ബാലുമേലെതില്‍
ഇ ഹരികുമാർ അന്തരിച്ചുവെന്ന വാർത്ത അറിഞ്ഞപ്പോൾ വലിയ ഞെട്ടലൊന്നുമുണ്ടായില്ല എന്നതാണ് വാസ്തവം . ഹരിയേട്ടൻ്റെ അസുഖത്തിൻ്റെ ഗുരുതരാവസ്ഥയെക്കുറിച്ച് നേരത്തെ ദാമു (Damodar Radhakrishnan )സൂചന നൽകിയിരുന്നു . മോശം വാർത്തകൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്നതാണ് നല്ലതെന്നും അപ്പോൾ പറഞ്ഞിരുന്നു .
ഹരിയേട്ടൻ്റെ സ്നേഹ-പരിഗണനകൾ അനുഭവിക്കാൻ എനിക്കും ധാരാളം അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. (ഞങ്ങളിരുവരുടേയും ആരോഗ്യ പ്രശ്നങ്ങൾ കാരണം ഫോൺ വിളി കുറച്ചു മാസങ്ങളായി ഉണ്ടായിരുന്നില്ലെന്നു മാത്രം). അന്ത്യാഞ്ജലിയർപ്പിക്കാൻ തൃശൂർ വരെയുള്ള യാത്ര അസാദ്ധ്യം . മുമ്പ് ഒരു FB പോസ്റ്റിൽ പറഞ്ഞത് പങ്കുവെക്കുക മാത്രമേ ഇപ്പോൾ കരണീയമായിട്ടുള്ളൂ .
പ്രിയപ്പെട്ട ഹരിയേട്ടാ വിട . ലളിതച്ചേച്ചിയുടെ, കുടുംബത്തിൻ്റെ , സുഹൃത്തുക്കളുടെ, അനുവാചകരുടെയൊപ്പം ദുഖത്തിൽ ഞാനും പങ്കു ചേരുന്നു
........................................................................................................................................................................................
November 27, 2017 · Calicut
എനിയ്ക്ക് ജ്യേഷ്ഠ സഹോദര തുല്യനാണ് ഇ ഹരികുമാർ. പ്രശസ്തനായ അച്ഛന്റെ (ഇടശ്ശേരി) പ്രശസ്തനായ മകൻ. ഹൃദയഹാരിയായ നോവലുകൾ , ചെറുകഥകൾ, അനുഭവക്കുറിപ്പുകൾ, ലേഖനങ്ങൾ .... ആ സാഹിത്യ പ്രപഞ്ചം അതിവിപുലമാണ് . ഇതിനേക്കാളൊക്കെയുപരി സ്നേഹസമ്പന്നമായ ഒരു മനസ്സിനു ടമയുമാണ് ഹരിയേട്ടൻ. ചിലപ്പോഴൊക്കെ ഫോൺ വഴി കുശലാന്വേഷണം പതിവാണ് .
മൂന്നു ദിവസം മുമ്പ് ഹരിയേട്ടന്റെ ഫോൺ വിളി വന്നു
- ബാലൂ കൊച്ചുമോൾക്ക് ഇപ്പൊ എത്ര വയസ്സായി ?
- ഏഴ്. രണ്ടിൽ പഠിക്കുന്നു. എന്താ ഇതു ചോദിക്കാൻ കാരണം ?
- അവൾക്ക് ഇഷ്ടമാകാൻ സാദ്ധ്യതയുള്ള എന്റെ ഒരു പുസ്തകമുണ്ട്. കുട്ടികൾ കഥാപാത്രമായ കഥകൾ .
പിന്നെ അച്ഛന്റെ കുറച്ചു കവിതകളുടെ സംഗീതാവിഷ്കാരത്തിന്റെ ഒരു സി ഡി യുമുണ്ട് . രണ്ടും അയച്ചുതരാം . മോളെ കേൾപ്പിക്കു .
- ശരി , സന്തോഷം
ഇന്ന് സ്പീഡ് പോസ്റ്റിൽ പാർസൽ വന്നു. " രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ " എന്ന കുട്ടികൾ കഥാപാത്രങ്ങളായ കഥകളുടെ സമാഹാരം, പൊന്നാനി ഇടശ്ശേരി സ്മാരക സമിതി പുറത്തിറക്കിയ ഇടശ്ശേരിക്കവിതകളുടെ സംഗീതാവിഷ്കാരം സി ഡി, പിന്നെ ഹരിയേട്ടന്റെ സാഹിത്യ സപര്യ 50 കൊല്ലം പൂർത്തിയായ 2013 ൽ പുറത്തിറക്കിയ , അദ്ദേഹത്തിന്റെ അതുവരെയുള്ള രചനകൾ ഉൾക്കൊള്ളിച്ച ഇ-പുസ്തകം (ഇത് നേരത്തെ എനിക്ക് ലഭിച്ചതാണ്) എന്നിവ ആ പാർസലിലുണ്ടായിരുന്നു.
പാർസൽ കിട്ടിയ വിവരം അറിയിച്ചപ്പോൾ വീണ്ടും അദ്ദേഹം പറഞ്ഞത് കൊച്ചൂ മോളെ ഇതു കേൾപ്പിക്കാൻ മറക്കരുത് എന്നാണ് .
ഹരിയേട്ടനോട് ഔപചാരികമായി നന്ദി പറയുക എന്നത് അനുചിതമായതിനാൽ സന്തോഷം അറിയിക്കുക മാത്രം ചെയ്തു. ഇപ്പോൾ ഇടശ്ശേരിക്കവിതകൾ കേട്ടുകൊണ്ടിരിക്കുന്നു .
ഇത്തരം സൌഹൃദങ്ങൾ ലഭ്യമാകുന്നു എന്നതു് എന്റെ സൌഭാഗ്യമല്ലാതെ മറ്റെന്ത് !!