ഉമിത്തീയിൽ കിടന്ന മനുഷ്യൻ

അറുപത്തി രണ്ടിലോ മൂന്നിലോ, ഞാൻ ഒരിക്കൽ കൽക്കത്തയിൽ നിന്നു ലീവിൽ വന്നപ്പോൾ അച്ഛനെ കാണാൻ ധൃതിയായി കോടതിയിൽ പോയി. ഏകദേശം പതിനൊന്നു മണിയായിട്ടുണ്ടാകും. കോടതിയുടെ എതിർവശത്തുള്ള ഇരുനിലകെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് അച്ഛന്റെ മുറി. പുരാതനമായ മരക്കോണി ചവിട്ടിക്കയറി മുകളിലെ വരാന്തയിലെത്തി. അച്ഛന്റെ മുറിയുടെ വാതിൽ തുറന്നു കിടക്കുകയാണ്. വാതിലിനു തൊട്ടടുത്തുള്ള മേശക്കു പിന്നിൽ അച്ഛനിരിക്കുന്നു. മുമ്പിലിട്ട ബെഞ്ചിൽ രണ്ടു കക്ഷികൾ ഇരിക്കുന്നുണ്ട്. അവർക്കു വേണ്ടി എന്തോ ധൃതിയിൽ എഴുതിയുണ്ടാക്കുകയാണ് അച്ഛൻ. കവിതയല്ല, എന്തോ പ്രമാണമാണ്. മറുവശത്തിട്ട രണ്ടു മേശക്കു പിന്നിൽ അച്ഛന്റെ അസിസ്റ്റന്റുകളായ ശങ്കരേട്ടനും ചന്ദ്രേട്ടനും ഇരിക്കുന്നുണ്ട്. ഞാൻ മുറിയിൽ കടന്ന ഉടനെ അവർ എന്നെ നോക്കി ചിരിച്ചു.

'എപ്പഴാ വന്നത്?'

'ഇന്നു രാവിലെ.'

കൽക്കത്തയിൽനിന്ന് മദ്രാസിലേയ്ക്ക് രണ്ടു രാത്രിയും ഒരു പകലും, അവിടെനിന്ന് മംഗലാപുരം വണ്ടിയിൽ ഒരു രാത്രി കുറ്റിപ്പുറം വരെയുമുള്ള യാത്രയുടെ ആട്ടം എന്റെ മനസ്സിൽനിന്ന് പോയിട്ടുണ്ടായിരുന്നില്ല. ഞാൻ അച്ഛന്റെ മേശക്കു മുമ്പിൽ പോയി നിന്നു. അച്ഛൻ കടലാസിൽനിന്ന് മുഖമുയർത്താതെ എഴുതുകയാണ്. മുമ്പിലിരുന്ന മാപ്പിളമാർ എന്നെ നോക്കി ചിരിച്ചു, വീണ്ടും അച്ഛനെ നോക്കിയിരുപ്പായി. പിന്നിൽനിന്ന് ശങ്കരേട്ടൻ വിളിച്ചു പറഞ്ഞു.

'ഗോയ്‌ന്നേട്ടാ, ആരാ വന്നിരിക്കണ്ത്ന്ന് നോക്കു.'

അച്ഛൻ തലയുയർത്തി എന്നെ നോക്കി. മുഖത്ത് പരിചയഭാവമൊന്നുമില്ല. ഏതോ കക്ഷി വല്ല ഡോക്കുമെന്റും കൊടുത്തയക്കാൻ വേണ്ടി പറഞ്ഞയച്ച പയ്യനാണെന്നേ അച്ഛൻ വിചാരിച്ചിട്ടുണ്ടാവു. ഞാൻ വല്ലാതായി. 'ആരാ?' എന്ന ചോദ്യഭാവത്തിൽ അച്ഛൻ വീണ്ടും എന്നെ നോക്കുകയാണ്. എനിക്കു കൂടുതൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഞാൻ വിളിച്ചു.

'അച്ഛാ.....'

അതേ സമയത്തുതന്നെയാണ് ശങ്കരേട്ടൻ വിളിച്ചു പറഞ്ഞത്. 'അത് ഹരിയാണ്, എന്താ ഗോയ്‌ന്നേട്ടന് മനസ്സിലായില്ലേ?'

മുറിയുടെ ചുമരുകളിൽ പൊടി നിറഞ്ഞിരുന്നു. മുകളിൽ നിറയെ മാറാലകളും. അച്ഛൻ മറ്റേതോ ലോകത്തിലെത്തിപ്പെട്ട പോലെയാണ് എനിയ്ക്കു തോന്നിയത്. ഓർമ്മ വന്നത് ഡിക്കൻസിന്റെ ഒരു കഥാപാത്രത്തെയാണ്. മാനറ്റ് എന്ന തടവുകാരൻ. വർഷങ്ങളായി സൂക്ഷിച്ചുവച്ച ഒരു സ്വർണ്ണത്തലമുടിയിഴ വീണ്ടുമെടുത്തു മുമ്പിലിരിക്കുന്ന പെൺകുട്ടിയുടെ തലമുടിയുമായി ഒത്തുനോക്കുകയാണ്. എന്നോ നഷ്ടപ്പെട്ട ഒരു ഓർമ്മയുടെ തലനാരിഴ പിടിച്ചുകൊണ്ട് പാരീസിലെ ഇരുട്ടറയിലൊന്നിൽ തപ്പിനടക്കുന്ന വൃദ്ധൻ. എനിയ്ക്കു സങ്കടം വന്നു. ഒരു കൊല്ലം മുമ്പ് ഞാൻ നാട്ടിൽ വന്നു പോയിട്ടേയുള്ളു. ഇത്ര വേഗം അച്ഛനെന്നെ മറന്നുവോ? അന്നെനിയ്ക്ക് പത്തൊമ്പത്, ഇരുപതു വയസ്സേ ആയിരുന്നുള്ളു.

അക്കാലത്തു നടന്ന മറ്റൊരു സംഭവവും എന്നെ വിഷമിപ്പിച്ചു. ഒരിക്കൽ നാട്ടിൽ വന്നപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഉമ്മറത്തേയ്ക്കു കയറാനുള്ള ചവിട്ടുപടിയുടെ വശത്തായി മുറ്റത്ത് നട്ട റോസ് ചെടി പടർന്നു വലുതാകുകയല്ലാതെ പൂവിട്ടിരുന്നില്ല. ഓരോ വർഷവും ഞാൻ നാട്ടിൽ വരുമ്പോൾ അതിനെപ്പറ്റി അന്വേഷിക്കാറുണ്ട്. 'എന്താണാവോ, അതിൽ പൂവൊന്നുണ്ടാവ്ണ്ല്ല്യ' എന്ന മറുപടിയാണ് അനുജന്മാരിൽനിന്നു കിട്ടാറ്. അങ്ങിനെ രണ്ടുമൂന്നു വർഷം കഴിഞ്ഞു. ഒരിക്കൽ എനിക്കൊരു ഭൂതോദയമുണ്ടായി. 'ആ ചെടിയ്ക്ക് പാവം പൂവ്ണ്ടാവാന്ള്ള ചോപ്പ് നെറംണ്ടാവില്ല്യ.' ഞാൻ അനുജന്മാരോടു പറഞ്ഞു. 'നമുക്കൊരു കാര്യം ചെയ്യാം, ചോപ്പ് പൂക്കള് കൊണ്ടന്ന്ട്ട് അതിന്റെ കടയ്ക്കലിട്ട് മൂടാം. ഒന്നുകില് അതിന് പൂവ്ണ്ടാക്കാനാവശ്യള്ള ചോപ്പു നെറം കിട്ടും, അല്ലെങ്കില് അത് നാണിച്ച് പൂവിടാൻ തുടങ്ങും.'

അനുജന്മാർക്ക് ആ നിർദ്ദേശം സ്വീകാര്യമായി തോന്നി. അവർ ഓടിപ്പോയി ചെമ്പരത്തിയുടെയും റോസിന്റെയും പൂക്കൾ അറുത്തു കൊണ്ടുവന്നു, ആ ചെടിയുടെ കട തുരന്ന് നിക്ഷേപിച്ചു. അച്ഛൻ വൈകുന്നേരം വന്നപ്പോൾ ഈ കാര്യം പറഞ്ഞു. പരീക്ഷണങ്ങളെ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന അച്ഛന് അതിഷ്ടമായി. ഒരാഴ്ച്‌യ്ക്കുള്ളിൽ ലീവു കഴിഞ്ഞ് ഞാൻ കൽക്കത്തയ്ക്കു തിരിച്ചു പോകയും ചെയ്തു. രണ്ടു മാസം തികച്ചു കഴിഞ്ഞില്ല എനിക്ക് അനുജന്മാരുടെ കത്തു കിട്ടി, ആ റോസ് മൊട്ടിട്ടുവെന്നു പറഞ്ഞുകൊണ്ട്, താമസിയാതെ അതിൽ നിറയെ പൂക്കൾ വിരിഞ്ഞു. ഞാൻ അച്ഛന് എഴുതി, ആ റോസ് അഹല്യയാണെന്നും ഒരു അഭിനവരാമനെ കാത്തു കിടക്കുകയായിരുന്നെന്നും. ഒരിക്കൽ ഞാൻ വന്നു തൊട്ടപ്പോഴോൾ അവൾ പുഷ്പിണിയായി.

അച്ഛന്റെ തമാശയുള്ള കത്തു കിട്ടാനായി ഞാൻ കാത്തിരുന്നു. സാധാരണ എന്റെ ഈ വക കത്തുകൾക്ക് അച്ഛൻ നർമ്മത്തോടെ പ്രതികരിക്കാറുണ്ടായിരുന്നു. ഏതു വിഷമഘട്ടത്തിലും അച്ഛൻ നർമ്മം വെടിഞ്ഞിരുന്നില്ല. അച്ഛന്റെ കത്തു കിട്ടുകയുണ്ടായില്ല. എനിയ്ക്ക് വിഷമമായി. പല സംശയങ്ങളുമുണ്ടായി. എന്റെ കത്തിൽ എന്നെ സ്വയം ശ്രീരാമനായി ഉപമിച്ചത് അച്ഛന് ഇഷ്ടപ്പെട്ടില്ലേ? മകൻ തമാശ പറയുമ്പോഴും വിനയം കൈവെടിയരുതെന്ന് അദ്ദേഹത്തിനു നിർബ്ബന്ധമുണ്ടാവും. അല്ലെങ്കിൽ വേറെ എന്താണ് കാരണം?

പിന്നീടാണ് എനിയ്ക്കു മനസ്സിലാവുന്നത്, അച്ഛൻ കടന്നുപോന്ന ആ കാലത്തെപ്പറ്റി. സഹിച്ചുപോന്ന കഷ്ടപ്പാടുകളെപ്പറ്റി, നേരിടേണ്ടി വന്ന അപമാനങ്ങളെപ്പറ്റി, മോശമായിരുന്ന ആരോഗ്യത്തെപ്പറ്റി. മനസ്സാക്ഷിയെ വീട്ടിലടച്ചുപൂട്ടി പുറത്തിറങ്ങിയാൽ ഇതൊന്നും വേണ്ടിവരില്ലായിരുന്നു അച്ഛന്. ധാരാളം പണമുണ്ടാക്കാൻ പറ്റിയിരുന്ന ഒരു ജോലിയായിരുന്നു അച്ഛന്റേത്. ശരിയാണെന്ന് തനിയ്ക്കു തോന്നുന്ന കാര്യങ്ങളേ ചെയ്യൂ എന്നും ചെയ്യുന്നതെന്തും മറ്റുള്ളവർക്കുകൂടി നന്മ വരുത്തുന്നതാകണമെന്നുമുള്ള ആ പഴയ ഗാന്ധിയന്റെ വാശി. വൈകുന്നേരം കടയിൽ പോയി സാധനങ്ങൾ വാങ്ങാനായി അമ്മ ആവശ്യപ്പെടുമ്പോൾ ഞങ്ങൾ പണത്തിനായി അച്ഛൻ ഊരിയിട്ട ഷർട്ടു തപ്പാറുണ്ട്. അച്ഛൻ നേരത്തെ വീട്ടിലെത്തുന്ന ദിവസങ്ങളിൽ ഷർട്ടൂരി ചുവരിൽ തൂക്കാറുണ്ട്. പക്ഷെ അതിൽ കുറച്ചു ചില്ലറയോ, രണ്ടോ മൂന്നോ രൂപയോ മാത്രമേ പലപ്പോഴും കാണുകയുള്ളു. ചിലപ്പോൾ അതുമുണ്ടായില്ലെന്നു വരും. ഒരു പക്ഷെ അന്നു കിട്ടിയ കാശ്, യൂസഫലി കേച്ചേരി സാർ ഇടശ്ശേരിയെപ്പറ്റി മരണാനന്തരം എഴുതിയ ഒരു കവിതയിൽ പറഞ്ഞതുപോലെ, തീരെ ഗതിയില്ലാത്ത വല്ലവരുടെയും വീട്ടിൽ അരി വാങ്ങാനോ മരുന്നു വാങ്ങാനോ വേണ്ടി ദാനം ചെയ്തിട്ടുണ്ടാവും. അച്ഛന്റെ കഷ്ടപ്പാടുകളെപ്പറ്റിയൊന്നും ഞങ്ങൾ മക്കൾക്ക് അറിയില്ലായിരുന്നുവെന്ന് പറയുന്നത് ശരിയല്ല. പക്ഷെ അതെത്രത്തോളം ഭീകരമായിരുന്നു എന്നത് വളരെ പിന്നീടാണ് അറിയുന്നത്. ഇപ്പോഴും അതിന്റെ മുഴുവൻ വ്യാപ്തിയും അറിയുമോ എന്നു സംശയമാണ്. സാമ്പത്തിക പ്രശ്‌നങ്ങൾക്കു പുറമെ സാഹിത്യലോകത്തിന്റെ അവഗണനയും അച്ഛനെ വല്ലാതെ അലട്ടിയിരുന്നു. താനെഴുതുന്നതിന്റെ ഗുണമെന്താണെന്ന് അദ്ദേഹത്തിനു നല്ലവണ്ണം അറിയാമായിരുന്നു. അത് അവഗണന അർഹിക്കുന്നില്ലെന്ന അറിവ് അദ്ദേഹത്തെ വേദനിപ്പിച്ചു.

ഞങ്ങൾക്ക് തുണിത്തരങ്ങൾ വാങ്ങാനുള്ളപ്പോൾ ടൗണിലുള്ള ഒരു കടയിൽനിന്നായിരുന്നു വാങ്ങിയിരുന്നത്. കടമായിട്ട്. പണം കിട്ടുന്നതനുസരിച്ച് കോടതിയിൽനിന്നു വരുന്ന വഴി അച്ഛൻ ആ കടം കൊടുത്തു തീർക്കാറുണ്ടായിരുന്നു. ഒരിക്കൽ കടയുടമ അച്ഛനെ വഴിയിൽ തടഞ്ഞുനിർത്തി വളരെയധികം ശകാരിച്ചു. എത്രയോ കാലമായുള്ള കടം വീട്ടാത്തതിനെപ്പറ്റി. അച്ഛന് മനസ്സിലായില്ല, കാരണം പണം കിട്ടുന്നതിനനുസരിച്ച് അച്ഛൻ അയാളുടെ കടംവീട്ടാറുണ്ടായിരുന്നു. ഏതു കടവും ഒരു മാസമോ പരമാവധി രണ്ടു മാസമോ മാത്രമേ നിൽക്കാറുള്ളു. കണക്കു നോക്കിയപ്പോൾ കാര്യമിങ്ങനെയാണ് കണ്ടത്. അച്ഛൻ കൊടുക്കുന്ന പണമെല്ലാം അയാൾ ഏറ്റവും പുതിയ ബില്ലിനെതിരെ കണക്കു വയ്ക്കും. പുതിയ ബില്ലുകളൊന്നും ബാക്കിയില്ല, പഴയത് അങ്ങിനെ കിടക്കുന്നു. മറിച്ചാണ് വേണ്ടത്. എന്തായാലും എവിടെനിന്നോ കടം വാങ്ങി ഈ കടക്കാരനു കൊടുക്കാനുള്ള പണമെല്ലാം കൊടുത്തു പുറത്തിറങ്ങിയപ്പോൾ അച്ഛൻ ഒരു തീരുമാനമെടുത്തു. ഇനി കടമായി സാധനങ്ങൾ വാങ്ങില്ല.

ഈ കഥയൊന്നുമറിയാത്ത ഞങ്ങൾ അടുത്ത പ്രാവശ്യവും ആ കടയിൽനിന്നുതന്നെ സാധനങ്ങൾ വാങ്ങി, പണം റൊക്കമായി കൊടുത്തിട്ടുതന്നെ. പക്ഷെ അച്ഛന് അതിഷ്ടപ്പെട്ടില്ല. തന്നെ നടുറോഡിൽ വെച്ച് എല്ലാ പരിചയക്കാരുടെയും മുമ്പിൽവച്ച് അപമാനിച്ച ആളുടെ കടയിൽനിന്നുതന്നെ മക്കൾ പോയി വാങ്ങേണ്ടിയിരുന്നില്ല. അച്ഛന്റെ അതൃപ്തി അമ്മയോടു മാത്രമേ പറഞ്ഞുള്ളൂ. അമ്മയാണ് അതു ഞങ്ങളോടു പറഞ്ഞത്. അങ്ങിനെ എത്രയെത്ര അപമാനങ്ങൾ സഹിച്ചിട്ടുണ്ടാവണം ആ വലിയ മനുഷ്യൻ! അതിനിടയ്ക്ക് എന്റെ ചെറിയ പ്രശ്‌നങ്ങൾ എത്ര നിസ്സാരങ്ങളാണ്? ഒരു പനിനീർചെടി പൂത്തതിന്റെ പേരിൽ എന്നെ അഭിനന്ദിച്ചില്ലെന്നോ? ആ ചെടി പൂക്കേണ്ട സമയമാകുന്നേ ഉണ്ടാവൂ. ഞാൻ ചെടിയുടെ കടയ്ക്കൽ പുക്കൾ കുഴിച്ചിട്ടതേ ആയിരിക്കില്ല അതു പൂക്കാൻ കാരണം. ഞാൻ എത്ര ചെറുതായിരുന്നു എന്ന് എനിയ്ക്കിപ്പോൾ മനസ്സിലാവുന്നു.

''ദാരിദ്ര്യം പെറ്റുകൂട്ടും പലപല പരിഹാ-
സ്യങ്ങൾ പാപങ്ങൾ തിങ്ങി-
ക്കൂരയ്‌ക്കൊക്കുന്ന മജ്ജീവിത, മനുനിമിഷം
ഹന്ത, ശബ്ദായമാനം......

എന്നു തുടങ്ങുന്ന ഒരു ശ്ലോകത്തിൽ അച്ഛൻ പറയുന്നു. 'ഹേ ലക്ഷ്മീദേവി, കാൽത്താർകളിലടിയനിതാ വീണിരക്കുന്നു നീയും കേറിക്കൂടൊല്ല നിന്നോമനദുരിതശതം കൂടിയും പെറ്റുകൂട്ടാൻ' എന്ന്. ശതങ്ങളൊന്നും വേണ്ട, ഒരു പത്ത്, അല്ലെങ്കിൽ ഇരുപതുമായി ലക്ഷ്മീദേവിയ്ക്ക് ഒന്നെത്തിനോക്കാമായിരുന്നു. അച്ഛൻ ഒരുപക്ഷെ ഒരു 'പൂതപ്പാട്ടോ' 'നെല്ലുകുത്തുകാരി പാറുവിന്റെ കഥ'യോ 'ചകിരിക്കുഴിക'ളോ എഴുതുമായിരുന്നില്ല. പോട്ടെ, ഇപ്പോൾ എന്താണുണ്ടായത്? ഞങ്ങളുടെ അച്ഛൻ; അദ്ദേഹം ജീവിതം മുഴുവൻ നരകിച്ചു. മക്കളെ പട്ടിണിയ്ക്കിടാതെ നോക്കാൻ സ്വയം പട്ടിണി വരിച്ചു, അപമാനങ്ങൾ മൗനത്തോടെ സഹിച്ചു. ഒരു മനുഷ്യൻ ഉമിത്തീയിൽ കിടന്നു നീറിയാലെ നല്ല കവിതയുണ്ടാവൂ എങ്കിൽ എന്തിനാണ് നമുക്ക് അങ്ങിനത്തെ കവിത?

കലാകൗമുദി, 2006 ജനുവരി 8

ഇ ഹരികുമാര്‍

E Harikumar