ജീവിതത്തിൽ മറക്കാൻ വയ്യാത്ത ചില അനുഭവങ്ങളുണ്ട്. അവയിൽ പലതും നല്ലവയാണ്, പലതും അത്രതന്നെ നല്ലതല്ലാത്തതും. എന്നാൽ വളരെ നല്ലതെന്ന് നമുക്കു തോന്നുന്ന അനുഭവങ്ങൾ അപൂർവ്വമായെ ഉണ്ടാകാറുള്ളു. അവയിൽ ഒന്നാണ് അറുപതുകളുടെ തുടക്കത്തിൽ എനിയ്ക്കു കൽക്കത്തയിൽ സംഭവിച്ചത്. ശ്രീ രംഗനാഥാനന്ദസ്വാമികളുടെ പ്രഭാഷണ പരമ്പര കേൾക്കാനിട വന്നത് തികച്ചും യാദൃശ്ചികമായാണ്.
തൊള്ളായിരത്തി അറുപതിലാണ് ഞാൻ കൽക്കത്തയിൽ ജോലിയന്വേഷിച്ചു പോയത്. ഉടനെ ജോലി കിട്ടി. തുടർന്നു പഠിക്കണമെന്ന മോഹമുണ്ടായിരുന്നതുകൊണ്ട് അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വൈകുന്നേരം അഞ്ചര മണിയ്ക്ക് കോളജിലെത്തണമെങ്കിൽ നഗരത്തിനുള്ളിലെവിടെയെങ്കിലും ജോലി കിട്ടണം, മാത്രമല്ല ഓഫീസിൽനിന്ന് അഞ്ചു മണിയ്‌ക്കെങ്കിലും ഒഴിവാവാൻ കഴിയുകയും വേണം. ഇപ്പോഴുള്ള ജോലി ഹൗറയിൽനിന്ന് സബർബൻ ട്രെയിനിൽ അഞ്ചാറു സ്റ്റേഷൻ അകലെ പോയി കോൻ നഗർ എന്ന സ്ഥലത്തായിരുന്നു. ജെ.കെ. ഓർഗനൈസേഷന്റെ ഹോയിൽസ് പെയിൻറ്‌സിന്റെ ഫാക്ടറിയിൽ. ജെ.കെ.യിൽത്തന്നെ വളരെ സീനിയർ ഉദ്യോഗസ്ഥനായിരുന്ന ശ്രീ. പി. രാധാകൃഷ്ണന്റെ (അപ്പേട്ടൻ) ഇടപെടൽ കാരണം ജെ.കെ.യുടെ ഡൽഹൗസി സ്‌ക്വയറിലുള്ള നാഷനൽ ഇൻഷൂറൻസിൽ ജോലി കിട്ടി. ഞാൻ ഇത്രയും എഴുതിയത് എങ്ങിനെ ശ്രീ രംഗനാഥാനന്ദ സ്വാമികളുടെ മുമ്പിൽ എത്തിപ്പെട്ടു എന്നു കാണിക്കാനാണ്.
ശനിയാഴ്ച ദിവസങ്ങളിൽ ഒന്നരവരെയായിരുന്നു ഓഫീസ്. ആറു മാസം കഴിഞ്ഞ് ഓഫീസ് മാറി, ഒരു എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി കിട്ടി. അവിടെയും ശനിയാഴ്ച ഒന്നര വരെയായിരുന്നു ജോലി. ഉച്ചഭക്ഷണം കഴിഞ്ഞാൽ വൈകുന്നേരം ഗോൽപാർക്കിലെ കോളജിൽ ക്ലാസു തുടങ്ങുന്നതുവരെ ഒന്നും ചെയ്യാനില്ല. സിറ്റി കോളജ് ശ്രീരാമകൃഷ്ണ മിഷന്റെ കൾച്ചറൽ ഇൻസ്റ്റിറ്റിയൂട്ടിനുു പുറകിലായിരുന്നു. എന്നും കോളജിൽ പോകുമ്പോൾ മനോഹരമായ ആ കെട്ടിടം കാണും, ഒരു ദിവസം അതിൽ കയറി നോക്കണമെന്നും ആലോചിയ്ക്കും. ഒരു ശനിയാഴ്ച ധൈര്യം സംഭരിച്ച് ഉള്ളിൽ കയറുകതന്നെ ചെയ്തു. ഉള്ളിലെ തണുത്ത അന്തരീക്ഷത്തിൽ നിറയെ ആളുകളിരിയ്ക്കുന്നതാണ് കണ്ടത്. നടുവിലുള്ള സ്റ്റേജിൽ ഒരു വിഗ്രഹംപോലെ അനക്കമില്ലാതെ ഒരാൾ ചമ്രംപടിഞ്ഞിരുന്ന് സംസാരിയ്ക്കുകയാണ്. ബുദ്ധന്റെ പ്രതിമപോലെയാണ് എനിക്കു തോന്നിയത്. ആദ്യം കേട്ട വാചകം തന്നെ എന്നെ പിടിച്ചുനിർത്തുന്നതായിരുന്നു. 'ലോകം ഇന്ന് ബ്രെയ്ക്കില്ലാതെ ഒരു വലിയ താഴ്ചയിലേയ്ക്ക് അതിവേഗം സഞ്ചരിയ്ക്കുന്ന വണ്ടിപോലെയാണ്........' എന്റെ ഉള്ളിലെ പലതും കുടഞ്ഞുണർത്താൻ പര്യാപ്തമായിരുന്നു ആ വാക്യം. പിന്നിലൊരിടത്ത് കസേലയിരിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ ഗീതാപ്രഭാഷണം മുഴുവൻ ഞാൻ കേട്ടു. ഇടതടവില്ലാതെ മനോഹരമായ ഭാഷയിൽ ഒഴുകുന്ന ആ പ്രഭാഷണം എന്നെ പിടിച്ചുനിർത്തിയെന്നു പറയുന്നതാണ് ശരി. സ്വാമിജിയെപ്പോലെ ആശയങ്ങളുടെ തെളിമയും, വാക്കുകളുടെ സ്ഫുടതയുമുള്ള വളരെ കുറച്ചുപേരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. പിന്നീട് എല്ലാ ശനിയാഴ്ചകളിലും മുറ തെറ്റിയ്ക്കാതെ ഞാൻ രാമകൃഷ്ണ മിഷന്റെ ഹാളിലെത്തി.
ഒരിയ്ക്കൽ അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുകയും ചെയ്തു. മലയാളിയാണ്, ജോലിയെടുത്തുകൊണ്ട് പഠിയ്ക്കുകയാണ് എന്നു പറഞ്ഞു. അദ്ദേഹത്തിനു വളരെ സന്തോഷമായി. എന്റെ സാഹിത്യശ്രമങ്ങൾ അപ്പോൾ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് അതിനെപ്പറ്റി പറയാൻ മടിയായി. അദ്ദേഹം എന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ആ അനുഗ്രഹമായിരിയ്ക്കണം പിന്നീടുള്ള വിഷമം പിടിച്ച വർഷങ്ങൾ നേരിടാൻ എനിയ്ക്ക് കരുത്തുതന്നത്. അദ്ദേഹത്തിന്റെ ഗീതാപ്രഭാഷണം ജീവിതത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കിയ സന്ദർഭങ്ങൾകൂടി തരണം ചെയ്യാനുള്ള വഴികൾ നിർദ്ദേശിക്കുന്ന വിധത്തിലായിരുന്നു.
1962 മുതൽ 67 വരെ അദ്ദേഹം കൾച്ചറൽ ഇൻസ്റ്റിറ്റിയുട്ടിന്റെ സെക്രട്ടറിയായിരുന്നു