ഡോ. മിനി പ്രസാദ്
ഇടവപ്പാതിയിലെ ആദ്യമഴ ഏതുതരത്തിലും മോഹിപ്പിക്കുന്നതാണ്. ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭൂതികൾ അത് സമ്മാനിക്കുകയും ചെയ്യുന്നു. ആ അനുഭൂതികളിലൂടെ ഒരാൾ സ്വന്തം ബാല്യകൗമാരങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതാണ് ഇ. ഹരികുമാറിന്റെ 'ശ്രീപാർവതിയുടെ പാദം' എന്ന ചെറുകഥയുടെ പ്രമേയം. നഗരവാസിയായ മാധവി തന്റെ ഭൂതകാല സൗഭാഗ്യങ്ങൾ അനുഭവിക്കാനായി തറവാട്ടിലേയ്ക്കു നടത്തുന്ന യാത്രയും അനുഭവങ്ങളുമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. തറവാട്ടിൽ കഴിയുന്ന ഒരു ദിവസം അവരനുഭവിക്കുന്ന ഗന്ധങ്ങളിലൂടെയും സ്പർശങ്ങളിലൂടെയുമാണ് പൂർവ്വാനുഭവങ്ങളിലേയ്ക്കുള്ള ഈ മടങ്ങിപ്പോവൽ സംഭവിക്കുന്നത്. അനുഭൂതികളുടെയും ഗന്ധങ്ങളുടെയും ബാഹ്യതലത്തിൽ അഭിരമിക്കുന്നതിനപ്പുറം അവർ ഇവയോരോന്നും തന്നിൽതന്നെ കണ്ടെത്തുന്നതിനാൽ കാല്പനികമായ വെറും ഗൃഹാതുരതയുടെ മടങ്ങിപ്പോവലിൽ നിന്നും ഇത് വ്യത്യസ്ത മാവുന്നു.
കാണുന്നതും അറിയുന്നതും സ്പർശിക്കുന്നതുമായ ഏതു ചെറു ചലനവും ഗന്ധവും ഓർമ്മിക്കുന്നതും തിരിച്ചറിയുന്നതും സൂക്ഷിക്കുന്നതുമായ ഒരു മനസ്സാണ് മാധവിയുടെ വ്യതിയാനത. ഗന്ധസംവേദനത്തിന്റെ വിശാലമായൊരു ലോകം മാധവിയിലൂടെ വായനക്കാരനിലേക്കെത്തുന്നു. കാഴ്ചകളുടെ പരിമിത വൃത്തത്തിലേക്കും ആ ലോകത്തിലേയ്ക്കും മാത്രം മനുഷ്യന്റെ ചോദനകൾ ചുരുങ്ങിപ്പോവുന്നതോടെയാണ് പ്രകൃതിയുമായുള്ള ദൃഢമായ ബന്ധം അറ്റുപോവുന്നതും. ഗന്ധസ്പർശശ്രാവ്യമാനങ്ങളിലൂടെ മാധവി പ്രകൃതിയോട് സംവദിക്കുന്നു. ബാല്യകാലത്ത് താൻ കണ്ടിരുന്ന മഴയോട് നഗരത്തിലെ മഴയെ താരതമ്യപ്പെടുത്തുന്നയിടം മുതലേ ഈ വ്യതിയാനം കാണാം. '
'ഇടവപ്പാതിയിൽ ഒരു രാത്രി മണ്ണിന്റെ മണമുയർത്തി പുതുമഴ പെയ്തപ്പോൾ മാധവി തറവാട്ടിലെ മരങ്ങൾ ഓർത്തു. നാലുകെട്ടിന്റെ മുകളിലെ ജനലിൽ കൂടി നോക്കുമ്പോൾ മഴ തകർത്തു പെയ്യുന്നതും കാറ്റിൽ മരങ്ങളുടെ ചില്ലകൾ ഉലയുന്നതും തെങ്ങിൻതലപ്പുകൾ ആടുന്നതും കാണാം. രാത്രി കിടക്കുമ്പോൾ മഴത്തുള്ളികൾ ഓട്ടിൻപുറത്ത് വന്നടിക്കുന്നതിന്റെയും കാറ്റ് മരങ്ങൾക്കിടയിലൂടെ ചീറിയടിക്കുന്നതിന്റെയും ശബ്ദം കേൾക്കാം. ഈ ശബ്ദങ്ങളെല്ലാം കൂടിക്കുഴഞ്ഞ് ഒരു താളമേളമായി മാറുന്നു. ഇതിനെല്ലാം മീതെ കടലിന്റെ ഇരമ്പവും. ഇവിടെ എറണാകുളത്ത് അതൊന്നുമില്ല. കടൽ വളരെ അടുത്താണെങ്കിലും അത് ഇരമ്പുന്ന ശബ്ദമില്ല. ഒരു തേങ്ങൽ മാത്രം. ഇവിടെ മഴ റേഷൻകടക്കാരന്റെ മുഖം പോലെ ഗൗരവമാർന്നതും കാര്യമാത്ര പ്രസക്തവുമാണ്.''
ഈ താരതമ്യത്തിനവസാനമാണ് ഞാൻ കോട്ടപ്പടിക്കു പൊയ്‌ക്കോട്ടെ എന്നവൾ ഭർത്താവിനോട് ചോദിക്കുന്നത്. നാലുദിവസം മുൻപു പെയ്ത മഴയുടെ നനവാണ് നാട്ടിൻപുറത്ത് മാധവിയെ ആദ്യം എതിരേൽക്കുന്നത്. ചെരിപ്പൂരി ആ നനവിനെ പൂർണമായും ഏറ്റു വാങ്ങുന്നതോടെ ഉള്ളിലാകെ പടർന്നു പിടിക്കുന്ന നനവിന്റെ സുഖം അവളനുഭവിക്കുന്നു. മാവു പൂത്ത വാസന വന്നു തൊടുമ്പോൾ ചീഞ്ഞ ഇലകളും ഇലഞ്ഞിപ്പൂക്കളും ചേർന്നൊരുക്കുന്ന ഒരു സമ്മിശ്രഗന്ധം ഇതിനൊപ്പം പ്രതീക്ഷിക്കുന്നു. ഇരുപതു വർഷത്തിനുശേഷവും ഈ ഇടവഴിയുടെ ഗന്ധത്തിന് യാതൊരു വ്യത്യാസവുമില്ല എന്ന് മാധവി ഓർക്കുന്നുണ്ട്. ഈ ഓർമ്മപോലും അന്നുമുതലിന്നോളം ഗന്ധങ്ങളുമായി അവർക്കുള്ള സജീവമായ ബന്ധവും പ്രായത്തിനും നഗര ജീവിതത്തിനും കെടുത്തിക്കളയാനാവാത്ത വിധം അവളിൽ സജീവമായി നിലനിൽക്കുന്നതു വെളിപ്പെടുത്തുന്നു.
വീട്ടിലെത്തുമ്പോൾ പിച്ചകപ്പൂക്കളുടെ ഗന്ധത്തിനൊപ്പം പിട്ടിന്റെ വാസനയും മാധവിയെ ഏതിരേൽക്കുന്നു. അടുക്കളയുടെ ഓട്ടിൻ പുറത്തെ നേരിയ പുകപടലം, മുറ്റമടിച്ചിട്ടും ബാക്കികിടക്കുന്ന അഞ്ചോ ആറോ പൂക്കൾ ഇവയൊക്കെ അവളെ ആഹ്ലാദിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. മറ്റാരുടെയും ദൃഷ്ടിയിൽ പെടാത്തതും സാധാരണ എല്ലാവരും അവഗണിക്കുന്നതുമായ കാഴ്ചകളോടുള്ള ഒരു മമത ഇവിടെ കാണാം. നഗര ത്തിനൊരിക്കലും സ്വന്തമല്ലാത്ത അന്തരീ ക്ഷത്തിന്റെ സ്വാഭാവികതയും സൂര്യ വെളിച്ചത്തിനുപോലുമുള്ള പ്രത്യേക ഉദിപ്പുമാണ് തന്നെ ഇവിടേക്കാകർഷിക്കുന്നതെന്ന് ഈ ഘട്ടത്തിൽ മാധവി തിരിച്ചറിയുന്നു. ചേച്ചിയുടെ മകൾ സുപ്രിയയ്ക്കും അവളുടെ കൗതുകങ്ങൾക്കുമൊപ്പം മാധവി ചേരുന്നു. മഞ്ചാടിക്കുരു പെറുക്കാനായി അവൾക്കൊപ്പം തൊടിയിലേയ്ക്കു പോകുമ്പോൾ തൊടിയിലെ സകല മരങ്ങളും ചെറുചെടികളും വരെ മനഃപാഠമായിരുന്ന മുത്തശ്ശിയുടെ സാന്നിദ്ധ്യം അവളറിയുന്നു. പറമ്പിലെ പാഴ്മരങ്ങൾ മുറിച്ചാൽ അപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി തേങ്ങ കിട്ടും എന്ന മാധവിയുടെ അച്ഛന്റെ തീരുമാനത്തിനുനേരെ മുത്തശ്ശി ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. മരം വെച്ചുപിടിപ്പിച്ചാൽ മാത്രം മതി ഒന്നും മുറിക്കേണ്ട എന്നു പറയുന്ന മുത്തശ്ശി തന്നെ ദഹിപ്പിക്കാൻ പോലും മരം മുറിക്കരു തെന്നും നിർദ്ദേശിച്ചിരുന്നു. വാണിജ്യതാത്പര്യങ്ങളും പ്രകൃതിയോടുള്ള ബഹുമാന വും തമ്മിലുള്ള ഏറ്റുമുട്ടലാണിത്. രണ്ടു തലമുറയുടെ നൈതികവ്യതിയാനം തന്നെ ഇവിടെ ദർശിക്കാം. ഉപയോഗശൂന്യമായവയൊക്കെ പൂർണമായി നിരാകരിച്ച് ഉപയോഗയോഗ്യമായവയെ മാത്രം സ്വീകരിക്കുന്ന പുത്തൻ നൈതികത പ്രകൃതിയുടെ ചൂഷണത്തിലേയ്ക്ക് വഴുതി വീഴുന്നത് ഈ വാണിജ്യതാത്പര്യങ്ങളിലൂടെയാണ്. മുത്തശ്ശി പകർന്നുനൽകിയ പാഠങ്ങൾ അതേ സമ്പന്നതയോടെ മാധവി സുപ്രിയയിലേയ്ക്ക് കൈമാറുന്നു. തന്റെ പിൻഗാമി എന്ന നിലയിലാണ് അവൾ സുപ്രിയയെ കാണുന്നത്. കുന്നിക്കുരുവും മഞ്ചാടിക്കുരുവും പാവകളുമുള്ള മനോഹരമായ കൊച്ചുലോകത്തോട് മാധവിക്ക് അസൂയ പോലും തോന്നുന്നുണ്ട്. കാലം തന്നിൽനിന്ന് അപഹരിച്ചെടുത്ത ഒരു ലോകത്ത് ഇന്ന് മറ്റൊരാൾ വിഹരിക്കുന്നതിലെ കന്മഷമില്ലാത്ത അസൂയയാണിത്. സുപ്രിയയ്ക്കും പ്രകൃതിയും അതിലെ വസ്തുക്കളും അത്ഭുതങ്ങളും ആശ്ചര്യങ്ങളുമാണ്. പച്ചപ്പയ്യിന്റെ കഥ പറയുമ്പോൾ അവൾ ഈ കൗതുകങ്ങളത്രയും വെളിപ്പെടുത്തുന്നുണ്ട്. ഈ മനോഹരലോകത്തേക്കാണ് മാധവി ശ്രീപാർവതിയുടെ പാദമായ തുമ്പപ്പൂവും ചേർത്തു കൊടുക്കുന്നത്.
അനുജത്തിയുടെ ഈവക ഭ്രാന്തുകളൊന്നും ശാരദചേച്ചിക്ക് മനസ്സിലാവുന്നില്ല. ഭാവിയുടെ ഉത്കണ്ഠകൾ മാത്രം നിറഞ്ഞു നിൽക്കുന്ന അവരുടെ മനസ്സിൽ ഭൂതകാലമേയില്ല. അനുജത്തി ഇടയ്ക്കിടെ വരുന്നത് ഭാഗം ചോദിക്കാനാണോ എന്നുപോലും അവർ സംശയിക്കുന്നുണ്ട്. എന്തിനാണ് ഇടയ്ക്കിടെ ഇങ്ങോട്ടു വരുന്നതെന്ന് ചോദിച്ചാൽ വ്യക്തവും പൂർണവുമായോരു ഉത്തരം മാധവിക്കുമില്ല. ഭൂതകാലത്തിന്റെ ഓർമ്മകളും ഗന്ധങ്ങളും ഏറ്റവും സജീവമായി നില നിർത്താനാണ് അവളാഗ്രഹിക്കുന്നത്. ഈ ഗന്ധങ്ങളും സ്പർശവും അവൾക്ക് ജീവവായുവിനോളം ആവശ്യമാണ്. ഭർത്താവ് മാധവിയുടെ യാത്രകളെ തീർത്ഥാടനം എന്നു വിശേഷിപ്പിക്കുന്നത് അല്പം തമാശ മട്ടിലാണെങ്കിലും അത് അക്ഷരാർത്ഥത്തിൽ ശരിയാണ്. തറവാട്ടിലെ ഇടനാഴികളിലൂടെ നടക്കുമ്പോൾ മൺമറഞ്ഞ മുൻതലമുറയിലെ ഓരോരുത്തരുടെയും കാരുണ്യം നിറഞ്ഞ നോട്ടങ്ങൾ തന്റെമേൽ പതിക്കുന്നു എന്ന തോന്നൽ മാധവിക്കുണ്ട്. ഈ തോന്നൽ അഗാധമായൊരു സുരക്ഷിതത്വബോധത്തിലേയ്ക്ക് അവളെ നയിക്കുന്നു. ആ വീടിന്മേലുള്ള അവകാശം നഷ്ടമായാൽ ഈ കാരുണ്യവും നഷ്ടമായേക്കുമോ എന്ന ഭയം അവളെ ഭരിക്കുന്നുണ്ട്. പിറ്റേ ദിവസം സുപ്രിയയുടെ കാലിൽ പാദസരം കെട്ടിക്കൊടുക്കുമ്പോൾ ഇതു തന്നെയാണ് ശ്രീപാർവതിയുടെ പാദം എന്ന് അവൾക്കു വ്യക്തമാവുന്നു. വർഷങ്ങളായി മാധവി പ്രകൃതിയോടു പുലർത്തുന്ന പാരസ്പര്യത്തിന്റെ പൂർണതയാണ് ഈ കണ്ടെത്തൽ. മുത്തശ്ശിയിൽ നിന്ന് പകർന്നു കിട്ടിയതും ഓർമ്മകളിലൂടെയും ഗന്ധങ്ങളിലൂടെയും മറ്റെല്ലാവർക്കും ബാലിശമെന്നു തോന്നാവുന്ന ചിന്തകളിലൂടെയും അവൾ എത്തിച്ചേരുന്ന സംവേദമാണ്. പ്രകൃതിയെന്നാൽ നമ്മിൽ നിന്നും വേറിട്ടൊരവസ്ഥയല്ല എന്ന അറിവിന്റെ പൂർണത; കാണാനും ആസ്വദിക്കാനും സുഖിക്കാനുമുള്ള ഒരു പദാർത്ഥമല്ലെന്നും അതു തന്നിൽത്തന്നെയാണെന്നുമുള്ള കണ്ടെത്തലാണിത്. മാധവി മുൻപു നടത്തിയ തീർത്ഥാടനങ്ങളിൽ നിന്നും ഈ യാത്ര വ്യത്യസ്തമാവുന്നതും ഇതു കൊണ്ടാണ്.