ഈ വാല്യത്തില്‍ ഉൾപ്പെടുത്തിയ നോവലുകൾ: 1. കൊച്ചമ്പ്രാട്ടി 2. പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 3. ഉറങ്ങുന്ന സർപ്പങ്ങൾ
കൊച്ചമ്പ്രാട്ടി: ഒരു കാലത്ത് പ്രബലമായിരുന്ന നായർ സമുദായത്തിന്റെ പടിപടിയായിട്ടുണ്ടായ അധഃപതനവും താഴെ നിന്നിരുന്ന സമുദായങ്ങളുടെ ഉദ്ഗതിയും ഉണ്ടായ ഒരു കാലഘട്ടമാണ് നോവലിലേത്. ആ വീഴ്ചയിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയ്ക്കാകട്ടെ പാരമ്പര്യത്തെയും തലമുറകളായി ആദരിച്ചുവന്ന പല വിശ്വാസങ്ങളേയും ധിക്കരിക്കേണ്ടിവരുന്നു. ധീരമായ മനസ്സോടെ അവൾ അതു ചെയ്യുമ്പോൾ തറവാട്ടിന്റെ ഇരുണ്ട ഉൾഭാഗങ്ങളിൽനിന്ന് ചീഞ്ഞുതുടങ്ങിയ ഒരു വ്യവസ്ഥിതി മാറ്റത്തിന്റെ വെളിച്ചത്തിന് ഇടം നല്കി ഒഴിഞ്ഞു പോകുകയാണ്. ആധുനിക പദാവലിയുടെ ചുവടുവച്ച് ഇതൊരു ദളിതന്റെ കഥ കൂടിയാണെന്നു പറയാം.
പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ: അഞ്ജലി 23 വയസ്സ്, സുഭാഷ് 27 വയസ്സ് - ബെംഗളൂരിലെ രണ്ടു സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, അവർ തമ്മിലുള്ള വിചിത്രമായ ബന്ധങ്ങൾ. സോഫ്റ്റ് വെയർ എഞ്ചിനീയർമാരെപ്പറ്റിയുള്ള എല്ലാ ധാരണകളും മാറ്റി മറിക്കുന്നതാണ് ഈ നോവൽ. നർമ്മോക്തിയുള്ള സംഭാഷണങ്ങൾ നിങ്ങളുടെ വായന ഒരു നല്ല അനുഭവമാക്കുന്നു.
ഉറങ്ങുന്ന സർപ്പങ്ങൾ: സീമ എന്ന ചിത്രകാരിയുടെ അസാധാരണ ജീവിതം, അതിൽ അറിയാതെ ആകർഷിക്കപ്പെട്ട ചെറുപ്പക്കാരൻ മനോഹരൻ. വിധി വളരെ പരുഷമായി രണ്ടു പേരോടും പെരുമാറുന്നു. വളരെ മനസ്സിൽ തട്ടുന്ന ഒരു പ്രേമ കഥ. അതിനിടയിൽ കടന്നു വരുന്ന സുന്ദരിയായ ഊർമ്മിള. അവൾ സൂക്ഷിക്കുന്ന രഹസ്യം മനോഹരന്റെ ജീവിതത്തെ അട്ടിമറിക്കുകയാണ്. തീർച്ചയായും വായിച്ചിരിക്കേണ്ട നോവലാണ് ഉറങ്ങുന്ന സർപ്പങ്ങൾ.