ശ്രീ പാർവ്വതിയുടെ പാദം ഇഷ്ടമുള്ള ഒരാൾ

കെ എസ് സുധി

ഇരുപത്തിയെട്ടു വർഷങ്ങൾക്ക് മുൻപാണ് ഹരിയേട്ടനെ ആദ്യമായി കാണുന്നത്. കൊച്ചിയിൽ ജേർണലിസം വിദ്യാർത്ഥി ആയി വന്ന കാലം. അതിനും നാലഞ്ച് വർഷം മുൻപ് ഇ. ഹരികുമാർ എന്ന കഥാകൃത്തിനെ പരിചയമുണ്ട്. ദിനോസറിന്റെ കുട്ടി എന്ന കഥാ സമാഹാരം വായിക്കുക വഴി.

ആ സമാഹാരം വാങ്ങിയ തീയതി ഫെബ്രുവരി 3, 1989 എന്നാണ് പുസ്തകത്തിന്റെ ഒന്നാം പുറത്ത് കുറിച്ചിട്ടത്.

അതിനും അഞ്ചു വർഷം കഴിഞ്ഞാണ് ശ്രീപാർവ്വതിയുടെ പാദം എന്ന, ഹരിയേട്ടന്റെ കഥകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥ ഉൾപ്പെട്ട, സമാഹാരം കയ്യിലെത്തുന്നത്.

കനഡയിൽ നിന്നൊരു രാജകുമാരി എന്ന മറ്റൊരു സമാഹാരവും വാങ്ങിയത് ഓർക്കുന്നു.

ഹരിയേട്ടന്റെ കഥകളെ കുറിച്ചു ഒരു കുറിപ്പ് എഴുതാനായിരുന്നു ആദ്യം കണ്ടത്. പിന്നീട്‌ ഇടക്കൊക്കെ ഔപചാരികമായി സംസാരിച്ചിരുന്നു. ഒടുവിൽ ഹരിയേട്ടാ എന്നു വിളിക്കുന്ന ഒരിഷ്ടം ഉണ്ടായി.

എറണാകുളം സൗത്തിലെ ഫ്‌ളാറ്റിൽ ഇടക്കൊക്കെ ചെന്നു കാണാറുമുണ്ടായിരുന്നു അക്കാലങ്ങളിൽ. ലളിത ചേച്ചിയേയും ഓർക്കുന്നു. ശ്രീ പാർവ്വതിയുടെ പാദം ഇഷ്ടമുള്ള ഒരാൾ എന്നു ഇടക്കിടെ ലളിത ചേച്ചിയോട് എന്നെ കളിയാക്കി പറഞ്ഞിരുന്നതും ഓർക്കുന്നു.

സൗമ്യമായി സംസാരിച്ചിരുന്ന, എഴുത്തുകാരുടെ ഉപജാപ സംഘങ്ങളിൽ ഒരിക്കലും പെടാതിരുന്ന ഒരാൾ.

എന്റെ കഥകൾ ഇഷ്ടമുള്ള കുറച്ചുപേർ ഉണ്ട്.
അവർ വായിക്കാൻ വേണ്ടിയാണ് ഞാൻ എഴുതുന്നത് എന്നു പറഞ്ഞു ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി ജീവിതത്തെരുവിന്റെ ഒരു ഓരം ചേർന്ന് പതുക്കെ നടന്നു പോയ ഒരാൾ.

ഏറ്റവും ഒടുവിൽ തമ്മിൽ സംസാരിച്ചത് ഹരിയേട്ടന്റെ അച്ഛൻ, കവി ഇടശ്ശേരിയുടെ ഒരു വാർഷിക അനുസ്മരണ ചടങ്ങിനെ കുറിച്ചു പറയാൻ വിളിച്ചപ്പോഴായിരുന്നു.
അച്ഛന്റെ സംഭാവനകൾക്ക് മുന്നിൽ തന്റെ കഥകൾ എത്രയോ നിസ്സാരമെന്ന് ഇടക്കിടെ പറഞ്ഞിരുന്നു.

ആ ചടങ്ങിനെ കുറിച്ച് പത്രത്തിൽ അന്ന് ഒരു വാർത്ത നൽകിയിരുന്നു. പക്ഷേ, വാർത്തയിൽ നൽകിയ തീയതി തെറ്റിപ്പോയി.

തെറ്റ് എന്റേതായിരുന്നു എന്ന ക്ഷമാപണത്തോടെ സംസാരിച്ച എന്നോട്, അത് സാരമില്ല എന്ന് സമാധാനിപ്പിക്കാൻ ആണ് അന്നത്തെ സംഭാഷണത്തിൽ ഹരിയേട്ടൻ ശ്രമിച്ചത്.

ഹരിയേട്ടന്റെ കൃതികൾ എല്ലാം ഇ-വായനക്ക് ഉതകുന്ന മട്ടിൽ സിഡിയിൽ ആക്കിയതും പുതിയ ചില പുസ്തകങ്ങളും ഒടുവിൽ കണ്ടപ്പോൾ തന്നതോർക്കുന്നു.

ഇന്ന് വന്നു അവസാനമായി കാണുവാൻ പോലും കഴിയില്ല എങ്കിലും ഹരിയേട്ടൻ എഴുതിയ കഥകളിൽ എനിക്ക് ഇന്നും പ്രിയപ്പെട്ട ശ്രീ പാർവ്വതിയുടെ പാദം എന്ന കഥ ഞാൻ ഒരിക്കൽ കൂടി വായിക്കുന്നു. ഹരിയേട്ടനെ ഓർക്കുന്നു.

ആ നല്ല കഥ ഇങ്ങനെ അവസാനിക്കുന്നു.

"ശ്രീ പാർവ്വതിയുടെ പാദം നീ കണ്ടിട്ടുണ്ടോ? മാധവി ചോദിച്ചു.

തുമ്പപ്പൂവല്ലേ?

അല്ല ഇതാ.

പാദസരങ്ങളിട്ട ഒരു ജോടി കാലുകൾ തൊട്ടു കൊണ്ട്‌ മാധവി പറഞ്ഞു. ഇതാണ് ശ്രീ പാർവ്വതിയുടെ പാദങ്ങൾ.
അവൾ കുനിഞ്ഞു ആ കൊച്ചു കാലുകളിൽ ചുംബിച്ചു.

ഫേസ് ബുക്ക് പോസ്റ്റ് - Tuesday, March 24, 2020