ഇ. ജയപ്രകാശ്
ടെലഫോൺ ശബ്ദിച്ചു.
സുഹൃത്തും സഹപാഠിയുo ആയ സതീശൻ പുതുമനയാണ് മറ്റേയറ്റത്ത്. എന്റെ ബന്ധുവും സാഹിത്യകാരനുമായ ഹരികുമാർ ഇ യുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുവാനാണ് വിളിച്ചത്. കൂട്ടത്തിൽ വളരെക്കാലമായി ഉന്നയിക്കുന്ന ഒരാവശ്യം ആവർത്തിക്കുകയും ചെയ്തു. മലയാളനാട് മാസികയിലേക്ക് ഒരു കഥയോ ഓർമ്മക്കുറിപ്പോ നൽകണമെന്നത്. പഠിക്കുന്ന കാലത്ത് ചിലത് കുത്തി ക്കുറിച്ചതിന്റെ ഓർമ്മയിൽ നിന്നായിരിക്കാം ഈ ആവശ്യം ഉയർന്നത്. ഒരു ഇടശ്ശേരി അനുസ്മരണം ആയാലോ എന്നും സൂചിപ്പിച്ചു.
ഞാൻ ആലോചിക്കുകയായിരുന്നു.
ജോലി ബാങ്കിൽ ആയിരുന്നതിനാൽ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ കഴിഞ്ഞിരുന്നില്ല. ഒരു സാഹിത്യകാരനെക്കുറിച്ച് എഴുതണമെങ്കിൽ അദ്ദേഹത്തിന്റെ കൃതികളെ ആഴത്തിൽ പഠിച്ചിരിക്കണം. ഇനി വ്യക്തി ജീവിതത്തെ പരമർശിക്കണമെങ്കിൽ അദ്ദേഹവുമായി കൂടുതൽ അടുത്തിടപെടാൻ കഴിഞ്ഞിരിക്കണം. ഇത് രണ്ടുമില്ലാത്ത ഞാൻ എന്തെഴുതിയാലാണ് വായനക്കാരിൽ താല്പര്യം ഉണ്ടാക്കുക?
എന്തായാലും ഹരിയേട്ടനെക്കുറിച്ചും പിതാവായ മഹാകവി ഇടശ്ശേരിയെക്കുറിച്ചും എന്തെങ്കിലും എഴുതാമെന്നു വിചാരിച്ചു. അത്യന്തം സാധാരണമായതും, ആരിലും താല്പര്യമുളവാക്കാത്തതും ആയ അനുഭവങ്ങൾ പങ്ക് വെക്കുന്നതിൽ എന്തു പ്രസക്തി? എങ്കിലും മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതും അവരുമായി ബന്ധപ്പെട്ടതുമായ ഒന്നു രണ്ടു സംഭവങ്ങളെക്കുറിച്ച് എഴുതാമെന്നു കരുതി.
എനിക്ക് 11-12 വയസ്സുള്ളപ്പോഴാണ് മഹാകവിയുടെ വീടിന്റെ അടുത്തുള്ള ഒരു വാടകവീട്ടിൽ എന്റെ കുടുംബം താമസമാക്കിയത്. എന്റെ വലിയമ്മയുടെ മകളുടെ ഭർത്താവെന്ന നിലയിൽ അദ്ദേഹം തന്നെ ശരിയാക്കിത്തന്നതായിരുന്നു ആ വാടകവീട്. എന്നേക്കാൾ മുതിർന്നവരും താഴേയുള്ളവരും ആയ കുട്ടികൾ ഉണ്ടായിരുന്നതിനാൽ ഞാൻ അവിടത്തെ നിത്യസന്ദർശകനുമായിരുന്നു. അവിടത്തെ അലമാരയിലെ പുസ്തകങ്ങൾ എന്നിലെ സാഹിത്യാഭിരുചി ഉണർത്താൻ ഒട്ടേറെ സഹായിച്ചിട്ടുണ്ട്.
ഉറൂബ്, അക്കിത്തം മുതലായ സാഹിത്യകാരന്മാരും മറ്റും അവിടത്തെ പൂമുഖത്തിരുന്നു സല്ലപിക്കുന്നതു അകലെ നിന്നു അദ്ഭുതാദരങ്ങളൊടെ നോക്കിനിൽക്കുമായിരുന്നു. ഇളയമകൾ ഉഷയെ തോളിലേറ്റി നടക്കുന്ന സ്നേഹനിധിയായ അച്ഛനായും, തൊഴുത്തിലെ പശുവിനെ തൊട്ട് തലോടി നിലക്കുന്ന മൃഗസ്നേഹിയായും, മുറ്റത്തു നിൽക്കുന്ന പൂക്കളെ താലോലിയ്ക്കുന്ന സൌന്ദര്യാരാധകനായും പല രൂപത്തിൽ അദ്ദേഹത്തെ അകലെ നിന്നു നോക്കിക്കണ്ടു. ഡെൽഹി ആകാശവാണിയിൽ അദ്ദേഹം കവിത വായിക്കാൻ പോയതും അത് കേൾക്കാൻ വായനശാലയിലെ കോളമ്പിക്ക് മുമ്പിൽ ചടഞ്ഞിരുന്നതും മകൾ ഗിരിജേടത്തി അച്ഛന്റെ ബീഡിയുടെ മണം വരുന്നതായി തോന്നുന്നുവെന്ന് തമാശ പറഞ്ഞു ചിരിച്ചതും ഓരോർമ.
പക്ഷേ പത്തോ പതിനഞ്ചോ വാചകങ്ങളിൽ കൂടുതൽ ഞാൻ അദ്ദേഹവുമായി ആ കാലത്ത് സംസാരിച്ചിട്ടില്ല. അന്നുതന്നേ പ്രമുഖനായ കവി എന്നു പേരെടുത്ത അദ്ദേഹവുമായി വെറും പയ്യനായ ഞാൻ എന്തു സംസാരിക്കാൻ? രണ്ടു കൊല്ലങ്ങൾക്കു സ്വന്തം വീട് വാങ്ങി സ്ഥലം മാറിയതിനാലും, കൂടുതൽ ഇടപഴകാൻ സാധ്യമായതുമില്ല. പത്തു പന്ത്രണ്ടു വര്ഷങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടു പേരും ഉൾപ്പെട്ട ഒരു സംഭവം ഉണ്ടായി. അത് പിന്നീട് പറയാം.
ഹരിയേട്ടനാണെങ്കിൽ, ജ്യേഷ്ഠസഹോദരനെന്നതിലുപരി ഒരു സുഹൃത്തും കൂടിയായിരുന്നു. കൃഷണപ്പണിക്കർ വായനശാല നടത്തിയ ചെറുകഥാ മൽസരത്തിൽ അദ്ദേഹത്തിന്നു ഒന്നാം സ്ഥാനവും എനിക്ക് രണ്ടാം സമ്മാനം കിട്ടിയതും ആണ് ആദ്യകാല ഓര്മകൾ. പിന്നീടദ്ദേഹം കേരളത്തിലെ എണ്ണം പറഞ്ഞ ഒരു സാഹിത്യകാരനായി ഉയരുന്നത് ശ്രദ്ധയോടെ നോക്കിക്കണ്ടു. മുകളിൽ എഴുതിയത് പോലെ, വീട് മാറിപ്പോയതിനാൽ ബന്ധങ്ങളുടെ വ്യാപ്തി കുറഞ്ഞു.
വളരെ ചെറുപ്പത്തിൽ തന്നെ കുടുംബ ഭാരമേറ്റെടുത്ത് ഹരിയേട്ടനും ജീവിതം കൽക്കട്ടയിലേക്ക് പറിച്ചുനട്ടു. രസഗുള എന്ന പലഹാരം ആദ്യമായി കാണുന്നതും കഴിക്കുന്നതും അവിടെനിന്നു അദ്ദേഹം കൊടുത്തയച്ചതിന്റെ പങ്ക് പറ്റുമ്പോഴാണ്. രസഗുള കാണുമ്പോൾ ഹരിയേട്ടനെ ഓർക്കുന്നതും പതിവായി.
വര്ഷങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടു പേരും ഡെൽഹിയിലെ ഒരു മേൽക്കൂരയ്ക്കു കീഴിൽ ഒന്നിച്ചു താമസമാകുന്നു. ഞാൻ ഡിഗ്രി കഴിഞ്ഞു തൊഴിലന്വേഷകനായും ഹരിയേട്ടൻ ഒരു ഓഫീസിലെ ജീവനക്കാരനായി കൽകട്ടയിൽ നിന്നു സ്ഥലം മാറ്റമായിട്ടും, എന്റെ പെങ്ങളുടെ വീട്ടിൽ. പാലക്കാടൊഴിച്ച് ഒരു നഗരവും കാണാത്ത, ഗ്രാമീണ പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന എനിക്ക് ഹരിയേട്ടന്റെ സാമീപ്യം ഡെൽഹി പോലൊരു മഹാ നഗരത്തിൽ അത്യന്തം ആശ്വാസകരമായിരുന്നു.
അദ്ദേഹത്തിന്റെ സ്കൂട്ടറിന്നു പുറകിലിരുന്നു. നഗരം നോക്കിക്കണ്ടു. കരോൾബാഗിലെ ഇന്ത്യൻ കോഫീ ഹൌസിൽ കയറി ഓർഡർ ചെയ്ത മസാല ദോശയുടെ കൂടെ കൊണ്ടുവന്ന കത്തിയും മുള്ളും കണ്ടു ഞാൻ പരിഭ്രമിച്ചതും ഹരിയേട്ടന്റെ ഉപദേശപ്രകാരം അവ മാറ്റിവെച്ചു ആശ്വാസത്തോടെ കയ്യുപയോഗിച്ച് ഭക്ഷണം കഴിച്ചതും മറ്റൊരോർമചിത്രം! തുടർന്ന് ഞാൻ വിദേശത്ത് പോയതോടെ ബന്ധം മുറിയുകയും, വല്ലപ്പോഴും ബന്ധുക്കളുടെ കല്യാണത്തിൽ പങ്കെടുക്കുമ്പോഴോ മറ്റോ ഉള്ള സമ്പർക്കത്തിൽ മാത്രം അത് ഒതുങ്ങി.
ഇനി മറ്റൊരു ചിത്രം! കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ ഞാൻ വണ്ടിയിറങ്ങുകയാണ്. ലഗേജുമായി കവാടത്തിനരികിലേക്ക് നടക്കവേ രണ്ടു പോലീസുകാർ എന്നോടു പെട്ടി തുറക്കാൻ ആവശ്യപ്പെടുന്നു. ഞാൻ പരിഭ്രാന്തനായി പെട്ടി തുറന്നപ്പോൾ പോലീസുകാർ എല്ലാം വാരി വലിച്ചു പുറത്തിടുന്നു. നാല്പത് പേരിൽ കുറയാത്ത മറ്റ് യാത്രക്കാർ ക്കിടയിൽ ഞാൻ വീയർത്തൊലിച്ചു ഒരു കൂറ്റവാളിയെപ്പോലെ നിന്നു. പലരും പെട്ടിയിലേക്കെത്തി നോക്കുന്നു. തുണിയിൽ പൊതിഞ്ഞ ഒരു സാധനമെടുത്ത് വിജയിയെപ്പോലെ പോലീസുകാരൻ എന്നെ നോക്കുമ്പോൾ കാണികളിൽ ചിലർ ആവേശഭരിതരായി. കെട്ടഴിച്ചു നോക്കുമ്പോൾ അവരുദ്ദേശിച്ച സാധനമല്ലാത്തതിനാൽ നിരാശരായി. കുറച്ചു കഴിഞ്ഞു പോലീസുകാർ പിന്തിരിയുന്നു. ഞാൻ എല്ലാം കെട്ടിപ്പെറുക്കി മുന്നോട്ട് നടക്കുമ്പോഴും ചിലര് സംശയദൃഷ്ട്യാ നോക്കുകയാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സംഭവം!
സംഭവമിങ്ങനെയാണ്. ഡെൽഹിയിൽ നിന്നു ഞാൻ നാട്ടിലേക്ക് പോരുമ്പോൾ ഹരിയേട്ടൻ, ഒരു ഗ്രാമഫോൺ വീട്ടിൽ കൊടുക്കാൻ തന്നയച്ചിരുന്നു. ഇളകിപ്പോകാൻ സാധ്യതയുള്ളതിനാൽ അതിന്റെ deck (റെക്കോഡ് വെക്കുന്ന ടേബിൾ) എടുത്തുമാറ്റി ഒരു തുണിയിൽ പൊതിഞ്ഞു എന്റെ സൂട്ട്കേസിൽ വെച്ചു. ഒരു മാതിരി നല്ല കനമുണ്ടായിരുന്നു ആ പാക്കറ്റിന്ന്. ഏതോ കള്ളക്കടത്ത് സാധനമാണെന്ന് പോലീസുകാർ തെറ്റിദ്ധരിച്ചിരിക്കണം. ഹരിയേട്ടനെ ഓർക്കുമ്പോൾ മനസ്സിലെപ്പോഴും ഓടിക്കയറുന്ന ഒരു സംഭവം!!
അതിലേറെ എന്നെ വിസ്മയിപ്പിച്ച മറ്റൊരു സംഭവം ഉണ്ട്. ഇടശ്ശേരിയുമായി ബന്ധപ്പെട്ടതാണത്. ആരോടെങ്കിലുമുള്ള പക തീർക്കാൻ മനുഷ്യൻ എന്തും ചെയ്യാൻ മടിക്കില്ലെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ സംഭവം!
ഡെൽഹിയിൽ നിന്നും ഞാൻ എത്തിപ്പെട്ടത് സെക്കന്ദരാബാദിലാണ്. അവിടെ ഇടശ്ശേരിയുടെ മകൻ ഉണ്ണികൃഷ്ണന്റെ കൂടെയായിരുന്നു താമസം. ഒരുദിവസം രാവിലെ ഇടശ്ശേരിയും സഹധർമ്മിണി ജാനകിയമ്മയും സെക്കന്ദരബാദിലെ വീട്ടിലേക്കു വരുന്നത് കണ്ടു ഞാൻ അമ്പരന്നു. മുന്നറിയിപ്പില്ലാത്ത വരവാണ്. യാത്രയിൽ രണ്ടു പേരും നന്നായി ക്ഷീണിച്ചിട്ടുമുണ്ട്. ഒരു ടെലെഗ്രാം കിട്ടി ഉണ്ണിയേട്ടൻ തലേ ദിവസം ട്രെയിനിൽ നാട്ടിലേക്ക് പോയിരുന്നു. അന്വേഷണത്തിൽ നിന്നു മനസ്സിലായത് ഇതാണ്. ഉണ്ണിയേട്ടന് സുഖമില്ലെന്ന് കാട്ടി, അദ്ദേഹത്തിനോട് വിരോധമുള്ള ആരോ ഇടശ്ശേരിക്ക് ഒരു കമ്പിയടിച്ചു. അത് കിട്ടിയാണ് അവർ രണ്ടുപേരും ഓടിക്കിതച്ചു വന്നത്. കമ്പി കിട്ടി നാട്ടിലെ വീട്ടിൽ നിന്നു അയച്ച മറുപടിയിൽ ആശയക്കുഴപ്പമുണ്ടായാണ് ഉണ്ണിയേട്ടൻ നാട്ടിലേക്ക് പോയത്. യാത്രാ ക്ഷീണത്തിലുപരി തങ്ങളെ ഈ വിധം ചതിക്കാനും ആളുണ്ടായല്ലോ എന്ന വ്യഥയായിരുന്നു അവരെ വേദനിപ്പിച്ചത്. മറുഭാഗത്ത് എന്തായാലും ആർക്കും അസുഖമൊന്നുമില്ലെന്ന ആശ്വാസവും.
മനുഷ്യമനസ്സിന്റെ നിഗൂഢത വെളിപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു അത്. ഒരു പ്രത്യേക മാനസികാവസ്ഥയിൽ മനുഷ്യൻ എന്തും ചെയ്യുമെന്ന കാര്യം അടിവരയിട്ടുറപ്പിച്ചു അത്. മുതിർന്നതിനു ശേഷം ഇടശ്ശേരിയുമായി ഇടപഴകാൻ കിട്ടിയ ആദ്യത്തെയും അവസാനത്തെയും ആയ സന്ദർഭമായിരുന്നു ആ സംഭവം. സ്വന്തമെന്ന് പറയാവുന്ന ഒരാളവിടെയുണ്ടായിരുന്നത് അവർക്കും ആശ്വാസമായിരുന്നിരിക്കണം.
പിന്നീട് എനിക്ക് അദ്ദേഹവുമായി ഇടപഴകാൻ സാധിച്ചില്ല. ജോലി, വിവാഹം, കുടുംബം, എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കുടുങ്ങി ഞാൻ തിരക്കിലാവുകയും ചെയ്തു. ഏതായാലും മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ രണ്ടു സാഹിത്യകാരന്മാരോട് ചേർന്ന് ജീവിക്കാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യമാണ്. ഈ വരികൾ കുറിക്കുവാനുള്ള കഴിവ് എനിക്ക് ലഭിച്ചതും അവരോടുള്ള സഹവാസം മൂല്യമാണെന്നുള്ളത് കൃതജ്ഞതാപൂർവം സ്മരിക്കുന്നു. വർഷമേറെ കഴിഞ്ഞാലും ഇവർ അവരുടെ കൃതികളിലൂടെ മലയാളമനസ്സിൽ സുവർണ്ണ തേജസ്സോടെ വിരാജിക്കുമെന്നും എന്നിക്കുറപ്പുണ്ട്.