കൽക്കത്തയിൽ നിന്ന് തൊള്ളായിരത്തി എഴുപതിൽ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് തീർച്ചയാക്കി ദില്ലിയിലേയ്ക്ക് പോകുമ്പോൾ എനിക്ക് നഷ്ടമായത് രണ്ടു കാമുകിമാരായിരുന്നു. ശരിക്കു പറഞ്ഞാൽ ഈ രണ്ടു കാമുകിമാർ എന്റെ ജീവിതവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ഞാൻ കൽക്കത്ത വിട്ടത്. ഓഫീസിൽ നിന്ന് ദില്ലിയിലേയ്ക്കു പ്രമോഷനോടുകൂടിയ മാറ്റം ഒരു നിമിത്തം മാത്രമായിരുന്നു. കൽക്കത്തയെന്ന കാമുകിയെപ്പറ്റി ഞാൻ ഏറെ എഴുതിയിട്ടുണ്ട്. 'ശിശിരം' എന്ന കഥ അതിനെപ്പറ്റിയാണ്. പിന്നീട് 2003 ൽ എഴുതിയ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'തടാകതീരത്ത്' എന്ന നോവലിന്റെ പശ്ചാത്തലവും അറുപതുകളിലെ കൽക്കത്തയായിരുന്നു. രണ്ടാമത്തെ കാമുകിയെപ്പറ്റി ഞാനൊന്നും പറയുന്നില്ല. വികാരസാന്ദ്രമായ ആ ബന്ധം എന്തായിരുന്നുവെന്ന് ഇന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ കാമുകിയെപ്പറ്റി എഴുതിയ കഥയാണ് 'നിനക്കു വേണ്ടി'. എന്റെ സ്‌നേഹത്തിന്റെ തീവ്രത ഈ കഥയിൽക്കൂടി ഞാൻ വ്യക്തമാക്കുന്നുണ്ട്. ദില്ലിയിലേയ്ക്കു പോയി രണ്ടാഴ്ചക്കുള്ളിൽ വളരെ ഹ്രസ്വമായൊരു സന്ദർശനത്തിനായി ഞാൻ തിരിച്ച് കൽക്കത്തയിലേയ്ക്ക് ഓടിയതിന്റെയും കാരണം മറ്റൊന്നായിരുന്നില്ല.
ശരി, ഞാൻ ദില്ലിയിലെത്തി. കൽക്കത്തയിൽവച്ച് ഞാൻ കുറച്ചു കാലമായി ഹവായൻ ഗിറ്റാർ പഠിക്കുന്നുണ്ടായിരുന്നു. ശാസ്ത്രീയമായിത്തന്നെ. ഒരു വർഷത്തെ അഭ്യാസംകൊണ്ട് ഏകദേശം ഒരു രൂപം കിട്ടിയെന്നു മാത്രമേയുള്ളു. സാരമില്ല, അത് ദില്ലിയിലും തുടരാമെന്നു കരുതി. ക്ലാസ്സിൽ ചേർന്ന ആദ്യത്തെ ദിവസം തന്നെ മനസ്സിലായി അതു നടക്കില്ലെന്ന്. കൽക്കത്തയിൽ അദ്ധ്യാപകനിൽ നിന്ന് സ്റ്റാഫ് നൊട്ടേഷൻ വായിക്കാൻ പഠിച്ചിരുന്നു. പക്ഷെ ദില്ലിയിലെ സർദാർ ടീച്ചർ ഒരു റെക്കോർഡ് പ്ലെയറിൽ ഹിന്ദി പാട്ടുകൾ വെച്ച് അതുപോലെ ഗിത്താറിൽ വായിക്കാൻ പറയുക മാത്രമേ ചെയ്തുള്ളു. അയാൾക്ക് സ്റ്റാഫ് നൊട്ടേഷനെന്താണെന്നുപോലും അറിയില്ല. ഞാൻ സംഗീതാഭ്യാസം ഒരാഴ്ചകൊണ്ടുതന്നെ നിർത്തി. ഇതും ഒരു നഷ്ടം തന്നെ. എനിക്ക്, 'എന്റെ നഗര'ത്തിൽനിന്നുള്ള മാറ്റത്തിൽ നഷ്ടമായതിന്റെ ചെറിയൊരംശം മാത്രമേ ദില്ലിയിലെ സാഹിത്യകാരന്മാരുമായുള്ള സൗഹൃദം നികത്തിയിരുന്നുള്ളു. കൽക്കത്തയിൽ സി. ചന്ദ്രശേഖരൻ, കെ.പി. നിർമ്മൽകുമാർ, മാതൃഭൂമിയിൽ ബംഗാളി സിനിമകൾ നിരൂപണം ചെയ്തിരുന്ന എം. പ്രഭാകരൻ എന്നിവരുമായി സമ്പർക്കമുണ്ടായിരുന്നു. (ഇദ്ദേഹത്തിന്റെ ലഭ്യമായ ലേഖനങ്ങൾ ചേർത്ത് ഒരു സി.ഡി.യുണ്ടാക്കുന്ന തിരക്കിലാണ് ഞാനിപ്പോൾ. ആരുടെയെങ്കിലും കൈവശം അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഉണ്ടെങ്കിൽ ദയവായി അയച്ചുതരണം.) ദില്ലിയിലാകട്ടെ ഒ.വി. വിജയൻ, കടമ്മനിട്ട, സി. രാധാകൃഷ്ണൻ, എം. രാഘവൻ, എം. മുകുന്ദൻ, സക്കറിയ, ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട്, എൻ.എൻ. പിള്ള, കെ. കുഞ്ഞിക്കൃഷ്ണൻ (ഇദ്ദേഹം പിൽക്കാലത്ത് തിരുവനന്തപുരം ദൂരദർശൻ ഡയറക്ടറായിരുന്നു), കഥകളെഴുതിയിരുന്ന കെ. ബാലകൃഷ്ണൻ തുടങ്ങിയവരുണ്ടായിരുന്നു. ബാലകൃഷ്ണനും തിരുവാഴിയോടുമായിരുന്നു ദില്ലി ലിറ്റററി വർക്‌ഷോപ്പിന്റെ ആൾക്കാർ. ഇടയ്ക്കിടക്ക് ഇവരെയൊക്കെ കാണും, ഒത്തുകൂടും, സാഹിത്യം സംസാരിക്കും എന്നല്ലാതെ ഒരുമാതിരി എന്നും കാണാറുള്ള ഒരു സ്‌നേഹിതൻ എം. മുകുന്ദനായിരുന്നു. നേരിൽ കാണുമ്പോൾ സാഹിത്യമൊഴികെ വേറെയെന്തും സംസാരിക്കാൻ പറ്റിയിരുന്ന ഒരു സ്‌നേഹിതനും മുകുന്ദനായിരുന്നു. അദ്ദേഹം താമസിച്ചിരുന്നതും ജോലിയെടുത്തിരുന്നതും ഞാൻ താമസിച്ചിരുന്നതിന്റെയും ജോലിയെടുത്തതിന്റെയും വളരെ അടുത്ത്. സൗത് എക്സ്റ്റൻഷൻ പാർട് 1 ൽ താമസവും പാർട് 2 വിൽ ഓഫീസുകളും. അന്ന് ഫ്രഞ്ച് എംബസിയുടെ സാംസ്‌കാരിക വിഭാഗം എന്റെ ഓഫീസിൽനിന്ന് രണ്ടു കെട്ടിടങ്ങൾക്കപ്പുറത്തായിരുന്നു.
ദില്ലിയിലായിരിക്കുമ്പോഴാണ് ഞാൻ വിവാഹിതനായത്, തൊള്ളായിരത്തി എഴുപത്തിരണ്ടിൽ. വിവാഹം കഴിഞ്ഞ് ദില്ലിയിലെത്തി, വൈകുന്നേരം ഞങ്ങൾ മുകുന്ദന്റെ വീട്ടിൽ പോയി. അവർ രാത്രിഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. ശ്രീജ നല്ലൊരു പാചകക്കാരിയാണ്. സ്വാദിഷ്ടമായ വിഭവങ്ങളോടെ അവൾ സദ്യയൊരുക്കിയിരുന്നു. അയില വറുത്തതും, മട്ടൻ തേങ്ങാക്കൊത്തിട്ട് വരട്ടിയതും മറ്റു വിഭവങ്ങളുമുണ്ടായിരുന്നു. രാത്രി തിരിച്ച് വീട്ടിലേയ്ക്കു പോകാനൊരുങ്ങുമ്പോഴാണ് മനസ്സിലായത് പുറത്ത് നല്ല തണുപ്പാണ്. ഫെബ്രുവരിയായിട്ടും ഇത്ര തണുപ്പോ? തലേന്ന് സിംലയിൽ മഞ്ഞു പെയ്തിരുന്നുവെന്ന് ഞങ്ങളെ സ്വീകരിക്കാൻ സ്റ്റേഷനിൽ വന്ന അനുജൻ മാധവൻ പറഞ്ഞിരുന്നു. എനിക്ക് സ്വറ്ററുണ്ടായിരുന്നു. ശ്രീജ അകത്തുപോയി അവളുടെ ഒരു സ്വറ്റർ ലളിതയ്ക്ക് ഇടാൻ കൊടുത്തു.
മുകുന്ദൻ ഇടയ്ക്ക് ശ്രീജയുമൊത്ത് വീട്ടിൽ വരും, അല്ലെങ്കിൽ ഞങ്ങളവരുടെ വീട്ടിൽ പോകും. സംസാരം ഐ.എൻ.എ. മാർക്കറ്റിൽ അയില വന്നതിനെപ്പറ്റിയോ, അല്ലെങ്കിൽ മറ്റേതെങ്കിലും ജിവിതസന്ദർഭങ്ങളെപ്പറ്റിയോ ആയിരിക്കും. ഞങ്ങളൊരുമിച്ച് പലപ്പോഴും ഐ.എൻ.എ. മാർക്കറ്റിൽ പോയി മീനും പച്ചക്കറികളും വാങ്ങാറുണ്ട്. വളരെ ദുർല്ലഭം അവസരങ്ങളിൽ മുകുന്ദൻ സാഹിത്യത്തെപ്പറ്റി പറയും. മിക്കവാറും എഴുതാൻ പോകുന്ന കാര്യങ്ങളെപ്പറ്റി. 'മാഷെ, ഞാനിനി കുറെ സർ റിയലിസ്റ്റ് കഥകളെഴുതാൻ പോണു.' എനിക്ക് ചിത്രകലയിലുള്ള താല്പര്യം മുകുന്ദനറിയാമായിരുന്നു. അതുകൊണ്ട് ചിത്രകാരന്മാരെപ്പറ്റിയും സംസാരിക്കും. ഫ്രഞ്ച് എംബസിവഴി ഫ്രാൻസിലേയ്ക്കു പോയ മലയാളി ചിത്രകാരന്മാരെപ്പറ്റിയും. അക്കിത്തം നാരായണൻ, വിശ്വനാഥൻ, തുടങ്ങിയവർ. ഒരിക്കൽ ലൂവൃ് ആർട് ഗ്യാലറിയെപ്പറ്റിയുള്ള ഒരു വലിയ പുസ്തകം മുകുന്ദനെനിക്ക് സമ്മാനമായി തന്നു. ഞാനാ പുസ്തകം ഇന്നും സൂക്ഷിക്കുന്നു. കൽക്കത്തയിലെ നാഷനൽ ലൈബ്രറിയിൽ ഒഴിവുദിനങ്ങളിൽ വിശപ്പു സഹിച്ചുകൊണ്ട് ഞാൻ വായിച്ചതിൽ വലിയൊരു ഭാഗം പുസ്തകങ്ങൾ ചിത്ര-ശില്പകലയെപ്പറ്റിയായിരുന്നു. (കൽക്കത്ത വിട്ടതിലുണ്ടായ ഏറ്റവും വലിയ നഷ്ടം ഒരുപക്ഷെ നാഷനൽ ലൈബ്രറിയിലെ വായനയായിരിക്കും). അന്നു നാഷനൽ ലൈബ്രറിയിൽനിന്ന് വായിച്ച ഒരുമാതിരി എല്ലാ ചിത്രകാരന്മാരുടെയും കളർ പ്ലെയ്റ്റുകളുള്ള ഈ പുസ്തകം ഒരമുല്യനിധിയായിരുന്നു. മറ്റൊരു സമ്മാനം ഫ്രഞ്ച് പഠിക്കാനുള്ള ഗ്രാമഫോൺ റെക്കോർഡുകളുടെ ഒരു സെറ്റായിരുന്നു. ഞാനും ലളിതയും ഏതാനും മാസങ്ങൾ അതു കേട്ട് ആ ഭാഷ പഠിക്കാൻ നോക്കി. മുകുന്ദൻ ലളിതയെ കണ്ടാൽ ചോദിക്കും. 'കുട്ടി, ഫ്രഞ്ച് എവിടെവര്യായി?' അവൾക്ക് ആകെ അറിയുന്ന രണ്ടു വാക്യങ്ങളിലേതെങ്കിലും കാച്ചും. 'പാളെവൂ ഫ്രാൻസെ?' അല്ലെങ്കിൽ 'വൂളെവൂ അ റ്റാക്‌സി?' മുകുന്ദൻ ചിരിക്കാൻ തുടങ്ങും. കുട്ടി എന്ന് ഞാൻ വിളി തുടങ്ങിയതിനു പിന്നിലൊരു ചരിത്രമുണ്ട്. ആദ്യദിവസം മണിയറയിൽ വെച്ച് ഞാനവളെ സ്‌നേഹപൂർവ്വം വിളിച്ചു. 'ലതികേ..' പേര് തെറ്റിപ്പോയെന്ന് മനസ്സിലായപ്പോൾ ഞാൻ തിരുത്തി, 'അല്ല ലതേ...' പേരതുമല്ലെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി. ഞാൻ കെണിഞ്ഞു. എന്താണ് പേര്?
'പഴേ കാമുകിമാര്‌ടെ പേരൊക്കെ പറയ്യാണ് അല്ലെ?'
'അല്ലാ......' അവർക്കൊന്നും ഇത്ര വികടം പിടിച്ച പേരുണ്ടായിരുന്നില്ല എന്നു പറയാൻ പോകുകയായിരുന്നു. ഭാഗ്യത്തിന് ശരിക്കുള്ള പേര് നാവിൻ തുമ്പത്ത് വന്നു. ഞാൻ പ്രേമപൂർവ്വം വിളിച്ചു. 'ലളിതയ്‌ക്കെന്നെ ഇഷ്ടായോ?'
'ഉം, കുട്ടിക്കോ?'
ആദ്യരാത്രിയിലെ സംസാരം (എഡിറ്റ് ചെയ്തത്) എന്റെ 'മണിയറയിൽ നിന്നോടിപ്പോയവർ' എന്ന കഥയിലുണ്ട്.
അങ്ങിനെയാണ് കുട്ടിയെന്ന പേര് കിട്ടുന്നത്. അവൾ എന്നെ വിളിക്കുന്ന അതേ പേരിൽതന്നെ ഞാനവളെയും വിളിച്ചു. ലളിതയെന്ന പേര് നാവു കുഴക്കുന്നതായിരുന്നു (tongue twister).
ഞങ്ങളന്യോന്യം കുട്ടി എന്നു വിളിക്കുന്നതു കേട്ട് മുകുന്ദനും അങ്ങിനെയാണ് ലളിതയെ വിളിക്കാറ്.
'മാഷെ ഞാനിനി കുറേ സർ റിയലിസ്റ്റ് കഥകളെഴുതാൻ പോകുന്നു'വെന്ന് മുകുന്ദൻ പറഞ്ഞപ്പോൾ ഞാനദ്ഭുതപ്പെട്ടു. അങ്ങിനെയൊക്കെ എഴുതാൻ കഴിയുമോ? കഴിഞ്ഞാൽത്തന്നെ അത് എത്രത്തോളം സ്വാഭാവികമായിരിക്കും? നമ്മളെഴുതുന്നത് ഏതു വകുപ്പിൽ പെടുന്നുവെന്നത് മറ്റുള്ളവരല്ലെ തീരുമാനിക്കേണ്ടത്? വിലയിരുത്തേണ്ടത്? എന്തായാലും തൽക്കാലം മുകുന്ദൻ സർ റിയലിസ്റ്റ് കഥകളെഴുതിയില്ല. കുറേക്കാലം കഴിഞ്ഞ ശേഷമാണ് ദൈവത്തിന്റെ വികൃതികൾ എഴുതുന്നത്.
ഒരു ദിവസം മുകുന്ദന്റെ ഓഫീസിൽ പോയപ്പോൾ മുകുന്ദന്റെ സഹപ്രവർത്തകനായ ഒരു ചെറുപ്പം ഫ്രഞ്ചുകാരൻ അതിലൂടെ പോയി. അയാൾ എന്നെ ചൂണ്ടിക്കൊണ്ട് എന്തോ ഫ്രഞ്ചിൽ പറഞ്ഞു.'
ഹരി തലമുടി വെട്ടേണ്ട സമയായിന്നാ സായ്‌വ് പറേണത്.' മുകുന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാൾ പോക്കറ്റിൽനിന്ന് ഒരു കളർ ഫോട്ടോ എടുത്ത് മുകുന്ദനെ കാണിച്ച് എന്തോ പറഞ്ഞു. അതൊരു പുരുഷന്റെ സ്വകാര്യഭാഗത്തിന്റെതായിരുന്നു. അയാൾ പോയശേഷം മുകുന്ദൻ പറഞ്ഞു. 'ആളൊരു 'ഗേ' ആണ്. അതാരുടേതാണ് എന്നൂഹിക്കാൻ പറ്റ്വോന്നാണ് ചോദിച്ചത്.' ഗേ എന്ന വാക്കാണോ മുകുന്ദൻ ഉപയോഗിച്ചത് എന്നറിയില്ല. ഫോട്ടോ രണ്ടു ദിവസം മുമ്പുണ്ടായിരുന്ന ഒരു പാർട്ടിയുടെ സമയത്ത് എടുത്തതാണെന്നു പറഞ്ഞു. അതിൽ പങ്കെടുത്ത ചില മലയാളികളുടെ വിക്രിയകളെപ്പറ്റിയും പറഞ്ഞു. മനുഷ്യർക്ക് ഇത്രത്തോളം താഴാൻ കഴിയുമോ എന്നും.
അക്കാലത്ത് ഞാൻ തലമുടി വളർത്തിയിരുന്നു. ബീഡി വലിച്ചിരുന്നു. കൽക്കത്തയിൽ നിന്ന് തുടങ്ങിയ സിഗരറ്റുവലി ദില്ലിയിലെത്തിയപ്പോൾ കൂടുതൽ ഫാഷനബ്‌ളായ ബീഡിയായി മാറി. എന്നെ സംബന്ധിച്ചേടത്തോളം പുകവലി ഒരാവശ്യമേ അല്ലായിരുന്നു. ഞാനല്ലാത്ത എന്തോ ആണ് ഞാനെന്ന അഭിനയത്തിന്റെ ഭാഗമായിട്ടാണ് അതു തുടങ്ങിയത്. (ഈ കളികൾ ഇന്നുമുണ്ട്, പുകവലിയല്ലെന്നേയുള്ളു.) പുക കഴിയുന്നതും ശ്വാസകോശത്തിലേയ്‌ക്കെടുക്കാതെ വായിൽ നിറച്ചു പുറത്തേയ്ക്കൂതുന്ന തമാശയുള്ള കാഴ്ച. ഈ തമാശ കാണാനുള്ള രസം കൊണ്ടായിരിക്കണം കൽക്കത്തയിൽ കാമുകി എന്നോട് കിങ്‌സൈസ് സിഗരറ്റ് വാങ്ങി അവളുടെ മുമ്പിൽവച്ച് വലിക്കാൻ പറയാറുള്ളത്. ഒരു ദിവസം ഞാൻ മുകുന്ദന് ബീഡി കൊടുത്തു. പിന്നെ കുറേക്കാലം മുകുന്ദൻ ബീഡി വലിച്ചിരുന്നു. 'മാഷെ, സാധനം കൊള്ളാമല്ലൊ' എന്നു പറയുകയും ചെയ്തു. ഫ്രഞ്ച്, അമേരിക്കൻ സിഗററ്റുകൾ മാത്രം വലിച്ചിരുന്ന മാന്യനായ മുകുന്ദനാണ് ബീഡി വലിച്ച് എന്നെപ്പോലെ തരംതാണത്. അതുപോലെ മുടി വളർത്താനും തുടങ്ങി. അനാശാസ്യ പ്രവണതകൾ!
കല്യാണം കഴിഞ്ഞ ശേഷം ഞാൻ ക്രമേണ പുകവലി നിർത്തി. തലമുടിയുടെ കാര്യം കുറച്ചു കഷ്ടമാണ്. കല്യാണത്തിന് നാട്ടിൽ പോകുമ്പോഴേയ്ക്ക് തോൾ വരെ വളർന്ന മുടി വെട്ടി ഒരു മാതിരി ചെറുതാക്കിയിരുന്നു. എന്റെ നിലവാരം സമ്മതിക്കുന്നത്ര മാത്രം. തൃശ്ശൂരിൽ പോയി പെണ്ണു കണ്ടു, കുഴപ്പമൊന്നുമില്ല. പെണ്ണിന് എന്നെ ബോധ്യമാകുമോ എന്നായിരുന്നു എന്റെ സംശയം. കൂടുതൽ റിസ്‌ക് എടുക്കാതെ അന്നുതന്നെ കല്യാണം ഉറപ്പിക്കുകയും ചെയ്തു. അപകടം വന്നത് ഞാൻ പ്രതീക്ഷിക്കാത്ത വഴിയിലൂടെയായിരുന്നു. വധുവിന്റെ അമ്മ ഈ ആലോചന വന്ന ചാർച്ചക്കാരൻ വഴി അച്ഛന് സന്ദേശം കൊടുത്തു. പയ്യനോട് മുടി വെട്ടാൻ പറയൂ. ആവശ്യം വധുവിന്റേതാകാനിടയില്ലെന്ന് എനിക്കു തോന്നിയിരുന്നു. പറ്റില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. അച്ഛൻ പറഞ്ഞു, 'വധുവിന്റെ അച്ഛൻ നിന്റെ തലമുടിയുടെ നീളമല്ല നോക്കുക, മകളെ നോക്കി രക്ഷിക്കാനുള്ള കരുത്തുണ്ടോന്നാണ്.' ഞാനപ്പോൾ എന്തു പറഞ്ഞുവെന്ന് ഓർമ്മയില്ല. എന്തായാലും മുടി വെട്ടിയില്ല.
ഞാൻ മീനാക്ഷിവല്ല്യമ്മയെ കാണാനും വിവാഹവാർത്ത അറിയിക്കാനുമായി കോഴിക്കോട്ടു പോയി. അമ്മമ്മയുടെ നേരെ അനുജത്തിയാണത്. ഞങ്ങളുടെ തറവാടിന്റെ മൂലം കുറ്റ്യാടിയാണ്. അവിടെ വിട്ട് പൊന്നാനിയിൽ താമസമാക്കി പത്തമ്പതു വർഷം കഴിഞ്ഞിട്ടും അവർ കുറ്റ്യാടി ഭാഷയാണ് സംസാരിക്കാറ്. (ഉറൂബിന്റെ അമ്മായിയമ്മയാണ് മീനാക്ഷി വല്ല്യമ്മ) എന്നെ കണ്ട ഉടനെ അവർ ചോദിച്ചു. 'എന്താടാ നീയ് മുടി വെട്ടാതെ കാടനെപ്പോലെ നടക്ക്ണത്?'
അച്ഛനോട് ഞാനിതു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു. 'വല്ല്യമ്മ പറഞ്ഞതു കേട്ടില്ലെ. ഇപ്പത്തന്നെ പോയി മുടി വെട്ട്.'
അച്ഛൻ പറഞ്ഞിട്ടും അനുസരിക്കാത്ത ഞാൻ മീനാക്ഷി വല്ല്യമ്മ പറഞ്ഞതുകാരണം പോയി മുടിവെട്ടി. അമ്മയുടെ ഓരോ പ്രസവത്തിനും അവർ ഒരു മാസം മുമ്പ് വന്ന് സഹായിക്കാറുണ്ട്, പേറെടുക്കാറുണ്ട്. എന്നെ ആദ്യമായി കണ്ട് കയ്യിൽ എടുത്ത സ്ത്രീയാണ്. ജ്യേഷ്ഠത്തിയുടെ പേടി അവർക്കറിയാം. പ്രസവദിവസം അമ്മമ്മ ആ പരിസരത്തേയ്‌ക്കേ പോകാറില്ല. ആ വലിയ മനസ്സുള്ള വല്ല്യമ്മ പറഞ്ഞത് അനുസരിക്കാതിരിക്കാൻ ആവില്ല. പക്ഷെ എനിക്ക് ദേഷ്യം പിടിച്ചിരുന്നു. വധുവിന്റെ അമ്മയോടുള്ള ദേഷ്യം തീർക്കാൻ ഞാൻ മുടി പറ്റെ വെട്ടാൻ പറഞ്ഞു. കല്യാണ ദിവസം ഗ്ലാമറെല്ലാം നശിച്ച എന്റെ രൂപം കണ്ട വധുവും അവളുടെ ചേട്ടന്മാരും അമ്മയെ കുറേ ചീത്ത പറഞ്ഞുവെന്ന് ഞാൻ പിന്നീടറിഞ്ഞു.
ദില്ലിയിൽ വന്നശേഷം മുടി വീണ്ടും വളർത്തി, പക്ഷെ കുറേക്കൂടി ഫാഷനബ്‌ളായിട്ടാണെന്നു മാത്രം. മുകുന്ദന്റെ കഥ പറഞ്ഞ് ഞാൻ കാടു കയറി. മുടി വളർത്തിയ മുകുന്ദനെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. പഴയ ക്രൂകട്ട് പോയി കൂടുതൽ മനുഷ്യത്വമുള്ള മുഖമായി. ഒരുപക്ഷെ ശ്രീജ മനസ്സിൽ എനിക്ക് നന്ദി പറഞ്ഞിട്ടുണ്ടാകണം.
ബോംബേയ്ക്ക് മാറ്റമായി പോയ ഉടനെ ഞങ്ങൾ താമസിച്ചിരുന്നത് സയൻ സർക്കിളിനും സയൻ സ്റ്റേഷനുമിടയിലുള്ള ഒരു വീട്ടിലായിരുന്നു. ഒന്നാം നിലയിൽ ഒരൊറ്റ മുറി, അടുക്കള, അത്ര മാത്രം. ഒരു ബോണസ്സുള്ളത് സിന്ധി വീട്ടുകാരന്റെ രണ്ടു വയസ്സുള്ള മകളാണ്. അവൾ പകൽ മുഴുവൻ ലളിതയുടെ ഒപ്പമായിരിക്കും. ഭക്ഷണവും അവിടെനിന്നുതന്നെ. ഇടയ്ക്ക് ഷെഡ്ഡിയും ഊരി 'ശൂശു ആത്തി ഹെ' എന്നു പറഞ്ഞുകൊണ്ട് കുളിമുറിയിലേയ്ക്ക് ഓടും. ലളിത പിന്നാലെയും.
ഒരു ദിവസം മുകുന്ദന്റെ കത്തു വന്നു. ഞാനും ശ്രീജയും മോനുംകൂടി ബോംബെയ്ക്കു വരുന്നു, നിങ്ങളെ കാണാൻ. വളരെ സന്തോഷമായി. ഞങ്ങളെ കാണാനായി ആദ്യമായൊരു കുടുംബം വരികയാണ്. അവർ നാട്ടിൽ നിന്നാണ് വരുന്നത്. ഞങ്ങൾ ദാദർ സ്റ്റേഷനിൽ പോയി അവരെ സ്വീകരിച്ചു. അവരുടെ മോൻ അന്ന് ഒരു കൈക്കുഞ്ഞായിരുന്നു. പകൽ സമയത്ത് കുറേ സ്ഥലങ്ങളെല്ലാം കണ്ടു, അതിലൊന്ന് ശിവജി പാർക്കായിരുന്നു. അവിടെവച്ച് ഏതാനും ഫോട്ടോകളെടുത്തു. ഒരു രണ്ടാംതരം റസ്റ്റോറണ്ടിൽ പോയി മസാലവട തിന്നു. നമ്മുടെ പരിപ്പുവടയ്ക്ക് ഇത്രത്തോളം തരംതാഴാമെന്നത് അന്നു മനസ്സിലായി. അന്നെടുത്ത ഫോട്ടോകൾ ഞാനും മുകുന്ദനും പങ്കിട്ടെടുത്തു. എന്റെ കയ്യിലിപ്പോൾ അതിൽ പകുതി ഫോട്ടോകളേയുള്ളു. തിരിച്ച് വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. ഒരു മുറിയേ ഉള്ളുവെന്നതുകൊണ്ട് ഒരു ബെഡ് ഷീറ്റുകൊണ്ട് മറയുണ്ടാക്കി. ഞങ്ങൾ താഴെ കിടക്കാം നിങ്ങൾ കട്ടിലിൽ കിടന്നോളു എന്നു പറഞ്ഞത് അവർ വീറോടെ എതിർത്തു. അവർക്ക് താഴെ കിടക്കയെടുത്തു വിരിച്ചുകൊടുത്തു.
മുകുന്ദന്റെ മോൻ കൗതുകമുള്ള ഒരു കുട്ടിയായിരുന്നു. രാത്രി അവൻ മുലപ്പാലു കുടിക്കുന്നതിന്റെ ശബ്ദം കേട്ടുകൊണ്ട് ഞാനും ലളിതയും കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശബ്ദം നിന്നു. ഞാൻ വിളിച്ചു ചോദിച്ചു, 'മുകുന്ദൻ, മോനുറങ്ങി അല്ലെ?'
'ഉറങ്ങി.....' മറുപടി കിട്ടി. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ആ ശബ്ദം കേട്ടപ്പോൾ ലളിത എന്റെ കാതിൽ സ്വകാര്യമായി പറഞ്ഞു. 'മോൻ ഒണർ ന്നിട്ട്ണ്ട്ന്ന് തോന്നുണു.'
പിറ്റേന്ന് മുകുന്ദനും ശ്രീജയും വിടപറഞ്ഞ് പോയപ്പോൾ വളരെ സങ്കടം തോന്നി.
പിന്നെ വീട്ടിൽ തിരിച്ചെത്തി മുകുന്ദന്റെ മോനെപ്പറ്റിയും മറ്റും കുറേ നേരം സംസാരിച്ചു. തലേന്ന് രാത്രിയിലെ കാര്യങ്ങളിലെത്തിയപ്പോൾ ഞാൻ പെട്ടെന്ന് ചോദിച്ചു.
'ആ ശബ്ദം......'
'ഏത് ശബ്ദം?' അവൾ ചോദിച്ചു.
'അല്ലെങ്കിൽ സാരല്യ......' ഞാൻ വെറുതെ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ മനസ്സിലാവാതെ എന്റെ മുഖത്തേയ്ക്കു നോക്കി. ഞാൻ തുടർന്നു. 'അത് മോനായിരുന്നോ അതോ അച്ഛനോ?'
അവൾക്കൊന്നും മനസ്സിലായില്ല. കുറച്ചുനേരം ആലോചിച്ചുകൊണ്ടിരുന്ന ശേഷം പെട്ടെന്ന് തലയിൽ കൈവച്ചുകൊണ്ടവൾ പറഞ്ഞു.
'അയ്യേ, അപ്പൊ നമ്മള്ണ്ടാക്ക്യ ബഹളം അവരും കേട്ടിട്ട്ണ്ടാവും അല്ലേ?'
ഞാനുറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി