ഞാൻ കാണിച്ചത് നന്ദികേടാണ്. ജീവിതത്തിൽ ഭൗതികമായ എല്ലാം നഷ്ടപ്പെട്ട് അഭയം തേടിയ എന്നെ ഒരമ്മയുടെ സ്‌നേഹവായ്‌പ്പോടെ മാറോടു ചേർത്ത് 'വിഷമിയ്ക്കണ്ട, നിനക്ക് എല്ലാമൊന്നും നഷ്ടപ്പെട്ടിട്ടില്ല' എന്ന് ചെവിയിൽ മന്ത്രിച്ച് ആശ്വസിപ്പിച്ച ഒരു നഗരത്തെ ഉപേക്ഷിയ്ക്കുകയാണ് ഞാൻ. തൊള്ളായിരത്തി എൺപത്തിമൂന്നിലാണ് ഞാൻ എറണാകുളത്തെത്തിയത്. ഞങ്ങൾക്ക് ബോംബെയിലുണ്ടായിരുന്ന (അന്ന് ആ മഹാനഗരം പേരു മാറിയിരുന്നില്ല) ഫ്ലാറ്റ് വിറ്റ് കടം വീട്ടി നാട്ടിലേയ്ക്കു യാത്രയാകേണ്ടി വരികയാണുണ്ടായത്. തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാനും ലളിതയും മോനും മുംബൈയിൽ അനുഭവിച്ചുപോന്ന, പറഞ്ഞറിയിക്കാൻ വയ്യാത്ത കഷ്ടപ്പാടുകളും, അതിന്റെ കലാശക്കൊട്ടായി തൃശ്ശൂരിലെ ഒരു വർഷത്തെ ജീവിതവും ആണ്. എറണാകുളം അതിന്റെ വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്തു. എറണാകുളം സൗത്തിൽ പാർത്ഥാസ് ലെയിനിൽ (വാരിയം റോഡിന്റെ ഒരു ചെറിയ ഇടവഴിയാണിത്.) കൊടുങ്ങല്ലൂർ തമ്പുരാന്റെ കൊട്ടാരത്തിന്റെ ഒരു ചെറിയ ഭാഗത്തായി താമസം തുടങ്ങിയ ഞങ്ങൾക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
എറണാകുളത്തു വന്നപ്പോൾ തൊട്ട് ഞങ്ങളുടെ സാമ്പത്തികസ്ഥിതിയിൽ വളരെ പ്രകടമായി കാണപ്പെട്ട മാറ്റം വളർന്ന് കടമെല്ലാം വീട്ടുവാനും ഏഴുകൊല്ലംകൊണ്ട് അതിനടുത്തുതന്നെ കളത്തിപ്പറമ്പിൽ റോഡിൽ ഗോവിന്ദ് അപാർട്ടുമെന്റ്‌സിൽ ഒരു ഫ്ലാറ്റു ബുക്ക് ചെയ്യാനും കഴിഞ്ഞു.
ബോംബെയിൽനിന്ന് വരുമ്പോഴുണ്ടായിരുന്ന നാലോ അഞ്ചോ കാസ്സറ്റ് ഡെക്കുകൾ വെച്ച് ഞങ്ങൾ കാസ്സറ്റ് ഡബ്ബിങ് ബിസിനസ്സ് തുടങ്ങി. ആദ്യമെല്ലാം ഹിന്ദു ഭക്തിഗാനങ്ങളാണ് കിട്ടിയിരുന്നത്. ഉണ്ണിമേനാൻ ആലപിച്ച കൃഷ്ണഭക്തിഗാനങ്ങളായ പാഞ്ചജന്യം എന്ന കാസ്സറ്റാണ് ആദ്യം ഏറ്റവും കൂടുതൽ ഡബ്ബുചെയ്തത്. അതിന്റെ ഉടമസ്ഥരായ മേനോനും കുമാറുമായിരിയ്ക്കണം കൂടുതൽ ഡെക്കുകൾ വാങ്ങുവാനും ബിസിനസ്സ് വിപുലീകരിയ്ക്കാനും പ്രചോദനം തന്നത്. പിന്നീട് ധാരാളം കൃസ്തീയഭക്തിഗാനങ്ങളും കിട്ടി. ആദ്യമായി ഡബ്ബ് ചെയ്ത സിനിമാഗാനങ്ങൾ 'മഴവിൽക്കാവടി' എന്ന സിനിമയുടെ കാസറ്റായിരുന്നു. അതിൽ കൈതപ്രത്തിന്റെ 'പള്ളിത്തേരുണ്ടോ....ചതുരംഗക്കളമുണ്ടോ, ആമ്പൽക്കുളമുണ്ടോ.....തിരുതാളിക്കല്ലുണ്ടോ' എന്ന മനോഹരഗാനം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. ഏറ്റവും മനാഹരമായത് ഞങ്ങൾക്ക് ആദ്യമായി ഒന്നിച്ചു കിട്ടുന്ന വലിയ ഓർഡർ അതായിരുന്നു എന്നതാണ്. 500 കാസ്സറ്റുകൾ ഒറ്റ ഓർഡറായി. പിന്നീട് പതിനായിരക്കണക്കിന് കാസ്സറ്റുകൾ ഞങ്ങളുടെ കയ്യിൽക്കൂടി പോയെങ്കിലും ആ 500ന്റെ പെട്ടി കിട്ടിയപ്പോഴുള്ള ത്രിൽ ഒരിക്കലും ഉണ്ടായിട്ടില്ല.
എറണാകുളത്തുവച്ചു തന്നെയാണ് അച്ഛന്റെ ഒരു പുസ്തകം ഞാൻ സ്വന്തമായി പ്രസാധനം ചെയ്യുന്നത്. അതും സമ്പൂർണ്ണ കവിതാസമാഹാരം! വളരെ സുഹൃത്തുക്കൾ അതിന്റെ പ്രസിദ്ധീകരണത്തിനും വില്പനയ്ക്കും സഹായിച്ചു. ഓരോരുത്തരുടേയും പേരെടുത്തു പറയുന്നില്ല.
ഇങ്ങിനെയൊക്കെ ഞങ്ങളെ സഹായിച്ച ഒരു നഗരത്തെയാണ് വിട്ടുപോരേണ്ടി വന്നത്. കാരണം എന്റെ മോശമായിവന്ന ആരോഗ്യം. ഞാനും എന്റെ ഹൃദയവും തമ്മിൽ കുറച്ചുകാലമായി 'ഫൈറ്റ്' ചെയ്തുകൊണ്ടിരിയ്ക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾ, ശരിയ്ക്കു പറഞ്ഞാൽ സെപ്റ്റമ്പർ (2006) മുതലാണതു രൂക്ഷമായത്. ഞാനോ എന്റെ ഹൃദയമോ എന്ന മട്ടിൽ മുഖാമുഖം നിന്നുകൊണ്ടുള്ള യുദ്ധം. യുദ്ധത്തിൽ തൽക്കാലം ഞാൻ ജയിച്ചുനിൽക്കുന്നു. പക്ഷെ അതിനുമുമ്പ് വളരെ ക്രിട്ടിക്കലായ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും അർദ്ധരാത്രിയ്‌ക്കൊക്കെയാണ് അതു സംഭവിക്കുക. ഒരിയ്ക്കൽ തുടങ്ങിയാൽ ഞാൻ ഒന്നും ചെയ്യാൻ കെൽപില്ലാത്ത അവസ്ഥയിലായിരിയ്ക്കും. ഛർദ്ദിയും എക്കിട്ടവും തുടർച്ചയായി വന്നുകൊണ്ടിരിയ്ക്കുന്നതിനാൽ ബി.പി. നോക്കാനോ അത്യാവശ്യം ബി.പി. താഴാനുള്ള മരുന്നു കഴിക്കാനോ വയ്യാത്ത ഒരവസ്ഥ. ലളിത കിടയ്ക്കക്കരികിൽ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിൽക്കയും. ബി.പി. നോക്കാനായി എന്നെ മലർത്തിക്കിടത്തുമ്പോഴേയ്ക്കും ശക്തിയായി ഛർദ്ദിക്കാനുള്ള പ്രേരണ വരും, ഞാൻ തിരിഞ്ഞു കിടക്കും. ഒരിയ്ക്കൽ മരുന്ന് തന്നാൽത്തന്നെ അതു ഛർദ്ദിച്ചുപോകും.
ഞങ്ങളുടെ കെട്ടിടത്തിൽ ഒരുമാതിരി എല്ലാവർക്കും കാറുള്ളതാണ്. ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാൻ ആരെയെങ്കിലും വിളിക്കാൻ ലളിത ഓങ്ങിയാൽത്തന്നെ ഞാൻ പറയും. 'ഈ അസമയത്ത് എങ്ങിനെയാണ് ഉറങ്ങുന്നവരെ വിളിക്കുന്നത്. എന്റെ അസുഖം ഭേദമാവും. ആയില്ലെങ്കിൽ ഒരു ആറു മണിയെങ്കിലുമാവട്ടെ ആരെയെങ്കിലും വിളിക്കാൻ. ആറു മണിയാവാനായി അവൾ കാത്തിരിയ്ക്കും. അതിനിടയ്ക്ക് ഒന്നു രണ്ടുവട്ടം എഴുന്നേൽക്കാനുള്ള ശ്രമം നടത്തിയത് പൊളിഞ്ഞു. കഷ്ടിച്ച് എഴുന്നേറ്റാൽത്തന്നെ ബാലൻസു കിട്ടാതെ വീഴും. ലളിതയ്ക്കാണെങ്കിൽ എന്നെ താങ്ങിനിർത്താനുള്ള കെല്പുമില്ല. രാവിലെ മുകളിലെ ഫ്ലാറ്റിലെ ശ്രീ മാങ്കായിൽ രാജനെ വിളിച്ച് അദ്ദേഹവും ലളിതയും കഷ്ടിച്ച് എന്നെ താങ്ങി കാറിലെടുത്തുവെച്ചു, കൃഷ്ണ ഹോസ്പിറ്റലിലേയ്ക്കു കൊണ്ടുപോയി. അതിനു മുമ്പുതന്നെ കൃഷ്ണയിലെ ഡോ. വൽസരാജിനെ ഫോണിൽ വിളിച്ചിരുന്നു. വേഗം കൊണ്ടുവന്ന് ഐ.സി.യുവിൽ കിടത്താനാവശ്യപ്പെട്ടു. അദ്ദേഹം ഉടനെ എത്തുമെന്നും പറഞ്ഞു.
രാത്രി ഒരു മണിയ്ക്കുതന്നെ വിളിയ്ക്കാത്തതിന് ശ്രീ രാജൻ വഴക്കു പറഞ്ഞു. ബുദ്ധിമുട്ടിയ്ക്കലല്ലെ എന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. 'ബുദ്ധിമുട്ടിക്കലൊക്കെത്തന്നയാണ്. പക്ഷെ ഇങ്ങിനെയൊരു സന്ദർഭത്തിൽ ബുദ്ധിമുട്ടിക്കാനുള്ളതല്ലെ സ്‌നേഹിതന്മാർ?' അദ്ദേഹം ഓർമ്മിപ്പിച്ചു.
അന്നു രാത്രി ലളിത അനുഭവിച്ച ടെൻഷന് കയ്യും കണക്കുമില്ല. പിന്നീട് ഞാൻ ആലോചിയ്ക്കുമ്പോൾ തോന്നുകയാണ്. അവൾക്ക് ഇത്രയധികം വിഷമം ഉണ്ടാക്കാൻ എനിയ്ക്ക് യാതൊരു അവകാശവുമില്ല. മകൻ ദൂരത്താണ്. പെട്ടെന്ന് എത്താൻ പറ്റാത്തത്ര ദൂരത്തിൽ. ഇതു വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ അവൻ പറഞ്ഞു. 'അച്ഛൻ തൃശ്ശൂർക്ക് താമസം മാറ്റിക്കോളു. അതാണ് നല്ലത്.' ശരിയാണെന്ന് എനിയ്ക്കു തോന്നി. അവിടെ എന്റെ അനുജൻ ഡോ. ദിവാകരൻ ഉണ്ട് അനുജത്തി ഗിരിജയുണ്ട്. ലളിതയുടെ നാടായതുകൊണ്ട് അവളുടെ ജ്യേഷ്ഠൻ രാമനാഥനടക്കം ധാരാളം ബന്ധുക്കളുണ്ട്. സ്‌നേഹിതന്മാരെ അസമയത്ത് വിളിയ്ക്കുന്നത്ര വിഷമമില്ലല്ലൊ സ്വന്തം അനുജനെയും ബന്ധുക്കളെയും വിളിയ്ക്കാൻ. മൂപ്പര് ഡോക്ടറായതുകൊണ്ട് അതിന്റേതായ ഗുണങ്ങളൊക്കെ ഉണ്ട്. കഴിഞ്ഞ സെപ്റ്റമ്പറിൽ ഇതേമാതിരി ഒരു അറ്റാക്കുണ്ടായപ്പോൾ ഒരു രാത്രി മുഴുവൻ ടെൻഷൻ അനുഭവിച്ചശേഷം ലളിത ദിവാകരനെയാണ് വിളിച്ചു വരുത്തിയത്.
രാമനാഥന്റെ ഉത്സാഹത്തിൽ എന്റെ മകൻതന്നെ മുൻകൈയ്യെടുത്ത് തൃശ്ശൂരിൽ ഒരു ഫ്‌ളാറ്റ് വാങ്ങി. അടുക്കളയിൽ ഷെൽഫുകളും കിടപ്പുമുറികളിൽ വാർഡ്‌റോബുകളും ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല. അവകൂടി തയ്യാറായശേഷം ഞങ്ങൾ മാറിയാൽ മതിയെന്നവൻ ആദ്യം പറഞ്ഞു. ഒരിക്കൽ മാറാൻ തീർച്ചയാക്കിയപ്പോൾ ഇനി ഒരു അനിഷ്ടമുണ്ടാവുന്നതിനു മുമ്പുതന്നെ മാറാമല്ലൊ എന്നു പറഞ്ഞ് ഞങ്ങൾ അപ്പോൾത്തന്നെ മാറുകയാണുണ്ടായത്. ഞങ്ങൾ മാറിയത് മാർച്ച് രണ്ടിനാണ്. അന്നുതന്നെ അടുക്കളയിലും കിടപ്പുമുറികളിലും ചെയ്യേണ്ട മരപ്പണികൾക്ക് ഓർഡർ കൊടുത്തെങ്കിലും ഇതുവരെ, മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും, ഒന്നും കഴിഞ്ഞിട്ടില്ല. അതു വേറെ കഥ. ഇപ്പോൾ ഞങ്ങളുടെ ജീവിതം ഒരു ട്രെയിൻ കമ്പാർട്ടുമെന്റിലെ നീണ്ട യാത്ര പോലെയാണ്. സാധനങ്ങളെല്ലാം സൂട്ട്‌കേസുകളിലും കടലാസ്സുപെട്ടികളിലും നിലത്തുമൊക്കെയായി ചിതറിക്കിടക്കുകയാണ്. ഏതൊക്കെ പെട്ടിയിൽ ഏതൊക്കെയാണ് എന്നറിയാത്തതുകൊണ്ട് ഒരു പാത്രമെടുക്കണമെങ്കിൽ ഓരോ മുറിയിൽ പോയി ചുരുങ്ങിയത് നാലു പെട്ടികൾക്കുള്ളിൽ തപ്പണമെന്ന അവസ്ഥ. തുണികളുടെ കാര്യവുമങ്ങിനെത്തന്നെ. ഫ്‌ളാറ്റിന്റെ വിലയുടെ പത്തുശതമാനം വരുന്ന കോൺട്രാക്ട് ഒരു കമ്പനിയ്ക്കു കൊടുത്തതിന്റെ അവസ്ഥയാണിത്. പോട്ടെ.
എന്നെങ്കിലും അവർ ജോലി തീർത്തു തരുമെന്നും ഞങ്ങൾക്ക് മരപ്പണിയുടെ പൊടിപടലങ്ങളൊന്നുമില്ലാതെ ഈ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നു നോക്കുമ്പോൾ കാണുന്ന നിരവധി തെങ്ങുകൾക്കിടയിലൂടെ വരുന്ന തണുത്ത കാറ്റ് സ്വസ്ഥമായിരുന്ന് ആസ്വദിയ്ക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ കഴിയുന്നത്. അതിനിടയ്ക്ക് ഏഴെട്ടു മാസമായി നിർത്തിവച്ച എഴുത്ത് വീണ്ടും തുടങ്ങാനും കഴിഞ്ഞു. ആരോഗ്യത്തിന്റെ കാര്യത്തിലും വളരെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തൃശ്ശൂരിലെ കാലാവസ്ഥ കുറേക്കൂടി മെച്ചപ്പെട്ടതാണെന്നർത്ഥം.
പൊതുവേ ഇവിടം ശാന്തമാണ്. ഒരു ഗ്രാമത്തിന്റെ അവസ്ഥയിൽനിന്ന് അധികം ഉയർന്നിട്ടില്ലാത്തതിനാലുണ്ടാകുന്ന വൈഷമ്യങ്ങളും സ്ഥിതിവിശേഷങ്ങളുമുണ്ടെന്നേ ഉള്ളു. ഞാനുദ്ദേശിക്കുന്നത് ജനങ്ങളുടെ മനോഭാവമാണ്. അവർ അടിസ്ഥാനപരമായി ഇപ്പോഴും ഗ്രാമീണരാണ്. പെട്ടെന്ന് നഗരത്തിന്റെ അധിനിവേശത്തിന്നടിമകളായവർ. എന്നെ സംബന്ധിച്ചേടത്തോളം ജീവിതത്തിന്റെ വലിയൊരു ഭാഗം മഹാനഗരങ്ങളിൽ താമസിച്ചതുകൊണ്ടുള്ള വിഷമം മാത്രമാണത്. അറുപതു മുതൽ എൺപത്തിമൂന്നുവരെ ഞാൻ കൊൽക്കത്ത, ദില്ലി, മുംബൈ എന്നീ നഗരങ്ങളിലായിരുന്നു. കാറുകൾ വാങ്ങുന്ന കാര്യത്തിലും ആഢംബര ജീവിതം നയിയ്ക്കുന്ന കാര്യത്തിലും നഗരങ്ങളെ പകർത്തുന്ന നമ്മൾ മഹാനഗരങ്ങളിലെ അടിയൊഴുക്കുകളായി കാണുന്ന മാന്യതയും നന്മകളും സ്‌നേഹബന്ധങ്ങളും കാണാതെ പോകുന്നു.
ഇവിടെ തൃശ്ശൂരിൽ ഞാൻ ജീവിതം തുടങ്ങാൻ പോകുന്നേയുള്ളു. അതിന്റെ മുന്നോടിയായി ലഭിയ്ക്കുന്ന സൂചനകൾ മാത്രമായിരിയ്ക്കണം ഇതൊക്കെ. അവയൊന്നും എന്റെയും ലളിതയുടെയും ജീവിതം അലോസരപ്പെടുത്തില്ലെന്നു പ്രതീക്ഷിയ്ക്കുന്നു. ഒരു ചെറിയ കഥ; പറഞ്ഞു കേട്ടിട്ടുള്ളതാണ്. ഒരാൾ ജീവിതത്തിലെ കഷ്ടപ്പാടുകൾ കണ്ട് തന്റെ ജാതകവുമായി ജ്യോത്സ്യനെ കാണാൻ പോയി. ജാതകം മുഴുവൻ പഠിച്ചശേഷം അദ്ദേഹം പറയാൻ തുടങ്ങി. 'നിങ്ങൾക്ക് മുപ്പതു വയസ്സുവരെ വളരെ ചീത്ത കാലമാണ്.........' 29 വയസ്സായ ചെറുപ്പക്കാരൻ ഉടനെ ആകാംക്ഷയോടെ ചോദിച്ചു. 'അതിനു ശേഷം?' ജ്യോത്സ്യൻ ശാന്തനായി തുടർന്നു. '........അതു കഴിഞ്ഞാൽപ്പിന്നെ നിങ്ങൾക്കതു ശീലാവും.'
ഞങ്ങളുടെ കാര്യവും അതുപോലാകാനാണ് സാധ്യത.