പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

സാഹിത്യവാരഫലം

പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

ഇ. ഹരികുമാർ - ഒറ്റനോട്ടമല്ല

തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയ്ക്ക് എതിർവശത്തായി മഹാത്മാഗാന്ധിയുടെ പ്രതിമയുണ്ട്. അതിനെക്കുറിച്ച് ഡോ. കെ. ഭാസ്‌കരൻനായർ പറഞ്ഞത് ഞാൻ പലതവണ ഈ കോളത്തിൽ എഴുതിയിട്ടുണ്ട്. സന്ധ്യാവേളയിൽ ബ്രാഹ്മണർ താമസിക്കുന്ന തെരുവുകളിൽ പിച്ച തെണ്ടാനായി ഭാവിക്കുന്ന മട്ടിലാണ് പ്രതിമ നിൽക്കുന്നത്. ബ്രിട്ടീഷുകാരെ പലായനം ചെയ്യിച്ച ആത്മധീരനെ ആ പ്രതിമയിൽ കാണാനൊക്കുകയില്ല നമുക്ക്. ഉപ്പുസത്യാഗ്രഹത്തിനുപോയ ദേശാഭിമാനോജ്ജ്വലനെ ആ പ്രതിമയിൽ നാം കാണുകില്ല. വെടിയേറ്റ് രാമനാമം ജപിച്ചുകൊണ്ട് താഴെവീണ ധീരാത്മാവിനെയും അതിൽ ദർശിക്കാനാവില്ല. സാറ് പറഞ്ഞതുപോലെ, 'അമ്മാ ഒരു പിടിച്ചോറു തരണേ' എന്ന് യാചിക്കുന്നവന്റെ മുഖഭാവമാണ് ഗാന്ധിപ്രതിമയ്ക്ക്. ആ ഭാവം ഒരിക്കലും മാറുന്നുമില്ല. മെയ്ൻ റോഡിലൂടെ വടക്കോട്ടേക്കു നടക്കൂ വേലുത്തമ്പി ദളവയുടെയും സർ ടി. മാധവറാവുവിന്റെയും പ്രതിമകൾ സെക്രട്ടേറിയറ്റ് ബിൽഡിങ്ങ്‌സിന് അടുത്തുണ്ട്. അനീതിയോടു കയർക്കുന്ന ഭാവം വേലുത്തമ്പിക്ക്. ഞാൻ തിരുവിതാംകൂർ രാജ്യം അന്തസ്സായി ഭരിച്ച് എന്നു തലയെടുപ്പോടുകൂടി പ്രഖ്യാപിക്കുന്നു മാധവറാവു. ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരു നാടിനെ എന്ന് ഉദ്‌ഘോഷിക്കുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ അടുത്തുണ്ട്. എല്ലാ പ്രതിമകൾക്കും അവയ്ക്കു യോജിച്ച ഭാവങ്ങൾ. ആ ഭാവങ്ങൾക്കു മാറ്റമില്ല ഒരിക്കലും. സർവകലാശാലയുടെ മുൻപിൽ നിൽക്കുന്ന കുമാരനാശാന്റെ പ്രതിമയെ ഏതു സമയത്തും ചെന്നു നോക്കുക. 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന് അത് ഉദ്‌ഘോഷിക്കുന്നത്. നിപുണശ്രോത്രങ്ങൾക്കു കേൾക്കാം ജാതിവ്യത്യാസങ്ങളെ നിരാകരിക്കുന്ന നോട്ടം ആ പ്രതിമയിൽ കാണാം. ഞാൻ പറഞ്ഞുവരുന്നത് ഓരോ പ്രതിമയ്ക്കും അതിന്റേതായ ഭാവമുണ്ട് എന്നാണ്. നമ്മുടെ കഥാകാരന്മാർക്കും ഈ പ്രതിമകൾക്കും സാദൃശ്യമുണ്ട്.

പ്രതിമകളുടെ ഏകവീക്ഷണം പോലെ. ഏകഭാവം പോലെ കഥാകാരന്മാർക്കും ഒറ്റനോട്ടമേയുള്ളൂ. ഒറ്റഭാവമേയുള്ളൂ. ഇവിടെയാണ് മലയാളം വാരികയിൽ 'രസകരമായൊരു കഥയ്ക്കിടയിൽ' എന്ന കഥയെഴുതിയ ഇ. ഹരികുമാർ വിഭിന്നനായി നിൽക്കുന്നത്. രണ്ടു വ്യത്യസ്ത സംഭവങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ ക്രൂരതയും നന്മയും അദ്ദേഹം കലാസുന്ദരമായി ആലേഖനം ചെയ്യുന്നു. ഒരു വശത്ത് കുഞ്ഞിന്റെ മൃതദേഹം, കുഞ്ഞു മരിച്ചതിലുള്ള ദുഃഖംകൊണ്ട് മോഹാലസ്യത്തിൽ വീണ അമ്മ. കുഞ്ഞിനെ നോക്കാൻ എവിടെ നിന്നോ എത്തിയ ഒരാൾ, കാരുണ്യത്തിന്റെ മൂർത്തിമദ്ഭാവമായി. മറുവശത്തു ഒരു സ്ത്രീയെ നിന്ദിക്കുന്ന കുറെ ആളുകൾ. ആ അപവാദകഥ കേൾക്കാനാണ് ആളുകൾക്കു കൗതുകം. കുഞ്ഞിന്റെ മൃതശരീരത്തിലും മോഹാലസ്യത്തിൽപ്പെട്ട അമ്മയിലും ആർക്കും മനസ്സിരുത്താൻ വയ്യ. ഹരികുമാർ ജീവിതത്തിന്റെ നൃശംസതയെ അപവാദപ്രചാരണം നടത്തുന്ന ഒരുകൂട്ടം ആളുകളിലൂടെ കാണിച്ചുതരുന്നു നമ്മൾക്ക്. അതിനാണ് ബഹുജനം പ്രാധാന്യം കല്പിക്കുന്നതെന്ന് കഥയുടെ തലക്കെട്ടും സൂചിപ്പിക്കുന്നു. പ്രതിമയെപ്പോലെ ഒറ്റനോട്ടമല്ല, ഒറ്റഭാവമല്ല ഹരികുമാറിനുള്ളത്. അദ്ദേഹം ജീവിതത്തിന്റെ വൈരുദ്ധ്യത്തിലും വൈജാത്യത്തിലും അന്തർനേത്രം വ്യാപരിപ്പിക്കുന്നു. ഫലമോ? ഒന്നാന്തരം കഥ.

സി. രാധാകൃഷ്ണൻ

ശൂരനാട്ടു കുഞ്ഞൻപിള്ളസ്സാറിന്റെ രഹസ്യഭർത്സനത്തിന് താനറിയാതെ വിധേയനായ ഒരു സാഹിത്യകാരൻ എന്റെ പരിചയക്കാരനായിരുന്നു. സാറും അദ്ദേഹവും വേറൊരു സാഹിത്യകാരനും ഞാനും തിരുവനന്തപുരത്തെ ഒരു സ്‌കൂൾ വാർഷികസമ്മേളനത്തിൽ പ്രസംഗിക്കാൻ പോയി. 1950-ലാണ് ഇത്. അധ്യക്ഷനായിരുന്ന കുഞ്ഞൻപിള്ളസാറ് ഉപക്രമപ്രഭാഷണം ഇല്ല. വേണമെന്നുണ്ടെങ്കിൽ ‘ഉപസംഹാര'ത്തിൽ വല്ലതും പറയാം എന്ന് അറിയിച്ചുകൊണ്ട് കസേരയിൽ ഇരുന്നു. സ്‌കൂൾ ഗ്രൗണ്ടിലാണ് മീറ്റിങ് കലാപരിപാടികൾ കാണാൻ ഏറെ 'അലവലാതി' പെണ്ണുങ്ങൾ കുഞ്ഞുങ്ങളുമായി വന്നിട്ടുണ്ട്. അവ തൊണ്ട പൊട്ടുമാറ്, ഞങ്ങളുടെ കാതു പൊളിയുമാറ് നിലവിളിക്കുമ്പോൾ പെണ്ണുങ്ങൾ റവുക്കയഴിച്ചു മുല കൊച്ചിന്റെ വായിൽ തിരുകും. അതേസമയം ബ്‌ളൗസുകൊണ്ട് ആ മാംസപിണ്ഡവും കുഞ്ഞിന്റെ മുഖവും മൂടും. പ്രൈമറി വിഭാഗവും വിദ്യാലയത്തിൽ ഉണ്ടായിരുന്നതുകൊണ്ട് ആറോ ഏഴോ വയസ്സുള്ള കുട്ടികൾ ഞങ്ങളുടെ മുൻവശത്തിരുന്ന് ഈക്കിക്കിത്തമ്പലം കളിക്കുന്നു. അവരെ നോക്കി എന്റെ പരിചയക്കാരനല്ല മറ്റേ സാഹിത്യകാരൻ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ആവശ്യകതയെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ചു. അടുത്തത് പരിചയക്കാരന്റെ ഊഴം. അദ്ദേഹം എഴുന്നേറ്റ് സന്താനനിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചു പ്രഭാഷണം നിർവഹിച്ചു. ഒന്നര മണിക്കൂറായിട്ടും പ്രസംഗം നിറുത്തിയില്ല അദ്ദേഹം. അപ്പോൾ തളർന്നു പോയ കുഞ്ഞൻപിള്ള സാറ് വിരൂപനായ പ്രഭാഷകനെ ഒന്നു നോക്കിയിട്ട് എന്റെ കാതിൽ പറഞ്ഞു: ''കൃഷ്ണൻ നായരേ, ഇയാൾ സ്ത്രീകളുടെ മുൻപിൽ ചെന്നങ്ങു നിന്നാൽ മതിയല്ലോ. അവർക്കു സന്താന നിയന്ത്രണത്തിനുള്ള ആഗ്രഹം ഉണ്ടായിക്കൊള്ളുമല്ലോ. വെറുതെ പ്രസംഗിക്കുന്നതെന്തിന്?''

ഒരു ദിവസം ഞാനും ആ ഫാമിലി പ്ലാനിങ്ങുകാരനും തിരുമല റോഡിലൂടെ പോകുകയായിരുന്നു. അദ്ദേഹം പൊടുന്നനെ ജൂബയുടെ പോക്കറ്റിൽനിന്ന് ഒരു കത്തെടുത്ത് എനിക്കു വായിക്കാൻ തന്നു. പ്രണയലേഖനം ''അറിയാമോ കൃഷ്ണൻനായർക്ക്? എന്റെ കാമുകിയാണിവൾ. ഇരുപത്തിരണ്ടു വയസ്സേയുള്ളൂ'' എന്നു പറഞ്ഞിട്ട് ആ അമ്പത്തിയഞ്ചു വയസ്സുകാരൻ ഒരു കാമച്ചിരി ചിരിച്ചു. തുടർന്നു അദ്ദേഹം പറഞ്ഞു... ''എനിക്ക് എഴുതാൻ പ്രചോദനം തരുന്നത് ഇവളാണ്. അൻപതുവയസ്സായ കിഴവി ഭാര്യയുടെ മുഖത്തു നോക്കിയാൽ എഴുതാൻ തോന്നുമോ അതോ കാർക്കിച്ചു തുപ്പാൻ തോന്നുമോ?'' ഞാൻ ഞെട്ടി. ആ ഞെട്ടൽ പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് ആ വൃദ്ധകാമുകനോടുകൂടി നടന്നു. പത്രാധിപരിൽ സ്വാധീനത ചെലുത്താൻ കഴിവുള്ള വയസ്സൻ സാഹിത്യകാരനെ സാഹിത്യാഭിരുചിയുള്ള യുവതി പ്രേമലേഖനമെഴുതി വശത്താക്കും. അങ്ങനെ കിട്ടിയ കത്താണ് അതെന്ന സത്യം ഞാൻ പറയാൻ പോയില്ല അദ്ദേഹത്തോട്. തുടരെത്തുടരെ കഥകളോ കവിതകളോ വാരികയിൽ പ്രസിദ്ധപ്പെടുത്തിക്കിട്ടാൻ വൃദ്ധകാമുകനെ എഴുത്തുകാരി ഉപേക്ഷിക്കും. പിന്നീട് പത്രാധിപർക്കായിരിക്കും കാമലേഖനമെഴുതുക. മോഹഭംഗത്തിലാണ്ട വയസ്സൻ കാമുകൻ ദുഃഖിച്ചു കഴിയും.

മഹാനായ വിക്തോർ യൂഗോയുടെ ദൗർബല്യത്തെക്കുറിച്ച് എല്ലാ ജീവചരിത്രകാരന്മാരും എഴുതിയിട്ടുണ്ട്. തെരുവിലൂടെ യുവതിയായ വേലക്കാരി പോകുന്നതു കണ്ടാൽ അറുപതു കഴിഞ്ഞ യൂഗോ അവളുടെ പിറകേ പോകും. അവൾ അഞ്ചു നാഴിക നടന്നാലും അദ്ദേഹം അനുഗമിക്കും. മദാമ്മപ്പെൺപിള്ളേർ കാർക്കിച്ചു തുപ്പുമോ എന്തോ? തുപ്പുമെങ്കിൽ അതു കണ്ടുകൊണ്ടു യൂഗോ തിരിച്ചുപോരും.''

സി. രാധാകൃഷ്ണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ 'പുഴയിൽ നിന്ന് കിട്ടിയത്' എന്ന ചെറുകഥ വായിച്ചപ്പോൾ എനിക്ക് ഇങ്ങനയൊക്കെ കുറിക്കണമെന്നു തോന്നി. ഞാൻ ബഹുമാനിക്കുന്ന വ്യക്തിയും സാഹിത്യകാരനുമാണ് രാധാകൃഷ്ണൻ. എങ്കിലും മാന്യനായ അദ്ദേഹത്തിന്റെ കഥ വായിച്ചപ്പോൾ എനിക്ക് എന്തു തോന്നിയോ അതല്ലേ എഴുതാവൂ യൂഗോയെപ്പോലെ വഴങ്ങാത്ത കലാംഗനയെത്തേടി അദ്ദേഹം ബഹുദൂരം സഞ്ചരിക്കുന്നു. (ആഴ്ചപ്പതിപ്പിന്റെ ആറു പുറങ്ങളിലാണ് ഇക്കഥയുടെ കിടപ്പ്) വ്യർത്ഥയാത്ര. ജോലി കിട്ടാത്ത ഒരുത്തൻ പുഴയുടെ തീരത്ത് ശയിക്കുന്നു. പുഴ ജീവിതമാകാം. അതിൽനിന്നു പ്രചോദനമാർജിച്ച് അയാൾ സർഗാത്മക പ്രവർത്തനത്തിൽ ഏർപ്പെടുന്നു. നിർദ്ധനത്വം അതോടെ ഇല്ലാതെയായി എന്നാണ് സൂചന. കൊച്ചുകുട്ടികൾ ബലൂൺ ഊതി വീർപ്പിക്കുന്നതുപോലെ കഥാകാരൻ ഒരു വാക്യത്തിൽ പറയാവുന്ന സർവസാധാരണമായ വിഷയത്തെ സ്ഥൂലീകരിക്കുന്നു. ആ സ്ഥൂലീകരണത്തിലും ആശയത്തിനല്ല പ്രാധാന്യം. വാക്കുകൾക്കാണ്. അവ കോർത്തുകെട്ടിയ നിഷ്പ്രയോജനങ്ങളായ വാക്യങ്ങൾക്കാണ്. കലയുടെ അദ്ഭുതജനകമായ രഹസ്യം പിടിച്ചെടുക്കാൻ ഉചിതങ്ങളായ പദങ്ങൾ ഉചിതമായ രീതിയിൽ വിന്യസിക്കുകയാണ് വേണ്ടത്. വാവദൂകതയിൽ ആഹ്ലാദിച്ചാൽ പ്രയോജനമില്ല.

നാറ്റം

മത്സ്യവില്പനക്കാരൻ മത്സ്യമെല്ലാം വിറ്റുകഴിഞ്ഞപ്പോൾ ഇരുട്ടുവീണു. അന്ധകാരത്തിലൂടെയുള്ള സഞ്ചാരം അനഭിലഷണീയമായതുകൊണ്ട് രാത്രി എവിടെയെങ്കിലും ഉറങ്ങിയിട്ടു കാലത്തു വീട്ടിലേക്കു പോകാമെന്ന് അയാൾ കരുതി. ആദ്യംകണ്ട ഒരു കൊച്ചുവീട്ടിൽ അയാൾ ചെന്നു കയറി. റോസാപ്പൂവില്പനക്കാരന്റെ വീടായിരുന്നു അത്. പല ചൂരൽക്കുട്ടകളിലായി റോസാപ്പൂക്കൾ വച്ചിരിക്കുന്നു. കാലത്ത് അവ നഗരത്തിൽ കൊണ്ടുപോയി വിൽക്കാനാണ് അയാളുടെ ഉദ്ദേശ്യം. മീൻ വിൽക്കുന്നയാളിന്റെ അഭ്യർത്ഥന മാനിച്ച് അയാളെ അവിടെ കിടന്നുറങ്ങിക്കൊള്ളാൻ പനിനീർപ്പൂ വില്പനക്കാരൻ പറഞ്ഞു. മത്സ്യവില്പനക്കാരൻ ഉറങ്ങാനായി കിടന്നു. പക്ഷേ, അയാൾക്കു റോസാപ്പൂവിന്റെ പരിമളം സഹിക്കാനായില്ല. ഉറങ്ങാതെ അർദ്ധരാത്രിവരെ അയാൾ കിടന്നു. ഗൃഹനായകൻ ഇതറിഞ്ഞ് റോസാപ്പൂക്കൾ വച്ചിരുന്ന കുട്ടകളെടുത്തു മാറ്റി പകരം മത്സ്യം കൊണ്ടുവന്ന കുട്ടകൾ അയാളുടെ ചുറ്റും വച്ചു. അവയിൽ കുറച്ചു വെള്ളവും തളിച്ചു. മീനിന്റെ ദുസ്സഹഗന്ധം പ്രസരിച്ചപ്പോൾ മത്സ്യവില്പനക്കാരന് ഉറക്കം വന്നു. അയാൾ നേരം വെളുക്കുന്നതുവരെ സുഖമായി ഉറങ്ങി.

കലാരാഹിത്യത്തിന്റെ പുതിയ ഗന്ധം നാസാരന്ധ്രങ്ങളിൽ അനവരതം കയറിക്കയറി എനിക്കിപ്പോൾ അതു ശ്വസിക്കാതെ ഉറക്കം വരില്ലെന്ന സ്ഥിതിയായിട്ടുണ്ട്. ഇന്നു ഞാൻ സുഖമായി ഉറങ്ങും. കാരണം കലാശൂന്യതയുടെ ദുർഗന്ധം വമിക്കുന്ന 'ലോകാന്തരവ്യവസായം' എന്ന കഥ ഞാൻ വായിച്ചു എന്നതുതന്നെ. (ദേശാഭിമാനി വാരികയിൽ സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയത്) ഹോട്ടലിൽ അരി കഴുകുക, എച്ചിലിലകൾ വാരുക ഈ പണി ചെയ്യുന്നവന്- ഒരു സഹദേവന് - ഒരു മുസ്ലിം പെൺകുട്ടിയോട് മാനസികമായ അടുപ്പം. അവൾ കുറെ നേരം അതുമിതും അവനോടു പറഞ്ഞിട്ട് പോകുമ്പോൾ കഥയും തീരുന്നു. ഭാവനയുടെ അംശം പോലുമില്ലാത്ത, ഒരു പോയിന്റുമില്ലാത്ത വിരസമായ രചന. കലാത്മകമായ കഥ വായിക്കുമ്പോൾ അതെന്റെ ജീവിതത്തെ സ്പർശിക്കും. അപ്പോൾ ഞാൻ ജീവിതമെന്താണെന്ന് അറിയും. ഭാവനയ്ക്ക് ഔന്നത്യം കല്പിക്കാത്ത ഒരു രചനയും കലയെന്ന പേരിന് അർഹമല്ല.

സമകാലിക മലയാളം - 2001 ജനുവരി 19

പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

അനുകാലിക സാഹിത്യനിരൂപകന്‍. സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി. 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ സാഹിത്യവാരഫലം (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു.

അനുബന്ധ വായനയ്ക്ക്