ഡോ. പി.കെ. തിലക്
(കൂട്ടായ്മകളിലെ ഒറ്റപ്പെടലുകളും സമാന്തര സഞ്ചാരങ്ങളും കലർന്ന കഥാ പ്രപഞ്ചമാണ് ഇ. ഹരികുമാറിന്റേയും എസ്.വി. വേണുഗോപൻ നായരുടെയും. ഏകാന്തതകൾ നിരാശാബോധമായും സർഗാത്മകതയ്ക്ക് ഈർജമായും മാറുന്നതിനെപ്പറ്റി ചർച്ചചെയ്യുന്നു.)
കൂട്ടായ്മകളാണ് മനുഷ്യജീവിതത്തിന്റെ കരുത്ത്. കൂട്ടായ്മകളിലൂടെ ജീവിതവിജയം കൊയ്യുമ്പോഴും പങ്കാളികൾക്കിടയിൽ ചില സമാന്തരങ്ങൾ നിലനിൽക്കുന്നു. അറിഞ്ഞോ അറിയാതെയോ ഉള്ള ഈ ഏകാന്തത സർഗാത്മകതയ്ക്ക് ഊർജമാകാറുണ്ട്. ഇതുതന്നെയാണ് നിരാശാബോധത്തിനും മൂലാധാരമായി വർത്തിക്കുന്നത്. ആദർശവത്കരണത്തിനുള്ള ഉപാധിയായും ഇതുമാറാം.
ഇ. ഹരികുമാറിന്റെ 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ' എന്ന ചെറുകഥ കൂട്ടായ്മക്കുള്ളിലെ ഒറ്റപ്പെടലുകൾ ആഖ്യാനം ചെയ്യുന്നു. ഭാര്യയുമൊത്ത് ഷോപ്പിങ്ങിനിറങ്ങിയ കഥാനായകൻ അനാഥയായ ഒരു ബാലികയെ കാണുന്നു. അവൾ വളരെ നേരമായി അവരെ പിന്തുടരുകയാണ്. അവൾക്ക് ഭിക്ഷ നൽകി ചുമതല പൂർത്തിയാക്കാൻ ശ്രമിച്ചുവെങ്കിലും അവൾ അതു നിരസിച്ചു. ഭാര്യയുടെ സാരിഭ്രമം ശമിച്ചപ്പോൾ അയാൾ ഭാര്യയുമൊത്ത് ഒരു ഐസ്‌ക്രീം പാർലറിൽ കയറി. അവിടെനിന്ന് ഒരു കോൺ ഐസ് വാങ്ങി പെൺകുട്ടിക്കു നൽകി മടങ്ങാൻ തുടങ്ങുമ്പോൾ തന്നെയും കൂടെ കൊണ്ടുപോകുമോ എന്ന് പെൺകുട്ടി ചോദിക്കുന്നു. ഭാര്യയുടെ ശാസനയ്ക്ക് വിധേയമായി അവളുടെ അഭ്യർഥന നിരസിച്ച് അയാൾ കാർ സ്റ്റാർട്ടാക്കി വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയപ്പോൾ അയാളെ കുറ്റബോധം വേട്ടയാടാൻ തുടങ്ങി. കുറച്ചുപെട്രോൾ അടിക്കണമെന്നു പറഞ്ഞ് അയാൾ വീണ്ടും നഗരത്തിലേക്ക് പുറപ്പെട്ടു. അയാൾ എത്തുമ്പോൾ പെൺകുട്ടി അടച്ചിട്ട ഒരു കടവരാന്തയിൽ കിടക്കുകയാണ്. കാറിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുമ്പോൾ അതുവഴി നടന്നുപോയ ഒരു ദരിദ്രകുടുംബം പെൺകുട്ടിയെ സമീപിക്കുന്നതും അവളെയും കൂട്ടി സന്തോഷപൂർവം നടന്നു നീങ്ങുന്നതുമാണ് കണ്ടത്. അപ്പോൾ നായകന് എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഒരു തോന്നൽ ഉളവായി. ഇതാണ് ചെറുകഥയുടെ ഉള്ളടക്കം.
നായകനുണ്ടായ നഷ്ടബോധത്തെ കഥാകൃത്ത് പലതരത്തിൽ സാധൂകരിക്കുന്നുണ്ട്. അയാൾ കുട്ടിക്കാലത്ത് സ്‌കൂളിൽനിന്നു മടങ്ങുമ്പോൾ ഒരിക്കൽ ഒരു പൂച്ചക്കുഞ്ഞ് പുറകേകൂടി. മറ്റു കുട്ടികൽ അതിനെ ആകർഷിക്കാൻ ശ്രമിച്ചിട്ടും കൂട്ടാക്കാതെ നായകനോടൊപ്പം അത് വീട്ടിലെത്തി. തന്നോടു ചങ്ങാത്തം കൂടി എത്തിയ പൂച്ചക്കുട്ടിയെ വളർത്തണമെന്ന് അയാൾ ആഗ്രഹിച്ചു. എന്നാൽ, അത് അനുവദിക്കാൻ വീട്ടുകാർ തയാറായില്ല. ഒടുവിൽ പൂച്ചക്കുട്ടിയെ ഒളിച്ചുകടത്തി ഉപേക്ഷിച്ചു. പിറ്റേന്നു സ്‌കൂളിലേക്കു പുറപ്പെട്ട അയാൾ കണ്ടത് റോഡിൽ ഏതോ വണ്ടികയറി ചതഞ്ഞുകിടക്കുന്ന പൂച്ചക്കുട്ടിയെയാണ്. ഇത് നായകന്റെ കുഞ്ഞു മനസ്സിൽ വലിയൊരു മുറിവുണ്ടാക്കിയിരുന്നു. നായകന്റെ അനുകമ്പയാണ് രണ്ടു സന്ദർഭത്തിലും പ്രവർത്തിച്ചത്. പക്ഷേ, അത് രണ്ടു സന്ദർഭത്തിലും ഫലവത്തായില്ല. പൂച്ചക്കുട്ടിയെ സംബന്ധിച്ച ഓർമ ഇവിടെ നഷ്ടബോധത്തിന് ആക്കം കൂട്ടുന്നു.
പെൺകുട്ടി പ്രതീക്ഷ അർപ്പിച്ചിരുന്നത് കഥാനായകന്റെ ഭാര്യയായ രമണിയിലാണ്. വഴിവക്കത്തെ സാരി തിരയാൻ ഏല്പിച്ചിട്ട് പുറത്തിറങ്ങിയ അയാൾ തങ്ങളെ കാത്തുനിൽക്കുന്ന പെൺകുട്ടിയെ കാണുന്നു. ''അയാളെ കണ്ടതോടെ ആ പെൺകുട്ടി അനങ്ങി. അവൾ ഇനിയും പുറത്തേക്കു വരാനിരിക്കുന്ന രമണിയെ അന്വേഷിക്കുകയായിരുന്നു'' എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ അയാൾ ചോദിച്ചറിഞ്ഞു. റാണി എന്നാണ് അവളുടെ പേര്. അവൾക്ക് താമസിക്കാൻ വീടില്ല. അച്ഛൻ ആരാണെന്ന് അറിയില്ല. അമ്മ രണ്ടു ദിവസം മുൻപ് ആശുപത്രിയിൽ മരിച്ചു. മറ്റാരും തുണയില്ലാത്ത ആ ആറുവയസ്സുകാരി ഒരു കടയുടെ മുൻപിലാണ് ഉറങ്ങുന്നത്. പെൺകുട്ടിയോടു സംസാരിച്ച് വിവരങ്ങൾ മനസ്സിലാക്കിയ കഥാനായകൻ ചിന്തിക്കുകയാണ്: ''മനസ്സിലെ മുറിവിൽനിന്നു രക്തം ചീന്തുകയാണ്. എന്തിനാണ് ഇങ്ങനെ ഒരു കുട്ടിയെ തന്റെ മുൻപിൽ എത്തിച്ചത്?'' ഇവിടം മുതൽ നായകന്റെ നിസ്സഹായാവസ്ഥ വെളിപ്പെട്ടു തുടങ്ങുന്നു.
പൊങ്ങച്ചക്കാരിയും ആഡംബരപ്രിയയുമായാണ് രമണിയെ അവതരിപ്പിച്ചിരിക്കുന്നത്. രമണിയെ സംബന്ധിച്ചിടത്തോളം മോടികളാണ് പരമപ്രധാനം. അതിനുവേണ്ടി ഏതു ത്യാഗവും അവൾ സഹിക്കും. തന്റെ അഭിലാഷം സാധൂകരിക്കപ്പെട്ടപ്പോൾ അവൾ കൂടുതൽ ഉദാരമതിയായിത്തീരുന്നു. അനാഥപെൺകുട്ടിക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ അവൾ ഭർത്താവിന് അനുമതി നൽകുന്നു.
ഇടത്തരം സമ്പന്ന വർഗത്തിന്റെ ഒരു സവിശേഷതയാണ് ഒടുങ്ങാത്ത അസംതൃപ്തി. അവരുടെ ആഗ്രഹങ്ങൾ ഒരിക്കലും തൃപ്തിപ്പെടുന്നില്ല. പ്രത്യേകനിറമുള്ള സാരി അന്വേഷിച്ച് രമണി അസ്വസ്ഥയാകുന്നത് കഥയിൽ നാം കാണുന്നു. ഈ സ്വഭാവവിശേഷം കൊണ്ടുതന്നെ ആരിലും അവൾക്ക് സ്ഥായിയായ പ്രതിപത്തിയുണ്ടാകുന്നില്ല. ഭർത്താവിനോടുള്ള രമണിയുടെ സമീപനത്തിൽപോലും ഇത് പ്രകടമാവുന്നുണ്ട്. പെൺകുട്ടിയെ വീട്ടിലേക്കു കൂട്ടുന്നതിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞ ഭർത്താവിനോട് അവൾ പ്രതികരിക്കുന്നത് ഇപ്രകാരമാണ്. ''ഇനി അതും കൂടിയേ വേണ്ടൂ. ബാക്കിയൊക്കെയായി.'' അവളുടെ അതൃപ്തിയുടെ ആഴം ഇവിടെ വെളിപ്പെടുന്നു.
കഥാനായകന് വഴിയിൽ കണ്ടുമുട്ടിയ അനാഥപെൺകുട്ടിയോട് സഹതാപമുണ്ട്. അവളെ കൂടെക്കൂട്ടാൻ അയാൾ ആഗ്രഹിക്കുന്നു. അവളെ സംരക്ഷിക്കാൻ താൻ പ്രാപ്തനാണെന്ന ബോധമാണ് അയാളെ നയിക്കുന്നത്. ''അയാൾ ഈ അറുപതാം വയസ്സിലും മാസം പന്തീരായിരം രൂപയുണ്ടാക്കുന്നുണ്ട്. ബോംബെയിലുള്ള മകന്റെ ശമ്പളം എത്രയാണെന്ന് അയാൾക്കറിയില്ല. അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിലാണെന്നയാൾ ഊഹിച്ചിരുന്നു. ഒരു കൊച്ചുകുട്ടിയുടെ ചെലവ് എന്തു വരും? വീട്ടിൽ താമസിപ്പിക്കാൻ പറ്റില്ലെങ്കിൽ അവളെ ഏതെങ്കിലും അനാഥാലയത്തിൽ ചേർക്കാമായിരുന്നു.'' ഇങ്ങനെയൊക്കെയാണ് അയാൾ ചിന്തിക്കുന്നത്. രാത്രിയിൽ ഒറ്റയ്ക്കു കഴിയേണ്ടി വരുന്ന പെൺകുട്ടിയെ ഓർത്ത് അയാൾ ഉൽകണ്ഠപ്പെടുന്നു. അവളുടെ അമ്മയുടെ അപ്രതീക്ഷിത മരണം അവളിൽ സൃഷ്ടിച്ചിരിക്കാവുന്ന ഭീതി അയാളെ ചഞ്ചലപ്പെടുന്നു.
ഭാര്യാഭർത്താക്കന്മാരായി കഴിയുമ്പോഴും കഥാനായകനും രമണിയും രണ്ടുലോകത്താണ് ജീവിക്കുന്നത്. ഭാര്യയുടെ അഭിലാഷങ്ങൾ സാധിച്ചുകൊടുക്കാൻ കഥാനായകൻ മടികാണിക്കുന്നില്ല. മടുപ്പുളവാക്കുന്ന അവളുടെ ഷോപ്പിങ് ഭ്രമത്തോട് സഹിഷ്ണുതാപൂർവമുള്ള സമീപനമാണ് അയാൾ കൈക്കൊള്ളുന്നത്. അവളുടെ സന്തോഷത്തിൽ പങ്കുചേരാൻ അയാൾ ഐസ്‌ക്രീം പാർലറിൽ കയറുന്നു. പക്ഷേ, അനാഥപെൺകുട്ടിയോട് അയാൾക്കു തോന്നിയ സഹതാപം പങ്കുവെയ്ക്കാൻ ഭാര്യക്കു കഴിയുന്നില്ല. കാഴ്ചപ്പാടുകളിലുള്ള അന്തരമാണ് ഇതിനുകാരണം. സ്‌നേഹബന്ധങ്ങൾക്കിടയിലെ സമാന്തരമായി ഇതിനെ കാണാം.
പെൺകുട്ടിയെ രക്ഷിക്കുന്ന കാര്യത്തിൽ കഥാനായകന് അനുഭവിക്കേണ്ടിവന്ന നിസ്സഹായത കുട്ടിക്കാലത്ത് എവിടെനിന്നോ കൂടെക്കൂടിയ പൂച്ചക്കുട്ടിയോടു നീതി പുലർത്താൻ കഴിയാതെവന്നതിന്റെ ഓർമയിലേക്ക് അയാളെ കൊണ്ടുപോകുന്നു. ഉപേക്ഷിക്കപ്പെട്ട പൂച്ച ഏതോ വാഹനം കയറി ചതഞ്ഞരഞ്ഞ അവസ്ഥയിലാണ് പിറ്റേന്ന് അയാളുടെ കണ്ണിൽപ്പെട്ടത്. ഇതിനു സമാന്തരമായ അത്യാഹിതങ്ങൾ പെൺകുട്ടിയുടെ കാര്യത്തിലും അയാൾ പ്രതീക്ഷിക്കുന്നുണ്ടാവണം. ഭാര്യയെ വീട്ടിലാക്കി തിരികെ പോകാൻ അയാളെ അത് പ്രേരിപ്പിച്ചു. കടവരാന്തയിൽ ഉറങ്ങിക്കിടക്കുന്ന പെൺകുട്ടിയെ ഏതാനും നിമിഷം അയാൾ കാറിലിരുന്നു നിരീക്ഷിച്ചു. അപ്പോൾ അയാളുടെ മനസ്സിലൂടെ എന്തെല്ലാം ചിന്തകൾ കടന്നുപോയിരിക്കാം? ഭാര്യയെ ധിക്കരിച്ച് ഒരനാഥപെൺകുട്ടിയുമായി വീട്ടിൽച്ചെന്നു കയറിയാലത്തെ പ്രത്യാഘാതം അയാളെ കിടിലം കൊള്ളിച്ചിരിക്കണം. ഭാര്യ അറിയാതെ ചുമതല നിറവേറ്റാനുള്ള നിരവധി മാർഗങ്ങളെക്കുറിച്ചാലോചിച്ച് അയാൾ തലപുകച്ചിട്ടുണ്ടാവണം. എന്നാൽ, അതിനിടയിൽ അവിടെ എത്തിച്ചേർന്ന സഹായഹസ്തങ്ങൾ അയാളെ ചുമതലകളിൽ നിന്ന് വിമുക്തനാക്കി. അത് ആശ്വാസകരം തന്നെ. എന്നിട്ടും അയാൾക്ക് നഷ്ടബോധം അനുഭവപ്പെടുന്നു. ഇത് ജീവിതത്തിലെ പല അനുഭവങ്ങൾ ഉയർത്തിയ അലകളുടെ ഫലമാണ്.
'എനിക്കും നിനക്കും തമ്മിലെന്ത്?' എന്ന കഥയിൽ എസ്.വി. വേണുഗോപൻ നായർ ജീവിതത്തിലെ സമാന്തരങ്ങളുടെ മറ്റൊരുചിത്രം അവതരിപ്പിക്കുന്നു. രണ്ടു പച്ചക്കുതിരകളാണ് ഇതിലെ കഥാപാത്രങ്ങൾ. റയിൽപാളങ്ങളിലൂടെ സഞ്ചരിക്കുന്ന കാമുകീകാമുകന്മാരായ പച്ചക്കുതിരകൾ സമാന്തരമായ മാനസികലോകങ്ങൾ സൃഷ്ടിക്കുന്നു. ഗുഹാമുഖം കടക്കുന്ന ആൺപച്ചക്കുതിര വെയിലേറ്റുതിളങ്ങുന്ന കാമുകിയെ നോക്കി ഹർഷപുളകിതനായി ചിന്തിക്കുകയാണ്. ''ഒരു നിമിഷം നിന്ന് താനടക്കമുള്ള പച്ചക്കുതിരകളെ സൃഷ്ടിച്ച സഹൃദയനായ ഈശ്വരനെ, തങ്ങളെക്കാൾ മഹത്ത്വമുള്ള പേർ തങ്ങൾക്കു തന്ന വിശാലമായ ലോകത്തെ അവൻ വാഴ്ത്തി. പച്ചക്കുതിരകളിൽ സുന്ദരിയായി ഇവളെ സൃഷ്ടിച്ചതിനും ഇവളെ തനിക്കായി നൽകിയതിനും ദൈവത്തോടു പ്രത്യേകം നന്ദി പറഞ്ഞു.'' പച്ചക്കുതിരകളുടെ ശൃംഗാരപൂർവമുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. പാളങ്ങളിൽ സമാന്തരമായാണ് അവർ സഞ്ചരിച്ചിരുന്നത്. ഇണയുടെ രൂപവും ഗന്ധവും ആൺപച്ചക്കുതിര വിസ്മയത്തോടെ ആസ്വദിക്കുന്നു. അവരുടെ ഇണക്കങ്ങളും കലഹങ്ങളുമെല്ലാം നമുക്കു കാണാം.
''അവൾ അടിയിലെ ചിറകു വിടർത്തി. കിരുകിരാശബ്ദത്തിന്റെ ഹരം. അവനാ നേർത്ത ചിറകിലെ നീല ഞരമ്പുകൾ കണ്ടു. അവയിൽ തുടിച്ചു നിൽക്കുന്ന നീലരക്തച്ഛവി കണ്ടു. ചിറകുകളെ തന്റെ ചിറകിനടിയിലൊതുക്കാൻ മോഹിച്ചു.'' ഇങ്ങനെ ആ പ്രണയസങ്കല്പം ചിറകുവിടർത്തുന്നു. താൻ സഞ്ചരിക്കുന്ന പാളത്തിലേക്കു വരാൻ അവൾ അവനെ ക്ഷണിക്കുന്നു. അതിന് കുസൃതി കലർന്ന കാമുകന്റെ മറുപടി ഇതായിരുന്നു: ''എന്തിന്? അവസാനം നിന്റെ വൃദ്ധതാതന് നാലു വിശ്വോത്തര ശ്ലോകങ്ങൾ ചൊല്ലാനോ?'' ശാകുന്തളത്തിലെ പ്രണയരംഗങ്ങളിലേക്ക് അവർ ഊളിയിടുകയാണ്. തിരികെ തന്റെ പാളത്തിലേക്കുള്ള കാമുകന്റെ ക്ഷണമുണ്ടായപ്പോൾ ഉടനുണ്ടായി കാമുകിയുടെ പ്രതികരണം: ''നിങ്ങളങ്ങനെ ഒരു വിലാപകാവ്യമെഴുതി പേരടിക്കയും വേണ്ട.'' ഇങ്ങനെ കാളിദാസനും ചങ്ങമ്പുഴയുമൊരുക്കിയ പ്രണയ കാവ്യങ്ങളുടെ ലോകത്ത് അവർ സഞ്ചരിച്ചു. അതിനിടയിലാണ് ഭൂമികുലുക്കിക്കൊണ്ട് ട്രെയിൻ കടന്നുവന്നത്. പെട്ടെന്ന് കാഴ്ച മറയുന്നു. ഇരുവരും അകറ്റപ്പെടുന്നു. ട്രെയിൻ കടന്നുപോയപ്പോൽ ആൺപച്ചക്കുതിര ഉത്കണ്ഠപ്പെടന്നു. അവൾ പാളത്തിൽ ചതഞ്ഞരഞ്ഞിട്ടുണ്ടാവുമോ എന്ന് അയാൾ ആശങ്കപ്പെടുന്നു.
ഏതാനും നിമിഷങ്ങളിലെ വേർപാട്, ആപത്തിനെക്കുറിച്ചുള്ള ശങ്ക, നിലനിൽപ്പുമായി ബന്ധപ്പെട്ട ഭീതി തുടങ്ങിയവ കാമുകന്റെ തരളഭാവങ്ങളെ മുഴുവൻ കടപുഴക്കിക്കളയുകയാണ്. ആ രംഗം കഥാകൃത്ത് ഇങ്ങനെ ചിത്രീകരിക്കുന്നു.
''തത്തിപ്പിടിച്ചു കയറുന്ന അവളുടെ അടിവശം പാളത്തിനൊത്തു വളയുന്നു. ഖണ്ഡങ്ങളായി തിരിച്ച, തടിച്ച വൃത്തികെട്ട ശരീരം. ത്രികോണാകൃതിയിലുള്ള മുഖത്തെ, അതിദ്രുതം ചലിക്കുന്ന സ്പർശിനികൾ ഏറെ വിരൂപമായിരിക്കുന്നു!
ചിതലരിച്ച പ്ലാവിലപോലുള്ള ചിറകുകൾ, കാലുകളുടെ അറപ്പുണ്ടാക്കുന്ന ചലനം. ആ ശബ്ദമോ?
അവൾ തന്നെയാണോ തിരയുന്നത്? അവന് ആത്മനിന്ദയുണ്ടായി. ഇവളെ മോഹിച്ചാണല്ലോ താൻ...
ഈ വൃത്തികെട്ട ശരീരത്തെ...
ഇവളിലാണല്ലോ ജീവിതസാഫല്യം കാണുന്നത്.''
വിചിത്രമെന്നു തോന്നിക്കാവുന്ന ഈ മനംമാറ്റം മനുഷ്യനിലെ ഭാവവൈചിത്ര്യത്തെ കുറിക്കുന്നു. ഏറ്റവും പ്രിയമായി കരുതപ്പെട്ടിരുന്ന ഒന്ന് മറ്റൊരു സന്ദർഭത്തിൽ ഏറ്റവും നിന്ദ്യവും നികൃഷ്ടവുമായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാവാം? കൃത്യമായ ഒരുത്തരം പറയാൻ കഴിയാതെ വരുമ്പോഴും അതൊരു യാഥാർഥ്യമായി നിലകൊള്ളുന്നു.
'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ' എന്ന കഥയിലെ നായകൻ നേരിടുന്ന പ്രതിസന്ധി തന്റെ മുന്നിലുള്ള യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയുന്നില്ല എന്നതാണ്. അത് അയാളിൽ നിരാശയും ആത്മനിന്ദയും ഉണർത്തുന്നു. ബൈബിൾ സന്ദർഭം ധ്വനിപ്പിക്കുന്ന 'എനിക്കും നിനക്കും തമ്മിലെന്ത്?' എന്ന കഥയാകട്ടെ യാഥാർഥ്യത്തിന്റെ അസുന്ദരമായ മറ്റൊരുവശമാണ് കാണിച്ചുതരുന്നത്. കൂട്ടായ്മകൾ നൽകുന്ന ഉണർവിനിടയിലും ഒറ്റപ്പെടലിനുള്ള വാസന മനുഷ്യനിൽ അന്തർലീനമായിട്ടുണ്ടാവണം. ഏകാന്തതയുടെ സ്വർഗനരകങ്ങൾ ഒരന്ധകൂപമായി മനുഷ്യാത്മാവിൽ വിലയം ചെയ്തിരിക്കുന്നു.