ദാമോദര്‍ രാധാകൃഷ്ണന്‍
"ഹരിയേട്ടൻ മരിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല. അതോണ്ട് ഹരിയേട്ടൻ മരിക്കണ്ട. "
"ഇതെന്താ ഇപ്പൊ, നല്ല കഥയായി, ഒരിക്കൽ മരിക്കണ്ടേ ദാമോദരൻ നമ്മളൊക്കെ "
അച്ഛന്റെ മുറി എന്ന് ഹരിയേട്ടൻ പറയാറുള്ള, ഇടശ്ശേരിയുടെ ചിത്രമുള്ള ആ ഫ്ലാറ്റിലെ ഏറ്റവും ശാന്തമായ ആ മുറിയിലിരിക്കുകയായിരുന്നു ഞങ്ങൾ. ശ്രീ പാർവ്വതിയുടെ പാദം ഹൃദയത്തിൽ പതിപ്പിച്ച കഥാകാരനെക്കാണാൻ നടത്തിയ തീർത്ഥയാത്രയിലൊന്നായിരുന്നു അത്.
ആദ്യമായി കാണാൻ പോവുമ്പോ മകൾ സംഘമിത്രയ്ക്ക് ഒരുവയസായിട്ടില്ല. ആ ഒൻപതു വയസുകാരിയുമായി ഒടുവിൽ ചെല്ലുമ്പോ, എന്റെ പ്രായമുള്ള, ഹരിയേട്ടന്റെ മകൻ അജിയെ ഞാനാദ്യമായി കണ്ടു. ദിനോസോറിന്റെ കുട്ടി.
സ്നേഹ സമ്പന്നനായ ആ ദിനോസോറിന് എന്റെ ജീവിതം പല വിധത്തിൽ കടപ്പെട്ടിരിക്കുന്നു. ഇന്നീ വരികൾ എഴുതിക്കൊണ്ടിരിക്കുമ്പോ, വായിക്കുന്നവരേ, നിങ്ങൾക്കറിയോ,
ആ അക്ഷരങ്ങൾക്ക് ശബ്ദം ചാലിച്ചു നൽകിയതിന്റെ പ്രതിഫലം എന്റെ അക്കൗണ്ടിൽ, ഈ കൊറോണക്കാലത്തെ പണിയില്ലായ്മയ്ക്ക് തണലായി കിടപ്പുണ്ട്.
നന്ദി വാക്കുകളുടെ പള്ളയിൽ കൊട്ടുമ്പോഴുള്ള പൊള്ള ശബ്ദം കേൾക്കുന്നത് ഹരിയേട്ടനിഷ്ടമല്ല.
ആ സ്നേഹം താങ്ങാൻ കരുത്തില്ലാത്ത എന്റെ കുഞ്ഞു ഹൃദയം പലപ്പോഴും ആ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞിട്ടുണ്ട്.
"ഇമോഷണലാവരുത് ദാമോദരൻ ", എന്ന് പറഞ്ഞു തോളിൽത്തട്ടി ആശ്വസിപ്പിച്ചിട്ടുണ്ട്.
'എഞ്ചിൻഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി'
മൊബൈൽ ആപ്പിലൂടെ പുറത്തിറങ്ങാൻ പോകുന്നു. കേൾക്കാൻ ഹരിയേട്ടനില്ല.
ഹരിയേട്ടൻ കേട്ട് അഭിപ്രായം പറയാൻ കാത്തിരിക്കുന്ന, ആകാംഷയോടെ ഭംഗിയോടെ വിരിയുന്ന ആ മുഖം കാത്ത് എന്റെയുള്ളിലെ കൊച്ചുകുട്ടിയിരിക്കുന്നു.
ഉരുകുന്ന ഹൃദയഭിത്തികളിൽ ഈ മുറിവ് വല്ലാതെ നീറുന്നുണ്ട്.
തന്ന സ്നേഹത്തിനു പകരം, ഒരംശം പോലും തിരിച്ചു കൊടുത്തില്ല. ഒത്തിരി നേടി, സ്നേഹിക്കാൻ മാത്രമറിയാവുന്ന ആ കലവറക്കാരനിൽ നിന്ന്. അടുത്തിരുന്നൂട്ടിയിട്ടുണ്ട്. ഒപ്പമിരുത്തി അച്ഛന്റെ കവിതകൾ കേൾപ്പിച്ചു തന്നിട്ടുണ്ട്.
ശ്രുതി മധുരമായ ജീവിതഗാനത്തിനീണം പകർന്നു തന്നിട്ടുണ്ട്.
ഒടുവിൽ, വേദന നിറഞ്ഞ കിടക്കയ്ക്കരികിൽ മുട്ടുകുത്തി നിന്ന്,
ഹരിയേട്ടാ എന്നവിളിക്ക്, "എന്തോ... "ന്ന് വിളികേട്ട്, മൂർ ദ്ധാവിൽ കൈ ചേർത്തനുഗ്രഹിച്ചു.
എപ്പോ പോയാലും തിരിച്ചിറങ്ങാൻ നേരം അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് കൈവീശി യാത്രയാക്കും. ഒടുവിൽ പോയ ന്ന് ഫ്ലാറ്റിന്റെ ഗേറ്റിലെത്തി തിരിഞ്ഞു നോക്കുമ്പോ ശൂന്യമായ ബാൽക്കണി.
ജീവിതത്തിലെ കരുതലുകൾ നഷ്ടമാവുന്ന ശൂന്യതയുടെ പ്രതീകമായി നിലകൊണ്ടു.
ജീവിതത്തിലെ സ്നേഹ നിർഭരമായ ഇടങ്ങൾ ഇങ്ങിനെ ഇല്ലാതാവുന്നു ഹരിയേട്ടാ.
ഒത്തിരി സ്നേഹത്തോടെ ഒപ്പമിരുന്ന അമൂല്യനിമിഷങ്ങൾ എന്റെ ഹൃദയത്തെ നിർമ്മലമാക്കിയിട്ടുണ്ട്.
ഹരിയേട്ടാ, ഇപ്പൊ പതിനൊന്നു മണി നാല്പത് മിനിറ്റായപ്പോ ലളിതേച്ചി എന്നെ വിളിച്ചു.
ശാന്തി കവാടത്തിൽ ഹരിയേട്ടനെ യാത്രയാക്കി, അവർ തിരിച്ചെത്തിയെന്ന് പറഞ്ഞു.
നിന്നെ യാത്രയാക്കാനീ ദുർബലഹൃദയനു കഴിയുന്നില്ല ഹരിയേട്ടാ...