36 ലേഖനങ്ങളുടെ ഈ സമാഹാരം വിശിഷ്ടമായ ഒരു ഓര്‍മ്മപ്പുസ്തകമാണ്. താന്‍ തന്റെ വായനക്കാര്‍ക്ക് വേണ്ടിയാണ് എഴുതുന്നത് എന്ന ഹരികുമാറിന്റെ പ്രഖ്യാപനത്തെ സാധൂകരിക്കുന്ന ഗദ്യശൈലി - സുതാര്യവും അക്ളിഷ്ടസുന്ദരവും. സ്വപിതാവ് മഹാകവി ഇടശ്ശേരിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ 8 ലേഖനങ്ങളിലൂടെയാണ് ഇതള്‍ വിടര്‍ത്തുന്നത്. വാത്സല്യനിധിയായ കുടുംബനാഥന്‍, മാനുഷിക മൂല്യങ്ങളില്‍ അടിപതറാത്ത ആദര്‍ശവാന്‍, കവിയും നാടകകൃത്തും, പൊന്നാനിയുടെ സാംസ്കാരികനായകന്‍ എന്നിങ്ങനെ ഇടശ്ശേരിയുടെ ബഹുമുഖമായ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന അമൂല്യനിധിയാണ് ഈ ലേഖനങ്ങള്‍. തുടര്‍ന്നുള്ള 19 ലേഖനങ്ങളില്‍ ഹരികുമാര്‍ തന്റെ സാഹിത്യജീവിതം പ്രതിപാദിക്കുന്നു. അവയില്‍ പലവയും വികാരതീവ്രങ്ങളുമാണ്. 'കല, സംസ്കാരം' എന്നീ ഗണത്തില്‍ ഉള്‍പ്പെടുത്തിയ 18 ലേഖനങ്ങള്‍ ഗ്രന്ഥകാരന്റെ ജീവിതവീക്ഷണം പ്രതിഫലിക്കുന്നവയാണ്. മറ്റ് സാഹിത്യകാരന്മാരുമായുള്ള സമ്പര്‍ക്കത്തിന്റെ ഊഷ്മളസ്മരണകളും ഇവയില്‍ വായിക്കാം. ഉന്നതനായ കഥാകൃത്തും നോവലിസ്റ്റും മാത്രമല്ല ഗണനീയനായ ഉപന്യാസകാരനുമാണ് താന്‍ എന്ന് സമാഹൃതമായ ലേഖനങ്ങളിലൂടെ ഹരികുമാര്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.