ജിത്തു കോലയാട്
ബെല്ലടിക്കേണ്ടി വന്നില്ല. ഫ്ളാറ്റിലെ വാതിൽ തുറന്ന് ചികിത്സയുടെ അവശത മറന്ന് കാത്തുനിൽക്കുന്നുണ്ടായിരുന്നു ഇ.ഹരികുമാർ. പിന്നിൽ ഹൃദ്യമായ ചിരിയുമായി ഭാര്യ ലളിത.
ഉള്ളിൽ സ്വയമറിയാതെ തൂവിതുളുമ്പിപ്പോവുന്ന തേങ്ങലുകൾ.. അല്ലെങ്കിൽ പൂത്തിരി ചിതറുന്ന സ്നേഹവായ്പുകൾ.. അതുമല്ലെങ്കിൽ എത്ര അടക്കിവച്ചാലും വിടർന്നുപോവുന്ന അതിലോലമായ ഒരു നേർത്ത ചിരി പടർത്തുന്ന പ്രസാദാത്മകത. അങ്ങനെയൊന്നെങ്കിലും അവശേഷിപ്പിക്കാതെ അവസാനിച്ചിട്ടില്ല, ഇ.ഹരികുമാറിന്റെ ഒരു സൃഷ്ടിയും. ഇന്നും അതിശയമടങ്ങുന്നില്ല, എവിടെനിന്നാണ് ഈ മനുഷ്യൻ ഇത്രയേറെ നന്മയുടെ പച്ചതുരുത്തുകളെ തിരഞ്ഞുകണ്ടെത്തുന്നത്.
ഒരു മുൻപരിചയവുമുണ്ടായിരുന്നില്ല. സമ്പൂർണ സമാഹാരം വാങ്ങണം, ഒരു പത്തു മിനിട്ട് സംസാരിക്കണം. അത്രയേ വിളിച്ചു പറഞ്ഞിരുന്നുള്ളൂ. തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലെത്തിയ വായനക്കാരനെ പക്ഷേ, കഥാകാരൻ വിട്ടത് രണ്ടര മണിക്കൂർ കഴിഞ്ഞാണ്. മാധവിയും സുപ്രിയയും രേണുകയും രാജീവനും ശാലിനിയും എൻജിൻ ഡ്രൈവറും, ജോസഫേട്ടനും, ത്രേസ്യാമ്മയും, ഉമ്മുക്കൊൽസുവും പാറുക്കുട്ടിയുമൊക്കെയടങ്ങുന്ന കഥാപാത്രങ്ങളുടെ സംഘവുമായെത്തിയ അപരിചിതനായ വായനക്കാരന്റെ മുന്നിൽ അർബുദം കോറിയ അകാലവാർധക്യത്തിന്റെ അവശതയ്ക്കിടയിലും ആവേശത്തോടെ സംസാരിച്ചു. എന്നോ എഴുതിമറന്നുപോയ ജീവിതക്കുറിപ്പുകളിലെ നിസ്സാരമെന്നു തോന്നിയേക്കാവുന്ന അനുഭവങ്ങൾ ഓർമ്മിപ്പിച്ച്, പറഞ്ഞു പറഞ്ഞ് അതിൽ പലതും എന്റെ പ്രിയപ്പെട്ടവർക്കുകൂടി മനപ്പാഠമാണ് എന്നു പറഞ്ഞപ്പോൾ, 'അത്ഭുതമാണ്, എന്റെ ജീവിതവും എഴുത്തുമായി റിലേറ്റ് ചെയ്യുന്ന വായനക്കാർ എനിക്ക് നന്നേ കുറച്ചേ ഉള്ളൂ' എന്ന് മറുപടി.
സ്വാധീനിച്ച എഴുത്തുകാർ പലരുമുണ്ട്. പക്ഷേ, എഴുത്തിൽ നന്മയുടെ നിലാവുകൊണ്ട് മനസ്സിനെ മെഴുകിയ മറ്റൊരാളില്ല. വിഷാദം കൊണ്ടായാലും ഹർഷം കൊണ്ടായാലും, ആത്മാവിനെ ഈറനാക്കുന്ന രചനകൾ. ആർത്തിയുടെ ലോകത്തിൽ തോറ്റുപോകുമ്പോഴും, അതിനോട് മത്സരിക്കാൻ മിനക്കെടാതെ ഉള്ളിൽ കെട്ടുപോവാത്ത ഒരിറ്റു ഉലഞ്ഞ വെളിച്ചത്തിൽ ജീവിതത്തെ പ്രകാശമാനമാക്കുന്ന കഥാപാത്രങ്ങൾ. നിസ്സഹായതകൾക്കിടയിലും നൈർമ്മല്യം കളഞ്ഞുപോവാത്തവർ. ട്രെയിൻ യാത്രക്കിടെ ഉറങ്ങിപ്പോയ കുഞ്ഞിന്റെ കയ്യിൽനിന്നും പറന്നുപോയ വിത്തുകൾ പിൽക്കാലത്ത് ഒരു സൂര്യകാന്തിപ്പാടമായിമാറിയ ഒരു കഥാസന്ദർഭം ഹരികുമാർ എഴുതിയിട്ടുണ്ട്. അതുപോലെയാണ് ഏതിരുളിലും തെളിമയുള്ള ജീവിതത്തിന്റെ പ്രകാശം വഴിയുന്ന ആ സൃഷ്ടികൾ. കുട്ടികളുടെ നിഷ്കളങ്കലോകം ഇത്ര മനോഹരമായി ആവിഷകരിച്ച മറ്റൊരെഴുത്തുകാരനും മലയാളത്തിലില്ല.
'ശ്രീ പാർവതിയുടെ പാദ'മാണ് ആദ്യം വായിക്കുന്നത്. പ്രീഡിഗ്രി കാലത്താണ് എന്നാണോർമ്മ. അതുതന്നെയാവണം അദ്ദേഹത്തിന്റെ മികച്ച കഥയും. പക്ഷേ, ഓരോ തവണ വായിക്കുമ്പോഴും സന്തോഷമെന്നോ സങ്കടമെന്നോ വിവേചിച്ചറിയാനാവാത്ത ഒരു ആന്തലോടെ മാത്രം അവസാനവാചകം വായിച്ചവസാനിപ്പിക്കാനാവുന്ന 'പച്ചപ്പയ്യിനെ പിടിക്കാൻ' ആണ് എന്റെ പ്രിയ കഥ. എങ്ങിനെ ഇത്രമാത്രം നന്മ നിറഞ്ഞ കഥാപാത്രങ്ങൾ എന്നു ചോദിച്ചപ്പോൾ അച്ഛൻ ഇടശ്ശേരി പണ്ട് പറഞ്ഞുകൊടുത്ത ഒരു കഥ ഉത്തരമായി പറഞ്ഞുതന്നു.
സമാഹാരത്തിൽ കയ്യൊപ്പിട്ടു തരുമ്പോൾ ഒരു നേർത്ത ചിരിയോടെ പറഞ്ഞു: "ജിത്തുവിന്റെ അച്ഛന്റെ പ്രായമുണ്ട് എനിക്ക്. എങ്കിലും ഇനി മേലാൽ എന്നെ ഹരിസാർ എന്ന് വിളിക്കരുത്. ഹരിയേട്ടൻ എന്നു വിളിക്കൂ." വാതിലും കടന്ന് ലിഫ്റ്റ് വരെ ഒപ്പം വന്ന് ലളിതേച്ചി ഒന്നുകൂടി ഓർമ്മപ്പെടുത്തി."അടുത്ത തവണ ഭാര്യയെയും കൂട്ടിയേ വരാവൂ. അതും ഉച്ചക്ക് മുൻപ് വരണം. ഇവിടുന്ന് ഊണ് കഴിച്ചാൽ മതി"
ഒരു വായനക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യവുമായി ഓട്ടോയിൽ കയറുമ്പോൾ ഒന്നുകൂടി തിരിഞ്ഞുനോക്കി. കോരിച്ചൊരിയുന്ന മഴയ്ക്കപ്പുറം ബാൽക്കണിയിൽ നിർന്നിമേഷം നോക്കിനിൽക്കുന്നു ഇരുവരും.
എത്രയോ മാസങ്ങൾ കഴിഞ്ഞു. ഇടക്ക് ഫോൺവിളികൾ ഉണ്ടായി. എന്തൊക്കെയോ കാരണങ്ങളാൽ ആ രണ്ടാമത്തെ യാത്ര മാത്രം നടന്നില്ല. ഇനിയത് നടന്നാൽ തന്നെ അവിടെ ആ ആതിഥേയനുമുണ്ടാവില്ല. ആ ഇളവെയിൽ മാഞ്ഞുപോയി.