കണ്ണൂർ ജവഹർലാൽ നെഹ്‌റു പബ്‌ളിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ഒരു ചർച്ചായോഗം സംഘടിപ്പിച്ചു. 'മലയാള കഥയും ടി. പദ്മനാഭനും - ഒരു പഠനം' എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചർച്ച. എറണാകുളത്തുനിന്ന് കണ്ണൂർവരെ പോകാനൊരുങ്ങിയപ്പോൾ മനസ്സിലുണ്ടായിരുന്നത് എന്റെ പ്രിയപ്പെട്ട കാഥികനെപ്പറ്റി അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ എന്തു പറയുന്നു എന്നു നോക്കാനുള്ള ഔത്സുക്യം മാത്രമായിരുന്നില്ല. പദ്മനാഭന്റെ കഥകൾ വായിക്കുമ്പോഴുണ്ടാകാറുള്ള അനിർവാച്യമായ അനുഭൂതിവിശേഷം ഒരു ചർച്ചയുണർത്തുന്ന സ്മരണകളിലൂടെ പുനഃപ്രതിഷ്ഠിക്കുക എന്ന സ്വാർത്ഥമോഹവുമായിരുന്നു.
റിസർച്ച് സെന്ററിന്റെ ഉപദേഷ്ടാവ് ശ്രീ. രഘുനാഥ് പറയുകയുണ്ടായി. പദ്മനാഭന്റെ കഥകളെപ്പറ്റി ഒരു ചർച്ച സംഘടിപ്പിക്കാൻ പോകുന്നുവെന്നു പറഞ്ഞപ്പോൾ പലരും ചോദിച്ചുവത്രെ, ഇതുവരെ അത് ചെയ്തിട്ടില്ലേ എന്ന്. ശരിയാണെന്നു തോന്നി. നാല്പത് കൊല്ലങ്ങളായി പദ്മനാഭൻ കഥകളെഴുതിത്തുടങ്ങിയിട്ട്. എന്നിട്ട് പദ്മനാഭന്റെ നാട്ടിൽ അങ്ങനെ ഒന്ന്... മറ്റു പല സ്ഥലങ്ങളിലുമുണ്ടായിട്ടുണ്ട്. പക്ഷേ, കണ്ണൂരിൽ...
ചർച്ച ഉദ്ഘാടനം ചെയ്ത ശ്രീ. വി. സോമസുന്ദരൻ ഐ.എ.എസ്. ജില്ലാകളക്ടർ പറഞ്ഞു. ഇവിടെ ഗുസ്തിക്കും, പന്തുകളിക്കും ആൾക്കാർ കൂടും. പക്ഷേ, കഥാസാഹിത്യത്തെപ്പറ്റി ഒരു ചർച്ചയ്ക്ക് ഇത്രയധികം ആൾക്കാരെ പ്രതീക്ഷിച്ചില്ല. മഹാത്മാമന്ദിരം ഓഡിറ്റോറിയം നിറഞ്ഞിരുന്നു. ഇതൊരു നല്ല ലക്ഷണമാണെന്നും റിസർച്ച് സെന്റർ ഭാവിയിൽ നടത്താനുദ്ദേശിക്കുന്ന ചർച്ചായോഗങ്ങൾക്കും സാഹിത്യസദസ്സുകൾക്കും ഇതൊരു പ്രോത്സാഹനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അദ്ധ്യക്ഷം വഹിച്ചത് ശ്രീ. പദ്മനാഭന്റെ വളരെ പഴയ സ്‌നേഹിതനായ ശ്രീ എം.വി. ദേവൻ ആയിരുന്നു. അദ്ദേഹം പറഞ്ഞു. ഒരു ചിത്രകാരനായ ന്യൂമാൻ ഒരിക്കൽ പറയുകയുണ്ടായി. എനിക്ക് ഒരു ചിത്രം കാണണമെന്നു തോന്നുമ്പോൾ ഞാൻ എന്റേതായ ചിത്രം വരയ്ക്കുന്നു. വായിക്കണമെന്നു തോന്നുമ്പോൾ എന്റേതായ ഗദ്യം എഴുതിയുണ്ടാക്കുന്നു. സ്വന്തം സുഖത്തിനും സന്തോഷത്തിനും ആത്മപ്രകാശനത്തിനും വേണ്ടിയാണത്. അതിനുശേഷമാണ് വായനക്കാർ. പദ്മനാഭനെ സംബന്ധിച്ചിടത്തോളവും ഇത് ശരിയാണ്. തന്റേതായ ഒരു ശൈലി, മുൻപുള്ള കഥാകാരന്മാരിൽനിന്ന് വ്യത്യസ്തമായി മലയാളത്തിൽ തനിക്ക് വായിക്കേണ്ട കഥകൾ താൻ തന്നെ എഴുതിയുണ്ടാക്കണമെന്ന ചങ്കൂറ്റം. ഇതാണ് പദ്മനാഭനെ അദ്വിതീയനാക്കുന്നത്. ഒരു ചിത്രകാരനും, ശില്പിക്കും ചില പരിമിതികളുണ്ട്. വൃത്തം, കോണം, ചതുരം മുതലായവ. പലതരം രസങ്ങളാണ് ഒരു സാഹിത്യകാരന്റെ പരിമിതികൾ. അവയിൽ കരുണ എന്ന രസമാണ് സാഹിത്യകാരന്റെ മുഖ്യമായ പദാർത്ഥം. ഇതുകൊണ്ടാണവൻ പ്രപഞ്ചമുണ്ടാക്കുന്നത്. പദ്മനാഭന്റെയും സ്ഥിതി ഇതുതന്നെ. അത്യുക്തി ഒട്ടും ഇല്ലാത്ത അദ്ഭുതകരമായ, വ്യാഖ്യാനത്തിനതീതമായ ഒരു അനുഭൂതിവിശേഷം സാധാരണ സംഭവങ്ങൾകൊണ്ട് പദ്മനാഭൻ സൃഷ്ടിക്കുന്നു.
''മലയാള ചെറുകഥ പദ്മനാഭൻ വരെ'' എന്ന വിഷയത്തെപ്പറ്റി പ്രൊഫ. കെ.പി. ശങ്കരൻ പ്രസംഗിച്ചു. തന്നോട് ഒരു പ്രബന്ധമതരിപ്പിക്കാനാണ് ആവശ്യപ്പെട്ടതെങ്കിലും പല കാരണങ്ങളാലും അത് നടന്നില്ല. പ്രബന്ധം എഴുതി വായിക്കുക എന്നത് ഒരു രണ്ടാതരം ഏർപ്പാടായി താൻ കാണുന്നില്ലെന്നും അങ്ങനെ ഒന്ന് എഴുതാൻ സൗകര്യപ്പെട്ടില്ലെന്നതുകൊണ്ടുമാത്രമാണ് എഴുതാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഥ എന്ന മാധ്യമത്തോട് ഇത്രയും തീവ്രമായ ഒരഭിനിവേശം തീവ്രമായ ഏകപത്‌നീവ്രതം, പദ്മനാഭനെപ്പോലെ മറ്റൊരു കഥാകാരനുമുണ്ടായിട്ടില്ല എന്ന് പ്രൊഫ. കെ.പി. ശങ്കരൻ പറഞ്ഞു. ഒരിക്കലെങ്കിലും കഥ എന്ന മാധ്യമം വിട്ട് നോവലിലേക്കു കടക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതിനുള്ള കാരണവും പദ്മനാഭന്റെ കഥാസങ്കല്പത്തിൽത്തന്നെ ഒളിച്ചിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കഥകളിൽ സംഭവം ഒരു നിർണായകഘടകമല്ല എന്നതാണ് അത്. സംഭവമല്ല സംവേദനമാണ് കഥയുടെ ഉൾക്കാമ്പ് എന്ന് പഠിപ്പിച്ചത് ടി. പദ്മനാഭനാണ്. നോവലുകളിൽ സംഭവത്തിനാണ് പ്രാധാന്യം. പദ്മനാഭന്റെ ശൈലി അദ്ദേഹത്തെ ചെറുകഥയിൽത്തന്നെ ഒതുക്കിനിർത്താൻ പ്രേരകമായതാണ്.
പദ്മനാഭനുമുമ്പുള്ള കഥാകൃത്തുക്കൾ സംഭവങ്ങൾ കൂടുതൽ മുൻതൂക്കം കൊടുക്കുകയും കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളെ ഇത്രയധികം ശ്രദ്ധിക്കാതിരിക്കുകയും ചെയ്തു. ഈ കാരണങ്ങളാൽ ആ കഥകൾക്കെല്ലാം ഒരു ഉപരിപ്ലവസ്വഭാവം ഉണ്ടായിരുന്നു. ഇതിൽനിന്ന് കുറച്ചു വ്യത്യസ്തമായത് ഉറൂബായിരുന്നു. പക്ഷേ, അദ്ദേഹവും പുരോഗമനസാഹിത്യത്തിന്റെ പാതയിലേക്ക് കുറച്ചെങ്കിലും പോയിട്ടുണ്ട്. ഉദാഹരണം കൂമ്പെടുക്കുന്ന മണ്ണ്.
മലയാളകഥകളിൽ ഒരു ആന്റി ഹീറോയെ (അനായകൻ എന്നു വിളിക്കാം) ആദ്യമായി കൊണ്ടുവന്നത് പദ്മനാഭനായിരുന്നു.
മനസ്സ് എന്ന ഭാരം ഒരു യാഥാർത്ഥ്യമായി പദ്മനാഭന്റെ കഥകളിൽ കുടികൊള്ളുന്നു.
പദ്മനാഭനു മുൻപുണ്ടായിരുന്ന കാഥികർക്ക് വാക്കുകൾക്ക് പിശുക്കില്ലായിരുന്നു. വാചാലതയായിരുന്നു അവരുടെ മുഖമുദ്ര. പദ്മനാഭൻ അങ്ങനെയല്ല. വാക്കുകൾ കരുതിക്കൂട്ടി ആവശ്യത്തിനുമാത്രം ഉപയോഗിച്ചു. അടർന്നുവീഴുന്ന ചിന്താശകലങ്ങളെ തെരഞ്ഞെടുത്തു വാക്കുകളാൽ അവതരിപ്പിച്ചു. മൗനം സാർത്ഥകമായ ശൈലിയാണ് പദ്മനാഭന്റേത്.
'ഒരു' എന്നത് പദ്മനാഭന് ഇഷ്ടപ്പെട്ട പ്രയോഗമാണ്. സവിശേഷമായ, സൂക്ഷ്മമായ ഒന്നിനെ കാണിക്കാൻ അദ്ദേഹം ഉപയോഗിക്കുന്ന വാക്കാണ് 'ഒരു' എന്നത്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി. പദ്മനാഭൻ ഒരു പെൺകുട്ടിയെപ്പറ്റിയാണ് പറയുന്നത്. അതൊരു സവിശേഷതയാണ്.
പ്രൊ.കെ.പി.ശങ്കരനുശേഷം പി.മുരളി, പദ്മനാഭന്റെ കഥകളെപ്പറ്റി വളരെ ബൃഹത്തായ ഒരു പഠനമവതരിപ്പിച്ചു.
രണ്ടുതരം കഥകളാണ് പദ്മനാഭൻ എഴുതാറ്. ഒന്ന് പ്രധാന കഥാപാത്രത്തിൽത്തന്നെ ആത്മാംശമുള്ളവ. പിന്നെ ഒന്ന് കഥാകാരൻ ഒരു സാക്ഷി മാത്രമായി മറ്റുള്ളവരുടെ കഥ പറയുക. ആദ്യത്തെ ഇനത്തിലെ കഥകളിൽ അതായത് ആത്മാംശമുള്ള കഥകളിൽ പ്രധാന കഥാപാത്രത്തെ സ്വന്തം വ്യക്തിത്വത്തെ അന്യവൽക്കരിച്ച് നിർത്തി 'അയാൾ' എന്നു വിളിക്കുന്നു. താൻ ഒരു സാക്ഷിമാത്രമായ കഥകളിലാവട്ടെ കഥാപാത്രങ്ങൾക്ക് പേരിടുകയും ചെയ്യുന്നു. ഈ രീതി കാരണം ശില്പപരമായ അച്ചടക്കം ഉണ്ടാക്കാൻ പദ്മനാഭനു കഴിഞ്ഞിട്ടുണ്ടെന്ന് ശ്രീ. മുരളി പറഞ്ഞു.
ബോധധാര രീതി പദ്മനാഭൻ പല കഥകളിലും സ്വീകരിച്ചിട്ടുണ്ട്. അതൊരു പരീക്ഷണമല്ലെന്നും, മറിച്ച് സ്വന്തം ആവിഷ്‌കരണത്തിന്റെ തനിമ മാത്രമാണെന്നും, ജീവിതത്തെ സൂക്ഷ്മവിശദമായി ആവിഷ്‌കരിക്കാൻ ശ്രമിക്കുന്ന കഥാകൃത്ത് ബോധപ്രവാഹത്തിന്റെ തുടർച്ചയെ പ്രതിഫലിപ്പിക്കുന്ന ശില്പം സ്വീകരിച്ചേ മതിയാവൂ എന്ന തോന്നലിലാണ് ശ്രീ. പദ്മനാഭൻ ബോധധാരയിലേക്കു കടന്നതെന്നും മുരളി പറഞ്ഞു. 'ശേഖൂട്ടി', 'മഖൻ സിങ്ങിന്റെ മരണം', 'സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ...' എന്നീ കഥകൾ ഈ സങ്കേതത്തിന്റെ നിറമാർന്ന ഉദാഹരണങ്ങളാണ്.
പ്രതീകങ്ങൾക്കും ബിംബകല്പനകൾക്കും പദ്മനാഭൻ പ്രാധാന്യം നൽകുന്നുണ്ട്. ഒരേ പ്രതീകം തന്നെ വിവിധ സന്ദർഭങ്ങളിൽ വ്യത്യസ്തരൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മഴ എന്ന പ്രതീകം പദ്മനാഭന്റെ ഒരുമാതിരി എല്ലാ കഥകളിലുമുണ്ട്. 'കുടയനെല്ലൂരിലെ ഒരു സ്ത്രീ' എന്ന കഥയിൽ മഴ ഒരു ലൈംഗിക പ്രതിമാനത്തോടെയാണ് വരുന്നതെങ്കിൽ 'പഴയ കുതിരകൾ' എന്ന കഥയിൽ മഴ വിരുദ്ധഭാവങ്ങളുടെ സമന്വയമായി നിലകൊള്ളുന്നു. 'യാത്ര' എന്ന കഥയിലാകട്ടെ മഴ ഒരു നിതാന്തവിഘാതമായി നിലകൊള്ളുന്നു. 'പഴയ ഓർമകൾ പുതിയ സ്വപ്നങ്ങൾ' എന്ന കഥയിൽ മഴ ഗൃഹാതുരതയുടെ പ്രതീകമായി നിലകൊള്ളുന്നു.
'പദ്മനാഭന്റെ കഥാപ്രപഞ്ചം' എന്ന വിഷയത്തെപ്പറ്റി സംസാരിച്ച് പ്രൊഫ. എം. തോമസ് മാത്യു പറഞ്ഞു. ചെറുകഥയിൽനിന്ന് അനായാസേന ഒഴിവാക്കാവുന്നത് 'കഥ'യാണ്. അതായത് സംഭവങ്ങൾ ശക്തമായ ഒരു ഇതിവൃത്തം വേണമെന്ന പക്ഷക്കാരായിരുന്നു മുൻ തലമുറയിലെ പല കഥാകൃത്തുക്കളും. അതുകൊണ്ടുതന്നെ അവരിൽ മിക്കവാറും എല്ലാവരും നോവൽ എന്ന മാധ്യമത്തിലേക്കു കടന്നു. മറിച്ചായിരുന്നു ടി. പദ്മനാഭൻ. അദ്ദേഹത്തിന്റെ വ്യക്തിത്വം ചെറുകഥ എന്ന മാധ്യമത്തോട് ഇണങ്ങുന്ന വ്യക്തിത്വമാണ്. 'ശേഖൂട്ടി' എന്ന കഥ എഴുതിക്കഴിഞ്ഞ ശേഷമാണ് പദ്മനാഭൻ ജെയിംസ് ജോയ്‌സിനെ കണ്ടുമുട്ടുന്നത്. താൻ തെരഞ്ഞെടുത്ത പന്ഥാവ് ശരിയാണെന്ന ആത്മവിശ്വാസമുണ്ടാക്കാൻ ജെയിംസ് ജോയ്‌സിന്റെ കൃതികൾ, പ്രത്യേകിച്ചും 'യൂലിസസ്സ്' പദ്മനാഭനെ സഹായിച്ചു.
തന്നെ കണ്ടെത്തുന്നതിനുള്ള യാത്രയിലെ ഒരു ഘട്ടത്തിൽ പദ്മനാഭൻ ജെയിംസ് ജോയിസിനെ കണ്ടുമുട്ടിയെന്നുമാത്രം.
നിഴൽ വരച്ചു വെളിച്ചം കാണിക്കുന്ന ചിത്രകാരന്റെ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് സൂചിപ്പിക്കാൻ കഴിയാത്ത ഒരു മണ്ഡലത്തെ ഉണ്ടാക്കുന്ന എഴുത്തുകാരൻ പരാധീനത ചിത്രീകരിക്കുന്നത് അതിനുമപ്പുറത്തെ പലതും കാണിക്കാനാണ്. ഉദാഹരണമായി; സന്തോഷം, ഉയർന്ന ഒരു ശിരസ്സ് മുതലായവ. ഈ വൈരുദ്ധ്യങ്ങളാണ്, വൈരുദ്ധ്യം സൃഷ്ടിക്കുന്ന മനസ്സിന്റെ പിരിമുറുക്കമാണ്, പദ്മനാഭന്റെ കഥകൾ ആകർഷകമാക്കുന്നത്.
മൂല്യങ്ങൾ തകർന്ന ഒരു ലോകത്തിൽ ഈ മൂല്യങ്ങളെ അന്വേഷിക്കുന്ന ഒരു മനുഷ്യനെ പദ്മനാഭന്റെ കഥകളിൽക്കാണാം. പദ്മനാഭൻ സ്വന്തം കഥകൾ ഒരിക്കലും പൂർണമായെഴുതുന്നില്ലെന്നും ആ കഥകൾക്ക് പൂർണത കൈവരിക്കുന്നത് വായനക്കാരന്റെ മനസ്സിൽ നിന്നാണെന്നും പ്രൊഫ. തോമസ് മാത്യു പറഞ്ഞു.
ശ്രീ പി. അപ്പുക്കുട്ടൻ മലയാള ചെറുകഥ - പദ്മനാഭനുശേഷം എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. പദ്മനാഭന്റെ കഥകൾ മലയാള കഥാചരിത്രത്തിൽ ഒരു വഴിത്തിരിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക, ആ വികാരപ്രപഞ്ചത്തെ അതിന്റെ അതിസൂക്ഷ്മമായ തണ്ടുപോലും പൊട്ടിക്കാതെ എടുത്തുകാണിക്കുക. അതാണ് പദ്മനാഭൻ ചെയ്യുന്നത്. പദ്മനാഭന്റെ ചുവടുവച്ച് കഥയെഴുതുന്നവരിൽ എടുത്തുപറയേണ്ടവരാണ്, ശതുഘ്‌നൻ, സി.വി. ബാലകൃഷ്ണൻ, സി.വി. ശ്രീരാമൻ എന്നിവർ എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
എം. സുകുമാരന്റെ സംഭാവനയും ഈ അവസരത്തിൽ സ്മരിക്കേണ്ടതാണ്. ഏകാകിയുടെ ദുഃഖത്തെപ്പറ്റി എഴുതിയ സുകുമാരൻ പിന്നീട് പ്രത്യയശാസ്ത്രങ്ങളുടെ പിന്നാലെ പോയി ഒരു പുതിയ വഴിത്തിരിവിലെത്തി. കാക്കനാടൻ, മുകുന്ദൻ എന്നിവർ വികാരപരതയെ ബുദ്ധിപരതയിലേക്കു നയിച്ചു. സമൂഹം നശിച്ചുകൊണ്ടിരിക്കയാണെന്നും അതിൽനിന്ന് മോചനമില്ലെന്നും അവർ വിശ്വസിച്ചു.
ശ്രീ. എം. ഗോവിന്ദൻ സദസ്സിലുണ്ടായിരുന്നു. രണ്ടുവാക്ക് പറയണമെന്നാവശ്യപ്പെട്ടപ്പോൾ അദ്ദേഹം പദ്മനാഭനുമായി പണ്ടു മുതലേയുള്ള അഗാധമായ സൗഹൃദം ഓർമിച്ചു. പദ്മനാഭന്റെ കഥകൾക്ക് ഒരു ലിറിക്കൽ സ്വഭാവമാണുള്ളതെന്ന് താൻ പണ്ടു പറഞ്ഞത് അദ്ദേഹം ഓർത്തു. വേദന ഇറ്റിറ്റുവീഴുന്ന പ്രത്യേകതരത്തിലുള്ള ഒരു ഭാവതരംഗമാണ് പദ്മനാഭന്റെ കഥകളിലുള്ളത്. ഏകാന്തമായ ഒരാത്മാവിന്റെ രോദനങ്ങൾ. മൂർത്തമായ അനുഭവപരമ്പകളുടേതല്ലാതെ അവാച്യമായ വേദനയുടെ സംഗീതം ഊറിക്കൂടുന്ന സ്വഭാവം പദ്മനാഭന്റെ കഥകളിലുണ്ടെന്ന് ശ്രീ. ഗോവിന്ദൻ പറഞ്ഞു. കഥയെഴുത്തു തുടങ്ങുന്നതിനു മുൻപ് പദ്മനാഭൻ ഭാവകവിതകളാണ് എഴുതിയിരുന്നത്. ഭാവരൂപത്തിലുള്ള ഗദ്യശകലങ്ങൾ. അൻപതുകളുടെ ആദ്യത്തിൽ മദിരാശി മലയാളി സമാജത്തിൽ പദ്മനാഭൻ കഥ വായിച്ചത് അദ്ദേഹം ഓർത്തു.
ശ്രീ. ടി. പദ്മനാഭൻ ഹാളിൽ ഒരു അനുവാചകൻ മാത്രമായിരുന്നു. രണ്ടു വാക്കു പറയണമെന്ന നിർബന്ധം വന്നപ്പോൾ അദ്ദേഹം സ്‌റ്റേജിൽ കയറി.
ചെറുകഥയാണ് തന്റെ വഴിയെന്നും ഇനി എന്തു പ്രലോഭനങ്ങളുണ്ടായാലും അതിൽനിന്നു മാറുന്ന പ്രശ്‌നമേയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടിൽ തന്നെ നയിക്കുന്ന ചേതോവികാരം ഇടശ്ശേരിയുടെ ഒരു കവിതാശകലമാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.
എനിക്കു രസമി നിമ്‌നോന്നതമാം
വഴിക്കു തേരുരുൾ പായിക്കൽ
ഇതേ തിരുൾക്കുഴിമേലുരുളട്ടേ.
വിടില്ല ഞാനീ രശ്മികളെ.
മഹാത്മാമന്ദിരത്തിന്റെ സെക്രട്ടറി ശ്രീ എം.എൻ. രാജൻ കൃതജ്ഞത പറഞ്ഞതോടെ ചർച്ചായോഗം അവസാനിച്ചു.