ഡോ അനില ജി നായര്‍
ഇ ഹരികുമാർ സർ, അദ്ദേഹം ഞങ്ങൾക്ക് വെറുമൊരു സർ എന്ന സ്ഥാനം മാത്രം ആയിരുന്നില്ല. ഞങ്ങളുടെ ഹരിയേട്ടൻ ആയിരുന്നു.
എന്റെ ഗവേഷണവുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ആദ്യമായി ഹരിയേട്ടനെ സമീപിക്കുന്നത്. ഗവേഷണവിഷയം മിത്തുകളുടെ ആവിഷ്കാരം ഇടശ്ശേരിക്ക വിതകളിൽഎന്നതായിരുന്നു ഇടശ്ശേരികവിതകളിലെ മിത്തുകൾ കണ്ടെത്താനുള്ള എന്റെ അക്ഷീണ ശ്രമങ്ങക്കിടയിൽ പരിചയപ്പെട്ടചില സുഹൃത്തുക്കൾ (കടയ്ക്കൽ ഭാസി സർ, വി കെ എസ് സർ )ഇരുവരെയും നേരിൽ കണ്ടിട്ടില്ല. ഇടശ്ശേരിയുടെ പൂതപ്പാട്ട് ഏറെ ആസ്വാദ്യകരമായി ചൊല്ലി മനം കുളിർപ്പിച്ച ആളാണ് വി കെ എസ് സർ. അവരുമായുള്ള പരിചയം എന്നെ കൊണ്ടെത്തിച്ചത് ഹരിയേട്ടനിൽ ആണ്.
തൃശ്ശൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ ഞങ്ങൾ എത്തുമ്പോൾ ആദ്യമായികാണുന്ന ഒരു വ്യക്തിയെ അല്ല ഞങ്ങൾ ദർശിച്ചത്. ചിര പരിചിതനായ ഒരാൾ. പാന്റും ഷർട്ടും, ധരിച്ചു കണ്ണടയും വച്ച് ഞങ്ങളെ പ്രതീക്ഷിച്ചിരിക്കും വിധം അകത്തേയ്ക്ക് സ്വാഗതം ചെയ്തു. മക്കളോട് കുശലം പറയുകയും അവരെക്കൊണ്ട് കവിതകൾ ചൊല്ലിപ്പിക്കുകയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്തു. ഹരിയേട്ടന്റെ ഭാര്യ ലളിത ചേച്ചിയും അങ്ങനെ തന്നെയായിരുന്നു.
സർ എന്ന് അനില വിളിക്കരുത്, ഞാൻ എന്റെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഹരിയേട്ടൻ ആണ് നിങ്ങൾക്കും അങ്ങനെ തന്നെ എന്ന് പറഞ്ഞു ഹരിയേട്ടന്റെ കൈയൊപ്പിട്ട നിരവധി പുസ്തകങ്ങൾ സി ഡി കൾ എന്നിവ നൽകി. അതിൽ അച്ഛനായഇടശ്ശേരിയുടെ ലേഖങ്ങൾ അടങ്ങുന്ന സി ഡി കളും ഉണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും എന്റെ ഗവേഷണം പൂർത്തിയായിരുന്നു ആ പ്രബന്ധം ഹരിയേട്ടന് ഏറെ ഇഷ്ടം ആവുകയും അടുത്ത തവണ നടന്നഇടശ്ശേരി അനുസ്മരണത്തിൽ ഇടശ്ശേരിക്കവിതയിലേ ബിംബങ്ങൾ അവതരിപ്പിയ്ക്കാൻ ക്ഷണിക്കുകയും ചെയ്തു.
ഞാൻ ഇടശ്ശേരിയെക്കുറിച്ചു എഴുതിയ കവിത മോൾ ആലപിച്ചു. അവൾക്ക് നിരവധി പുസ്തകങ്ങളും പ്രോത്സാഹന സമ്മാനവും നൽകി. ഇടശ്ശേരിയുടെ മറ്റു മക്കളായ മാധവേട്ടൻ, അശോകേട്ടൻ, ചേച്ചിമാർ അവരുടെ കുടുംബാംഗങ്ങൾ എല്ലാവരെയും പരിചയപ്പെടാനും സാധിച്ചു. പിന്നീട് അങ്ങോട്ടും എങ്ങോട്ടും പലപ്പോഴായി ഫോൺ കോളുകൾ. എന്നാൽ ഹരിയേട്ടൻ പിന്നീട് അസുഖം ബാധിച്ചവിവരം അറിഞ്ഞിരുന്നു. അസുഖവിവരങ്ങൾ മാധവേട്ടനുമായി ചോദിച്ചറിഞ്ഞിരുന്നു. എന്നാൽ ആ അതുല്യ പ്രതിഭ ഇന്നലെ രാത്രി 12 മണിയോടെ നമ്മെയെല്ലാം വിട്ടു യാത്രയായി. ഈ പ്രതിസന്ധികൾ നിലനിൽക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഒരു നോക്കു കാണാൻ പോലും സാധിച്ചില്ല. അതിൽ നിറഞ്ഞ ദുഃഖം ഉണ്ട്.
ലോകം അറിയേണ്ട സാഹിത്യകാരൻ മാരെല്ലാം തന്നിലേക്ക് ചുരുങ്ങിമറഞ്ഞു പോകുന്നുവോ?
ഹരിയേട്ടന്റെ കാര്യത്തിലും സംഭവിച്ചത് അതല്ലേ?
എഴുത്തിന്റ ലോകത്തു നിന്നും ആ മഹാനായ എഴുത്തുകാരന് അർഹിക്കുന്ന പ്രശസ്തി ലഭിച്ചുവോ? ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
യശഃശരീരനായ അച്ഛനെപ്പോലെ മൺമറഞ്ഞ ആ മകനും ആ കൃതികളിലൂടെ വാനോളം ഉയരട്ടെ !....