ഭൂമിയുടെ മറുഭാഗത്തുനിന്ന് ജേക്കബ് തോമസിന്റെ ഫോൺ വരും. മാസത്തിലൊരിക്കൽ, അല്ലെങ്കിൽ കൂടുതൽ തവണ. കഥകളെപ്പറ്റിയായിരിക്കും സംസാരം. ഒന്നുകിൽ ജേക്കബ് എഴുതിയ കവിതയെപ്പറ്റിയോ കഥയെപ്പറ്റിയോ അല്ലെങ്കിൽ റീനിയുടെ കഥകളെപ്പറ്റിയോ അതുമല്ലെങ്കിൽ ഞാൻ അടുത്ത് അയച്ചുകൊടുത്ത എന്റെ കഥയെപ്പറ്റിയോ ആയിരിക്കും സംസാരിക്കുക. എന്റെ കഥ ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ വന്നിട്ടുണ്ടെങ്കിൽ അത് അവർക്കയച്ചുകൊടുക്കണം. ഇമെയിലായി അയക്കാൻ സൗകര്യമുള്ളതുകൊണ്ട് എളുപ്പം അയച്ചുകൊടുക്കും. അതു വായിച്ച ഉടനെ അതിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും അറിയിക്കും. ഇടയ്ക്ക് ജേക്കബ് നാട്ടിലേയ്ക്കു വരുമ്പോൾ മറ്റു പല മലയാള പ്രസിദ്ധീകരണങ്ങൾക്കൊപ്പം എന്റെ പുസ്തകങ്ങളും വാങ്ങി കൊണ്ടുപോകാറുണ്ട്. നേരിട്ട് ഓൺലൈൻ ബുക്‌സ്റ്റോറായ ഇന്ദുലേഖ ഡോട് കോം വഴിയ്ക്കും വാങ്ങാറുണ്ട്. ഒരിക്കൽ വാങ്ങിയ പുസ്തകങ്ങളിലൊന്ന് എന്റെ 'ആസക്തിയുടെ അഗ്നിനാളങ്ങൾ' എന്ന നോവലായിരുന്നു. ആ നോവൽ റീനിയ്ക്കാണ് കൂടുതൽ ഇഷ്ടമായത്. അവളത് മുന്നു വട്ടം വായിച്ചെന്നു പറഞ്ഞു. വെറും വായിക്കലല്ല, ശ്രദ്ധയോടു കൂടിയുള്ള വായനതന്നെ. ഒരു പക്ഷെ ഈ നോവൽ മൂന്നു വട്ടം വായിച്ച രണ്ടാമത്തെ വായനക്കാരൻ/വായനക്കാരി റീനിയായിരിക്കും. ആദ്യത്തേത് അതിന്റെ കർത്താവു തന്നെ. അങ്ങേരാകട്ടെ മൂന്നല്ല മുപ്പതു തവണയിലധികം അതു വായിച്ചിട്ടുണ്ട്. ഒരിക്കൽ ഫോണിൽ സംസാരിക്കുമ്പോൾ ജേക്കബ് പറഞ്ഞു, 'ഇതാ റീനിയ്ക്ക് ആസക്തിയുടെ അഗ്നിനാളങ്ങളെപ്പറ്റി എന്തോ സംസാരിക്കാനുണ്ടത്രേ. മൂപ്പത്യാരത് മൂന്നു പ്രാവശ്യം വായിച്ചു, ഇപ്പോൾ നാലാമത്തെ തവണ വായിക്കാനെടുത്തിരിക്ക്യാണ്. എന്തോ സംശയണ്ട്ന്ന്.'
ഞാൻ കുറച്ച് ജാഗ്രതയിലിരുന്നു. ഇനി റീനി എന്തൊക്കെയാണാവോ ചോദിക്കുക. എന്റെ കഥകളെപ്പറ്റി ആരെങ്കിലും സംസാരിക്കുമ്പോൾ ഞാനൊരു വിഷമഘട്ടത്തിലാവാറുണ്ട്. പലപ്പോഴും മറുപടി അറിയാമെങ്കിലും അത് പറയാൻ പറ്റാത്ത പരുവത്തിലായിരിക്കും. റീനി സംസാരിക്കുകയായിരുന്നു.
'ഹരിയേട്ടാ....'
റീനി ചോദിച്ചെതെന്താണെന്നു എഴുതും മുമ്പ് ഞാനൊരു കാര്യം പറയാം. ആദ്യമായി ഒരെഴുത്തുകാരനെയോ എഴുത്തുകാരിയെയോ പരിചയപ്പെടുമ്പോൾ ഞാൻ ഹരിയേട്ടൻ എന്നു പറഞ്ഞാണ് പരിചയപ്പെടുക. കാരണമെന്തെന്നാൽ 'അപ്പൂപ്പാ....' എന്ന വിളി ഒഴിവാക്കാൻ പറ്റിയ എറ്റവും നല്ല മാർഗ്ഗമായി കണ്ടതാണിത്. വളരെ ചെറുപ്പക്കാരായ എഴുത്തുകാരെയും മറ്റ് സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരെയും (അതായത് ഇരുപത്തഞ്ചു, മുപ്പതു വയസ്സിനു താഴെ) പരിചയപ്പെടുമ്പോൾ 'ഹരിമാമ' എന്നു വിളിക്കാൻ ആവശ്യപ്പെടും. കൈരളിയുടെ മാമ്പഴം പരിപാടിയിൽ ഇടശ്ശേരിക്കവിതകൾ ആലപിച്ച കുട്ടികൾ എന്നെ അങ്ങിനെയാണ് വിളിക്കുക. കേൾക്കാൻ സുഖമുണ്ട്. 'സാർ' എന്ന വിളിയേക്കാൾ കൂടുതൽ അടുപ്പം ഈ രണ്ടു സംബോധനകളോടാണ്.
'ആസക്തിയുടെ അഗ്നിനാളങ്ങൾ' എന്ന നോവലിൽ വളരെ വിചിത്രമായ പ്രതിഭാസങ്ങൾ അടങ്ങിയിട്ടുണ്ട്. മലമുകളിൽ യമദേവന്റെ അമ്പലത്തിനടിയിൽ പ്രതിഷ്ഠാസമയത്ത് സ്ഥാപിച്ചിട്ടുള്ള യന്ത്രത്തിന്റെ (എഞ്ചിൻ എന്നു പറയുന്നതല്ല കേട്ടോ ഇത്, ഈ യന്ത്രം താന്ത്രിക വിദ്യയുടേതാണ്) ശക്തമായ കാന്തിക പ്രസരണം, ആകാശത്ത് പറക്കുമ്പോൾ പെട്ടെന്ന് അപ്ര ത്യക്ഷമാകുന്ന പക്ഷികൾ, സമയം തകിടം മറിയുന്നുവെന്ന പ്രതീതിയുണ്ടാക്കാൻ പര്യാപ്തമായ പാറക്കെട്ടുകൾ, അവയ്ക്കിടയിൽ പുനർജനിയുടെ സ്രോതസ്സ്, സമയത്തിന് വിള്ളൽ സംഭവിക്കുന്നത്, പുനർജനനം, അങ്ങിനെ കുറേ പ്രകൃത്യതീതമായ പ്രതിഭാസങ്ങൾ. ഇതൊക്കെ അടങ്ങിയ ഒരു നോവൽ വീണ്ടും വീണ്ടും വായിക്കണമെങ്കിൽ, അത് ഉൾക്കൊള്ളണമെങ്കിൽ അപാരമായ ബുദ്ധി വേണം. റീനിയ്ക്കതുള്ളതുകൊണ്ടാണതുൾക്കൊള്ളാൻ കഴിഞ്ഞത്, മികച്ച കഥകളെഴുതുവാനും കഴിയുന്നത്. അവൾക്കറിയേണ്ടത് എന്താണ് ഈ കഥാപാത്രങ്ങൾതമ്മിലുള്ള ബന്ധം എന്നതാണ്, പ്രത്യേകിച്ചും സരളയും ജ്ഞാനാനന്ദനും ആനന്ദഗുരുവും തമ്മിലുള്ള ബന്ധം. അവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി അവൾ ഒരനുമാനത്തിലെത്തിക്കഴിഞ്ഞിരുന്നു, പക്ഷെ എന്നോടതു പറയില്ല, കാരണം അവൾ കൂട്ടിച്ചേർത്ത ചിത്രത്തിൽ കുറെ ഭാഗങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. കഷ്ണങ്ങൾ മുഴുവനുമില്ലാത്തതുകൊണ്ട് യോജിപ്പിച്ച് ചിത്രമാക്കാൻ പറ്റാതിരുന്ന ജിഗ്‌സോ പസ്ൽ പോലെ. ഞാൻ ശരിക്കും വിഷമിച്ചു. എല്ലാം വിവരിക്കുകയെന്നതിനർത്ഥം ഒരു വായനക്കാരിയുടെ ആസ്വാദനക്ഷമത ഒരു പരിധിവരെ നശിപ്പിക്കുകയെന്നാണ്. ഒരു എഴുത്തുകാരൻ സ്വന്തം കൃതിയുടെ കാതലായ വശം ഒരിക്കലും പുറത്തു വിടരുത്. അതൊരു ട്രേഡ് സീക്രറ്റാണ്. കഥ വായിക്കുമ്പോൾ ഓരോ വായനക്കാരനും വ്യത്യസ്തമായ കഥകളുണ്ടാക്കുകയാണ് ചെയ്യുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. നൂറു വായനക്കാരൻ നൂറു കഥകളുണ്ടാക്കുന്നു. മറിച്ച് എഴുത്തുകാരൻ സഹായത്തിനു ചെന്നാൽ എല്ലാ വായനക്കാരും ഒരു കഥ മാത്രമാണ് വായിക്കുന്നത്, മനസ്സിൽ കഥയുണ്ടാക്കുന്നുമില്ല. ആദ്യത്തെ വായനക്കാരനായാലും നൂറാമത്തെ വായനക്കാരനായാലും. അതൊരു നഷ്ടമല്ലെ? പിന്നെ താൻ എന്തിനാണ് 'എന്റെ സ്ത്രീകൾ' എന്ന സ്ത്രീപക്ഷ സമാഹാരത്തിൽ തൊണ്ണൂറ് പേജ് സ്വന്തം കഥകളെപ്പറ്റി പറയാൻ ചെലവാക്കിയത്? എന്ന ചോദ്യം വരാം. ആ പുസ്തകത്തിൽ കഥകളുടെ കാതൽ പറഞ്ഞുകൊടുക്കുകയല്ല ചെയ്തത്, മറിച്ച് പല കഥകളുടെയും പശ്ചാത്തലവും അതിലെ കഥാപാത്രങ്ങളെ പിന്നീട് കണ്ടപ്പോഴുണ്ടായ അനുഭവങ്ങളും മറ്റും വിവരിക്കുകയാണ്. ഇതെല്ലാം അറിയുമ്പോൾ ആസ്വാദനത്തിന് കൂടുതൽ മാധുര്യമുണ്ടാകും. പിന്നെ ഒരു ലേഖനം എന്റെ ജാതകം ഞാനറിയാതെത്തന്നെ ആകസ്മികമായി എന്റെ ജീവിതത്തിന്റെ തിരക്കഥയായതിനെപ്പറ്റിയാണ്.
അപ്പോൾ, എന്റെ മറുപടിയ്ക്കു വേണ്ടി ഫോണിന്റെ മറുവശത്ത് റീനി കാത്തിരിക്കയാണ്. അവളുടെ ചോദ്യം നോവലിന്റെ അവസാനഭാഗത്തെപ്പറ്റിയാണ്.
''ആളിക്കത്തുന്ന ഹോമകുണ്ഡത്തിനുമപ്പുറത്ത് മലനിരകൾ ഇരുട്ടിലാണ്ടു. എന്തുകൊണ്ടോ ആനന്ദഗുരു, വേലപ്പസ്വാമികളുടെ ദാരുണമായ പ്രവചനങ്ങൾ ഓർത്തു. ഗുരു ക്ഷീണിച്ചിരുന്നു. ഹോമകുണ്ഡത്തിലേയ്ക്കു നോക്കാൻ അദ്ദേഹം ഭയപ്പെട്ടു. ഉയർന്നുപൊങ്ങുന്ന തീജ്വാലകൾ എന്തോ പറയാൻ വെമ്പുന്നപോലെ. ഒരു നടുക്കത്തിന്റെ തീക്ഷ്ണതയോടെ, അവിശ്വസനീയമായ തെളിമയോടെ തരംഗങ്ങളായി വെളിപാടുകൾ വന്നുതുടങ്ങി. ജീവിതത്തിൽ രണ്ടാമതൊരു ദുരന്തത്തിന്റെ പീഡനം ഏറ്റുവാങ്ങാൻ തയ്യാറായി ഗുരു ഇരുന്നു.''
'എന്താണ് ഗുരുവിന് ഹോമകുണ്ഡത്തിലെ അഗ്നിനാളങ്ങളിലൂടെ ലഭിച്ച വെളിപാടുകൾ? എന്താണ് ആദ്യത്തെ ദുരന്തം?' അതാണ് റീനിയുടെ ചോദ്യങ്ങൾ.
നല്ല കാര്യായി! അതിൽ എല്ലാമടങ്ങിയിട്ടുള്ളതിനാൽ അതിനെപ്പറ്റി പറയാൻ എനിയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. ആദ്യത്തെ പ്രാവശ്യം എന്തോ ഒഴിവുകഴിവു പറഞ്ഞ് ഞാൻ തടിതപ്പി. പിന്നീട് മാസങ്ങൾക്കു ശേഷം വീണ്ടും റീനി ഈ ആവശ്യം പുറത്തെടുത്തപ്പോൾ ഞാൻ അവിടെയും ഇവിടെയും തൊടാതെ അങ്ങിനെയാവാം അല്ലെങ്കിൽ ഇങ്ങിനെയാവാം എന്നൊക്കെ കുറെ വിവരിച്ചു കൊടുത്തു. അതുകൊണ്ടവൾ തൃപ്തയായോ എന്നറിയില്ല, പക്ഷെ ഇന്നും എനിയ്ക്കു തോന്നുന്നത് ഞാൻ ഒന്നും പറയാൻ പാടില്ലായിരുന്നു എന്നാണ്. ഇപ്പോൾ ആ നോവലിനെപ്പറ്റി റീനിയുടെ മനസ്സിലുള്ള ചിത്രം എന്താണ് എന്നെനിക്കറിയില്ല.
ഈ നോവൽ വായിച്ചപ്പോൾ എറണാകുളത്തുള്ള എന്റെ സ്‌നേഹിതൻ ടി.കെ. സദാശിവൻ പറയുകയുണ്ടായി. 'നോവൽ നന്നായിട്ടുണ്ട്, പക്ഷെ ടൈം വാർപ്പിനെപ്പറ്റിയും മറ്റും ഇത്രയും വിശദീകരിക്കേണ്ട ആവശ്യമില്ലായിരുന്നു.' എന്നായിരുന്നു. നോവലിൽ സരളയ്ക്ക് അവളുടെ പ്രശ്‌നങ്ങളുടെ കാരണം സമയത്തിലുണ്ടായ വിള്ളലാകാമെന്നു ചെറുപ്പക്കാരനായ സന്യാസി ജ്ഞാനാനന്ദൻ പറഞ്ഞിരുന്നു. സദാശിവൻ കുറേയൊക്കെ അബ്സ്റ്റ്രാക്ഷന്റെ ആളായിരുന്നു. എന്നാൽ ഒരു പരിധിവരെ മാത്രമെ അബ്സ്റ്റ്രാക്ഷൻ ആകാവൂ എന്ന അഭിപ്രായക്കാരനാണ് ഞാൻ. വല്ലാതെ അമൂർത്തമായാൽ വായനക്കാർ പുസ്തകം അടച്ചുവച്ച് പുറം തിരിഞ്ഞു പോകും.
ഈ പുസ്തകത്തിന് വളരെ നല്ല റിവ്യൂകൾ ലഭിച്ചിട്ടുണ്ട്, പ്രത്യേകിച്ച് പ്രൊഫ. എം. കെ. സാനു (കുങ്കുമം വാരിക) ശ്രീ. കെ. കുഞ്ഞികൃഷ്ണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ശ്രീ. പി. കൃഷ്ണവാരിയർ (സമകാലിക മലയാളം) എന്നിവരിൽ നിന്ന്. അവർക്കും വളരെ നന്ദി ഇവിടെ പ്രകടിപ്പിക്കട്ടെ.