50 വർഷത്തെ സമ്പാദ്യം മുഴുവൻ 558 മെഗാബൈറ്റിൽ ഒതുക്കിയ എഴുത്തുകാരൻ:

അഷ്ടമൂർത്തി

E Harikumar

മൂന്നാഴ്‌ച മുമ്പാണ്‌. എൻ. രാജൻ വിളിച്ചു. ‘ഹരികുമാറിന്‌ അസുഖമാണെന്ന്‌ ഇ. മാധവൻ പറഞ്ഞു; നമുക്കൊന്നു പോയാലോ?’

രണ്ടു ദിവസം കഴിഞ്ഞ്‌ രാവിലെ ഹരികുമാറിന്റെ വീട്ടിലെത്തി.

‘ഹരി ഉറങ്ങുകയാണ്’. വാതിൽ തുറന്നു തന്ന ലളിത പറഞ്ഞു. ഉണരുന്നതുവരെ കാത്തിരിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.

7 കൊല്ലം മുമ്പാണ്‌ ഞാൻ അവിടെ ചെന്നതെന്ന്‌ ലളിത കൃത്യമായി ഓർമിച്ചു. അന്ന്‌ അമേരിക്കയിലേക്കുള്ള വീസയ്‌ക്കു വേണ്ടി ചെന്നൈയിൽ പോകാൻ ഉദ്ദേശിച്ചിരുന്ന കാലമായിരുന്നു എന്നും.

‘എന്നിട്ടു പോയില്ലേ?’

‘ഇല്ല, ഹരിക്കു മടിയായിരുന്നു യാത്ര പോവാൻ. പിന്നെ അസുഖങ്ങളും.’

അസുഖങ്ങൾ ഹരികുമാറിനെ എന്നും വേട്ടയാടിയിരുന്നു. വർത്തമാനത്തിനിടയ്‌ക്ക്‌ മാധവനും സുശീലയും വന്നു. ഹരികുമാർ മയക്കത്തിൽത്തന്നെയാണ്‌. എന്നാലും കണ്ടുപൊയ്‌ക്കൊള്ളാൻ മാധവൻ പറഞ്ഞു. ഹരികുമാർ ശ്വാസം കഴിക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു. ഞങ്ങൾ എത്തിയിട്ടുണ്ടെന്ന്‌ അറിയിച്ചപ്പോൾ ഒന്നു മൂളി. അധികം ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഞങ്ങൾ മടങ്ങി.

എന്നു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആ വാർത്ത കേൾക്കാം എന്നു കരുതിയിരിക്കുമ്പോൾ ഇന്നലെ രാവിലെ ആ വാർത്ത വന്നു. ഇ. മാധവനെ വിളിച്ചു. ‘ഒരാഴ്‌ചയായി എനിക്കു പോണം, എനിക്കു പോണം എന്നു തന്നെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു’ മാധവൻ പറഞ്ഞു. ഒടുവിൽ തിങ്കൾ രാത്രി പന്ത്രണ്ടരയ്‌ക്ക്‌ ഹരിയേട്ടൻ പോയി.

അതെ; 2013ൽ കണ്ടപ്പോൾ കുറേ പുസ്‌തകങ്ങൾ എനിക്ക് ഒപ്പിട്ടു തന്നു. ഞാനും എന്റെ രണ്ടു പുസ്‌തകങ്ങൾ കൊടുത്തു. ‘എനിക്കാണ്‌ ഈ കച്ചവടത്തിൽ ലാഭം’, ഹരികുമാർ ചിരിച്ചു. ‘അഷ്ടമൂർത്തിയുടെ ഈ രണ്ടു പുസ്‌തകങ്ങളോളം വരില്ല എന്റെ ഈ അഞ്ചു പുസ്‌തകങ്ങൾ’. ഏത്‌ എഴുത്തുകാരനാണ്‌ ഇങ്ങനെ പറയുക.

സ്വന്തം പുസ്തകങ്ങൾ മറ്റുള്ളവർക്കു കൊടുക്കുന്നതിൽ വലിയ ഉദാരമതിയായിരുന്നു ഹരികുമാർ. അതുകൊണ്ടാണല്ലോ ഏഴുകൊല്ലം മുമ്പ്‌ അതുവരെ എഴുതിയ കഥകളും നോവലുകളും ലേഖനങ്ങളും തിരക്കഥകളും നാടകവും എല്ലാം ഇ-ബുക്കിന്റെ രൂപത്തിലാക്കിയതും അത്‌ സൗജന്യമായി കൊടുക്കാൻ തീരുമാനിച്ചതും.

അതിൽ ഹരികുമാറിന്റെ 16 ചെറുകഥാസമാഹാരങ്ങളും 10 നോവലുകളും രണ്ട്‌ ഓർമപ്പുസ്‌തകങ്ങളും അടങ്ങിയിട്ടുണ്ട്‌. അങ്ങനെ ഒരെഴുത്തുകാരൻ തന്റെ 50 വർഷത്തെ സമ്പാദ്യം മുഴുവൻ 558 മെഗാബൈറ്റിൽ ഒതുക്കി. മാത്രമല്ല, ഹരികുമാറിന്റെ എല്ലാ കൃതികളും ലോകത്തെവിടെയുമിരുന്ന്‌ വായിക്കാൻ വേണ്ടി www.e-harikumar.com എന്ന ഒരു സൈറ്റും സൃഷ്ടിച്ചു.

സ്വന്തം കൃതികൾ മാറോടടക്കിപ്പിടിക്കുകയും വിലപേശുകയും ചെയ്യുന്ന എഴുത്തുകാർക്കിടയിൽ എന്തിനാണ്‌ ഇങ്ങനെയൊരു സംരംഭം? ഞാൻ ചോദിക്കാതിരുന്നില്ല. ‘ഇനി ഞാൻ അധികമൊന്നും എഴുതുമെന്നു തോന്നുന്നില്ല. അതുകൊണ്ട്‌ എല്ലാം സൈബർ സ്‌പെയ്‌സിൽ കിടക്കട്ടെ എന്നുവച്ചു’– ഹരികുമാർ പറഞ്ഞു.

17–ാം വയസ്സിൽ ജോലി തേടി ഹരികുമാർ കൊൽക്കത്തയിലും ഡൽഹിയിലും മുംബൈയിലും എത്തി. എൻജിനീയറിങ് ഉൽപന്നങ്ങളുടെ ഇടനില വ്യാപാരിയായി. രണ്ടു കമ്പനികളിൽനിന്ന്‌ ഇന്നത്തെ നിലയിൽ കോടികളുടെ ഓർഡർ ‘ചുണ്ടിനും കോപ്പയ്‌ക്കുമിടയിൽ’ തുളുമ്പിപ്പോയതോടെ ജീവിതം വഴിമുട്ടി. വീടു വിറ്റ്‌ എല്ലാ കടങ്ങളും വീട്ടി തൃശൂരിൽ തിരിച്ചെത്തുമ്പോൾ കയ്യിൽ ബാക്കിയായത്‌ 80,000 ഉറുപ്പിക. അതു മുതലിറക്കി തുടങ്ങിയ തൃശൂരിലെ പേന വ്യാപാരം അവസാനിച്ചപ്പോൾ രണ്ടു കൈകളും ശൂന്യം. പിന്നീട് എറണാകുളത്ത്‌ അഭയം തേടി. കസെറ്റുകളുടെ കാലമായിരുന്നു അത്‌. പാട്ടുകൾ റെക്കോഡ് ചെയ്‌തുകൊടുക്കുന്ന കച്ചവടമായിരുന്നു പിന്നെ പയറ്റിയത്‌. അസുഖങ്ങൾ വീണ്ടുമെത്തി. അനുജൻ ഡോ. ദിവാകരനും ലളിതയുടെ ബന്ധുക്കളും ഉള്ളതുകൊണ്ട്‌ തൃശൂരിലേക്കുതന്നെ വീണ്ടുമെത്തി.

ഹരികുമാറിന്റെ കഥകൾ എല്ലായ്‌പ്പോഴും സമൂഹത്തിലെ നിന്ദിതരോടും ദരിദ്രരോടും അനുഭാവം പുലർത്തുന്നവയാണ്‌. സ്ത്രീകളോട്‌ ഇത്രയധികം അനുഭാവം പുലർത്തുന്ന ഒരു കഥാകൃത്ത്‌ നമുക്കു വേറെയുണ്ടെന്നു തോന്നുന്നില്ല.. സാഹിത്യത്തിലെ പല കണക്കെടുപ്പുകളിലും ഇ. ഹരികുമാറിന്റെ പേരു രേഖപ്പെടുത്താതെ പോയി. താൻ ഒരു ചീത്ത വിൽപനക്കാരനായിരുന്നു എന്ന്‌ ഹരികുമാർ സ്വയം വിശ്വസിച്ചു.

മലയാള മനോരമ- Wednesday, March 25, 2020