പി ജയദേവ്
എഫ് ടി പി ഉപയോഗിച്ച് വെബ്ബ് സൈറ്റ് അപ്‌ലോഡ് ചെയ്യുന്നതും ഹോസ്റ്റിങ്ങ് പാനല്‍ ഉപയോഗിക്കുന്നതും ഹരിയേട്ടനെ പരിചയപ്പെടുത്തുന്നതിനായി 2007ല്‍ എന്റെ സഹോദരി ഭര്‍ത്താവ് സുനില്‍ പ്രഭാകറാണ് എന്നെ ഹരിയേട്ടനു പരിചയപ്പെടുത്തുന്നത്.
ഒരു വിദ്യാര്‍ത്ഥി എന്നവണ്ണം എല്ലാം വിശദമായി കുറിച്ചെടുത്തായിരുന്നു ആദ്ദേഹത്തിന്റെ പഠനം. പിന്നിട് മാസം ഒരുദിവസമെങ്കിലും സര്‍വ്വറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി വിളിയ്ക്കാറുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സര്‍ജറിയെ തുടര്‍ന്ന് ഫോണ്‍വിളി ചുരുക്കി പകരം മെയിലിലൂടെയായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സംസാരം.
വെബ്ബ് സൈറ്റ് ഡൌണായാല്‍ സര്‍വ്വര്‍ മോണിട്ടറിങ്ങ് സോഫ്റ്റ്‌വെയറിന്റെ അലേര്‍ട്ടിനുമുന്നേ തന്നെ ഹരിയേട്ടന്റെ ഫോണ്‍ വിളി എത്തുമായിരുന്നു. പിന്നെ അത് ലൈവ് ആകുന്നതുവരെ അരമണിക്കൂര്‍ ഇടവിട്ട് വിളിച്ചുകൊണ്ടിരിയ്ക്കും, ഇക്കാര്യത്തില്‍ ഒരു കൊച്ചുകുട്ടിയുടെ പിടിവാശി അദ്ദേഹത്തില്‍ കാണാമായിരുന്നു. ഞാന്‍ സാര്‍ എന്നു തുടക്കത്തില്‍ വിളിച്ചിരുന്നു, എന്നെ വിളിയ്ക്കുമ്പോളെല്ലാം ഹരിയേട്ടനാണ് എന്നു പറഞ്ഞായിരുന്നു തുടങ്ങുന്നത്. സര്‍ വിളി ആദ്ദേഹത്തിനിഷ്ടമില്ല എന്നു മനസ്സിലാക്കി ഞാനും ഹരിയേട്ടന്‍ എന്നു വിളിയ്ക്കാന്‍ തുടങ്ങി.
കഴിഞ്ഞമാസം ഹരിയേട്ടനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കഥകളുടെയും ലേഖനങ്ങളുടെയും എല്ലാ സോഫ്റ്റ് കോപ്പികളും തരികയുണ്ടായി കൂടാതെ ഹരിയേട്ടന്‍ സ്വയം തയാറാക്കിയ മൂന്നും വെബ്ബ്സൈറ്റുകളും (e-harikumar.com, edasseri.org, painandpalliativecarethrissur.org) നോക്കിനടത്തുന്നതിനായി എന്നെ ഏല്‍പ്പിച്ചു. (kvramakrishnan.org എന്ന വെബ്ബ്സൈറ്റും ഹരിയേട്ടന്‍ തയ്യാറാക്കിയതാണ്), അദ്ദേഹത്തിന്റെ സഹോദരന്‍ മധുവേട്ടനും (ഇ മാധവന്‍) ഒപ്പം ഉണ്ടായിരുന്നു, ഇത്രയുംകാലം സൈറ്റുകള്‍ക്കു വേണ്ടി മണിക്കൂറുകളോളം കമ്പ്യൂട്ടറിനുമുന്നില്‍ ചിലവഴിയ്ക്കുകായിരുന്നു, ഇനി അതില്‍ നിന്നും മാറി നില്ക്കുവാനാണ് എന്നെ എല്‍പ്പിയ്ക്കുന്നതെന്നാണ് പറഞ്ഞത്.
പലതവണ എന്നെ വീട്ടിലേയ്ക്കു ക്ഷണിച്ചെങ്കിലും ഹരിയേട്ടന്‍ എറണാകുളത്തുനിന്നും ത്രിശിവപേരൂരിലേയ്യ് താമസം മാറ്റിയ ശേഷം ഞാന്‍ ആദ്യമായി (അവസാനമായും) കാണുന്നതപ്പോഴാണ്. പിരിയുമ്പോള്‍ ഞാന്‍ വിലക്കിയിട്ടും ലിഫ്റ്റിനടുത്തുവരെ വന്നുയാത്രായാക്കുകയും ചെയ്തു,
ഇന്നുരാവിലെ വാട്സാപ്പില്‍ ഹരിയേട്ടന്റെ സഹോദരന്‍ അശോക് കുമാറിന്റെ സന്ദേശം "രാത്രി 12.36ന്" ഹരിയേട്ടന്‍ നമ്മേ പിരിഞ്ഞു"
കഥാകാരന്റെ മരണം എന്നപേരില്‍ അഷ്ടമൂര്‍ത്തി എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നതുപോലെ "ആര്‍ക്കറിയാം ഒരു ഇരുന്നൂറോ മുന്നൂറോ കൊല്ലത്തിനപ്പുറം, ഒരു സൈബര്‍ലോകസഞ്ചാരി മലയാളസാഹിത്യം തിരഞ്ഞുപോവില്ലെന്നും ഹരികുമാറിന്റെ www.e-harikumar.com എന്ന ആ സൈറ്റില്‍ എത്തിപ്പെടില്ലെന്നും? ആ കഥകള്‍ അയാള്‍ക്കിഷ്ടപ്പെട്ടുവെന്നു വരാം, അവയേക്കുറിച്ച് ഒരു ലേഖനം എഴുതിയെന്നും വരാം. ആ ഒരൊറ്റ ലേഖനം അക്കാലത്തെ വായനക്കാരെ ഈ സൈറ്റിലേയ്‌ക്ക് ആകര്‍ഷിച്ചെന്നും ഇ. ഹരികുമാറിന്റെ കഥകള്‍ വീണ്ടും വീണ്ടും വായിയ്‌ക്കപ്പെട്ടെന്നും വരാം."