കഥാകൃത്തെന്ന നിലയില്‍ രണ്ട് ദശാബ്ദത്തോളം സാഹിത്യസപര്യ ചെയ്ത ശേഷം, തന്റെ ചില പ്രമേയങ്ങള്‍ക്ക് നോവലിന്റെ വിശാലമായ ക്യാന്‍വാസ്സ് ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് ഇ. ഹരികുമാര്‍ നോവല്‍ രചനയിലേക്ക് തിരിഞ്ഞത്. ഒമ്പത് നോവലുകള്‍ ഇ. ഹരികുമാറിന്റേതായിട്ടുണ്ട്.
ബോംബേ, കോല്‍ക്കത്ത, ദല്‍ഹി എന്നീ മഹാനഗരങ്ങളിലും സ്വദേശമായ കേരളത്തിലും തനിക്ക് ചിരപരിചിതമായ ജീവിതപരിസരങ്ങളില്‍ നിന്നു തന്നെയാണ് നോവലുകള്‍ക്കുള്ള പ്രമേയം അദ്ദേഹം സ്വീകരിച്ചത്. ഗ്രാമീണവും നാഗരികവുമയ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവലുകളില്‍ നമ്മെ അതിശയിപ്പിക്കുന്ന തരത്തില്‍ വൈവിദ്ധ്യമാര്‍ന്ന പ്രമേയങ്ങളും കഥാപാത്രങ്ങളും കാണാന്‍ സാധിക്കും. ഹരികുമാറിന്റെ കലാപരവും സാഹിത്യപരവുമായ ധിഷണയെ അനാവരണം ചെയ്യുന്നവയാണ് “ അറിയാത്തലങ്ങളില്‍” എന്ന നോവലിന് അദ്ദേഹം തന്നെ വരച്ചു ചേര്‍ത്ത രേഖാചിത്രങ്ങള്‍. മലയാള സാഹിത്യത്തില്‍ ഈദൃശമായ മാതൃക അധികമുണ്ടെന്ന് തോന്നുന്നില്ല.
വ്യതിരിക്തമായ ഭാഷ, ആഖ്യാനശൈലി, മാനവികതയിലൂന്നിയ സാമൂഹിക പ്രതിബദ്ധത, വൈകാരികമായ തീരത, നര്‍മ്മം എന്നിവകൊണ്ട് വേറിട്ടു നില്‍ക്കുന്നു ഹരികുമാറിന്റെ നോവലുകള്‍. ഋജുവായ കഥാഖ്യാനശൈലിയാണ് പിന്തുടരുന്നതെങ്കിലും വായനക്കാരനെ പിടിച്ചിരുത്തുന്ന ഉദ്വേഗവും ഹരികുമാറിന്റെ നോവലുകളുടെ പ്രത്യേകതയാണ്.