ഉഷ എസ് നായര്‍
മരങ്ങളെയും പാറകളെയും സുഹൃത്തുക്കളാക്കുക. നദിക്കരയില്‍ കിടന്ന് നദിയുടെ ശബ്ദം ശ്രവിക്കുക. അപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ യഥാര്‍ത്ഥ മന്ദിരത്തോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കും. പ്രകൃതിയാണ് അവന്റെ യഥാര്‍ത്ഥ മന്ദിരം അവിടെ പോയി ആവേശിതനാവുക.
ഓഷോ ഇങ്ങനെ പറയുന്നതു വായിച്ചാല്‍ പോലൂം നമ്മള്‍ പൂര്‍ണ്ണ വിശ്രാന്തി പ്രാപിക്കും. 'ശ്രീപാര്‍വ്വതിയുടെ പാദം” എന്ന ബൈജു ചന്ദ്രന്റെ ടെലിചിത്രത്തിന്റെ നായിക തന്റെ തറവാട്ടിലേക്ക് ഒരു “തിർത്ഥയാത്ര'നടത്തുന്നത് ആസ്വദിക്കുന്ന പ്രേക്ഷകരും ആവേശഭരിതരായി ദൈവസാന്നിദ്ധ്യം അറിയുന്നു. അത്രമേല്‍ സുന്ദരമായ ഒരു ഗ്രാമപ്രദേശമാണ് കഥ സന്നിവേശിപ്പിക്കാന്‍ ബൈജു തിരഞ്ഞെടുത്തിരിക്കുന്നത്. ശാന്ത സുന്ദരമായ ഗ്രാമപ്രദേശത്ത് ബാല്യകൗമാരങ്ങള്‍ ചെലവിട്ട ആരും ഇതു തങ്ങളുടെയും കൂടി തീര്‍ത്ഥയാത്രയാണെന്ന് അറിയുകയും ചെയ്യും. ഇതൊക്കെ ഈ ടെലിചിത്രത്തിന്റെ ഒരു പ്രധാനവശം തന്നെയാണ്. എന്നാല്‍ അതുമാത്രമല്ല ഇതില്‍ പ്രതിഫലിപ്പിക്കുന്നത്. പ്രകൃതിയും ജീവിതവും മനുഷ്യനെ ഒരുപോലെയാണോ ബാധിക്കുന്നതെന്നചോദ്യവും ഇവിടെയുണ്ടാകൂന്നു. രണ്ടു സ്ത്രീകളുടെ വൃത്യസ്തമായ മനസ്സ് ഇതിനുത്തരം തരും. പ്രകൃതിയുടെ സൌന്ദര്യത്തിലും ആത്മീയതയിലും അഭിരമിക്കുന്നവളാണ് മാധവി. ഇളയവള്‍. പ്രകൃതിയുടെ ഭാതികതയെ അളന്നും കുറിച്ചും കൂട്ടിയും കുറച്ചും നെടുവീര്‍പ്പിടുകയും കാലൂഷ്യം അടക്കാനാകാതെ പ്രകടിപ്പിക്കുകയും ചെയ്യുന്ന ചേച്ചി, ശാരദ. ശാരദയും ഭര്‍ത്താവും സുപ്രിയ എന്ന പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തിലേക്കാണ് ഒരു മഴ ദിവസം മാധവി ' തറവാടു കാണാന്‍ എത്തുന്നത്.
തിരക്കേറിയ നഗരത്തിലെ ഒരു അംബരചുംബിയിലെ ഒരു കൂട്ടില്‍ ഭര്‍ത്താവും മകനുമായി കഴിയുമ്പോള്‍ ഇടയ്ക്കൊക്കെ അവളുടെ മനസ്സ് വരണ്ടുപൊള്ളും. ആ ചുട് അടങ്ങണമെങ്കില്‍ തറവാട്ടിലെ മണ്ണില്‍ സ്പര്‍ശിക്കണം. മുത്തശ്ശി പകര്‍ന്നുതന്ന ഭൂമിയുടെ മണവും ജന്തുജ്ാലങ്ങളുടെ സ്വരവും പൂക്കളുടെ ഗന്ധവും അറിയണം. അല്ലെങ്കില്‍ അവ ആകെ വരണ്ടുപോകും. പക്ഷേ, അവളുടെ വരവിനെ ചേച്ചികാണുന്നത് മറ്റൊരു തരത്തിലാണ്. തറവാടിന്റെ ഭാഗം വാങ്ങാനാവും അവള്‍ വന്നത് എന്ന കത്തല്‍ അവരെ ആകെ പരിഭ്രമിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. ശാരദയുടെ പെണ്‍കുട്ടിയെ ചേര്‍ത്തുനിര്‍ത്തി സ്വന്തം ബാല്യത്തിലേക്കു മാധവി തിരിഞ്ഞു നടക്കുമ്പോള്‍ അനുഭവിക്കുന്ന അവാച്യമായ അനുഭൂതി ഭാതികതയെ ഓര്‍ത്തു നീറുന്ന ശാരദ അറിയുന്നേയില്ല. തിരിച്ചറിവിന്റെ വലിയൊരു പ്രശ്‌നം ഇവിടെയുണ്ട്. തിരിച്ചറിവില്ലാത്ത തിന്റെ ദു:ഖം എത്രവലുതാണെന്നും നമുക്കു ബോധ്യമാകുന്നു.
താന്‍ വന്നത് വെറും തീര്‍ത്ഥയാത്രയ്ക്കു മാത്രമാണെന്നും ഒരു തരി മണ്ണും തനിക്കുവേണ്ടെന്നും മാധവി പറയുന്നതോടെ വലിയ ഭാരം വിട്ടൊഴിഞ്ഞശാരദ അനുജത്തിയോടു സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുകയാണ്. തൊടിയിലെ തുമ്പപ്പൂവ് ഇറുത്ത് കമഴ്ത്തിച്ച് അത് ശ്രീപാർവ്വതിയുടെ പാദമാണെന്ന് മുത്തശ്ശി പറഞ്ഞുകൊടുത്തത് മാധവിയും സുപ്രിയയും പങ്കിടുന്നുണ്ട്. പിരിയാന്‍ നേരം സുപ്രിയയെ ചേര്‍ത്ത് അടുത്തിരുത്തി അവളുടെ പാദങ്ങളില്‍ വെള്ളിക്കൊലുസ്സണിയിച്ചു ചുംബിച്ചുകൊണ്ട് പ്രകൃതിയുടെ ഭാവങ്ങള്‍ തലമുറകളിലേക്ക് പൂത്തുകയറുന്നത് ആസ്വദിക്കാനറിയുന്ന ശ്രീപാര്‍വതിമാര്‍. ബന്ധങ്ങളും സഹൃദങ്ങളും ഭൂമിയും വരണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രകൃതിയിലേക്കൊരു തീര്‍ത്ഥയാത്ര മനുഷ്യര്‍ അര്‍ഹിക്കുന്നു. ഈ ചിത്രത്തിന്റെ സാദ്ധ്യതയും സൌന്ദര്യവും ഇതാണ്. ഇ. ഹരികുമാറിന്റേതാണ് കഥ. ഇതിന്റെ ഗാനം ആലപിച്ചിരിക്കുന്നത് നായികയായി നടിക്കുന്ന അഞ്ജു ഹരിദാസാണ്. സുന്ദരമാണത്. എം.ജി ശശി, സോനാനായര്‍, വത്സലാമേനോന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ദൂരദര്‍ശനനാണ് “ശ്രീപാർവ്വതിയുടെ പാദം നിര്‍മ്മിച്ച് സംപ്രേക്ഷണം ചെയ്തത്. ആരവങ്ങള്‍ക്കിടയില്‍ ഒരു സൗമ്യഗാനം പോലെ ഒരു ചിത്രം.