പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

സാഹിത്യവാരഫലം

പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

നമ്മെ സ്‌നേഹത്തോടെ വിളിച്ചു വീട്ടിൽ കൊണ്ടുപോകുന്ന കൂട്ടുകാരുണ്ട്. സ്‌നേഹം പ്രകടിപ്പിക്കാൻ, സൽകരിക്കാൻ; നല്ല വാക്കു പറഞ്ഞ് നമ്മെ സന്തോഷിപ്പിക്കാൻ ഒക്കെ ആയിരിക്കും അവർ നമ്മെ ക്ഷണിച്ചുകൊണ്ടുപോകുന്നത്. നാം അവരുടെ വീട്ടിൽച്ചെന്ന് അവർ ചൂണ്ടിക്കാണിക്കുന്ന കസേരയിൽ ഇരിക്കുന്നു. ഇരുന്നുതീരുന്നതിനു മുൻപ് ഗൃഹനായിക വന്നു വാതിൽ ചാരുന്നു; അല്ലെങ്കിൽ ഒരു വശത്തു ചേർന്നു കിടക്കുന്ന ഡോർ കർട്ടൻ വലിച്ചിട്ടു മറവുണ്ടാക്കുന്നു. വലിയ ശബ്ദത്തോടെ വാതിൽ വലിച്ചടക്കുന്ന ഗൃഹനായികമാരും ഇല്ലാതില്ല. അതിഥി വീട്ടിലുള്ള പെണ്ണുങ്ങളെ കാണാതിരിക്കാൻ വേണ്ടിയാണ് ഈ കൃത്യം അനുഷ്ഠിക്കപ്പെടുന്നത്. വസ്തുത എന്തായാലും ഇതിനേക്കാൾ അപമാനകരമായ മറ്റൊരു പ്രവൃത്തി ചെയ്യുന്നില്ല. തനിക്കുണ്ടായ വൈഷമ്യം മറച്ചുവച്ചിട്ട് അതിഥി പുഞ്ചിരിപൊടിച്ചു കുശലപ്രശ്‌നങ്ങൾ നിർവഹിച്ചതിനുശേഷം അവിടെനിന്ന് ഇറങ്ങിപ്പോകുന്നു. ഈ വീട്ടമ്മമാരെപ്പോലെ പെരുമാറുന്ന കഥാകാരന്മാർ ധാരാളമായുണ്ട്. അവർ തങ്ങളുടെ കഥാഭവനത്തിലേക്കു നമ്മെ ക്ഷണിക്കുന്നു. നാം പ്രവേശിക്കുന്നതിനു മുൻപുതന്നെ ആസ്വാദനത്തിന്റെ വാതിൽ വലിച്ചടയ്ക്കുന്നു. അപമാനിതരായി, വിഷാദമഗ്നരായി നാം തിരിച്ചുപോകുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 50-ാം ലക്കത്തിൽ 'മധുവിധു' എന്ന ചെറുകഥയെഴുതിയ ഹരികുമാർ ഈ വിധത്തിൽ അതിഥിദ്വേഷകർമം ചെയ്യുന്നുവെന്നാണ് എനിക്കു തോന്നുന്നത്. സ്ത്രീപുരുഷബന്ധത്തിന്റെ പ്രാധാന്യമായിരിക്കാം അദ്ദേഹം പ്രതിപാദനം ചെയ്യുന്നത്. ആ പ്രതിപാദനത്തിൽ നവീനതയുണ്ടുതാനും പക്ഷേ, അനുവാചകന്റെ ആസ്വാദനത്തിനു മുൻപിൽ വലിച്ചിടുന്ന ദുർഗ്രഹതയെന്ന യവനിക അയാൾക്കു വൈഷമ്യമുളവാക്കുന്നു. എന്റെ മുൻപിൽ നിൽക്കുന്ന ഒരപ്പൂപ്പൻതാടിമരം അതിന്റെ അപ്പൂപ്പൻതാടികളെ അലസമായി കാറ്റിൽ പറത്തിക്കൊണ്ടിരിക്കുന്നു. ശൂന്യാകാശത്തിൽ നൃത്തംവയ്ക്കുന്ന ബീജങ്ങളെ ആ വൃക്ഷം ശ്രദ്ധിക്കുന്നതേയില്ല. വൃക്ഷം ബീജാരോപണം ചെയ്യുകയാണെങ്കിലും അക്കാര്യം അതറിയുന്നില്ല. കലാസൃഷ്ടികളുടെ നിർമാണവും ഇതുപോലെയിരിക്കണം. ഹരികുമാർ കഥയെഴുതിയിട്ട് 'ഇതാ നോക്കൂ' ഞാൻ ചെറുകഥ രചിച്ചിരിക്കുന്നു എന്നു നമ്മോടു പറയുന്നതുപോലെ തോന്നുന്നു. അലങ്കാര ഭാഷ ഉപേക്ഷിക്കട്ടെ. കൃത്രിമത്വമാണ് ഹരികുമാറിന്റെ കഥയുടെ മുദ്ര. ഈ കൃത്രിമത്വം തീരെയില്ല ശ്രീ. കെ.എൽ. മോഹനവർമയുടെ 'അന്വേഷണ'മെന്ന കഥയ്ക്ക്. (മാതൃഭൂമി ലക്കം 50) തന്നിൽനിന്നകന്നു മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു ജീവിച്ച ഒരുവൻ അന്തരിച്ചുപോകുമ്പോൾ ഒരു സ്ത്രീക്കുണ്ടാകുന്ന നിസ്സംഗതയെ ആവിഷ്‌കരിക്കാനാണു മോഹനവർമയുടെ യത്‌നം. ഭർത്താവിന്റെ നൃശംസത കലർന്ന പ്രവർത്തനങ്ങൾ ഭാര്യയുടെ ലോലഭാവങ്ങളെ നശിപ്പിച്ചുകളഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല. നല്ല വിഷയം. പക്ഷേ, മോഹനവർമയുടെ കഥ അനുവാചകനെ സ്പർശിക്കുന്നതുപോലുമില്ല. കാരണമെന്താവാം? എന്നെ സംബന്ധിച്ചിടത്തോളം ഞാൻ നിരൂപണമെഴുതുന്നത് മറ്റൊരാളിനു മാനസാന്തരമുളവാക്കാനല്ല. വേറൊരാളിനോടു സംസാരിക്കുമ്പോഴും എന്റെ മനോഭാവം അതുതന്നെ. എന്റെ നിരൂപണവും സംഭാഷണവും യഥാക്രമം അനുവാചകന്റെയും ശ്രോതാവിന്റെയും ഉള്ളിലുള്ള മനുഷ്യനെ (ആന്തരമനുഷ്യനെ) ഉണർത്തിവിടാൻ പര്യാപ്തമാകണമെന്നേ എനിക്ക് ഉദ്ദേശ്യമുള്ളു. കലയുടെ ലക്ഷ്യവും വിഭിന്നമല്ലെന്നു ഞാൻ വിശ്വസിക്കുന്നു.

മലയാളനാട് - 1971 മാർച്ച് 14

പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

അനുകാലിക സാഹിത്യനിരൂപകന്‍. സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി. 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ സാഹിത്യവാരഫലം (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു.

അനുബന്ധ വായനയ്ക്ക്