'ലോകത്തില്‍ത്തന്നെ ആദ്യമായിട്ടാവില്ലേ ഒരെഴുത്തുകാരന്‍ തന്റെ സ്വത്തുക്കള്‍ ഇങ്ങനെ കാറ്റത്തിടുന്നത്?'

അഷ്ടമൂര്‍ത്തി

E Harikumar

രാഘവന്‍ ചന്ദനത്തിരിക്കച്ചവടക്കാരനാണ്. എന്നു വെച്ചാല്‍ ചന്ദനത്തിരി ഉണ്ടാക്കുന്നതും വില്‍ക്കുന്നതുമൊക്കെ അയാള്‍ തന്നെ. തനിയെ എന്നു പറയാന്‍ വയ്യ. ഭാര്യ ഭാരതി ഒപ്പമുണ്ട്. രാത്രി ഒരു മണി വരെ ചന്ദനത്തിരിയ്ക്കുള്ള കൂട്ട് കുഴയ്ക്കലും തിരിയുണ്ടാക്കലും ഉണക്കാന്‍ വെയ്ക്കലുമൊക്കെ ഭാരതിയാണ്. മകന്‍ രവിയും സ്‌കൂള്‍ വിട്ടെത്തിയാല്‍ അമ്മയെ സഹായിയ്ക്കാനിരിയ്ക്കും. അച്ഛന്‍ ചന്ദനത്തിരി വില്‍ക്കാന്‍ വീടുവീടാന്തിരം കയറിയിറങ്ങുമ്പോള്‍ അവന്‍ കടയിലും നില്‍ക്കും. ഈ കച്ചവടത്തില്‍ നിന്ന് ജീവിച്ചു പോവാനുള്ള വരുമാനം കൂടി അവര്‍ക്കു കിട്ടുന്നില്ല. അപ്പോഴാണ് മോഹന്‍ പിള്ള മോഹിപ്പിയ്ക്കുന്ന വാഗ്ദാനങ്ങളും ഉപദേശങ്ങളുമായി രാഘവന്റെ അടുത്തെത്തുന്നത്. നഗരത്തിലെ ഉഡുപ്പി ഹോട്ടലുകളില്‍ കത്തിയ്ക്കാന്‍ കെട്ടുകണക്കിന് ചന്ദനത്തിരികള്‍ വേണം. പക്ഷേ അവരെ സമീപിച്ച രാഘവന് നിരാശയായിരുന്നു ഫലം. കയറ്റുമതിക്കാരനായ കൂട്ടുകാരന് പതിനായിരക്കണക്കില്‍ ചന്ദനത്തിരികള്‍ വേണമെന്നായിരുന്നു മോഹന്‍പിള്ളയുടെ വാഗ്ദാനം. വെളുപ്പാന്‍ കാലം നാലുമണി വരെ ഉറക്കമൊഴിച്ചിരുന്ന് രാഘവനും ഭാരതിയും ചന്ദനത്തിരികളുണ്ടാക്കി. കയറ്റുമതിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പിറ്റേന്ന് കൂട്ടുകാരനേയും കൂട്ടി വരാം എന്നു പറഞ്ഞ മോഹന്‍ പിള്ള പിന്നെ അവിടേയ്ക്കു വന്നതേയില്ല. കച്ചവടമാണെങ്കില്‍ വളരെ മോശമായിരിയ്ക്കുന്നു. തൊട്ടടുത്ത് വലിയ ഒരു കട വന്നിട്ടുണ്ട്. ഒരു വീട്ടിലേയ്ക്കു വേണ്ട എല്ലാ സാധനങ്ങളും അവിടെ കിട്ടും. മോഹന്‍ പിള്ളയേയും കൂട്ടുകാരനേയും കാത്ത് ഒരാഴ്ച പിന്നിട്ടു. അടുത്ത ദിവസം ചന്ദനത്തിരിയ്ക്കുള്ള അസംസ്‌കൃതവസ്തുക്കള്‍ വാങ്ങാനിറങ്ങിയ രാഘവന്‍ ആ വലിയ കടയുടെ മുന്നില്‍ നില്‍ക്കുന്ന മോഹന്‍ പിള്ളയെ കണ്ടു. തന്നോടു പറയാറുള്ള അതേ വാചകങ്ങള്‍ ആ കടയുടമസ്ഥനോടു പറയുകയാണ് അയാള്‍. അയാളുടെ കണ്ണില്‍പ്പെടാതെ രാഘവന്‍ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കയ്യില്‍ ചന്ദനക്കൂട്ടിന്റെ ഉരുളയുമായി ചുമരു ചാരി വായ് തുറന്ന് ഉറങ്ങുന്ന ഭാരതിയേയാണ് കണ്ടത്. അവളെ എടുത്തു കൊണ്ടുപോയി കട്ടിലില്‍ കിടത്തി അയാള്‍ അടുക്കളയിലേയ്ക്കു ചെന്നു. എല്ലാ പാത്രങ്ങളും ശൂന്യം. പണിത്തിരക്കിനിടയില്‍ ഭാരതി ഊണൊന്നുമുണ്ടാക്കിയിട്ടില്ല. രാഘവന്‍ ചോറും കൂട്ടാനുമുണ്ടാക്കുന്നതിനിടയില്‍ ഭാരതി ഉറക്കമെഴുന്നേറ്റു വന്നു. നമുക്ക് ഊണു കഴിച്ച് ഒരു സിനിമയ്ക്കു പോവാമെന്ന് രാഘവന്‍ പറയുന്നു.

'ഒരു വിശ്വാസി' എന്ന കഥയുടെ ചുരുക്കമിതാണ്. ഇ. ഹരികുമാര്‍ സ്വന്തം ജീവിതം കീറിയെടുത്തതാണ് ഈ കഥ. പതിനേഴു വയസ്സില്‍ ജോലി തേടി കല്‍ക്കത്തയിലും തുടര്‍ന്ന് ദില്ലിയിലും ബോംബെയിലും എത്തി. ധനശ്ശാസ്ത്രബിരുദധാരിയായ അദ്ദേഹം ജോലിയില്‍നിന്ന് ആര്‍ജ്ജിച്ച വിജ്ഞാനം കൊണ്ട് എന്‍ജിനീയറിങ്ങ് ഉല്‍പ്പന്നങ്ങളുടെ ഇടനില വ്യാപാരിയായി. രണ്ടു കമ്പനികളില്‍നിന്ന് ഇന്നത്തെ നിലയില്‍ കോടികളുടെ ഓര്‍ഡര്‍ `ചുണ്ടിനും കോപ്പയ്ക്കുമിടയില്‍' തുളുമ്പിപ്പോയതോടെ ജീവിതം വഴിമുട്ടി. വീടു വിറ്റ് എല്ലാ കടങ്ങളും വീട്ടി തൃശ്ശൂരില്‍ തിരിച്ചെത്തുമ്പോള്‍ കയ്യില്‍ ബാക്കിയായത് എണ്‍പതിനായിരം ഉറുപ്പിക. അതു മുതലിറക്കി തുടങ്ങിയ തൃശ്ശൂരിലെ പേന വ്യാപാരം അവസാനിച്ചപ്പോള്‍ രണ്ടു കൈകളും ശൂന്യം. ബോംബേജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഉപകരിച്ച രണ്ടു ഡെക്കുകളും കൊണ്ട് എറണാകുളത്ത് അഭയം തേടി. കാസ്സെറ്റുകളുടെ കാലമായിരുന്നു അത്. പാട്ടുകള്‍ റെക്കോഡു ചെയ്തുകൊടുക്കുന്ന കച്ചവടമായിരുന്നു പിന്നെ പയറ്റിയത്. രാത്രിയും പകലും ഉറക്കം പോലും ഉപേക്ഷിച്ച് പണിയെടുക്കാന്‍ ലളിതയും ഉണ്ടായിരുന്നു. അതു മെച്ചമായി. കയ്യില്‍ കുറച്ചു പണമുണ്ടായി. സ്വന്തമായി വീടുണ്ടായി. എന്നിട്ടും ജീവിതം ഹരികുമാറിനെതിരെ തിരിഞ്ഞുനിന്നു. ഇത്തവണ അത് അസുഖങ്ങളുടെ രൂപത്തിലായിരുന്നു. വിശ്രമമില്ലാത്ത ജീവിതം സമ്മാനിച്ചതാവാം. അനുജന്‍ ഡോ. ദിവാകരനും ലളിതയുടെ ബന്ധുക്കളും ഉള്ളതുകൊണ്ട് തൃശ്ശൂരിലേയ്ക്കു തന്നെ വീണ്ടുമെത്തി.

ബോംബേ പോലെയല്ല. എറണാകുളത്തെ ജീവിതം ഹരികുമാറിന് ലാഭമാണുണ്ടാക്കിയത്. അല്ലെങ്കില്‍ ഒരെഴുത്തുകാരന്റെ ജീവിതത്തിലെ ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടുന്നതില്‍ എന്താണര്‍ത്ഥം? ആ ദുരിതങ്ങള്‍ സമ്മാനിച്ച സമ്പന്നമായ ഒരു സാഹിത്യം ഹരികുമാറിന്റെ ഭാണ്ഡത്തില്‍ ഉണ്ടല്ലോ. ഇരുന്നൂറോളം ഈടുറ്റ കഥകള്‍, ഒമ്പതു നോവലുകള്‍, രണ്ടു തിരക്കഥകള്‍, ഒരു നാടകം, പിന്നെ എണ്ണമറ്റ അനുഭവക്കുറിപ്പുകള്‍. ഒരെഴുത്തുകാരന്റെ ജന്മം സാര്‍ത്ഥകമാവാന്‍ ഇതില്‍പ്പരം എന്തു വേണം?

ചെറുകഥയ്ക്കുള്ള 1989-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് `ദിനോസറിന്റെ കുട്ടി'യ്ക്കായിരുന്നു. അത് ഹരികുമാറിന്റെ മൂന്നാമത്തെയോ നാലാമത്തെയോ പുസ്തകമാണ്. `കൂറകള്‍' എന്ന ആദ്യസമാഹാരം ഇറങ്ങിയ കാലത്ത് എനിയ്ക്ക് പുസ്തകങ്ങള്‍ വാങ്ങാനുള്ള ശേഷിയായിരുന്നില്ല. ആ പുസ്തകം വായിച്ചിട്ടുള്ളത് എന്റെ കൂട്ടുകാരന്‍ പ്രവീണ്‍കുമാറിന്റെ കയ്യില്‍നിന്നു വാങ്ങിയാണ്. `കൂറകള്‍' പ്രവീണന് ഏറെ ഇഷ്ടപ്പെട്ട കഥയായിരുന്നു. അതിലുമേറെ അയാള്‍ക്കിഷ്ടം അതിലെ `പ്രാകൃതനായ തോട്ടക്കാരന്‍' ആയിരുന്നു. പുസ്തകത്തിന്റെ പുറംചട്ട ഇളകിപ്പോന്നിട്ടും പുറങ്ങള്‍ കീറിത്തുടങ്ങിയിട്ടും പ്രവീണ്‍ ആ പുസ്തകം പൊന്നു പോലെ സൂക്ഷിച്ചു.

ബോംബെയില്‍ ജീവിയ്ക്കുന്ന കാലമായിരുന്നു അത്. ഞാന്‍ പണിയെടുക്കുന്ന ഓഫീസിലേക്ക് വിലാസം തെറ്റി ഒരു കത്തു വന്നു. അത് ഇ. ഹരികുമാറിനുള്ളതായിരുന്നു. ജുഹുവിലുള്ള വീടിന്റേതാണ് വിലാസം. എങ്ങനെയാണ് അത് നരിമാന്‍ പോയന്റിലുള്ള എന്റെ ഓഫീസില്‍ എത്തിയതെന്ന് ഇപ്പോഴുമറിയില്ല. ഏതായാലും ആ വിലാസം ഞാന്‍ ഒരു കടലാസ്സില്‍ പകര്‍ത്തി വെച്ചു. ഒരു ദിവസം ആ വിലാസക്കാരനെ തേടിപ്പോവണം എന്നു നിശ്ചയിച്ചു. സ്വതസ്സിദ്ധമായ അലസത കൊണ്ട് അത് നടന്നില്ല.

ആയിടയ്ക്കാണ് താജ് ആര്‍ട്ട് ഗാലറിയില്‍ കെ. ദാമോദരന്റെ ഒരു ചിത്രപ്രദര്‍ശനത്തിന് പ്രവീണും ഞാനും പോയത്. കെ. ദാമോദരനുമായുള്ള മുന്‍സൗഹൃദം പുതുക്കുന്നതിനിടെ ഹരികുമാറിനെ കാണാറുണ്ടോ എന്ന് അദ്ദേഹം ഞങ്ങളോട് അന്വേഷിച്ചു. ബോംബെയിലായിരുന്നിട്ടും ഇതുവരെ കണ്ടിട്ടില്ലെന്നു ഞങ്ങള്‍ അല്‍പം ജാള്യത്തോടെ അറിയിച്ചു. ചിത്രപ്രദര്‍ശനത്തേപ്പറ്റി അറിഞ്ഞാല്‍ ഹരികുമാര്‍ താജില്‍ വരുമെന്ന് ദാമോദരന്‍ പറഞ്ഞു. പക്ഷേ അറിയിയ്ക്കാന്‍ സാധിച്ചിട്ടില്ല. എന്റെ കയ്യിലെ വിലാസത്തേപ്പറ്റി അപ്പോഴാണ് ഞാനോര്‍ത്തത്. പക്ഷേ തപ്പിയിട്ടും തപ്പിയിട്ടും അത് കണ്ടെത്താനായില്ല. പ്രദര്‍ശനം അവസാനിയ്ക്കുന്ന നിമിഷം വരെ ദാമോദരനും ഞങ്ങളും ഹരികുമാറിനെ കാത്തിരുന്നു. ഹരികുമാര്‍ എത്തിയില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രവീണും ഞാനും കൂടി 'ചിത്രപ്രദര്‍ശനം' എന്ന കഥയെഴുതിയത്.

ഹരികുമാറിനെ നേരിട്ടു കാണുന്നത് വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. `ദിനോസറിന്റെ കുട്ടി'യ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കിട്ടിയ സമയത്ത്. `സരോവരം' മാസികയ്ക്കു വേണ്ടി സംസാരിയ്ക്കാന്‍ കെ. ജി. രഘുരാമന്‍ ആവശ്യപ്പെട്ടതനുസരിച്ച് എന്‍. രാജനും ഞാനും കൂടി ഹരികുമാറിന്റെ എറണാകുളത്തുള്ള വീട്ടില്‍ പോയപ്പോള്‍. `കഥയുള്ള രാത്രിയില്‍' എന്ന പേരില്‍ വന്ന ആ അഭിമുഖസംഭാഷണത്തില്‍ ഹരികുമാര്‍ പറഞ്ഞ ഒരു വാചകം ഇപ്പോഴും ഓര്‍മ്മയുണ്ട്: ``എഴുത്തിന്റെ കാര്യത്തില്‍ വളരെയൊന്നും അദ്ധ്വാനിയ്ക്കുന്ന പതിവ് എനിയ്ക്കില്ല. എനിയ്ക്കറിയാവുന്ന സംഭവങ്ങളേ ഞാനെഴുതാറുള്ളു. എഴുതാന്‍ വേണ്ടി മാത്രം സംഭവങ്ങളുടെ പിറകേ പോവാറില്ല.''

ഹരികുമാറിന്റെ കഥകള്‍ എല്ലായ്പ്പോഴും സമൂഹത്തിലെ നിന്ദിതരോടും ദരിദ്രരോടും അനുഭാവം പുലര്‍ത്തുന്നവയാണ്. `ഒരു ദിവസത്തിന്റെ മരണ'ത്തിലെ കൗസല്യ, `അലക്കുയന്ത്ര'ത്തിലെ രാധ, `ദേശാടനക്കിളി പോലെ അവ'ളിലെ പേരറിയാത്ത വേശ്യ .... ഇങ്ങനെ എണ്ണിയാല്‍ത്തീരാത്തത്ര കഥാപാത്രങ്ങളുണ്ട് ഹരികുമാറിന്റെ കഥകളില്‍. പെണ്ണുങ്ങളോട് ഇത്രയധികം അനുഭാവം പുലര്‍ത്തുന്ന ഒരു കഥാകൃത്ത് നമുക്കു വേറെയുണ്ടെന്നു തോന്നുന്നില്ല. ``ഒരുപക്ഷേ എഴുത്തുകാരികളില്‍ മാധവിക്കുട്ടി ഒഴിച്ച് മറ്റുള്ളവരേക്കാള്‍ സ്ത്രീപക്ഷകഥകള്‍ രചിച്ചിട്ടുള്ളത് പുരുഷനായ ഞാനാണെന്നു തോന്നുന്നു'' എന്ന് `എന്റെ സ്ത്രീകള്‍' എന്ന പുസ്തകത്തിനുള്ള ആമുഖത്തില്‍ ഹരികുമാര്‍ അവകാശപ്പെടുന്നുണ്ട്.

അത് ഇങ്ങനെ സ്വയം പറയേണ്ടി വന്നതിലെ ഗതികേട് ഹരികുമാറിന്റെ സങ്കടമായിരുന്നു. വിഖ്യാതരായ നിരൂപകരാരും ഹരികുമാറിന്റെ കഥകളിലേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പൊന്നാനിക്കളരിയില്‍പ്പെട്ട എഴുത്തുകാരേക്കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന്‍ ഒരു പഠനം നടത്തിയപ്പോള്‍ അതില്‍ തന്റെ പേരില്ലായിരുന്നു എന്നത് ഹരികുമാറിനെ വല്ലാതെ ദുഃഖിപ്പിച്ചിരുന്നു.

ഹരികുമാര്‍ ഒരിയ്ക്കലും നല്ല ഒരു വില്‍പ്പനക്കാരനായിരുന്നിട്ടില്ല. പക്ഷേ ആ ചീത്ത വില്‍പനക്കാരന്‍, മറ്റാരും ചെയ്യാത്ത ഒരു സാഹസം ചെയ്തു. 2013-ല്‍ താന്‍ അന്നുവരെ എഴുതിയ കഥകളും നോവലുകളും ലേഖനങ്ങളും തിരക്കഥകളും ഒരു നാടകവും എല്ലാം ഇ-ബുക്കിന്റെ രൂപത്തില്‍ ഇറക്കി. അതില്‍ 16 ചെറുകഥാസമാഹാരങ്ങളും 10 നോവലുകളും രണ്ട് ഓര്‍മ്മപ്പുസ്തകങ്ങളും അടങ്ങിയിരിയ്ക്കുന്നു. പുസ്തകശാലകളില്‍ സ്റ്റോക്കു തീര്‍ന്ന പുസ്തകങ്ങള്‍ അതേ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനുള്ള അനുമതിയുമുണ്ട്. ചെറുകഥകള്‍ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള അനുമതിയ്ക്കു പുറമേയാണിത്. ഒരെഴുത്തുകാരന്‍ തന്റെ അമ്പതു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ അങ്ങനെ 558 മെഗാബൈറ്റില്‍ ഒതുക്കി വെച്ചു.

ചീത്ത വില്‍പ്പനക്കാരന്‍ എന്നു പറയുന്നതിനു കാരണമുണ്ട്. ഈ ഇ-പുസ്തകം ഹരികുമാര്‍ വില്‍പ്പനയ്ക്കുദ്ദേശിച്ച് ഉണ്ടാക്കിയതല്ല. This book is meant for distribution among research organisations absolutely free of cost എന്ന് ഓരോ പുസ്തകത്തിന്റെ അവകാശപത്രത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍, അല്ലെങ്കില്‍ ഇന്ത്യയില്‍ത്തന്നെ ഏതെങ്കിലും എഴുത്തുകാരന്‍ ഇതിനു മുമ്പ് ഇങ്ങനെ ചെയ്തിട്ടുണ്ടുണ്ടാവില്ല. എന്തിന് ഇന്ത്യ? ലോകത്തില്‍ത്തന്നെ ആദ്യമായിട്ടാവില്ലേ ഒരെഴുത്തുകാരന്‍ തന്റെ സ്വത്തുക്കള്‍ ഇങ്ങനെ കാറ്റത്തിടുന്നത്?

സ്വന്തം കൃതികള്‍ മാറോടടക്കിപ്പിടിയ്ക്കുകയും വില പേശുകയും ചെയ്യുന്ന എഴുത്തുകാര്‍ക്കിടയില്‍ എന്തിനാണ് ഇങ്ങനെയൊരു സംരംഭം? എന്റെ സംശയത്തിനു മറുപടിയായി ഹരികുമാര്‍ പറഞ്ഞൂ. ``ഇനി ഞാന്‍ അധികമൊന്നും എഴുതുമെന്നു തോന്നുന്നില്ല. എന്റെ പുസ്തകങ്ങള്‍ ഇനി എത്ര ആളുകള്‍ വാങ്ങി വായിയ്ക്കുമെന്നും എനിയ്ക്കുറപ്പില്ല. അതുകൊണ്ട് എല്ലാം സൈബര്‍ സ്പെയ്സില്‍ കിടക്കട്ടെ എന്നു വെച്ചു.''

ആര്‍ക്കറിയാം ഒരു ഇരുന്നൂറോ മുന്നൂറോ കൊല്ലത്തിനപ്പുറം, ഒരു സൈബര്‍ലോകസഞ്ചാരി മലയാളസാഹിത്യം തിരഞ്ഞുപോവില്ലെന്നും ഹരികുമാറിന്റെ www.e-harikumar.com എന്ന ആ സൈറ്റില്‍ എത്തിപ്പെടില്ലെന്നും? ആ കഥകള്‍ അയാള്‍ക്കിഷ്ടപ്പെട്ടുവെന്നു വരാം, അവയേക്കുറിച്ച് ഒരു ലേഖനം എഴുതിയെന്നും വരാം. ആ ഒരൊറ്റ ലേഖനം അക്കാലത്തെ വായനക്കാരെ ഈ സൈറ്റിലേയ്ക്ക് ആകര്‍ഷിച്ചെന്നും ഇ. ഹരികുമാറിന്റെ കഥകള്‍ വീണ്ടും വീണ്ടും വായിയ്ക്കപ്പെട്ടെന്നും വരാം.

ജീവിതകാലത്ത് അവഗണിയ്ക്കപ്പെട്ട ഒരു കഥാകാരന് കാലം കരുതി വെച്ച ഒരു പുരസ്‌കാരം.

അഴിമുഖം ഡോട്ട് കോം- Tuesday, March 24, 2020