അയനങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, തടാകതീരത്ത് എന്നീ മൂന്നു നോവലുകളാണ് ഈ വാല്യത്തിലുള്ളത്.
അയനങ്ങൾ: എഴുപതുകളുടെ തുടക്കം. ബോംബെ നഗരത്തിൽ ഏറ്റവും കൂടുതൽ നടീനടന്മാരും സിനിമയുമായി ബന്ധപ്പെട്ടവരും താമസിക്കുന്ന ജുഹു - വില്ലെ പാർളെ സ്‌കീം ആണ് ഈ നോവലിന്റെ പശ്ചാത്തലം. ബോളിവുഡ്ഡിലെ സിനിമാ ലോകത്ത് എത്തിപ്പെടാനുള്ള അപർണ്ണ എന്ന ബംഗാളി സുന്ദരിയുടെ ശ്രമങ്ങൾ. വീഴ്ചകൾ, അതിൽനിന്നെല്ലാം എഴുന്നേൽക്കാനുള്ള അവളുടെ ശ്രമത്തിൽ സുനിൽ മൽഹോത്ര എന്ന ചെറുപ്പക്കാരൻ സഹായിക്കാനുണ്ടാവുന്നു. എഴുപതുകളിലെ ബോംബെയാണ് നോവലിന്റെ കാലഘട്ടവും പശ്ചാത്തലവും. നിതിൻ ചൈനാനി എന്ന നിർമ്മാതാവ്, സുനന്ദയെന്ന ഗ്ലാമർ നായിക. ഇവരെല്ലാം തന്നെ ഈ നോവലിനെ മിഴിവുറ്റതാക്കുന്നു.
ആസക്തിയുടെ അഗ്നിനാളങ്ങൾ : ഈ നോവലിനെപ്പറ്റി പ്രൊഫ. എം.കെ. സാനു പറയുന്നു: 'ആസക്തിയുടെ അഗ്നിനാളങ്ങൾ'തീർച്ചയായും അസാധാരണ ലാവണ്യം തുളുമ്പുന്ന കഥയാണ്. ഭാഷ ലളിതമാണെങ്കിലും ആ ലാളിത്യത്തിൽ ഗഹനതയുടെ സാന്ദ്രതയുണ്ട്. അതിൽ കാവ്യബിംബങ്ങൾ സമുചിതമായി സ്ഥാനം നേടിയിരിക്കുന്നു. ഉദ്ദിഷ്ടഭാവം ഉദ്ദീപിപ്പിക്കുന്നതിൽ അവ വഹിക്കുന്ന പങ്ക് ചെറുതല്ല. കഥാരംഗങ്ങൾ ലൗകികവും അലൗകികവുമായി ഇടകലർന്നാണ് കാണപ്പെടുന്നത്. പുണ്യപാപങ്ങളുടെ വൈരുദ്ധ്യം പല രംഗങ്ങളെയും സംഘർഷഭരിതമാക്കുന്നു. ചെറിയ ചെറിയ കഥാഭാഗങ്ങൾ ഒന്നിടവിട്ട് വിഭിന്നനാദങ്ങളുയർത്തുകയും, ആകത്തുകയിൽ ആ നാദ വിശേഷങ്ങൾ ഒരേ ലയത്തിൽ അലിഞ്ഞു ചേരുകയും ചെയ്യുന്നതായി അനുവാചകർക്കനുഭവപ്പെടുന്നു. ആകെക്കൂടി ഒരു വാദ്യ സംഗീതത്തിന്റെ സ്വഭാവം ഈ കഥ അതിന്റെ സമഗ്രതയിൽ ഉൾക്കൊള്ളുന്നു എന്നു പറയാം. ഐഹികവും പാരത്രികവുമായ വിഭിന്നനാദങ്ങൾ ഒന്നായി ചേർന്ന് മനുഷ്യജന്മം എന്ന ദുരൂഹ വിസ്മയത്തിലേക്ക് എത്തിനോക്കാനുള്ള ജാലകത്തിൽ നമ്മെ നയിക്കുന്നു.
ഈ നോവലിനു വേണ്ടി ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങൾ നോവലിൽ ചേർത്തിട്ടുണ്ട്.
തടാകതീരത്ത്: തൊള്ളായിരത്തി അറുപതുകളിലെ കൽക്കത്തയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ജോലിക്കായി എത്തിപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം. കൽക്കത്തയിൽ ബാലിഗഞ്ചിലെ പേരുകേട്ട തടാകത്തിന്റെ അടുത്ത് ഒരു വീട്ടിൽ താമസമാക്കിയ അയാളുടെ സ്വയം മനസ്സിലാക്കാൻ പറ്റാത്ത വിചിത്രമായ പ്രേമബന്ധങ്ങൾ, അയാൾക്കു ചുറ്റും അതിലേറെ വിചിത്രമായ ബന്ധങ്ങളുള്ള കുറേ മനുഷ്യർ, തൊഴുത്തിൽക്കുത്തുകളും സ്‌നേഹത്തിന്റെ ഊഷ്മളതയും ഇടകലർന്ന ഓഫീസ് അന്തരീക്ഷം ഇവയെല്ലാം ഈ നോവലിന്റെ ഊടും പാവും കരയുമാകുന്നു. വൈവിദ്ധ്യങ്ങളുടെ നഗരമായ കൽക്കത്തയാണ് ഇതിലെ പശ്ചാത്തലം. ഇതിനു സമാന്തരമായി ഫ്രാങ്ക് എന്ന ആംഗ്ലോ ഇന്ത്യന്റെ വിചിത്രമായ ജീവിതം അനാവരണം ചെയ്യപ്പെടുന്നു. കൂട്ടിക്കൊടുപ്പിന്റെയും കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ ഇടയിലും മനസ്സാക്ഷി കൈമോശം വരാതെ സൂക്ഷിച്ച ഈ എഴുപത്തഞ്ചുകാരന്റെ ജീവിതം രമേശൻ എന്ന ചെറുപ്പക്കാരന് ഒരദ്ഭുതമാകുന്നു.