ഡോ.സി.ആര്‍. സുശീലാദേവി

സ്ത്രീലോകം പ്രതിഫലിക്കുന്ന പുരുഷദര്‍പ്പണം

ഡോ.സി.ആര്‍. സുശീലാദേവി

എന്റെ സ്ത്രീകൾ' ഇ. ഹരികുമാറിന്റെ സ്ത്രീപക്ഷകഥകൾ

സ്ത്രീയെ അവമതിച്ച് ആധിപത്യം പ്രകടമാക്കുന്നതിന് പകരം സ്‌നേഹിച്ച് വശപ്പെടുത്തുന്നവരും സ്‌നേഹരഹിതമായ വേഴ്ച ഇഷ്ടപ്പെടാത്തവരുമായ പുരുഷന്മാരാണ് ഇ. ഹരികുമാറിന്റെ കഥാലോകത്തിലുള്ളത്.

ശിവാത്മികമായ ഉന്മീലനശക്തിയെന്ന് സർഗ്ഗാത്മക പ്രതിഭയെ പ്രണമിച്ച ആഭിനവഗുപ്താചാര്യരുടെ ഉപദർശനം അനുസ്മരിപ്പിക്കുന്നതാണ് ഇ. ഹരികുമാറിന്റെ കഥാലോകം. മലയാള കഥയിൽ അരനൂറ്റാണ്ടിന്റെ ചരിത്രമുള്ള ആ കഥാലോകത്തിന്റെ തനിമയ്ക്ക് പരമാധിഷ്ഠാനം അസാധാരമമായ സ്ത്രീപുരുഷ ബന്ധങ്ങളാണ്. സ്ത്രീത്വത്തിന്റെ സ്‌നേഹോദിതമായ മഹാശക്തികളെ കാവ്യകലയിൽ ആവാഹിച്ച് ഉജ്ജ്വലിപ്പിച്ച കവി ഇടശ്ശേരിയുടെ മകന് സ്ത്രീലോകം കഥാവിഷയമാക്കുന്നതിലുള്ള പാടവം സ്വാഭാവികം മാത്രം! സ്ത്രീലോകം പുരുഷലോക നിരപേക്ഷമാണെന്നുള്ള കാഴ്ചപ്പാടും ഇ. ഹരികുമാറിനില്ല. പുരുഷനു മാത്രം നൽകാൻ കഴിയുന്ന സ്‌നേഹത്തിന്റെ കരുതലും പരിഗണനയും തിരിച്ചറിയുന്ന സ്ത്രീലോകത്തെ ആദരിക്കുന്ന പുരുഷലോകമാണ് ഈ കഥാകൃത്തിന്റെ ആദർശം. സ്ത്രീപുരുഷലോകം പരസ്പരവിരുദ്ധമായി, അന്യോന്യം ആക്രമിക്കുന്ന സമൂഹത്തിൽ ഇരുലോകവും എങ്ങനെ പരസ്പരപൂരകമാവാം എന്ന സർഗ്ഗാത്മചിന്തയുടെ സന്തതിയാണ് ഇ. ഹരികുമാറിന്റെ കഥയിലെ വൈചിത്ര്യമാർന്ന സ്ത്രീപുരുഷബന്ധം. അതിനാൽ പുരുഷലോകത്തിന്റെ ശത്രുപക്ഷമായ സ്ത്രീലോകവിഭാവനം ഹരികുമാറിന് അസാധ്യമാണ്. സ്ത്രീപുരുഷ ബന്ധങ്ങളുടെ ഭാവവൈചിത്ര്യമാർന്ന സഞ്ചാരപഥങ്ങൾ, സ്ത്രീത്വം കാംക്ഷിക്കുന്നതും സ്ത്രീയെ മോഹിപ്പിക്കുന്നതുമായ സ്‌നേഹപരിഗണനകൾ, സ്ത്രീപുരുഷ മനസ്സുകളിലെ കലർപ്പില്ലാത്ത രതികാമനകൾ എന്നിവയെക്കുറിച്ച് തനതു കാഴ്ചപ്പാടുകൾ ഇ. ഹരികുമാറിനുണ്ട്. പുരുഷലോകത്തിന്റെ മുഖം സ്ത്രീയെ അവമതിച്ച് ആധിപത്യം പ്രകടമാക്കുമ്പോൾ മറ്റൊരു മുഖം സ്ത്രീയെ സ്‌നേഹിച്ച് വശപ്പെടുത്തുന്നതിലെ മനോഹാരിത ഹരികുമാർ കാട്ടിത്തരുന്നു. സമൂഹം പൊതുവെ അംഗീകരിക്കാൻ മടിക്കുന്ന മാനസികസത്യങ്ങൾ സ്ത്രീപുരുഷ വേഴ്ചയെ കേന്ദ്രീകരിച്ച് നിഷ്പക്ഷമായി തുറന്നുകാട്ടാൻ ഹരികുമാറിന് മടിയില്ല. ഒരാൾക്ക് ഒന്നിലധികം പേരെ സ്‌നേഹിക്കാനാവുമെന്ന 'വിപ്ലവകര'മായ യാഥാർത്ഥ്യം പ്രകാശിപ്പിക്കുന്ന കഥകൾ സമൂഹം നെഞ്ചേറി പുലർത്തുന്ന കപടനാട്യങ്ങളുടെ കുത്തക തകർക്കുന്നു. സ്ത്രീയവസ്ഥാനിഷ്ഠമായ തന്റെ കഥകളെക്കുറിച്ച് 'എന്റെ സ്ത്രീകൾ' എന്ന് പ്രഖ്യാപിക്കുന്ന അകളങ്കമായ ആത്മവിശ്വാസവും സത്യസന്ധതയും ഹരികുമാറിനുണ്ട്. അദ്ദേഹത്തിന്റെ കഥകളിൽ, സ്ത്രീലോകത്തിന്റെ അവസ്ഥയും അന്തസ്സത്തയും പ്രതിബിംബിതമാകുന്നത് പുരുഷലോകമെന്ന ദർപ്പണത്തിലൂടെയാണ്. പരസ്പരം പല രീതിയിൽ സംവദിക്കാൻ 'നിയോഗ'മുള്ള സ്ത്രീപുരുഷന്മാരുടെ അന്യോന്യാശ്രിതമായ ലോകം തന്നെയാണ് മനുഷ്യജിവിതമെന്നുള്ള സോഷ്യലിസ്റ്റ് മനോഭാവം ഇ. ഹരികുമാറിന്റെ കഥനകലയുടെ അടിത്തറയാണ്.

മനുഷ്യനിലെ വൈയക്തികമായ നിലപാടുകളും പൂർവ്വനിർണ്ണീതമല്ലാത്ത പ്രതികരണങ്ങളും ദുരൂഹവും നിഗൂഢവുമായ സ്‌നേഹരതിവാസനകളും കൊണ്ട് വ്യത്യസ്തതകളുള്ള സ്ത്രീപുരുഷബന്ധങ്ങൾ പരസ്പരം പ്രകാശിപ്പിക്കുന്ന ദർപ്പണമായി മാറുകയാണ്. സ്ത്രീപുരുഷബന്ധം മുഖ്യപ്രമേയമാകുന്ന ഇരുപത്തിനാല് കഥകളുടെ സമാഹാരമാണ് 'എന്റെ സ്ത്രീകൾ'. ഈ കൃതിയുടെ രണ്ടാം ഭാഗം ഹരികുമാറിന്റെ വ്യക്തിജീവിതത്തിലേയ്ക്കും കഥാപരിസരങ്ങളിലേയ്ക്കും കഥാപാത്രങ്ങളിലേയ്ക്കും വെളിച്ചം പകരുന്ന പന്തണ്ട് ലേഖനങ്ങളാണ്. കപടമൂല്യഭാവനകളാൽ കൃത്രിമമായി ആദർശവത്കരിക്കപ്പെട്ട സ്ത്രീപുരുഷബന്ധങ്ങൾ ഈ കഥകളിൽ കാണാനാവില്ല. 'എന്റെ സ്ത്രീക'ളിൽ ആവർത്തിച്ചുകാണുന്ന സ്ത്രീപുരുഷബന്ധം സമൂർത്തമാക്കുന്ന സവിശേഷതലങ്ങൾ ഇവയാണ്.

  1. പ്രതിസന്ധികളിൽ അതിജീവനശക്തി നേടുന്ന ലളിതഭാവമാർന്ന സ്ത്രീത്വം
  2. ദാമ്പത്യക്കൂടിലെ അസംതൃപ്തകാമനകൾ: പരിണതികൾ
  3. സ്ത്രീപുരുഷ മനസ്സുകളിലെ വിലക്ഷണമായ ലൈംഗികത
  4. കുടുബത്തിലെ രതിവേഴ്ചാ ദൃശ്യങ്ങൾ ബാലമനസ്സിൽ ചെലുത്തുന്ന സ്വാധീനം. ഇവ ഓരോന്നും പ്രത്യേകമായ അപഗ്രഥനം അർഹിക്കുന്നു.

സഹനവും അതിജീവനവും

പ്രതികൂല പരിതോവസ്ഥകളിൽപ്പെട്ടുഴലുന്ന സ്ത്രീത്വം അത്യന്തം ലളിതമായി അതിജീവനശക്തിയാർജ്ജിക്കുന്നത് സ്ത്രീലോകത്തെ സംബന്ധിച്ച ഒരു വസ്തുതയാണ്. പുരുഷന് അസാധ്യമായ അതിജീവനശക്തി ചിലപ്പോൾ ചില സ്ത്രീകൾക്ക് സാധ്യമാകുന്നു. 'തിമാർപൂർ, തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം, തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം, കറുത്ത തമ്പ്രാട്ടി, ഒരു ദിവസത്തിന്റെ മരണം, അമ്മേ, അവര് നമ്മ്‌ടെ ആകാശം കട്ടെടുത്തു' തുടങ്ങിയ ഇരുപത്താറു കഥകളിൽ ആ അതിജീവനശക്തിയുറ്റ സ്ത്രീലോകത്തിന്റെ വ്യത്യസ്ത മുഖങ്ങളുണ്ട്.

തികച്ചും സാധാരണമായ ഒരു കഥാവിഷയത്തിൽനിന്ന് വികസ്വരമാകുന്ന അനേകമാനങ്ങളുള്ള കഥയാണ് 'തിമാർപൂർ' (1972). ഇതിലെ കഥാവസ്തു ലളിതമാണ്. യാദൃശ്ഛികമായി ഒരു പുരുഷൻ തെരുവിൽനിന്ന് ഒരു രാത്രിയ്ക്കായി ഒപ്പം കൂട്ടുന്ന സ്ത്രീ, അയാളുടെ വീട്ടിൽ ഒരു രാത്രിയിലെ ഭാര്യയായി ജീവിച്ച് പുലർച്ചെ നിരുപാധികമായി യാത്രയാകുന്നു എന്ന് ഒറ്റവാക്യത്തിൽ ഒതുങ്ങുന്ന കഥാവിഷയം ആഖ്യാനത്തിൽ അനുഭൂതമാക്കുന്ന വിചാരവികാരതലങ്ങൾ അനേകമാണ്. അത്യന്തം യാദൃശ്ഛികമായി, ലളിതമായി കഥ തുടങ്ങുന്നതിങ്ങനെ: 'അലക്ഷ്യമായ സായാഹ്നങ്ങളിലൊന്നിൽ ഇരുണ്ടു നാറുന്ന തെരുവിൽ അയാൾ അവളെ കണ്ടു. അവളുടെ വസ്ത്രങ്ങളുടെ നിറമെന്താണെന്ന് അയാൾക്ക് മനസ്സിലായില്ല. അവൾ അടുത്തുവന്നപ്പോൾ അയാൾക്ക് ഓടയുടെ ഗന്ധം അനുഭവപ്പെട്ടു......''

അയാൾ ചോദിച്ചു. ''നിനക്കെത്ര വേണം?''

അവൾ പറഞ്ഞു. ''തിമാർപൂർ.''

നാലു വാക്കുകൾ മാത്രമുള്ള ഈ ചോദ്യോത്തരം കഥയുടെ ജീവനും ചാലകശക്തിയുമാണ്. 'തിമാർപൂർ' അവൾക്ക് ഒരു സ്ഥലമോ ദേശമോ അല്ല; അവൾ അഭയം തേടുന്ന ഭർത്തൃസന്നിധിയാണ്. സ്വന്തം ഗ്രാമത്തിൽ വരൾച്ചയുടെ കെടുതികൾ ബാധിച്ചപ്പോൾ അവൾ ഭർത്തൃസവിധത്തിലേയ്ക്ക് ആത്മരക്ഷാർത്ഥം ഇറങ്ങിത്തിരിച്ചതാണ്. നിരാലംബയായ അവൾക്ക് ഒരു രാത്രി തന്റെ വീടിന്റെ അഭയം അയാൾ നൽകിയപ്പോൾ അവൾ അയാളുടെ ഒരു രാത്രിയിലെ ഭാര്യയായി. കുളിച്ച് നല്ല വസ്ത്രം ധരിച്ച്, ഭക്ഷണമുണ്ടാക്കി വിളമ്പി അയാളുടെ ഹിതമനുസരിച്ച് ഒന്നിച്ചുറങ്ങി, പുലർച്ചെ പഴയ വേഷം ധരിച്ച് നിശ്ശബ്ദം യാത്രയാവുകയാണ്. വിദ്യാഭ്യാസ-സംസ്‌കാരങ്ങളുടെ കാപട്യങ്ങളറിവില്ലാത്ത ഗ്രാമീണമായ ഹൃദയനൈർമ്മല്യമാണ് അവളിലെ സ്ത്രീത്വം. വേട്ടക്കാരനായ പുരുഷൻ ''എത്ര വേണം?'' എന്ന് ഇരയോട് വില ചോദിക്കുന്നതിലെ യുക്തിയും നീതിയും അവൾക്ക് അജ്ഞാതമാണ്. അതിനാൽ അവളുടെ മറുപടി വിലയെക്കുറിച്ചല്ല. അഭയകേന്ദ്രമായ 'തിമാർപൂർ' എന്നതാണ്. കാരണം അവൾ വേശ്യയല്ല; പുരുഷന്റെ അഹന്ത നിറഞ്ഞ വാണിജ്യതാല്പര്യത്തിന് വില നിശ്ചയിക്കാനാവാത്തവിധം ഋജുഗതിയായ ലളിതമായ സ്ത്രീത്വമാണ്. ഇന്നത്തെ സാമൂഹിക രീതിയിൽ 'സ്ത്രീ' പീഡനത്തിന്റേയോ, അവിഹിതവേഴ്ചയുടേയോ നിറഭേദങ്ങൾ ചാർത്താവുന്ന ലൈംഗികവേഴ്ചാ സന്ദർഭം മാത്രമായി കഥാഖ്യാനം പരിണമിക്കുന്നില്ല എന്നതിലാണ് കഥയുടെ മൗലികത. കഷ്ടിച്ച് നാല് പേജുള്ള ഈ കഥ വായനാമനസ്സിനെ പ്രക്ഷുബ്ധമാക്കുന്നു. അശാന്തിയുടെ ആസ്വാദ്യതയായി മാറുന്നു. സ്ത്രീയുടെ സദാചാരവും പാതിവ്രത്യവും കേവലം ശാരീരിക വേഴ്ചാനിഷ്ഠമായി വിലയിരുത്തുന്ന സാമൂഹിക ധാരണയെ പൊളിച്ചെഴുതുകയാണ് ഈ കഥ. ഈ കഥയിലെ 'അയാൾ'ക്കും 'അവൾ'ക്കും വ്യക്തിനാമങ്ങളില്ല. കേവലം സ്ത്രീപുരുഷൻ മാത്രം. അവരിലെ രതി, യാദൃശ്ഛികമായ അഭയം ഉണർത്തിയ സ്‌നേഹപരിഗണനകളുടേതാണ്; നിരുപാധികമാണ്. അതിനാലാണ് ''താൻ എത്ര ചെറുതാണ്'' എന്ന സ്വയംബോധ്യം അയാളെ ഗ്രസിക്കുന്നത്: 'ഒരു രാത്രി തന്റേതായിരുന്ന പെണ്ണ്; അവൾക്ക് തിമാർപൂറിൽ ഭർത്താവിന്റെയടുത്ത് എത്തണം' എന്ന യാഥാർത്ഥ്യം അയാളെ നിസ്സഹായനും നിഷ്പ്രഭനുമാക്കുന്നത്. അന്യപുരുഷൻ അഭയമേകിയ ഒരു രാവിന്റെ വഴിയമ്പലത്തിൽ അവന് നിരുപാധികമായ സ്‌നേഹരതികൾ പകർന്ന്, ഒരു വാക്കിന്റെ കടപ്പാടുപോലുമില്ലാതെ, പുരുഷനിലെ സകല അഹന്തയേയും നിശ്ശബ്ദം നിലംപരിശാക്കി, ''താനെത്ര ചെറുതാണ്''എന്ന ആത്മനിന്ദയിൽ അവനെ ഏകാകിയാക്കി, പുലർച്ചെ കീറവസ്ത്രധാരിയായി നടന്നകലുന്ന സർവ്വം സഹയായ ഈ ശക്തിസ്വരൂപിണി ആരാണ്? വായനാഹൃദയം സ്വയം ചോദിച്ചുപോകുന്നു. ഇവൾ പ്രകൃതിയെന്ന സാന്ത്വനമൂർത്തിയോ?

ഈ കഥയുടെ സമകാലികമായ വായനാ പ്രസക്തിയും തിരിച്ചറിയേണ്ടതാണ്. ഉഭയസമ്മതപ്രകാരമുള്ള സ്ത്രപുരുഷ വേഴ്ച പോലും 'സ്ത്രീപീഡന', 'അവിഹിത കുറ്റകൃത്യ'ങ്ങളായി വിലയിരുത്തപ്പെടുന്ന നിയമവാഴ്ച പ്രബലമായ സമൂഹത്തിൽ, സ്ത്രൂപുരുഷ വേഴ്ചയെ അതിന്റേതായ നിസർഗ്ഗജ യാഥാർത്ഥ്യങ്ങളോടുകൂടി കാണാനുള്ള കഥാകൃത്തിന്റെ 'ആത്മബലം' നിസ്സാരമല്ല. സ്ത്രീപുരുഷ വേഴ്ച ജന്മവാസനാനിഷ്ഠമാണ്. അനുകൂല സാഹചര്യത്തിലെ സ്‌നേഹാന്തരീക്ഷം അതിന് ഉദ്ദീപകമാണ്. ആ വേഴ്ചയിൽ ഹൃദയപരമായ ആനന്ദമൊഴികെയുള്ള വിപണനമൂല്യ സങ്കല്പങ്ങൾ നിരാസ്പദമാണ്. ശരീരനിഷ്ഠമായ കളങ്ക, പാപചിന്തകൾ അർത്ഥശൂന്യമാണ് എന്നീ വിചാരദ്യുതി പ്രസരിപ്പിക്കുന്ന കഥയായി 'തിമാർപൂർ' മാറുന്നു. സ്ത്രീപുരുഷ രതിയെ നിസർഗജമായ 'വാസനാ വികൃതിയായി, അത്യന്തം 'വിപ്ലവ'കരമായ വിശുദ്ധി സാരള്യതയോടെ ആഖ്യാനം ചെയ്യുന്ന 'തിമാർപൂർ' പോലെയുള്ള കഥകൾ വിരളമാണ്. സഹനപൂർണ്ണമായ സ്ത്രീത്വത്തിലെ മാതൃത്വത്തിന്റെ അതിജീവനത്തിന്റേതായ ആത്മബലിയാണ് തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം, തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം, ഒരു ദിവസത്തിന്റെ മരണം തുടങ്ങിയ കഥകളിലുള്ളത്.

നിഷ്‌കളങ്കമായ രതി

മദ്യപാനിയായ ഭർത്താവിന്റെ ദുർന്നയങ്ങളും സ്‌നേഹശൂന്യതയും ദുസ്സഹമാകുമ്പോൾ തന്റെ ദുർഗ്ഗതിയെ പഴിച്ചും വിലപിച്ചും തള്ളിനീക്കുന്ന ജീവിതമല്ല രേണുകയുടേയും (തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം) ദേവകിയുടെയും (തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം). ആത്മഹത്യയിൽ അഭയം തേടുന്ന ഭീരുക്കളും വികാരജീവികളുമല്ല അവർ. കൺമുന്നിലുള്ള ദുരിതങ്ങളോട് തങ്ങളാലാവും വിധം പോരാടുന്ന സ്ത്രീത്വമാണവർ. കുടുംബം പോറ്റാൻ പണത്തിനുവേണ്ടി, പരപുരുഷവേഴ്ചക്കായി പട്ടണത്തിൽ എത്തിയ രേണുക ആകസ്മികമായി ദിനേശന്റെ ഉള്ളിലെ ഭയാശങ്കകളായി മാറുകയാണ്. അപരിചിതയായ ഈ സ്ത്രീ, നഗരത്തിന്റെ ചെളിക്കുഴികളിൽ നിപതിക്കുമോ എന്ന ഭയാശങ്കകളോടെ രേണുകയെ പിന്തുടരുന്ന ദിനേശന്റെ വീട്ടിലാണ് അവസാനം അവൾ എത്തുന്നത്. 'വാരാന്ത്യദാമ്പത്യ'ക്കാരനായ ദിനേശന് അവളെ നിഷേധിക്കാനും കഴിയുന്നില്ല. പക്ഷേ, ''കുറച്ചു പണത്തിനുവേണ്ടിയാണ് താൻ എത്തിയതെന്ന'' സത്യം രേണുക തുറന്നു പറയുമ്പോൾ ദിനേശന്റെ രത്യാസക്തി മായുന്നു. ''സാറിനെന്നെ ഇഷ്ടമായില്ലെങ്കിൽ ഞാൻ പൊയക്കോളാം'' എന്നുള്ള അവളുടെ നിഷ്‌കളങ്കതയിൽ അയാൾ ഇഷ്ടപ്പെടുന്ന ശൈശവ നിഷ്‌ക്കളങ്കത പ്രതിബിംബിക്കുമ്പോൾ അവളിൽ സ്‌നേഹത്തിന്റെ തിളക്കം അയാൾ അറിയുന്നു. സ്‌നേഹമുള്ള രണ്ടുപേരുടെ ഇണചേരലിന്റെ മൂല്യവും മനോഹാരിതയും വിലമതിച്ച് അയാൾ അവളുമായി പ്രണയത്തിലാവുകയാണ്. അവളെ മറ്റാർക്കും വിട്ടുകൊടുക്കാതിരിക്കാൻ തീരുമാനിക്കുകയാണ്. സ്വന്തം ജീവിതത്തിൽ അർത്ഥമുണ്ടായതുപോലെയാണ് അവൾക്ക് തോന്നുന്നത്. അവൾക്ക് അത്യാവശ്യമുള്ള നൂറു രൂപാ മാത്രം എടുത്ത് അവൾ പോകുമ്പോൾ അയാൾ ഉള്ളിലറിയുന്നത് ആ അമ്മയെ കാത്തിരിക്കുന്ന മൂന്നു വയസ്സുമാത്രം പ്രായമുള്ള മകന്റെ രൂപമാണ്; അയാൾ സ്വയം അമ്മയെ കാത്തിരിക്കുന്ന കുട്ടിയായി മാറുകയാണ്; ഇനി അമ്മ വരില്ലെന്ന തിരിച്ചറിവിൽ ദുഃഖിക്കുന്ന കുട്ടിയാവുകയാണ്. സ്ത്രീയിലെ മാതൃത്വത്തിന്റെ അതിജീവനശക്തിക്കു മുൻപിൽ ആ പുരുഷൻ ആന്തരനഗ്നനാവുന്ന ദൃശ്യമാണിത്.

സ്‌നേഹരഹിതമായ വേഴ്ച ഇ. ഹരികുമാറിന്റെ കഥകളിലെ പുരുഷന്മാർക്ക് അഭിമതമല്ല എന്നത് 'തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിത'ത്തിൽ അയാൾ സ്പഷ്ടമാക്കുന്നു. മദ്യപാനിയായ ഭർത്താവിന്റെ കൈകളിലെ മണ്ണെണ്ണ ടിന്നിനും തീപ്പെട്ടിക്കൊള്ളിക്കും മദ്ധ്യേയുള്ള ഭീഷണ ജീവിതമാണ് ദേവകിയുടേത്. ''അച്ഛൻ അമ്മേ കത്തിക്ക്യോ?'' എന്ന് ഭയം കൊള്ളുന്ന മകൾക്ക് ദേവകിയുടെ മറുപടി, ''ഇല്ല മോളേ അതിനുള്ള ഭാഗ്യൊന്നും അമ്മ ചെയ്തിട്ടില്ല....'' ദേവകിയുടെ ദുരിതപൂർണ്ണമായ ജീവിതം ആത്മോപഹാസത്തിലുണ്ട്. തന്നെ കത്തിക്കാൻ ശ്രമിക്കുന്ന മദ്യപനായ ഭർത്താവിനോടും അവൾ ചോദിക്കുന്നു ''ഞാൻ കത്തിച്ചു തരണോ?'' ഇല്ലായ്മകൾ നിറഞ്ഞ ജീവിതത്തിലെ അവളുടെ മോഹമാണ് ഒരു സ്റ്റൗ വാങ്ങുക എന്നത്. ഈ പ്രലോഭനമാണ് കല്യാണിയുടെ വാക്കുകളെ പിന്തുടർന്ന് ദേവകിയെ 'അയാളു'ടെ സമീപം എത്തിക്കുന്നത്.

''സാറെനിക്ക് എന്തു കൂലി തരും'' എന്ന ദേവകിയുടെ ചോദ്യം അയാളെ നിരാശപ്പെടുത്തി. തന്റെയൊപ്പം കിടക്കുന്ന സ്ത്രീകൾ തന്നോട് പ്രണയത്തിലാണെന്ന് സങ്കല്പിച്ച് രതി ആസ്വദിക്കുന്ന പുരുഷനാണയാൾ. വേഴ്ചയിലെ ദേവകിയുടെ 'ഗണിതശാസ്ത്രം' അയാൾക്ക് ഉൾക്കൊള്ളാനാവില്ല.

''ദേവകീ.... ഇത് സ്‌നേഹമുള്ള രണ്ടുപേർ കൂടി ചെയ്യേണ്ട കാര്യമാണ്. നീയിപ്പോൾ ചെയ്യണത് കണക്കുകൂട്ടുകയാണ്. സ്‌നേഹമെന്നത് കണക്കുകൾക്ക് മുകളിലാണ്.... നമ്മൾ ഇപ്പൊ ചെയ്യണത് കൂലിക്ക് ചെയ്യണ പണിയല്ല..... അതോണ്ട് പ്രതിഫലായിട്ട് ഞാനെന്തെങ്കിലും തരുമെന്ന കരുതണ്ട.... നെന്റെ ആവശ്യം മനസ്സിലാക്കി ഞാൻ തരും.'' എന്ന് സ്വയം വ്യക്തമാക്കുന്ന അയാൾ സ്‌നേഹത്തെപ്പറ്റി ദേവകിക്ക് പുതിയ അറിവ് പകരുകയാണ്. സ്‌നേഹത്തെപ്പറ്റി അതുവരെ ആരും അവളോട് പറഞ്ഞിട്ടില്ല. ബാലികയായിരുന്നപ്പോൾ ശരീരത്തിൽ പരതിയ പുരുഷനോ, അമ്മയെ ബലാത്സംഗം ചെയ്യുന്ന അച്ഛനോ, വിവാഹരാത്രിയിൽ തന്നെ ബലാത്സംഗം ചെയ്ത ഭർത്താവോ, സ്ത്രീപുരുഷ വേഴ്ചയിലെ സ്‌നേഹഭാവത്തെപ്പറ്റി അവളെ ബോദ്ധ്യപ്പെടുത്തിയിട്ടില്ല. ഭർത്താവിന്റെ നിത്യഭീഷണിയായ മണ്ണെണ്ണയ്ക്കും തീപ്പെട്ടിക്കൊള്ളിക്കും ഇടയിലെ സ്വന്തം ജീവിതത്തിൽ സ്‌നേഹോദിതമായ രതി അവൾക്ക് അചിന്ത്യമായിരുന്നു. ദുരിതമയമായ സാഹചര്യങ്ങളുടെ പ്രേരണയും അതിജീവനവ്യഗ്രതയും സ്ത്രീത്വത്തെ ആകസ്മികമായി പുതിയ ലൈംഗികാനുഭവങ്ങളിലേയ്ക്കു നയിക്കുന്ന വ്യത്യസ്തമായ പുരുഷലോകത്തെ സ്ത്രീ അനുഭവിച്ചറിയുന്നത് അനുതാപപൂർവ്വമായാണ് ഹരികുമാർ ആവിഷ്‌കരിക്കുന്നത്. സ്‌നേഹപൂർവ്വമായ വേഴ്ച പുരുഷമനസ്സിനെ മോഹിപ്പിക്കുന്നുവെന്ന് ഈ കഥാകൃത്ത് വ്യക്തമാക്കുന്നു.

'തിമാർപൂർ' പോലെ ഒറ്റപ്പെട്ടു നിൽക്കുന്ന, മികച്ച കഥയാണ് 'കറുത്ത തമ്പ്രാട്ടി'. സ്ത്രീപുരുഷബന്ധത്തിന്റെ അസാധാരണ തലങ്ങളാണ് ഈ കഥയിലുള്ളത്. അടിയാൻ താമി രണ്ടായിരം രൂപയ്ക്ക് തന്റെ ഭാര്യ ലച്മിയെ തമ്പ്രാന്റെ വീട്ടിൽ പണയം വെയ്ക്കുന്നു എന്ന് ഒറ്റവാക്യത്തിൽ ഒതുക്കാവുന്ന കഥാവസ്തു. താമിയുടെ 'ലച്മി' തമ്പ്രാന്റെ വീട്ടിലെ 'ലക്ഷ്മി'യായി മാറുമ്പോൾ അനേകമാനങ്ങളിലൂടെ കഥ വികസ്വരമാകുന്നു. അടിയാള-ജന്മി വ്യവസ്ഥിതിയിൽ സ്ത്രീ പണയപ്പണ്ടമാകുന്നതിലെ സാമൂഹിക, സാമ്പത്തിക വശങ്ങളല്ല; മനഃശാസ്ത്രമാണ് കഥാകൃത്ത് അനാവരണം ചെയ്യുന്നത്. തമ്പ്രാന് രണ്ടായിരം രൂപയുടെ ഋണബാധ്യതയായി താമി മാറുമ്പോൾ പണയവസ്തുവായി മാറുന്നത് ലച്മിയാണ്; സ്ത്രീയെന്ന ഉപഭോഗവസ്തു! പണയവസ്തു ലക്ഷ്മി മാത്രമല്ല. താമിയുടെ ആണത്തം, ഭർത്തൃത്വം, നിസ്സഹായമായ മനുഷ്യാവസ്ഥ, ലച്മിയുടെ സ്ത്രീത്വം, ഭാര്യാത്വം, മാതൃത്വം, മനുഷ്യാസ്തിത്വം, നാലു വയസ്സുകാരി സുലുവിന് നഷ്ടമാകുന്ന മാതൃസ്‌നേഹത്തിന്റെ ലോകം, എന്നിവ കൂടിയാണ്. പകരം തമ്പ്രാന്റെ ലൈംഗികാസക്തി ലക്ഷ്മിക്കു മുമ്പിൽ തമ്പ്രാൻ അടിയറ വെക്കുകയാണ്. താമിയുടെ ലച്മി തമ്പ്രാന്റെ രതികാമനകളുടെ സാഫല്യമായി മാറുകയാണ്. താമിയ്ക്ക് അറിയാൻ കഴിയാത്ത, അനുഭവിക്കാത്ത ലച്മിയിലെ സ്ത്രീത്വം ആസ്വദിക്കുന്ന പുരുഷനാണ് തമ്പ്രാൻ. ലച്മിയോടുള്ള സ്‌നേഹപൂർണ്ണമായ സമീപനം, വാക്കുകൾ, ലച്മിക്കു സന്തോഷമേകാനുള്ള സന്നദ്ധത. ''നെന്നെ അങ്ങനെയങ്ങട് പറഞ്ഞയക്കും ഞാൻന്ന് തോന്ന്ണ്‌ണ്ടോ?'' എന്നുള്ള നിസ്സന്ദേഹമായ അവകാശബോധം എന്നിവ വ്യഞ്ജിപ്പിക്കുന്നത് സ്ത്രീയുടെ സ്‌നേഹലോകം തിരിച്ചറിയുന്ന പുരുഷനെയാണ്. ഒരുതരം സ്വാർത്ഥമായ സ്‌നേഹത്തിന്റെ ഉടമാവകാശം! 'മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഒരൂട്ടം'' ലക്ഷ്മിയും തമ്പ്രാനിൽ തിരിച്ചറിയുന്നുണ്ട്. തമ്പ്രാന്റെ കടം വീട്ടിക്കഴിഞ്ഞാൽ തമ്പ്രാൻ തന്നെ പറഞ്ഞയക്കുമോ എന്ന ആശങ്ക അവൾക്കില്ലാതില്ല.

ഭാര്യയെ പണയപ്പണ്ടമാക്കിയ അധമർണ്ണന്റെ അധീരതയോടെ ''താമി മാളികയുടെ മുറ്റത്ത് ചുറ്റിപ്പറ്റി നിന്നു. അയാളുടെ തലക്ക് മുകളിൽ മൊട്ടവെയിലാണ്. പറമ്പിലുള്ള മരങ്ങൾ അയാളെ മാടിവിളിച്ചു... അവിടെ തണലാണ്. പക്ഷെ, അയാൾക്ക് അനങ്ങാൻ പറ്റിയില്ല.... ഇനി നിക്കണ്ട താമി, നീ പൊയ്‌ക്കോ എന്നാണ് തമ്പ്രാൻ പറഞ്ഞത്. അരമണിക്കൂർ നേരത്തെ യാചനയ്ക്ക് ഫലമൊന്നും ഉണ്ടായില്ല.''

''അങ്ങനെയങ്ങ് പോകാൻ പറ്റുമോ?'' എന്ന് താമി വ്യസനിക്കുമ്പോൾ, അങ്ങനെയങ്ങ് പറഞ്ഞയക്കാൻ പറ്റുമോ?'' എന്നാണ് തമ്പ്രാന്റെ അവകാശവാദം. താമിയറിയാതെ മുകളിൽ വരാന്തയിൽ ഉറ്റുനോക്കുന്ന രണ്ടു കണ്ണുകളുമായി ലക്ഷ്മി താമിയെ കണ്ടു; തമ്പ്രാന് താംബുലമൊരുക്കുന്ന ലക്ഷ്മിയുടെ ഉള്ളിൽ മകളുണ്ട്; 'താമി വന്നാൽ കണ്ണിൽപെടരുത്' എന്ന തമ്പ്രാന്റെ ആജ്ഞയുടെ പ്രതിധ്വനിയുണ്ട്. '' നിക്ക് ന്റെ മോളെ ഒന്ന് കാണണംന്ന്ണ്ട്'' എന്ന ലക്ഷ്മിയുടെ മോഹം സഫലമാക്കാൻ മടിക്കാത്ത തമ്പ്രാന് അതിനപ്പുറം ലക്ഷ്മിയിലെ മാതൃത്വത്തെ പിന്തുണയക്കാൻ വയ്യ. മകൾ സുലുവിന് അമ്മ ഒരു സ്വപ്നം മാത്രമാണ്. രാവിലെ എഴുന്നേറ്റാൽ മകൾ പറയും. ''അപ്പാ ഞാങ്കണ്ടു സ്വപ്നം.'' അവൾ കാത്തിരിക്കുന്നത് ആ സ്വപ്നത്തിൽ മാത്രം വരുന്ന അമ്മയെയാണ്. അമ്മയുടെ തലോടലും സാമീപ്യവും സ്വപ്നത്തിലെ അവളുടെ സന്തോഷമാണ്. കാച്ചിയ എണ്ണയും സോപ്പും വാസനിക്കുന്ന തമ്പ്രാന്റെ വീട്ടിലെ ലക്ഷ്മി 'മോളേ' എന്ന് കെട്ടിപ്പിടിച്ചപ്പോൾ സുലു പകച്ചു. ''അമ്മേ കണ്ടോ?'' എന്ന് താമിയുടെ ചോദ്യത്തിൽ കുട്ടി അദ്ഭുതം കൂറി.

''അമ്മ്യോ?'' അവിടെ ഒരു കറുത്ത തമ്പ്രാട്ടിണ്ട്. ആ കറുത്ത തമ്പ്രാട്ടിയാ എന്നെ കുളിപ്പിച്ചത്.... നല്ല തമ്പ്രാട്ടി... അപ്പാ, ന്റമ്മ എപ്പഴാ വര്വാ?''

''അത് മോടെ അമ്മ്യല്ലേ?' എന്ന് താമിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉറച്ചതാണ്. ''അല്ലപ്പാ, അതവ്ടത്തെ തമ്പ്രാട്ടിയാ, കറുത്ത തമ്പ്രാട്ടി.''

പെറ്റമ്മ തമ്പ്രാന്റെ വീട്ടിലെ പണയപ്പണ്ടമായി, തമ്പ്രാട്ടി ഭാവത്തിൽ കഴിയുന്നതുകൊണ്ടുമാത്രം മകൾക്ക് അമ്മ അന്യയായ കറുത്ത തമ്പ്രാട്ടിയായി പരിണമിക്കുന്നതിലെ ഐറണിയും കറുത്ത ഹാസ്യവും തീവ്രമായ വായനാനുഭവമാണ്. സമ്പന്നമായ പുരുഷമേൽക്കോയ്മയ്ക്ക് പ്രിയങ്കരിയാകുന്ന സ്ത്രീ കറുത്ത അധഃസ്ഥിതയോ, അല്ലാത്തവളോ ആകട്ടെ, അവൾ തമ്പ്രാട്ടി മാത്രമാണ്. ഉടയോനായി തമ്പ്രാനുണ്ടെങ്കിൽ അധഃസ്ഥിതയും 'കറുത്ത തമ്പ്രാട്ടി'യാണ്. ജീവിതം ജീവിച്ചുതീർക്കാനാണ് പ്രയാസമെന്നത് തമ്പ്രാന്റെ സ്‌നേഹവ്യഗ്രമായ അധീശത്വം അംഗീകരിക്കുന്ന ലക്ഷ്മിയുടെ അതിജീവനപാഠമാണ്.

തുച്ഛശമ്പളക്കാരായ തൊഴിലാളി സ്ത്രീകൾ നേരിടുന്ന ചൂഷണം, ജോലി നഷ്ടപ്പെട്ട് ദുരിതക്കയത്തിൽ മുങ്ങാതിരിക്കാൻ തൊഴിലുടമയ്ക്ക് വഴങ്ങുന്ന സ്ത്രീത്വത്തിന്റെ ദുരവസ്ഥ, തൊഴിൽ മേഖലയിൽ യന്ത്രവത്ക്കരണത്തിന്റെ പരിണതി എന്നിവയുടെ പ്രതിഫലനമാണ് 'ഒരു ദിവസത്തന്റെ മരണ'ത്തിലെ കൊസല്യയുടെ ലോകം. 'ഞാൻ ഇതൊന്ന്വല്ല പ്രരീക്ഷിച്ചത്' എന്ന സ്വാനുഭവത്തിൽ അവളുടെ സ്വയം ബോധ്യമായ തിരിച്ചറിവുണ്ട്. സ്ത്രീലോകത്തിൽ, അതിജീവനത്തിനായുള്ള അപഭ്രംശങ്ങൾ അനിവാര്യതയോ എന്ന് നാം ചിന്തിക്കുന്നു. 'അമ്മേ, അവര് നമ്മടെ ആകാശം കട്ടെടുത്തു' എന്ന ലളിതവാക്യത്തിൽ ജീവൻ തുടിക്കുന്ന കഥയിലെ 'മാതു'വും കൊസല്യയുടെ പിന്തുടർച്ചക്കാരിയാണ്. സ്ത്രീലോകത്തിന്റെ സ്വച്ഛന്ദഗതിക്ക് ആഘാതമേല്പിക്കുന്ന ചില സാമൂഹികപരിതോവസ്ഥകൾ പകലിന്റെ മൃത്യുവും മാനനഷ്ടവുമാകുന്നു. മറ്റ് ഉപജീവനമാർഗ്ഗമില്ലാത്ത ഒരമ്മ പരപുരുഷന്മാരെ തേടേണ്ടി വരുന്നതിലെ ദുരന്തമാണ് 'ലോഡ്ജിൽ ഒരു ഞായറാഴ്ച' എന്ന ശരാശരിക്കഥ. ഇവിടെ കനിവുറ്റസാക്ഷിത്വമായി ഒരു പുരുഷനുണ്ട്; ചൂഷകനായ പുരുഷന്റെ മറ്റൊരു മുഖം! ദുരിതമയമായ സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാൻ വെമ്പുന്ന ഈ സ്ത്രീകൾക്ക് മുമ്പിൽ ജീവിതം ജീവിച്ചു തീർക്കുക എന്ന വെല്ലുവിളി മാത്രമാണുള്ളത്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരാണ് ഇവർ എന്നതും ശ്രദ്ധേയമാണ്; സ്ത്രീത്വ വിശുദ്ധി, പാതിവ്രത്യം എന്നീ സദാചാരസംഹിതകൾ ഇവരുടെ പച്ചയായ ജീവിതകാഠിന്യത്തിനു മുമ്പിൽ എത്രയോ കാതം അകലെയാണ് എന്ന മായം കലരാത്ത സത്യം വായനക്കാരൻ തിരിച്ചറിയുകയാണ്.

ദാമ്പത്യം ഒറ്റ വാതിലുള്ള ഒരു കൂടാണ്. ആ ദാമ്പത്യത്തിൽ ഒറ്റപ്പെട്ട്, അസംതൃപ്തമായ രതികാമനകളുമായി ജീവിക്കുന്ന സ്ത്രീപുരുഷന്മാരുടെ ചിത്രണമാണ് ''ഒരു നഷ്ടക്കാരി, മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ, സ്ത്രീഗന്ധമുള്ള മുറി, അനിതയുടെ വീട്, കുങ്കുമം വിതറിയ വഴികൾ, ബസ്സു തെറ്റാതിരിക്കാൻ'' എന്നീ കഥകൾ. ദാമ്പത്യത്തിലെ ഏകാകിതയുടെ ശ്വാസംമുട്ടലാണ് 'ഒരു നഷ്ടക്കാരി'യിലെ 'നിശ'യുടേത്. ദാമ്പത്യത്തിലെ സന്തോഷത്തിന് പ്രണയത്തിന്റെ നിലാവും സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലും സ്ത്രീ മനസ്സിന്റെ സംതൃപ്തിയും ആവശ്യമാണെന്ന് ഭർത്താവ് പ്രസാദ് കരുതുന്നില്ല. അല്ലെങ്കിൽ, പ്രസാദിനറിയില്ല. നമുക്കു ചുറ്റമുള്ള പല ദമ്പത്യങ്ങളിലെയും ഭർത്തൃസ്വഭാവമാണിത്; ഭാര്യയോട് സ്‌നേഹം പ്രകടിപ്പിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കാത്ത ഭർത്താക്കന്മാരുടെയൊപ്പം ജീവിച്ച് ശ്വാസം മുട്ടി പിടയുന്ന അനേകം ഭാര്യമാർ ഈ ലോകത്തുണ്ട്. അവരുടെ മനസ്സിന്റെ പിടച്ചിലുകളാണ് 'നിശ'യിലൂടെ ഇ. ഹരികുമാർ അനാവരണം ചെയ്യുന്നത്.

സ്‌നേഹത്തിന്റെ സഞ്ചാരപഥങ്ങൾ

2) ഉദ്യോഗസ്ഥയായ നിശ വൈകീട്ട് തളർന്ന് വീട്ടിലെത്തുമ്പോൾ വീടിന്റെ ഓരോ കോണിലും അവളെ ശ്വാസം മുട്ടിക്കുന്ന ഭീതിദമായ ഏകാന്തതയാണുള്ളത്. മുറികളിലെ ഇരുട്ട്, ഭിത്തിയിലെ എട്ടുകാലി, ഏതു നിമിഷവും വാതിൽ തകർത്ത് വന്നേക്കാമെന്നു ഭയപ്പെടുന്ന തടിച്ചു കരുത്തനായ അന്യൻ, അയാളെ പ്രതിരോധിക്കാനുള്ള മാനസികമായ തയ്യാറെടുപ്പിൽ കൈയിലേന്തിയ കത്തി എന്നീ പ്രതിമാനങ്ങളെല്ലാം നിശയിലെ നിഗൂഢ ഭയങ്ങളും അമർത്തിയ രതിതൃഷ്ണയും കലാപങ്ങളും വ്യഞ്ജിപ്പിക്കുന്നു. നിശയുടെ ദാമ്പത്യത്തിലെ 'സ്‌നേഹവചസ്സു'കളിലെ യാന്ത്രികതയും ഉപചാരവും ഇത്രമാത്രം.

നിശയുടെ അലസമായ കുശലം, ''എന്താണിത്ര വൈകിയത്?''

''പ്രസാദിന്റെ പ്രതികരണം, ''ഞാൻ കുളിക്കട്ടെ...''

നിശ വാശിയോടെ ചിന്തിച്ചു, ''പ്രസാദിന് മനസ്സിലാവട്ടെ, ഞാൻ സന്തുഷ്ടയല്ലെന്ന്...''

''എന്താണ് ഈ മനുഷ്യന്റെ മനസ്സിൽ....ഈ നിശ്ശബ്ദത ഞാൻ വെറുക്കുന്നു....പ്രസാദിന് ലഹള കൂട്ടാം...എന്തും ഈ മൂകതയേക്കാൾ....ഭേദമാണ്....രണ്ടുപേർ കൂടിയിരിക്കുമ്പോൾ സ്വന്തം ലോകത്തേയ്ക്കു വലിയുന്നത് സ്വാർത്ഥമാണ്, അല്പത്തരമാണ്....

പ്രസാദിന് ഭാര്യയോടുള്ള സ്ഥിരം പല്ലവി ഇതുമാത്രം;

''കറിയിൽ ഉപ്പു കുറവാണോ...?'', ''അടുക്കളയുടെ ജനൽ അടച്ചിട്ടില്ലേ? ഫാൻ എത്ര സ്പീഡിലാണ്?'' കിടക്കയിൽ മറുവശം തിരിഞ്ഞുകിടക്കുന്ന ഭർത്താവിന്റെ കരുത്തുറ്റ ആശ്ലേഷത്തിനും ഭ്രാന്തമായ ചുംബനത്തിനും നിശ എത്ര കൊതിക്കുന്നു.

''മിസ്സിസ് പ്രസാദ്, നിങ്ങളുടെ ചുണ്ടിലും മുടിയിലും ഓരോ പൂ'' എന്ന് പ്രശംസിച്ച് ഉന്മേഷം കൊള്ളിക്കുന്ന സഹപ്രവർത്തകന്റെ വാക്കുകളുടെ ഉണർവ്വിലാണ് നിശ സ്വയം സാന്ത്വനം അറിയുന്നത്. ദാമ്പത്യത്തിൽ ഭാര്യയുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ തയ്യാറാകാത്ത ഭർത്താവിനോടുള്ള പ്രതിഷേധം ഉള്ളിൽ ഒളിപ്പിച്ച്, പരസ്യത്തിലെ പുരുഷന്റെ രൂപം ഭാവനയിൽ താലോലിച്ച്, സഹപ്രവർത്തകന്റെ പ്രശംസകൾ അയവിറക്കി മനസ്സാ ആനന്ദിക്കുന്ന 'ഒരു നഷ്ടക്കാരി' എത്രയോ ഭാര്യമാരുടെ പ്രതീകമാണ്; 'സംതൃപ്തഭാര്യ'യുടെ വർണ്ണക്കുപ്പായമണിയുന്ന എത്രയോ ഭാര്യമാരിൽ ഇത്തരം നഷ്ടക്കാരികൾ ഒളിഞ്ഞിരിക്കുന്നുണ്ട്. 'മർത്ത്യായുസ്സിൽ സാരമായത് ചില സന്ദർഭങ്ങൾ' എന്നറിയുന്ന കവി മനസ്സ് തിരിച്ചറിയുന്ന ഇ. ഹരികുമാറിന് 'ഒരു നഷ്ടക്കാരി'യുടെ തീരാനഷ്ടം നിസ്സാരമായി തള്ളാനാവുന്നില്ല.

ദാമ്പത്യക്കൂടിനു വെളിയിൽ സ്ത്രീപുരുഷ മനസ്സുകൾ തേടുന്ന സ്‌നേഹത്തിന്റെ വിചിത്രമായ സഞ്ചാരപഥങ്ങൾ 'മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ, സ്ത്രീഗന്ധമുള്ള മുറി, അനിതയുടെ വീട്' എന്നീ കഥകളിലുണ്ട്. കാമുകന്റെ കരവലയത്തിൽ, വിജയയിലെ രതി പൂത്തുലയുന്നത് 'മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ' മാറുന്ന യാത്രയിൽ വിജയ തിരിച്ചറിയുന്നു. ചുരം കയറുന്ന തീവണ്ടിയാത്രയിൽ, ഓപ്പൺ എയർ തിയേറ്ററിലെ സിംഫണി ഓർക്കെസ്ട്രയുടെ പ്രതീതിയും മേഘങ്ങൾ യക്ഷികളാകുന്നതിലെ ഉന്മാദവും അനുഭവിക്കുന്ന മായയിൽ ആ സ്ഥലം പഴയ മധുവിധുവിന്റെ അസ്വസ്ഥ സ്മരണകളുയർത്തുന്നു. ആ ഓർമ്മകളിൽ മുഴുകുന്ന വിജയയുടെ ഭർത്താവിനെ അവഹേളിച്ചും കാമുകൻ സംസാരിക്കുമ്പോൾ വിജയയുടെ പ്രതികരണം രൂക്ഷമാണ്;

''ഞാൻ നിന്നെ വെറുക്കുന്നു. നീ എന്റെ ഭർത്താവിനെപ്പറ്റി ഇങ്ങനെ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. എന്റെ ഭർത്താവിന്റെ സ്‌നേഹത്തെപ്പറ്റി നിനക്കെന്തറിയാം....?'' ഈ പ്രതികരണം അയാളിൽ സൃഷ്ടിച്ച ഭാവാന്തരമോ?

''അയാൾ കുട്ടിക്കാലത്ത് കിണറ്റുകരയിൽ സന്ധ്യയ്ക്ക് പുറത്തു നിർത്തി അമ്മ തന്നെ കുളിപ്പിച്ചിരുന്നത് ഓർത്തു.... സോപ്പിന്റെ വാസന തണുപ്പിനോട് കലർന്ന് ആ കുട്ടിയുടെ രോമകൂപങ്ങളിൽ ഒട്ടിപ്പിടിച്ചിരുന്നു.... കിണറ്റുകരയിൽനിന്ന് തോർത്തൽ മുഴുമിക്കാത്ത ആ കുട്ടി വീടിനകത്തേക്കോടുന്നു... ട്രൗസറിനും ഷർട്ടിനും വേണ്ടി പരതുന്നതിനിടയിൽ ആ കുട്ടിയ്ക്ക് എല്ലാം നഷ്ടപ്പെടുന്നു, അയാൾ ഏകനാകുന്നു.'' മനസ്സിനേറ്റ മുറിവുകളിൽ സാന്ത്വനമായി അയാളിൽ ശൈശവം ഉടലെടുക്കുകയാണ്. ഇരുവരുടേയും രഹസ്യവേഴ്ചയുടെ അതേവരെയുള്ള ഭാവാന്തരീക്ഷത്തിലുണ്ടാകുന്ന ഈ പരിണതിയാണ് കഥയുടെ കാന്തി. ഇ. ഹരികുമാറിന്റെ കഥകളിലെ പുരുഷമനസ്സ് പ്രിയസ്‌നേഹം നഷ്ടമാകുമ്പോൾ അമ്മയിൽ നിന്നകന്നുപോയ കുട്ടിയുടെ സ്മൃതിയിലേയ്ക്ക് മനസ്സ് പൂഴ്ത്തുന്നു.

''സ്ത്രീഗന്ധമുള്ള മുറി''യിലെ സുനിത, മോഹന്റെ സങ്കല്പത്തിലെ, സദാ സ്ത്രീഗന്ധം സ്ഫുരിക്കുന്ന ഒറ്റമുറിയാണ്. സുനിതയോട് ഗാഢസ്‌നേഹത്തിൽ വെറുപ്പും ഇടകലർന്നു കാണാം. സ്‌നേഹം സാർത്ഥമാകുന്നിടത്ത് ദേഷവും ഉളവാകുന്നു. ഭർത്തൃമതിയായ സുനിതയ്ക്ക് ഭർത്തൃവഞ്ചനയിൽ വേദനയുണ്ട്. ''നിതീഷ് എന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്; വിശ്വസിക്കുന്നുണ്ട്. പകൽ നിന്റെ കരവലയത്തിൽ സംതൃപ്തി നേടി വൈകുന്നേരം ഭർത്താവിന്റെയും മകളുടെയും മുമ്പിൽ സ്‌നേഹനിധിയായ ഭാര്യയും അമ്മയുമായി അഭിനയിക്കാൻ എനിയ്ക്ക് കഴിയാതെയായിരിക്കുന്നു'' എന്ന് കുമ്പസാരിക്കുന്ന സുനിതയോട് മോഹന്റെ പ്രതികരണം മറ്റൊന്നാണ്;

''അന്യോന്യം സ്‌നേഹിക്കുക, അത് പ്രകടിപ്പിക്കുക, അതെത്ര മനോഹരമാണ്.'' പലപ്പോഴും ആദർശതലത്തിലും അപൂർവ്വമായി മാത്രം പ്രായോഗികതലത്തിലും സാധ്യമായേക്കാവുന്ന ഈ സ്‌നേഹവിഭാവന സുനിതയിലെ ഭാര്യക്ക് ഉൾക്കൊള്ളാനാവുന്നില്ല. സ്‌നേഹമില്ലാത്ത രതിവേഴ്ച മോഹന്റെ ദൃഷ്ടിയിൽ വ്യഭിചാരമാണ്; സ്‌നേഹരഹിതമായ ദാമ്പത്യവും. ''ഞാൻ നിന്നെ വെറുക്കുന്നു'' എന്ന് മോഹൻ പറയുന്നത് സുനിതയിലെ കാമുകിയും ഭാര്യയും അയാളുടെ സ്‌നേഹലോകത്തിൽ നിന്നകലെയാണ് എന്ന് മനസ്സിലാക്കുമ്പോഴാണ്.

സുനിതയുടെ വിപരീത തലമാണ് 'കുങ്കുമം വിതറിയ വഴികളി'ലെ സുധ. ഭാര്യയും അമ്മയുമായ സുധയ്ക്ക് പഴയ കാമുകൻ ബാസുദേവിനെ തിരസ്‌കരിക്കാൻ കഴിയുന്നില്ല. ഇ. ഹരികുമാറിന്റെ കഥാപുരുഷന്മാർ സ്ത്രീയിലെ നിരുപാധികമായ സ്‌നേഹത്തിന്റെ പൂർണ്ണലോകം അവകാശപ്പെടുന്നവരും അതിന്റെ അലഭ്യതയിൽ ഒറ്റപ്പെട്ട് നിൽക്കുന്നവരുമാണ്. പുരുഷനിലെ സ്‌നേഹോദിതമായ കാമുകസത്തെയെ ഈ കഥാകൃത്ത് വിലമതിക്കുന്നു. സ്ത്രീയിലെ പ്രണയിനിഭാവത്തെയെന്നപോലെ. എൻ.എസ്. മാധവന്റെ 'ഹിഗ്വിറ്റ'യെ അനുസ്മരിപ്പിക്കുന്നു 'അവസാനത്തെ വിസിൽ'. ഫുട്ബാൾ കളി എന്ന രൂപകത്തിന്റെ അന്തരീക്ഷ കല്പനയിലാണ് 'രാജന്റെ' അസംതൃപ്ത ദാമ്പത്യം അനുഭവപ്പെടുന്നത്. വേറിട്ടു നിൽക്കുന്ന ആഖ്യാനതന്ത്രമാണ് ഈ കഥയുടേത്. ടി.വി.യിലെ സിനിമയിൽ മുഴുകുന്ന ഭാര്യ; ഫുട്ബാൾ കളി ദൃശ്യങ്ങളിൽ മുഴുകുന്ന ഭർത്താവ് ഫുട്ബാൾ കളിക്കാരനാണ്. ഇരുവരുടെയും താല്പര്യം ഒത്തുപോകുന്നതല്ല. തന്റെ അസാന്നിദ്ധ്യത്തിൽ വീട്ടിലെത്തുന്ന സുഹൃത്ത് ശശി, തന്റെ ഭാര്യയ്ക്ക് ഭൗതികസുഖസാമഗ്രികളായ വാഷിംഗ് മെഷിനെപ്പറ്റിയുള്ള സ്വപ്നങ്ങൾ പകർന്ന് 'സ്വപ്നങ്ങളുടെ വില്പനക്കാരനാ'കുന്നതിൽ ഭർത്താവിന് എതിർപ്പുണ്ട്; നിഗൂഢമായ സംശയങ്ങളുണ്ട്. ഉള്ളിലമർത്തിയ ആ സ്‌നേഹവിദ്വേഷങ്ങൾ ഫുട്ബാൾ കളിയിലെ ആവേശത്തിൽ കലർത്തി അയാൾ പ്രതിരോധിക്കുകയാണ്. ''തടസ്സങ്ങളെ തട്ടിനീക്കി രാജൻ എതിർദേശത്ത് കുതിക്കുകയാണ്. പെട്ടെന്ന് അയാൾക്ക് അതെല്ലാം വളരെ അധാർമ്മികതയായിത്തോന്നി. അയാൾ നീനയെ ഓർത്തു; ശശിയെ ഓർത്തു. ഫുട്ബാൾ ഒരു ഹിംസ്രജന്തുവിനെപ്പോലെ അയാളുടെ കാലുകളെ നോവിപ്പിച്ചു. അയാൾ കാൽ കുടഞ്ഞു..... കളിക്കളം ആക്രമിക്കപ്പെട്ട നിസ്സഹായയായ ഒരു സ്ത്രീയുടെ നഗ്നശരീരമായും ഗോൾ പോസ്റ്റ് യോനീമുഖമായും മാറി. അതിക്രമിച്ചു കടക്കാൻ വയ്യാതെ അയാൾ നിൽക്കുകയാണ്.....'' പുരുഷനിലെ ലൈംഗികമായ അസഹിഷ്ണുത, നിഗൂഢ സംശയങ്ങളിൽ നിഴലിക്കുന്ന അധാർമ്മികതാബോധം, സ്ത്രീ പുരുഷബന്ധങ്ങളിൽ പരോക്ഷമായി വ്യഞ്ജിക്കുന്ന ഫുട്ബാളിലെ ആക്രമണോത്സുകതയുടേയും സ്വാർത്ഥലക്ഷ്യത്തിനായുള്ള കുതിക്കലുകളുടെയും നിഷ്ഫലത, ഒരുവന്റെ കാൽക്കീഴിലെ പന്തു തട്ടിയെടുത്ത് മറ്റൊരു ഗോൾവലയത്തിലേയ്ക്ക് അടിക്കുന്നതിലെ വിജയാപജയങ്ങൾ, നേടിയും നഷ്ടപ്പെട്ടും മുന്നേറുന്ന കളിയിലെ ഉദ്വിഗ്നത എന്നിവയെല്ലാം അസംതൃപ്തമായ ദാമ്പത്യത്തിന്റെ രൂപകമായി മാറുന്നതിന് നിദർശനമാണ് 'അവസാനത്തെ വിസിൽ'.

വിലക്ഷണ രതിയുടെ ആഖ്യാനങ്ങൾ

3) മനുഷ്യ മനസ്സുകളിൽ നിഗൂഢമായ വിലക്ഷണ രതിയുടെ കഥാഖ്യാനങ്ങളാണ് ''മാങ്ങാറിച്ചെടികൾ, നിനക്കു വേണ്ടി, കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിക്കുന്നു, അനിതയുടെ വീട്, ഓടിട്ട ചെറിയ വീട്, മൂലോട് ഉറപ്പിക്കുന്നതിലെ വിഷമങ്ങൾ'' എന്നിവ. 'അനിതയുടെ വീട്' ഒരു രൂപകമാണ്. നളിനിയെന്ന ഉദ്യോഗസ്ഥയായ അവിവാഹിതയുടെ ഉള്ളിലെ കുടുംബ, ലൈംഗിക തൃഷ്ണകളുടെയും വിവാഹിതനായ നരേന്ദ്രന്റെ രതികാമനകളുടേയും പ്രച്ഛന്നരൂപകം! വിവാഹിതയായ, സ്‌നേഹപൂർണ്ണമായ കുടുംബജീവിതം എന്നത് നളിനിയുടെ വിഫലസ്വപ്നമാണ്. ഒരു വീടിന്റെ കുടുംബാന്തരീക്ഷത്തിൽ, ഒരു നല്ല ഭാര്യയായി സ്വയം വിഭാവനം ചെയ്ത്, ഭർത്താവായി സങ്കല്പിക്കുന്ന പുരുഷനൊപ്പം വല്ലപ്പോഴും ജീവിതം ആസ്വദിക്കുന്ന നളിനിയുടെ സാങ്കല്പികമായ താവളമാണ് 'അനിതയുടെ വീട്', അമ്മയെ ബോദ്ധ്യപ്പെടുത്താനുള്ള ഒരു സാങ്കല്പിക കൂട്ടുകാരി! ഇടയ്ക്കിടെ നളിനി 'അനിതയുടെ വീട്ടിൽ തങ്ങുന്നു' എന്നതിനർത്ഥം നരേന്ദ്രന്റെ ഭാര്യയുടെ അഭാവത്തിൽ നരേന്ദ്രന്റെ ഒന്നോരണ്ടോ ദിവസത്തെ 'ഭാര്യ'യായി ആ വീട്ടിൽ കഴിഞ്ഞ് സ്വന്തം ഏകാന്തതയിലേയ്ക്ക് മടങ്ങിയെത്തുന്നു എന്നു മാത്രമാണ്. നളിനിക്ക് ഇതൊരു 'അവിഹിതവേഴ്ച'യല്ല; ഇഷ്ടപ്പെട്ട പുരുഷന്റെ ഭാര്യയായിട്ടുള്ള ക്ഷണികജീവിതമാണ്. ''നീ നീയാവുന്നത് എന്റെയൊപ്പം മാത്രമാണ്. മറ്റുള്ള സമയങ്ങളിൽ നീ അഭിനയിക്കുകയാണ്'' എന്ന് നരേന്ദ്രൻ തിരിച്ചറിയുന്നത് നളിനിയിലെ നിഗൂഢമായ സ്ത്രീയെയാണ്. ടെലിവിഷൻ പരമ്പരകളിലും എപ്പിസോഡുകളിലും ഷോട്ടുകളിലും തളച്ചിട്ട ജീവിതമുള്ള അമ്മയാണ് നളിനിക്കുള്ളത്. ഈ മകൾ ഓരോ എപ്പിസോഡിന്റെ തിരക്കഥ സ്വന്തം ജീവിതം കൊണ്ട് എഴുതി സ്വന്തം സ്വകാര്യതയെ ഒരു പരമ്പരയിലെ ഷോട്ടുകളാക്കി മാറ്റുകയാണ്. വ്യക്തിയുടെ ലൈംഗിക ജീവിതം പരമ്പരകളും എപ്പിസോഡുകളും വിഷ്വലുകളുമായി രൂപാന്തരപ്പെടുന്ന 'സാമൂഹികപുരോഗതി'യിൽ 'നളിനി'മാർക്ക് മോഹസാക്ഷാത്ക്കാരമായി മനസ്സിന്റെ രഹസ്യസ്ഥലികളിൽ 'അനിതയുടെ വീടു'കൾ രൂപം കൊള്ളുകയാണ്.

'ഓടിട്ട ചെറിയ വീട്ടി'ലെ രേണുക ഭർത്തൃസുഖം അലഭ്യയായ ഭർത്തൃമതിയാണ്. ദുരിതമയമായ ജീവിതത്തിലും രേണുകയ്ക്ക് സ്വപ്നഭാവനകൾ നിറഞ്ഞ ഒരു മനസ്സുണ്ട്. പരിചയക്കാരി അനിതയുടെ മനോഹരമായ കുടുംബാന്തരീക്ഷം. ആ വീട്ടിലെ മത്സ്യടാങ്കിലെ തെളിഞ്ഞ വെള്ളത്തിലെ മത്സ്യക്കുഞ്ഞുങ്ങൾ, അനിതയുടെ ഭർത്താവ് രാജഗോപാലിന്റെ സുഭഗത എന്നിവ രേണുകയ്ക്ക് നിഗൂഢപ്രലോഭനങ്ങളാണ്. 'ജനലരികിൽവെച്ച ബെഞ്ചിന്മേൽ വച്ച രണ്ടടി ടാങ്കിൽ കലങ്ങിയ വെള്ളത്തിൽ ഗതികിട്ടാതെ നീന്തുന്ന സ്വർണ്ണമത്സ്യം' എന്ന പ്രതിമാനം രേണുകയുടെ ജീവിതവ്യഞ്ജകമാണ്. അംഗവൈകല്യമുള്ള, മദ്യപനായ ഭർത്താവിനൊപ്പമുള്ള നരകതുല്യമായ ജീവിതത്തിൽ രേണുക അപേക്ഷിക്കുകയാണ്; രാജഗോപാലിനോട്. ''ഒരിക്കലെങ്കിലും എന്നെ ഈ കൈകൾകൊണ്ട് വരിഞ്ഞു മുറുക്കു. ബലിഷ്ഠമായ കൈകൾ എങ്ങനെയുണ്ടെന്നറിയാനുള്ള അവകാശം എനിക്കുണ്ടെന്നു തോന്നുന്നു'' - സ്ത്രീത്വത്തിന്റെ രത്യവകാശ പ്രഖ്യാപനമാണിത്. രാജഗോപാലിനെ പിരിയും മുമ്പ് ''അവൾ മത്സ്യടാങ്കിനുമുമ്പിൽ കുറച്ചു നേരം നോക്കിനിന്നു. തെളിഞ്ഞ വെള്ളത്തിൽ സംതൃപ്തരായി നീങ്ങുന്ന മത്സ്യങ്ങൾ, ചെടികളുടെ പച്ചപ്പ്. അവൾ പറഞ്ഞു. ''ഞാനെന്റെ മോനെ ഒരു ദിവസം കൊണ്ടുവരാം. ടാങ്ക് എങ്ങന്യാണ് വൃത്തിയായി സൂക്ഷിക്ക്യാന്ന് അവന് പറഞ്ഞു കൊടുക്കണം.'' ഈ വാക്കുകളിലെ ധ്വനി അവളുടെ സ്വപ്നലോകമാണ്; മകനിലൂടെ എങ്കിലും സാക്ഷാത്കരിക്കാൻ മോഹിക്കുന്ന സംതൃപ്തമായ ഭാവിയുടെ ധ്വനിയാണിത്.

വിവാഹത്തിന്റെ സുരക്ഷ ലഭ്യമേയല്ലാത്ത സ്‌നേഹരതികളുടെ വിലക്ഷണ ലോകമാണ് 'നിനക്കു വേണ്ടി'യിലെ സുഹാസനും രോഹിണിയും പങ്കിടുന്നത്. ഏകാന്തമനസ്സുകളുടെ അനിഭവിച്ചറിയൽ മാത്രമാണ് അവർക്ക് സ്ത്രീപുരുഷബന്ധം. ആന്തരാ അവർ ഏകാകിതയുടെ ഗുപ്തസ്ഥലികളാണ്. 'കള്ളിച്ചെടി'യിലെ വിമല അയൽക്കാരൻ രമേശന് കൈമാറാൻ കൊതിക്കുന്ന കള്ളിച്ചെടി അവളിലെ അസംതൃപ്തമായ കന്യകാത്വത്തിന്റെ രതിതൃക്ഷ്ണകളുടെ പ്രതിമാനമാണ്. 'മാങ്ങാറിച്ചെടി'കളിലെ രാജുവും സുഭദ്രയെന്ന അവിവാഹിതയും പങ്കിടുന്നതും വിലക്ഷണ രതിതൃക്ഷ്ണകളുടെ ലോകമാണ്.

പല പുരുഷന്മാരുടെയും ഉപബോധമനസ്സുകളിൽ 'ഒരു കുഞ്ഞിമാതുവിന്റെ ചിരി' മറഞ്ഞിരിപ്പുണ്ടാവും. കുഞ്ഞിലേ അമ്മിഞ്ഞപ്പാലു നൽകി, ചിരിതൂകിയ 'കുഞ്ഞിമാതു'മാർ മുതിർന്നാലും പുരുഷമനസ്സിൽ മായാറില്ലെന്ന് മധു തിരിച്ചറിയുന്നു. വിരൂപിയെന്നു പറയാവുന്ന, പ്രായമേറിയ വേലക്കാരിയിൽ ആസക്തനാകുന്നതിനു കാരണം മറ്റൊന്നല്ല. രതിരഥ്യകളിൽ പുരുഷമനസ്സിന്റെ പ്രയാണഗതികൾ അനിർവ്വചനീയമെന്ന് ഈ കഥാകൃത്ത് കരുതുന്നുവോ? 'കോമാളി' എന്ന കഥയിലെ സുഗതൻ ബാഹ്യദൃഷ്ടിൽ നീതി തകിടം മറിയുന്നത് അക്ഷന്തവ്യമായി കരുതുന്ന സന്മാർഗ്ഗിയാണ്. ആകസ്മികമായി തന്റെ സെക്രട്ടറിയെ ഹോട്ടൽ മുറിയിലേയ്ക്ക് ക്ഷണിക്കുന്ന സുഗതൻ, ആ തൃഷ്ണ വിഫലമാകുമ്പോൾ, ജോലിയെടുക്കുന്ന ഓഫീസിലെ തൊഴുത്തിൽകുത്തുകൾ കാരണം പീഡനമനുഭവിക്കുമ്പോൾ ഒക്കെ ഉണ്ടായിട്ടുള്ള മാനസികാവസ്ഥയിൽ നിരത്തിൽ കണ്ട വേശ്യയുമായി സഹശയനം നടത്തുന്നു. താനെന്തിനു വേണ്ടി അങ്ങനെയൊക്കെ ചെയ്യുന്നു എന്നതിന് സുഗതന് ഉത്തരമില്ല, 'താൻ സ്വയം ചെറുതായി വരുന്നു' എന്ന ആത്മനിന്ദ മാത്രമേ അയാളിലുള്ളു. വ്യവസ്ഥാപിത വിശ്വാസങ്ങളെ തകിടം മറിക്കുന്നിടത്ത് മനുഷ്യമനസ്സ് സ്വയം കോമാളിയാവുന്നു. 'മനമോടാത്ത കുമാർഗ്ഗമില്ല' എന്ന സത്യദർശനം ഈ കഥാകൃത്തിലുണ്ട്; പുരുഷനിലെ രതിവാസന ചിലപ്പോൾ ക്രൂരഫലിതമായും രൂപപ്പെടാറുണ്ട് എന്നും നാമറിയുന്നു.

ബാല്യത്തിന്റെ അശാന്തികൾ

4) മുതിർന്നവരുടെ രതിവേഴ്ചാദൃശ്യങ്ങൾ ബാലികാ മനസ്സിലുളവാക്കുന്ന സ്വാധീനതകളുടെയും പരിണതികളുടെയും മനോഹരമായ ആഖ്യാനങ്ങളാണ് 'കുങ്കുമം വിതറിയ വഴികൾ', 'ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ' എന്നിവ. മദ്യപാനിയായ അച്ഛൻ ഇരുട്ടിൽ അമ്മയെ ബലാത്സംഗം ചെയ്യുമ്പോൾ ഭയപ്പെടുന്ന ബാലികയുടെ ചിത്രണം 'തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിത'ത്തിൽ കാണാം. മദ്യപിച്ച് ബോധം കെടുന്നവർ ചെയ്യുന്ന ഒരു കർമ്മമാണതെന്ന് ആ കുട്ടി കരുതുകയാണ്; അവൾ അമ്മയോട് ചോദിക്കുന്നു, ''അമ്മയ്ക്ക് വേദനിച്ചോ?''

'കുങ്കുമം വിതറിയ വഴിക'ളിൽ അമ്മയുടെയും കാമുകന്റെയും വേഴ്ച അടച്ചിട്ട മുറിക്ക് വെളിയിൽ നിന്ന് മനസ്സിലാക്കുന്ന സംഗീത പിന്നീട് അവൾക്ക് പരിചിതമായ ചിത്രപുസ്തകത്തിലെ കഥകൾ വായിച്ചു കൊടുക്കുന്ന അയാളോട് ചോദിക്കുന്നു. ''അങ്കിൾ, കളിയിൽ കള്ളത്തരം കാണിക്കുന്നത് ചീത്തയല്ലെ?'' അവളുടെ മുകളിലെ നിലയിൽ താമസിക്കുന്ന സ്‌നേഹിത കളിയിൽ കള്ളം കാണിക്കാറുണ്ട്. അങ്കിളിന്റെ മറുപടിയോ...? ''ഞങ്ങൾ മുതിർന്നവർ ജീവിതത്തിലും കളളത്തരം കാണിക്കുന്നു.'' അമ്മയുടെ രഹസ്യവേഴ്ച അവളിൽ സൃഷ്ടിക്കുന്നത് തേങ്ങലുകളുടെ തിരകളാണ്. ഏകാന്തതയുടെ വേലിയേറ്റത്തിൽ ഉയർന്ന തിര! അവൾക്ക് അച്ഛന്റെ സാന്ത്വനങ്ങളോ അമ്മയുടെ അന്വേഷണമോ സാന്ത്വനമേകിയില്ല. ''അവളുടെ നഷ്ടം അപാരമായിരുന്നു'' എന്ന സത്യത്തിന്റെ പ്രകമ്പനം ദൂരവ്യാപകമാണ്; ആ അശാന്തി കഥയുടെ വായനാനുഭവമാകുന്നു.

പ്രത്യക്ഷത്തിൽ ലളിതമെങ്കിലും സങ്കീർണ്ണ ഭാവങ്ങൾ ധ്വനിപ്പിക്കുന്ന മനോലോകമാണ്, 'സാമൂഹ്യപാഠം' നോട്ടുബുക്കിൽനിന്ന് ചീന്തിയെടുത്ത കടലാസിൽ 'അമ്മ ഒരു ദുഷ്ടകഥാപാത്രമാണ്' എന്ന കഥയുടെ ആദ്യവാചകം എഴുതുന്ന സുചിത്രയുടേത്. തന്റെ ഒരു കഥയുടെ ആദ്യവാക്യം ''അച്ഛൻ ഒരു ദുഷ്ടകഥാപാത്രമാണ്'' എന്നായപ്പോൾ ആ ബാലിക ഏറെ വേദനിച്ചു. രാത്രിയിൽ അച്ഛൻ അമ്മയെ 'ഉപദ്രവി'ക്കുന്നതിന്റെ ദൃശ്യമാണ് അവളെ അങ്ങിനെയൊരു കഥ തുടങ്ങാൻ പ്രേരിപ്പിച്ചത്. അവൾ എഴുതിയ 'സ്ത്രീപീഡന'കഥകളെല്ലാം അമ്മ കീറിക്കളഞ്ഞുവെന്ന് മനസ്സിലാക്കുമ്പോൾ കണ്ണീരോടെ അവൾ മനസ്സിലാക്കി - ''ഉത്തരാധുനികമായ അന്യത്വവും നിർവ്വികാരതയും കഥകളിലേ ഉള്ളൂ; വ്യക്തിജീവിതങ്ങൾ വികാരപൂർണ്ണരായ പച്ചമനുഷ്യരാണ്. സൃഷ്ടിയും സ്രഷ്ടാവിന്റെ ജീവിതവും കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമെന്ത്?'' ഈ തിരിച്ചറിവിൽ ധ്വനിക്കുന്ന ഐറണിയും ആക്ഷേപഹാസ്യവും സ്പഷ്ടമാക്കാൻ ഉപയുക്തമാകുന്ന കഥയ്ക്കുള്ളിലെ കഥയായി ബാലികയുടെ രചനാലോകം മാറുന്നു. സാമൂഹ്യപാഠം ബുക്കിന്റെ താളുകളിൽ കുറിച്ചിടുന്ന കഥകളെക്കുറിച്ചുള്ള ധ്വനി കഥയിൽ മറ്റൊരു ഭാവതലമാകുന്നു; ആഖ്യാനകലയിലെ സൂക്ഷ്മഭംഗികളാണിത്.

കഥാലോകത്തിന്റെ തനിമയുറ്റ ശക്തി

ഇ. ഹരികുമാറിന്റെ കഥാലോകം പ്രസ്പഷ്ടമാക്കുന്ന സ്ത്രീപുരുഷബന്ധങ്ങളുടെ ലോകം മനുഷ്യമനസ്സിലെ നഗ്നഭാവങ്ങളുടേതാണ്; ആടയാഭരണങ്ങളണിയാത്ത ഹൃദയാനുഭവങ്ങളുടേതാണ്. അവിടെ വ്യവസ്ഥാപിതമായ സദാചാരസംഹിതകളുടെ കപടനാട്യങ്ങളില്ല. സ്വന്തം നെഞ്ചുകീറി സ്വയം നേരറിയാനുള്ള മനുഷ്യമനസ്സുകൾക്കു, അന്യോന്യം ഗുണാശ്രിതമായ സ്‌നേഹരീതികൾ അനുഭൂതമാവുക അസാധാരണമല്ല. പലപ്പോഴും അത് നിരുപാധികമോ, 'നിഷ്‌കാമമോ' ആയിരിക്കാം എന്നു മാത്രം. മനുഷ്യ ഹൃദയത്തിലെ സത്യസൗന്ദര്യങ്ങളായി ലൈംഗികതയെ സമീക്ഷിക്കുന്ന കഥാകൃത്താണ് ഇ. ഹരികുമാർ. അതിനാൽ ഹരികുമാറിന് ലൈംഗികത അശ്ലീലമല്ല, ഉന്മീലനശക്തിയാണ്; പരമോദാരമായ മർത്ത്യജീവിതത്തിലെ സമ്മോഹനതയാണ്. ഋജുഗതിയല്ല മനുഷ്യമനസ്സ്. അതിന്റെ സഞ്ചാരപഥങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്തോറും അജ്ഞേയമായിക്കൊണ്ടിരിക്കുന്ന നിഗൂഢ രഥ്യകളാണ്. അത് തേടിപ്പിടിക്കാനുള്ള മർത്ത്യതയിലെ പ്രേരണയാണ് ജീവിതം; സർഗ്ഗാത്മകപ്രലോഭനമാണ് സാഹിത്യകൃതികൾ. ഈ തിരിച്ചറിവു വായനാനുഭവമാക്കുന്നു എന്നതിലാണ് ഇ. ഹരികുമാറിന്റെ കഥാലോകത്തിന്റെ അസ്തിത്വവും. സ്‌നേഹാപേക്ഷയുടെ ലോകത്ത് മനുഷ്യമനസ്സ് എത്രമേൽ ശക്തവും ദുർബ്ബലവുമാണ്; ഓരോ ഹൃദയബന്ധവും എത്രയോ വിചിത്രവും ദുരൂഹവുമാണ്. മനുഷ്യനിലെ ലൈംഗിക വാസനയ്ക്ക് ഒരേ സമയം സ്‌നേഹാർദ്രതയുടെയും വിരുദ്ധതലങ്ങൾ സ്വായത്തമാണ് എന്നിങ്ങനെ നിരവധി ഉപദർശനങ്ങൾ സഹൃദയനിൽ ഉന്നീതമാക്കുന്നു എന്നത് ഇ. ഹരികുമാറിന്റെ കഥാലോകത്തിന്റെ തനിമയുള്ള ശക്തിയാണ്.

ഇ. ഹരികുമാറിന്റെ 'എന്റെ സ്ത്രീക'ളുടെ രണ്ടാം ഭാഗമാണ് 'എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി' എന്ന അപഗ്രഥനം. തന്റെ കഥകളിലെ സ്ത്രീപുരുഷ ലൈംഗികതയെപ്പറ്റി കഥാകൃത്തിന്റെ അവലോകനമാണിത്. 'അറിയപ്പെടാത്ത പൊന്നാനിക്കാരൻ, അക്രമിയും ഇരയും തമ്മിലുള്ള ബന്ധം, നഷ്ടക്കാരിയുടെ കരുത്ത്, സ്ത്രീയുടെ വിഷമാവസ്ഥ, കള്ളിച്ചെടിയെപ്പറ്റി പറഞ്ഞത്, കുങ്കുമം വിതറിയ വഴികളിൽ, എന്റെ ജീവിതവും ജാതകമെന്ന തിരക്കഥയും' തുടങ്ങി പന്ത്രണ്ട് ലേഖനങ്ങളിലായി കഥാകൃത്തിന്റെ വ്യക്തിജീവിതം, സാഹിതീയ ജീവിതത്തിലെ ഇച്ഛാഭംഗങ്ങൾ, കഥാപാത്രങ്ങളിലെ യാഥാർത്ഥ്യതലങ്ങൾ, അവരെ തിരിച്ചറിഞ്ഞ അനുഭവപരിസരങ്ങൾ, സ്ത്രീലോകപരമായ നിലപാടുകൾ എന്നിവ പരാമർശിക്കുന്നു. ഇ. ഹരികുമാറിന്റെ ഓരോ കഥയും വ്യക്തിയും എഴുത്തുകാരനുമെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ അവബോധങ്ങളേയും അനുഭവങ്ങളേയും ആദർശങ്ങളേയും എങ്ങനെ, എത്രമാത്രം ദ്യോതിപ്പുക്കുന്നു എന്ന് മനസ്സിലാക്കാൻ പര്യാപ്തമാണിത്. എഴുത്തുകാരന്റെ ഈ സ്വയം വിലയിരുത്തൽ കൂടാതെ തന്നെ അനുവാചകന് ആ കഥകളിൽ തുടിച്ചുനിൽക്കുന്ന പച്ചയായ ജീവിതത്തിന്റെ കലർപ്പില്ലാത്ത വികാരലോകം തൊട്ടറിയാനാവും. അത്രമേൽ ജീവിതസ്പർശിയാണ് ഓരോ കഥയും. നിഗൂഢവിസ്മയങ്ങളുടെ ഭൂഖണ്ഡമായ മനസ്സിനു നേരെ പിടിച്ച ദർപ്പണമാണ് ആ കഥാലോകം.

സമകാലിക മലയാളം വാരിക (2011 ഏപ്രിൽ 1 &1 5 )

ഡോ.സി.ആര്‍. സുശീലാദേവി

1978 മുതൽ ചങ്ങനാശേരി എൻ.എൻ.എസ്‌. ഹിന്ദു കോളജിൽ അദ്ധ്യാപിക, ചെറുകഥാ സാഹിത്യത്തെക്കുറിച്ചുള്ള നിരവധി നിരൂപണങ്ങളും , ടി പത്മനാഭൻ കഥയിലെ കാലഭൈരവൻ എന്ന നിരുപണ ഗ്രന്ഥവും രചിച്ചിട്ടുണ്ട്.