സ്നേഹനിധിയായ ജ്യേഷ്ഠസ്ഥാനീയന്‍ ഇ.ഹരികുമാറിന്

അനിയന്‍ മംഗലശ്ശേരി

മഹാകവി ഇടശ്ശേരിയുടെ മകനും മികച്ച കഥാകൃത്തുമായ ഇ. ഹരികുമാര് അന്തരിച്ചു .
കഥാകാരനായ ഹരികുമാറിനെക്കുറിച്ച് ധാരാളം പറയാനുണ്ടാവും. തികച്ചും വേറിട്ട ഒരനുഭവവും അതിലൂടെ ലഭിച്ച മഹത്തായ സൗഹൃദവും ഓര്‍ത്തെഴുതട്ടെ

കഥകളിഭാഗവതര് കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ അനുസ്മരണദിനമായി ഒക്ടോബര് ഒമ്പത് ആചരിച്ചുതുടങ്ങിയതിനെത്തുടര്ന്ന് ആശാന്റെ പാട്ടുകള് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഏതാനും കാസറ്റുകള് പ്രകാശനം ചെയ്യുകയുണ്ടായി . കാസറ്റ് നിര്മ്മിതിയുടെ സാങ്കേതികപരിജ്ഞാനമൊന്നും ഇല്ലായിരുന്ന അക്കാലത്ത് , അവിചാരിതമായിട്ടാണ് എറണാകുളത്ത് 'രാഗമാലിക' എന്നപേരില് ഇടശ്ശേരിയുടെ മകന് ഹരികുമാര് ഒരു സ്റ്റുഡിയോ നടത്തുന്നുണ്ടെന്ന വിവരം അറിയുന്നത് .

പാലനാട് ദിവാകരനും രാജേഷ് നന്ദകുമാറും ഞാനും അവിടെയെത്തി അദ്ദേഹത്തെ കണ്ട് കാര്യംപറഞ്ഞു . കഥകളിപ്പദങ്ങള് കാസറ്റിലാക്കുന്ന ശ്രമകരമായ ജോലി വളരെ സന്തോഷത്തോടെ ഏറ്റെടുത്തു . ഇടശ്ശേരിയുടെ കവിതകളുടെ ആലാപനം കാസറ്റ് രൂപത്തില് പുറത്തിറക്കിയിരുന്ന അതേതാല്പര്യം ആശാന്റെ പാട്ടുകളിലും അദ്ദേഹം കാണിച്ചു . മാത്രമല്ല , കാസറ്റിന്റെ വിലയല്ലാതെ റെക്കോഡിങ്ങിനോ , ലാഭമായോ ഒന്നും സ്വീകരിച്ചതുമില്ല . ഒരുവര്ഷം ഞങ്ങളുടെ നിര്ബ്ബന്ധത്തിനുവഴങ്ങി ഒക്ടോബര് ഒമ്പതിന് ഇരിങ്ങാലക്കുടയിലെത്തുകയും ആവര്ഷത്തെ കാസറ്റ് പ്രകാശനകര്മ്മം നിര്വ്വഹിക്കുകയും ചെയ്തു .

കുറുപ്പാശാന്റെ പാട്ടുകേട്ട് പരിചയമൊന്നുമില്ലെങ്കിലും ഈ അനുഭവത്തിലൂടെ പാട്ട് ശ്രദ്ധിക്കാന് തുടങ്ങുകയും , ഏതോ ഒരു ചെറുകഥയില് ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ടിനെക്കുറിച്ച് എഴുതുകയുമുണ്ടായി .

എറണാകുളത്ത് ചെല്ലുമ്പോഴൊക്കെ ഹരിയേട്ടനും ലളിതച്ചേച്ചിയും തന്നിരുന്ന ഹൃദ്യമായ സ്വീകരണവും സ്വാദേറിയ ഭക്ഷണവും എന്നും ഓര്മ്മയില് നിറയുന്നതാണ് .

തൃശ്ശൂരില് താമസമാക്കി അങ്ങോട്ട് ചെല്ലാന് പറഞ്ഞിരുന്നെങ്കിലും സാധിച്ചില്ല .
സ്നേഹനിധിയായ ജ്യേഷ്ഠസ്ഥാനീയന്‍ ഇ.ഹരികുമാറിന് കണ്ണീര്‍ പ്രണാമം ...

ഫേസ് ബുക്ക് പോസ്റ്റ് - Tuesday, March 24, 2020