോകുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടു. പിന്നെ അത്ഭുതമെന്നു പറയട്ടെ മനസ്സ് യാതൊരു പകയ്ക്കും വിദ്വേഷത്തിനും ഇടകൊടുക്കാതെ ശാന്തമാവുന്നതും ഞാനറിഞ്ഞു.”

‘മനുഷ്യനിൽ ഒരിക്കലും നശിക്കാത്ത വിശ്വാസവും മുറുകെ പിടിച്ചുകൊണ്ട് ഏകനായി നടന്നുപോകുന്ന ഒരു മനുഷ്യൻ’. -ഒരിക്കൽ മാത്രമേ നേരിട്ട് കാണാൻ അവസരം കിട്ടിയിട്ടുള്ളുവെങ്കിലും, കാൽനൂറ്റാണ്ടായി ഒപ്പമുണ്ടായിരുന്ന, ഹരിയേട്ടൻ എന്ന് വിളിക്കാനുള്ള അടുപ്പമുണ്ടായിരുന്ന ഇ.ഹരികുമാറിന് ആദരാഞ്ജലികൾ.

ഫേസ് ബുക്ക് പോസ്റ്റ് - Friday, March 27, 2020