ഡോ ടി കെ സന്തോഷ്‌കുമാര്‍
നമ്പൂതിരിയുടെ ദൃശ്യസാക്ഷാത്കാരത്തോടെ അച്ചടിച്ചുവന്ന കാലത്തുതന്നെ ആസ്വാദകരുടെ ഹൃദയം കവർന്ന കഥയാണ് ഇ. ഹരികുമാറിന്റെ 'ശ്രീപാർവ്വതിയുടെ പാദം', ആപാദചൂഢം ഗൃഹാതുരത മുറ്റിനിൽക്കുന്ന കഥ. ഈ കഥയിൽ ഗൃഹാതുരത വീടിനോടുള്ള അഭിനിവേശം മാത്രമല്ല; എങ്ങോ നഷ്ടപ്പെട്ടുപോയ മനുഷ്യനന്മയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലും വീണ്ടെടുക്കലുമാണ്. ഇപ്പോൾ പ്രമുഖ മാധ്യമപ്രവർത്തകനും സംവിധായകനുമായ ബൈജു ചന്ദ്രൻ കഥാകൃത്തിന്റെതന്നെ തിരക്കഥയിൽ ആ കഥ അതേ പേരിൽ ഹ്രസ്വ ചലച്ചിത്രമാക്കിയപ്പോഴും പെറ്റുവളർന്ന വീടും കൈവിട്ടുപോകാത്ത മനുഷ്യനന്മയും ഗൃഹാതുര സ്പർശമായി ഓരോ ഫ്രെയിമിലും നിറയുന്നു; കാണികളെ സ്പർശിക്കുന്നു; മിഴികളെ ഈറനാക്കുന്നു.
കഥയിൽനിന്ന് ചലച്ചിത്രത്തിലേക്കുള്ള ദൂരത്തെപ്പറ്റിയുള്ള ആലോചന തന്നെ അപ്രസക്തമാകുംവിധം രണ്ടും ഒന്നായിരിക്കുന്ന അവസ്ഥ. പക്ഷേ ഒന്ന് അക്ഷരകലയുടെ ഭംഗിയിലും മറ്റേത് സെല്ലുലോയിഡിന്റെ ശക്തിയിലും രമ്യമായിരിക്കുന്നു. എഴുത്തുകാരൻ വാക്കുകളെ എത്രമാത്രം കരുതലോടെ തിരഞ്ഞെടുത്തുപയോഗിച്ചിരിക്കുന്നുവോ അത്രമാത്രം സൂക്ഷ്മതയോടെ സംവിധായകൻ ദൃശ്യങ്ങളെ വിന്യസിച്ചിരിക്കുന്നു. അങ്ങനെ എഴുത്തിന്റെയും ദൃശ്യത്തിന്റെയും ഭാഷ ഒന്നു തന്നെയായി മാറിയിരിക്കുന്നു. അതാകട്ടെ മാധവിയുടെ മനസ്സിന്റെ (നന്മയുടെ) ഭാഷയാണ്. മറ്റുള്ളവർക്ക് 'വട്ട്' എന്നു തോന്നുന്നതാണ് അവളുടെ മനസ്സിന്റെ ചാഞ്ചാട്ടങ്ങൾ. ജനിച്ചുവളർന്ന വീട്, അവിടേക്കുള്ള യാത്ര, മാധവിക്ക് അവളുടെ ഭർത്താവിന്റെ ഭാഷയിൽ തീർത്ഥാടനമാണ്. നഗരത്തിലെ ഫ്‌ളാറ്റു ജീവിതത്തിൽ നിന്നുള്ള മടുപ്പുകൊണ്ടാണോ ആ യാത്രയെന്നൊന്നും വിശദീകരണമില്ല. ചിലപ്പോൾ മഴ കണ്ടാൽ മതി. മനമിളകും. അവൾ അങ്ങനെയാണ്. ഒരു പോക്കുപോകും. തറവാടിന്റെ മുറ്റത്തെ മുല്ലയുടെ മണം പിടിച്ചങ്ങനെ നിൽക്കും. പൂച്ചയുടെ പുറം തലോടും. അടുക്കളയിലെ പുട്ടിന്റെ മണത്തിൽ കൊതികൊള്ളും. ആഹാരം കണ്ടിട്ടില്ലാത്തവരെപ്പോലെ ആർത്തിയോടെ കഴിക്കും. തൊടിയിൽ കുട്ടിയെപ്പോലെ നടക്കും. ഇരിക്കും. പഴയതൊക്കെ ഓർക്കും. ഭൂതകാലസ്മൃതികളിൽ (മരിച്ചുപോയ) മുത്തശ്ശിക്കൊപ്പം മതിമറന്നു നിൽക്കും. കമിഴ്ത്തി വെച്ച തുമ്പപ്പൂവിൽ ശ്രീപാർവ്വതിയുടെ പാദം സഹോദരിയുടെ മകൾക്ക് കാണിച്ചുകൊടുക്കും. ആ സസ്യപ്രകൃതിയിൽ അവൾ പരിപൂർണ നിഷ്‌കളങ്കയാണ്; സുരക്ഷിതയാണ്. അഞ്ജന ഹരിദാസ് എന്ന പുതുമുഖ നടി അത്രമാത്രം നിഷ്‌കളങ്കതയോടെ അത് അവതരിപ്പിച്ചിരിക്കുന്നു. സംവിധായകൻ ആ പ്രകൃതി സൗന്ദര്യത്തെ അതിന്റെ ദൃശ്യ-ശ്രാവ്യ പൂർണതയിൽ പകർത്തിയെടുത്തിരിക്കുന്നു. വാക്കുകളെ എന്നപോലെ ദൃശ്യങ്ങളെ, ശബ്ദങ്ങളെ കരുതലോടെ കാവ്യാത്മകമാക്കിയിരിക്കുന്നു.
മാധവിയുടെ നിഷ്‌കളങ്കതക്ക് മിഴിവും പൂർണതയും വരുന്നത് സഹോദരിയുടെ സ്വത്തിനോടുള്ള അതിരുകടന്ന ആഗ്രഹത്തിലും അതു കൈവിട്ടുപോകുമോ എന്ന ആശങ്കയിലുമാണ്. സോനാ നായർ എന്ന നടി ശാരദ എന്ന കഥാപാത്രത്തിന്റെ മനോനിലയുടെ വ്യതിചലനങ്ങൾ/ഏറ്റക്കുറച്ചിലുകൾ അതിന്റെ തികവോടെ ആവിഷ്‌കരിച്ചിരിക്കുന്നു. സാധാരണ സീരിയൽ/സിനിമാ മുഖമല്ല സോനയിൽ ഇവിടെ തെളിയുന്നത്. അഞ്ജനാ ഹരിദാസിനെപ്പോലെ സോനയും സംവിധായകന്റെ മനസ്സിലിരിപ്പുകൾ കഥയുടെ അടിയൊഴുക്കിന് അനുസൃതമായി അഭിനയത്തിൽ ഭംഗിയായി പ്രതിഫലിപ്പിക്കുന്നു. അനുജത്തി മാധവിയുടെ വരവ് സ്വത്തിനു വേണ്ടിയായിരിക്കുമെന്ന് സ്വയം തീരുമാനിച്ച് വേപഥുകൊള്ളുന്ന നിമിഷങ്ങൾ; സ്വത്തിന്റെ കാതങ്ങൾ മാധവിയോട് സംസാരിക്കുമ്പോൾ ശബ്ദത്തിലും ശരീരഭാഷയിലും വരുന്ന ചിലമ്പലുകൾ; പിന്നീട് തനിക്ക് സ്വത്തതൊന്നും വേണ്ടെന്നും (അതെല്ലാം തന്റെ കൂടി മകളായ) ചേച്ചിയുടെ മകൾക്ക് ആണെന്ന് മാധവി പറയുന്നത് കേൾക്കുമ്പോഴുണ്ടാകുന്ന ഭാവവ്യത്യാസം - ഇതെല്ലാം ആ കഥാപാത്രത്തിന്റെ മനസ്സിന്റെ തുലാസിൽ നിന്നുകൊണ്ടാണ് സംവിധായകൻ പകർത്തിയിരിക്കുന്നത്. ഒടുവിൽ മാധവി നഗരത്തിലേയ്ക്ക് മടങ്ങും മുമ്പ്, ശ്രീപാർവ്വതിയുടെ പാദം സ്വന്തം ചേച്ചിയുടെ മകളുടെ പാദം തന്നെയാണെന്ന് പറഞ്ഞ് കൈകളിലെടുത്തു ചുംബിക്കുന്ന രംഗം - കണ്ടിരുന്നപ്പോൾ മനസ്സലിഞ്ഞുപോയി. ഹരികുമാറിന്റെ കഥ ആ പാദചുംബനത്തിൽ അവസാനിക്കുകയാണ്, എന്നാൽ ചലച്ചിത്രത്തിൽ അതു കണ്ടുനിൽക്കുന്ന ശാരദയുടെ മുഖഭാവത്തിലേക്ക് / പ്രതികരണത്തിലേക്ക് ക്യാമറ തിരിയുന്നു. അപ്പോൾ നാം കാണുന്നത് ശാരദയുടെ മുഖം പ്രസന്നമാകുന്നതാണ്. കഥയിൽനിന്ന് വ്യത്യസ്തമായി സംവിധായകൻ കൊണ്ടുവരുന്ന രംഗമാണിത്. കഥയും ചലച്ചിത്രവും തമ്മിലുള്ള മാധ്യമവ്യത്യാസം ആ മുഖ പ്രതികരണത്തിൽ അന്തർലീനമായിട്ടുണ്ട്.
സാഹിത്യകൃതി ചലച്ചിത്രമാകുമ്പോൾ എല്ലാ കാലത്തും സംവിധായകർ നേരിട്ടിട്ടുണ്ട് കഥയോട് നീതി പുലർത്തിയിട്ടുണ്ടോ എന്ന ചോദ്യം. അടൂർ ഗോപാലകൃഷ്ണൻ 'മതിലുക'ളും 'വിധേയ'നും ചെയ്തപ്പോൾ ഉയർന്ന വിവാദങ്ങൾ ഓർക്കുക. അടൂരിന്റെ മതിലുകൾ ബഷീറിന് ബോധ്യമായെങ്കിലും ചില വായനക്കാർക്ക് ഇഷ്ടമായില്ല. വിധേയൻ സക്കറിയക്ക് തന്നെ അപ്രിയമായി. ബൈജു ചന്ദ്രനും അത്തരം വിമർശനം നേരിട്ട ആളാണ്. കോവിലന്റെ 'ശകുനം' എന്ന കഥ അതേ പേരിൽ ചെറുചലച്ചിത്രമാക്കിയപ്പോൾ കോവിലൻ 'ബോധധാര'യിൽ കോർത്തെടുത്ത 'ശകുനം' അതേപടി ചലച്ചിത്രമാക്കുമ്പോൾ നേരിടേണ്ടിവരുന്ന പരിമിതികളെ ബൈജു ചന്ദ്രൻ കഥക്ക് ഉപപാഠം സൃഷ്ടിച്ചുകൊണ്ടാണ് അതിജീവിച്ചത്. കോവിലന് അത് കഥയുടെ നേർക്കാഴ്ച ആയെങ്കിലും ആ ചലച്ചിത്രപാഠം കഥയോട് നീതി പുലർത്തിയില്ല എന്ന വിമർശനം ചിലർ ഉയർത്തി. എന്നാൽ 'ശ്രീപാർവ്വതിയുടെ പാദ'ത്തിന്റെ കാര്യത്തിൽ സമീപനം നേർവിപരീതമാണ്. കഥ അതേപോലെ പകർത്തിയിരിക്കുന്നു എന്ന വിമർശനം ഉന്നയിക്കാം. പക്ഷേ കഥയുടെ സത്ത ചോർന്നുപോകാതെ ദൃശ്യാവിഷകാരം നടത്തുക എന്നത് എളുപ്പമുള്ള പണിയാണോ? കഥയുടെയും ചലച്ചിത്രത്തിന്റെയും മർമ്മം അറിയുന്ന ഒരാൾക്കു മാത്രമേ അത് സാധിക്കു. യഥാർത്ഥത്തിൽ ഹരികുമാറിന്റെ കഥയും തിരക്കഥയും വച്ച് സംവിധായകൻ മറ്റൊരു കഥ രചിച്ചിരിക്കയാണ്. എന്നാൾ അത് ഇടശ്ശേരിയുടെ ഭാഷയിൽ പറഞ്ഞാൽ ''ഇത് മറ്റൊന്നിന്റെ പകർപ്പ്'' എന്നു പറയാനാവില്ല. കാരണം ബൈജു ചന്ദ്രന്റേത് ചലച്ചിത്രമെന്ന മാധ്യമത്തിന്റെ സാധ്യതകളാൽ പുനർരചിച്ച മറ്റൊരു 'കഥാസൃഷ്ടി'യാണ്. ഷോർട്ട് ഫിലിം അഥവാ ഹ്രസ്വചലച്ചിത്രത്തിന് വാസ്തവത്തിൽ ചെറുകഥയുടെ ഛന്ദസ്സാണ് വേണ്ടത്. 'ശ്രീപാർവ്വതിയുടെ പാദ'ത്തിൽ ആ ഛന്ദസ്സിന്റെ ദൃശ്യതാളം നിറയുന്നു. മാധ്യമത്തിന്റെ മനസ്സറിയുമ്പോഴാണ് ഇത്തരം കലാപൂർണത ഉണ്ടാകുന്നത്.
ബൈജുചന്ദ്രന്റെ ടെലിവിഷൻ എന്ന മുഖ്യധാരാ മാധ്യമത്തിൽ പ്രവർത്തിക്കുന്നയാളാണ്. ദൃശ്യഭാഷയെക്കുറിച്ച് തിട്ടമുള്ളയാൾ. നമ്മുടെ ടെലിവിഷൻ പരിപാടികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർക്കറിയാം, ടെലിവിഷനിൽ ദൃശ്യത്തെ ചിറ്റമ്മപ്രകൃതത്തിൽ മാത്രം കൈകാര്യം ചെയ്യുന്നവരാണ് അധികവും. അത്തരമൊരു സാഹചര്യത്തിലാണ് ആ മാധ്യമത്തിനുള്ളിൽ നിൽക്കുന്ന ഒരാൾ ദൃശ്യഭാഷയുടെ സാധ്യതകൾ അക്ഷരഭാഷയ്ക്ക് മേൽ എങ്ങനെ ഉപയോഗിക്കാം എന്നു കാണിച്ചുതരുന്നത്. അത്തരമൊരു സവിശേഷതകൂടിയുണ്ട് ശ്രീപാർവ്വതിയുടെ പാദത്തിന്. ഉദാഹരണം പറയാം - മാധവി നഗരത്തിൽനിന്ന് നാട്ടിലെത്തുമ്പോൾ, ഓട്ടറിക്ഷയിൽനിന്ന് തറയിൽ കാലുകുത്തുന്ന ദൃശ്യം. കാലിൽ ചെരുപ്പില്ല. ആ നനുത്ത പ്രകൃതിയെ നേരിട്ടു സ്പർശിക്കുന്ന പോലെ; ഭൂമിയുടെ തണുപ്പ് ശരീരത്തിലേക്ക് നേരിട്ട് കയറിയങ്ങ് പോകും പോലെ. അപ്പോഴുള്ള അവളുടെ നടത്തത്തിന്റെ ഒച്ചകൾ നമുക്ക് കേൾക്കാം പാദസ്പർശം ക്ഷമിക്കൂ എന്ന ആ പഴയ മന്ത്രം മുഴങ്ങും പോലെ. എന്തിനാണവൾ ആ നാടിന്റെ നനവുകളിലേക്ക് ഓടിവന്നതെന്ന്, അവളുടെ മനസ്സ് എത്രമാത്രം ആർദ്രമെന്ന് ആ ഒറ്റ ദൃശ്യംകൊണ്ട് സംവിധായകന് ബോധ്യപ്പെടുത്താൻ കഴിയുന്നു. ആ കാഴ്ചക്ക് കൂടുതൽ ദൃശ്യഭംഗി കൈവരുന്നത് മാധവി കൈകളിൽ ചെരിപ്പ് ഊരിപ്പിടിച്ചിരിക്കുന്ന ദൃശ്യം കാണിക്കുമ്പോഴാണ്. ഇതേപോലെ ശാരദയും മാധവിയും കട്ടിലിൽ ഉറങ്ങാൻ കിടക്കുന്ന ദൃശ്യം. അവളുടെ ശരീര ഭാഷ, അപ്പോഴുള്ള ഇരുട്ട് ഇടകർന്നുള്ള വെളിച്ചം - എല്ലാം കഥാനിഷ്ഠമായ അനുഭവലോകം തുറക്കുന്നു.
അഞ്ജനാ ഹരിദാസിനെയും സോനാനായരേയും പോലെ മുത്തശ്ശിയായ വത്സലാ മേനോൻ, ശാരദയുടെ ഭർത്താവായ എം.ജി. ശശി, അവരുടെ കുട്ടിയായ സാവിത്രി എന്നിവരുടെ അഭിനയം ഈ ചലച്ചിത്രത്തിന്റെ ഭാവാത്മകതയിൽ അലിഞ്ഞുകിടക്കുന്നു. നവീനിന്റെയും ഇസ്മായിലിന്റെയും ക്യാമറ, വിശ്വജിത്തിന്റെ സംഗീതം, രാജേഷ് ദിവാകറിന്റെ ശബ്ദസന്നിവേശം എല്ലാം ശ്രീപാർവ്വതിയുടെ പാദത്തിന് തിളക്കം നൽകുന്നു. അതായത് ബൈജു ചന്ദ്രൻ എന്ന സംവിധായകന്റെ മനസ്സറിഞ്ഞവർ തന്നെയാണ് ഇതിന്റെ അണിയറക്കാർ എന്നർത്ഥം. ഇത്തരം കഥാവിഷ്‌കാരങ്ങൾ നമ്മുടെ ഹ്രസ്വചലച്ചിത്ര സംസ്‌കാരം ഉജ്ജ്വലിപ്പിക്കുക തന്നെ ചെയ്യും.