എഴുപതാം പിറന്നാൾ അടുത്തുവന്നപ്പോൾ ഞാൻ ആലോചിച്ചത് ഈ പിറന്നാളിന് എന്നെ സ്‌നേഹിച്ച വായനക്കാർക്ക് എന്തു സമ്മാനം കൊടുക്കുമെന്നായിരുന്നു. തൊള്ളായിരത്തി അറുപത്തിരണ്ടിൽ എഴുതാൻ തുടങ്ങിയതു മുതൽ എന്റെ കഥകളെ സ്‌നേഹിക്കുകയും ഹൃദയത്തോടടുപ്പിച്ചു നിർത്തുകയും ചെയ്ത എന്റെ വായനക്കാർ നിരവധിയാണ്. 'ആസ്ഥാന നിരൂപകർ' എന്റെ കഥകളെയും നോവലുകളെയും പാടെ തഴഞ്ഞപ്പോൾ എനിക്ക് സാന്ത്വനമായി വന്നത് വായനക്കാരുടെ സ്‌നേഹവും പ്രോത്സാഹനവുമായിരുന്നു, പിന്നെ എന്റെ കഥകൾ ഇഷ്ടമായിരുന്ന ഏതാനും നിരൂപകരുടെ അഭിപ്രായങ്ങളും. അങ്ങിനെയാണ് അമ്പതു വർഷത്തെ എന്റെ സാഹിത്യജീവിതം വായനക്കാർക്കു സമ്മാനിക്കുക എന്ന ആശയം മനസ്സിലൂന്നിയത്.
വെറുതെ കഥകളും നോവലുകളും ഒരു സി.ഡി.യിലാക്കിയാൽ പോര അതിലെന്തെങ്കിലും പുതുമയും വേണമെന്നു തോന്നി. ഒരു കഥയോ, നോവലോ പുസ്തകമാക്കിയാലുള്ളതിനേക്കാൾ രസം അതൊരു വാരികയിൽ വായിക്കുന്നതാണ്. ഇത് എന്റെ മാത്രം അനുഭവമല്ല. അതിനു പ്രധാന കാരണം അതിലെ രേഖാചിത്രങ്ങളാണെന്നു തോന്നുന്നു. പിന്നെ വായനയുടെ രസം പിടിച്ചുവന്ന ചെറുപ്രായത്തിൽ കഥകൾ വായിച്ചാസ്വദിച്ചിരുന്നത് വാരികകൾ വഴിയായിരുന്നു. അതിൽ ഒരു ഗൃഹാതുരത ഇപ്പോഴുമനുഭവപ്പെടുന്നു. പതിമൂന്ന് പതിനാലു വയസ്സുകാലത്ത് ഉറൂബിന്റെയും ബഷീറിന്റെയും കഥകളും നോവലുകളും എം.വി. ദേവന്റെയും എ.എസ്സിന്റെയും രേഖാചിത്രങ്ങളോടെ വായിച്ചതാണോർമ്മ വരുന്നത്. ആ രേഖാചിത്രങ്ങൾ കഥയുടെ സന്ദർഭങ്ങളോടെ ഇന്നും മനസ്സിൽ പച്ചയായി നിൽക്കുന്നു.
അതേപോലെ, അതായത് വാരികകളിൽ പ്രത്യക്ഷപ്പെട്ടതുപോലെ, എന്റെ കഥകളും നോവലുകളും ഒരു സി.ഡി.യിലാക്കാമെന്ന് കരുതി. എളുപ്പമല്ല കാര്യങ്ങളെന്ന് പെട്ടെന്ന് മനസ്സിലായി. പഴയ ആഴ്ചപ്പതിപ്പുകളിലെ കഥകൾ സ്‌കാൻ ചെയ്തു നോക്കിയപ്പോൾ അതിന്റെ ഫലം തീരെ തൃപ്തികരമായിരുന്നില്ല. ഒന്നാമതായി കാണാൻ ഭംഗിയില്ല. പിന്നെ അക്ഷരങ്ങളെല്ലാം മങ്ങി സുഗമമായി വായിക്കാൻ പറ്റാത്ത പരുവത്തിലായിരിക്കുന്നു. പഴയ കടലാസ്സിന്റെ മഞ്ഞനിറം കയറിയ പേജുകൾ വെളുപ്പിക്കാൻ കഴിയില്ലെന്നു മനസ്സിലായി. ഗ്രേസ്‌കെയിലിലാക്കിയാൽക്കൂടി ഇരുണ്ട ഭാഗങ്ങൾ ഇരുണ്ടുതന്നെ കിടന്നു. വെളുപ്പിക്കാൻ ശ്രമിച്ചാൽ അക്ഷരങ്ങൾ മാഞ്ഞുപോകും. ഇനി?
ആദ്യമായി എന്റെ കഥകളും നോവലുകളുമുള്ള വാരികകൾ കൊണ്ടുവരണം. വാരികകളെല്ലാം ഞാൻ ബൈന്റു ചെയ്തുവച്ചിരുന്നു. ഞാൻ എറണാകുളത്തുനിന്ന് 2007ൽ തൃശ്ശൂരിലേയ്ക്കു താമസം മാറ്റിയപ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം ഷെൽഫടക്കം സമസ്തകേരള സാഹിത്യ പരിഷത്തിനെ ഏല്പിച്ചിരുന്നു. അതോടൊപ്പം തന്നെ ഈ ബൈന്ററുകളും കൊടുക്കുകയാണുണ്ടായത്. പുസ്തകങ്ങളും ബൈന്ററുകളും അവിടെ സൂക്ഷിക്കാനുള്ള എന്റെ ആഗ്രഹം സൂചിപ്പിച്ചപ്പോൾ സ്‌നേഹിതനും പരിഷത്ത് സെക്രട്ടരിയുമായ ശ്രീ. എം.വി. ബെന്നിതന്നെ വീട്ടിൽ വന്ന് അതെല്ലാം കൊണ്ടുപോകുകയാണുണ്ടായത്. ആദ്യത്തെ പടി ആ ബൈന്ററുകളെല്ലാം കൊണ്ടുവരികയാണ്. എന്റെ സാഹിത്യമുള്ള വാരികകൾ ബൈന്റു ചെയ്തവ മുപ്പതിലധികമുണ്ടായിരുന്നു. അതെല്ലാം കൊണ്ടുവന്ന് ഓരോന്നായി ബൈന്റ് പൊളിച്ചെടുത്ത് സ്‌കാൻ ചെയ്യാൻ തുടങ്ങി. ബൈന്റോടുകൂടി സ്‌കാൻ ചെയ്യാൻ പറ്റില്ല. സ്‌കാൻ ചെയ്തശേഷം അവ വീണ്ടും ബൈന്റ് ചെയ്യുകയാണുണ്ടായത്.
അടുത്ത പരിപാടി ഈ പേജുകളിലുള്ള രേഖാചിത്രങ്ങൾ നന്നാക്കിയെടുക്കുകയാണ്. വളരെ സമയം വേണ്ടിവന്നു ഈ ജോലിക്ക്. ഓരോ ചതുരശ്ര ഇഞ്ചും ശ്രദ്ധാപൂർവ്വം എഡിറ്റു ചെയ്യണം. ഫോട്ടോഷോപ്പിലുള്ള ഈ ജോലിയാണ് ഏറെ സമയമെടുത്തത്. ഏറെ രസകരമായിട്ടുള്ളതും. വളരെ പഴയ മാസികകളിൽ വന്ന ചിത്രങ്ങൾ സ്‌കാൻ ചെയ്തപ്പോൾ പലയിടത്തും വരകൾ മാഞ്ഞുപോയിരുന്നു. അതെല്ലാം ശരിയാക്കൽ മ്യൂസിയത്തിൽ പഴയ പെയ് ന്റിങ് ശരിയാക്കിയെടുക്കുന്നതിനെ (restoration work) ഓർമ്മിപ്പിച്ചു. ചില ചിത്രങ്ങൾ ശരിയാക്കിയെടുക്കാൻ മണിക്കൂറുകളുടെ അദ്ധ്വാനംതന്നെയുണ്ടായിരുന്നു. അതുപോലെ ടൈറ്റിൽ കാലിഗ്രഫിയും ഫോട്ടോഷോപ്പിലിട്ട് നന്നാക്കിയെടുത്തു.
എഴുന്നൂറോളം സ്‌കെച്ചുകളും മുന്നൂറോളം ടൈറ്റിലുകളും ഈ വിധം ശരിയാക്കിയെടുത്തു. ഇനിയുള്ള ജോലി വാരികകളുടെ കവർ ചിത്രങ്ങൾ നന്നാക്കിയെടുക്കുന്നതാണ്. ഓരോ കഥ ചേർക്കുമ്പോഴും ആ വാരികയുടെ കവർ ചിത്രവും ഒപ്പം കൊടുക്കുന്നുണ്ട്. ഇതും നല്ലൊരു പണിയായിരുന്നു.
ഇനിയാണ് ഏറ്റവും വിഷമം പിടിച്ച ജോലി. അതായത് പേജ് സെറ്റിങ്. സ്‌കാൻ ചെയ്ത പേജുകൾ അപ്പടി ചേർക്കാൻ പറ്റില്ലെന്നു മനസ്സിലായി. ഇപ്പോൾ ചെയ്തത് നേരത്തെ നന്നാക്കിയെടുത്ത ടൈറ്റിലും സ്‌കെച്ചുകളും ചേർത്ത് വാരികകളിൽ വന്ന അതേ ഫോർമാറ്റിൽ പേജ് സെറ്റുചെയ്യുകയാണ്. മിക്കവാറും എല്ലാ കഥയും കമ്പ്യൂട്ടറിലുണ്ട്. പക്ഷെ കാര്യമില്ല. ആദ്യത്തെ മിക്കവാറും കഥകൾ മറ്റൊരു ലിപിയിലാണ്. അതാകട്ടെ പി.ഡി.എഫ് ആക്കാൻ പറ്റുന്നുമില്ല. ആക്കാം, പക്ഷെ മറ്റൊരു കമ്പ്യൂട്ടറിൽ അതു വായിക്കണമെങ്കിൽ ആ കമ്പ്യൂട്ടറിലും ഈ ഫോണ്ടുകൾ (ലിപി) വേണമെന്നർത്ഥം. കുറേ ചെയ്തു കഴിഞ്ഞപ്പോഴാണ് ഇതെനിക്കു മനസ്സിലായത്. അതോടെ ആ കഥകളെല്ലാം ഒന്നുകിൽ ഫോണ്ട് കൺവർട് ചെയ്യുക, അങ്ങിനെ ചെയ്യാൻ കഴിയാത്തവ പുതുതായി ടൈപ്‌സെറ്റ് ചെയ്യുക എന്ന ജോലി തുടങ്ങേണ്ടി വന്നു. ഈ കാര്യത്തിൽ എനിക്ക് സഹായമുണ്ടായിരുന്നു. അച്ഛന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം ഇറക്കിയപ്പോൾ ടൈപ്‌സെറ്റ് ചെയ്തുതന്ന കുട്ടിതന്നെ അതും ചെയ്തുതന്നു, വളരെ ഭംഗിയായി. ഇതിനുശേഷമാണ് പേജ് സെറ്റിങ് തുടങ്ങിയത്. ആ ജോലിയും സുഗമമായിരുന്നില്ല. വാരികകളിൽ കഥകൾ, അല്ലെങ്കിൽ നോവലുകൾ പ്രസിദ്ധീകരിച്ച അതേപോലെ പേജുണ്ടാക്കണമെന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞശേഷം ഈ പേജുകൾ പി.ഡി.എഫ് ആക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റൊരു പ്രശ്‌നം തലപൊക്കിയത്. കളർ എൻകോഡിങ്ങായിരുന്നു പുതിയ പ്രശ്‌നം. ഫോട്ടോഷോപ്പിലുണ്ടാക്കിയ, അല്ലെങ്കിൽ നന്നാക്കിയെടുത്ത ഒരു കളർ സ്‌കെച്ച് പേജ്‌മേക്കറിൽ വരുമ്പോൾ ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇനി അപ്പോൾ പ്രശ്‌നമുണ്ടാക്കിയില്ലെങ്കിൽത്തന്നെ പേജ് പി.ഡി.എഫ് ആക്കുമ്പോൾ ശരിയാവുന്നില്ല. എന്താണ് പ്രശ്‌നമെന്നു മനസ്സിലായാൽത്തന്നെ വീണ്ടും ആ പേജ് പുതുതായി സെറ്റുചെയ്താലെ ശരിയാകാറുള്ളു. കൂടുതൽ വിശദാംശങ്ങളിലേയ്ക്കിപ്പോൾ കടക്കുന്നില്ല.
സ്‌കാൻ കഴിഞ്ഞ് കണക്കെടുത്തപ്പോഴാണ് മനസ്സിലായത് രണ്ടു ബൈന്ററുകൾ നഷ്ടപ്പെട്ടിരിക്കുന്നു. അതും കലാകൗമുദിയുടെ ആദ്യകാല ലക്കങ്ങളുള്ളവ. കലാകൗമുദിയുടെ രണ്ടാമത്തെ ലക്കത്തിൽ എന്റെ 'കുങ്കുമം വിതറിയ വഴികൾ' എന്ന കഥ പ്രസിദ്ധീകരിച്ചിരുന്നു. അന്നുതൊട്ട് എനിക്ക് കുറച്ചെങ്കിലും പേർ നേടിത്തന്ന കഥകൾ വന്നിരുന്നത് കലാകൗമുദിയിലായിരുന്നു. എഴുപത്തിനാലുതൊട്ട് എൺപതുകളുടെ ആദ്യംവരെയുള്ള ലക്കങ്ങൾ. എനിക്ക് വളരെ സങ്കടം തോന്നി. ആ രണ്ടു ബൈന്ററുകളും ഞാൻ പ്രത്യേകം സൂക്ഷിച്ചുവച്ചവയായിരുന്നു. ആ കഥകളെല്ലാം എന്റെ കൈവശമുണ്ട്, പക്ഷെ ആ ലക്കങ്ങളുടെ കവർ ചിത്രമോ, സ്‌കെച്ചുകളോ ടൈറ്റിൽ കാലിഗ്രാഫിയോ ചേർക്കാൻ കഴിയില്ല. അതു വലിയ നഷ്ടമായി തോന്നി എനിക്ക്. ആ ലക്കങ്ങൾക്കു വേണ്ടി ഞാൻ ശ്രമിച്ചു. അക്കാദമിയുടെ അപ്പൻ തമ്പുരാൻ സ്മാരകത്തിൽ വാരികകളുടെ പഴയ ലക്കങ്ങൾ സൂക്ഷിച്ചുവച്ചവയിൽനിന്ന് ഏതാനും ലക്കങ്ങൾ കിട്ടി. പിന്നെ വാരികകളിൽ നഷ്ടപ്പെട്ട ലക്കങ്ങളെക്കുറിച്ച് കുറിപ്പു കൊടുത്തതിൽ നിന്ന് ഒരേയൊരു പ്രതികരണമാണ് കിട്ടിയത്. തിരുവനന്തപുരത്തുനിന്ന് ശ്രീ. സി.ആർ. ബൈജു. അദ്ദേഹം ഫോണിൽ വിളിച്ചു പറഞ്ഞു. 'ബസ്സ് തെറ്റാതിരിക്കാൻ' എന്ന കഥ വന്നത് കലാകൗമുദിയിലല്ല, മറിച്ച് കേരളകൗമുദി ഓണപ്പതിപ്പിലാണ് എന്ന്. മാത്രമല്ല ആ ലക്കം അദ്ദേഹത്തിന്റെ കയ്യിലുണ്ട് അത് അയച്ചുതരാമെന്നും. ആ കഥ കലാകൗമുദിയുടെ ഓണപ്പതിപ്പിലാണ് വന്നതെന്നായിരുന്നു ഞാൻ കരുതിയത്. അപ്പോഴാണ് ശ്രീ. എം.എസ്. മണിയുടെ കത്ത് ഓർത്തത്. കഥ കിട്ടിയപ്പോൾ, അത് ഏകദേശം ജനുവരി മാസമായിരുന്നെന്നാണോർമ്മ അദ്ദേഹം എഴുതി, ഈ കഥ ഞാൻ കേരളകൗമുദി ഓണപ്പതിപ്പിൽ ചേർക്കാനായി എടുത്തുവയ്ക്കട്ടെ എന്ന്. ശ്രീ. എം.എസ്. മണിയും എസ്. ജയചന്ദ്രൻ നായരുമായിരുന്നു ആ കൊല്ലത്തെ (1980) കേരളകൗമുദി ഓണപ്പതിപ്പ് നോക്കിയിരുന്നത്. കേരളകൗമുദി ഓണപ്പതിപ്പിന്റെ ആ ലക്കം കിട്ടിയപ്പോൾ എനിക്കു വളരെ സന്തോഷമായി. ശ്രീ. ബൈജുവിനോട് എനിക്ക് നന്ദിയുണ്ട്, കടപ്പാടുണ്ട്.
ഇനിയും ഏഴോ എട്ടോ ലക്കം കിട്ടാനുണ്ട്. ആ കഥകളെല്ലാം സി.ഡി.യിൽ സ്‌കെച്ചുകളില്ലാതെ ചേർക്കേണ്ടിവന്നു.
സി.ഡി.യുണ്ടാക്കിയത് എച്ച്.ടി.എം.എല്ലിലായിരുന്നു(html), കാരണം അതിലെ ഉള്ളടക്കം മുഴുവനായി എന്റെ വെബ്‌സൈറ്റിലും കൊടുക്കണം. (www.e-harikumar.com).
ഇതിന്റെ ഗുണമെന്തെന്നാൽ ഒരു വെബ്‌സൈറ്റിലുടെ സഞ്ചരിക്കുന്ന അതേ ലാഘവത്തോടെ വായനക്കാരന് ഈ സി.ഡി.യും കൈകാര്യം ചെയ്യാം. ഓരോ പേജിലേയ്ക്കും ലിങ്കുകൾ കൊടുത്തിട്ടുണ്ട്. ഉദാഹരണമായി ചെറുകഥകൾ വായിക്കാനായി കഥകളുടെ പേജിലേയ്ക്ക് ലിങ്കുണ്ട്. ഓരോ കഥയിലെത്താനും ക്ലിക് ചെയ്താൽ മതി. അതേപോലെത്തന്നെ കഥാസമാഹാരങ്ങൾക്കും വേറൊരു പേജുണ്ട്. നോവലുകൾക്ക്, ഞാനെഴുതിയ ഓരേയൊരു നാടകത്തിന് അതു പോലെ കഥകളുടെ ഇംഗ്ലീഷ് തർജ്ജമകൾക്ക് ഒക്കെ വെവ്വേറെ ലിങ്കുകൾ ഒരുക്കിയിട്ടുണ്ട്. താഴെ കൊടുത്തിട്ടുള്ളവയാണ് ഇതിന്റെ ഉള്ളടക്കം:
ഇതിൽ പഴയ കഥകളുടെ ടൈപ്‌സെറ്റിങ് ചെയ്തത് എം.ജെ. സീനയാണ്, പ്രൂഫ് വായിച്ച് തിരുത്തിയത് ലളിതയും. ബാക്കിയുള്ള എല്ലാ ജോലിയും, സി.ഡി. കവർ ഡിസൈനടക്കം ഞാൻതന്നെയാണ് ചെയ്തത്. അതിൽ അഭിമാനമുണ്ട്, മാത്രമല്ല ഈ ജോലി പുറത്തുകൊടുത്താൽ വരുന്ന വലിയ സാമ്പത്തിക ഭാരം ഒഴിവാക്കാനും പറ്റി.
എന്റെ സാഹിത്യം പ്രിയപ്പെട്ട വായനക്കാർക്കായി സമർപ്പിക്കുന്നതിൽ അതീവ സന്തോഷമുണ്ട്.