റീനി മമ്പലത്തിന്റെ റിട്ടേൺ ഫ്ലൈറ്റ് എന്ന സമാഹാരം റിവ്യു
ലോകം എങ്ങിനെയാണ് എന്നതിനെപ്പറ്റിയെഴുതുന്നത് സാഹിത്യകൃതിയാവണമെന്നില്ല. അതിനെ ചരിത്രമെന്നോ നാൾവഴിയെന്നോ പറയാം. ഈ ചരിത്രമാകട്ടെ എഴുതുന്ന വ്യക്തിയുടെ അഭിരുചികൾക്കനുസരിച്ചും രാഷ്ട്രീയ ചായ്‌വുകൾക്കനുസൃതമായും അല്പാല്പം മാറ്റുകയും ചെയ്യാറുണ്ട്. മറിച്ച് ലോകം എങ്ങിനെയാവണമെന്നതിനെപ്പറ്റി നിരന്തരം സ്വപ്നം കാണുകയും എഴുതുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് സാഹിത്യകാരൻ. അങ്ങിനെ വരുമ്പോൾ എഴുത്ത് യാഥാർത്ഥ്യത്തിൽ നിന്ന് വഴിമാറി സ്വപ്നതലത്തിലെത്തുന്നു.
റീനി മമ്പലത്തിന്റെ 'റിട്ടേൺ ഫ്‌ളൈറ്റ്' എന്ന സമാഹാരത്തിലെ പന്ത്രണ്ടു കഥകൾ വായിച്ചപ്പോൾ കഥകളുടെ പിന്നിൽ നിരന്തരം സ്വപ്നം കാണുന്ന ഒരു എഴുത്തുകാരിയെയാണ് കാണാൻ കഴിഞ്ഞത്. 'എഴുത്തിന്റെ വഴികൾ' എന്ന കഥയിലെ ദീപയെന്ന ചെറുപ്പക്കാരി വീട്ടമ്മ അമേരിക്കയിൽ ജോലിയെടുക്കുന്ന ഒരു കുടുംബിനിയാണ്. പക്ഷെ അവർ വളരെ വിചിത്രമായ വഴിയിൽ അവിടെ ഒറ്റപ്പെടുകയാണ്. ആ ഒറ്റപ്പെടൽ കാണിക്കാൻ കഥാകാരി ഉപയോഗിക്കുന്ന ബിംബങ്ങൾ പുതിയ ലോകത്തിന്റേതാണ്. ഭാര്യയുടെ ലോലവികാരങ്ങൾ ഒരിക്കലും മനസ്സിലാവാത്ത, എപ്പോഴും ലാപ്‌ടോപിനു മുമ്പിലിരിക്കുന്ന ഭർത്താവിന്റെ ചിത്രമാണ് അതിലൊന്ന്. അവൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയിൽനിന്നുള്ള സമ്മാനമായ പൂച്ചട്ടി ഉടഞ്ഞപ്പോൾ അത് വേറെ വാങ്ങിക്കൂടെ എന്ന ചോദ്യം അവൾക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. അവളെ സംബന്ധിച്ചേടത്തോളം ആ പൂച്ചട്ടി വളരെ വിലപിടിച്ചതാണ്.
ഒരഭയമെന്ന മട്ടിൽ തുടങ്ങിയ എഴുത്തിനെപ്പറ്റി അയാളുടെ അഭിപ്രായം 'എന്തിനാ ഇതൊക്കെ എഴുതിക്കൂട്ടുന്നത്, കുട്ടികൾക്ക് കാലത്തും നേരത്തും വല്ലതും വെച്ചുകൊടുത്തുകൂടെ' എന്നാണ്. അതുപോലെ കുട്ടികൾ വിശക്കുന്നു എന്നു പറഞ്ഞപ്പോൾ ഭർത്താവ് ഓർമ്മിപ്പിയ്ക്കുന്നു, 'ദീപേ ഫ്രിഡ്ജിൽ ഇരിക്കുന്ന പച്ചക്കറികൾ കേടുവന്നു പോകുന്നു.' അതോടെ അവൾക്കുണ്ടാകുന്ന തോന്നൽ ഈയിടെയായി ഫ്രിഡിജിന്റെ തട്ടുകൾക്ക് അഗാധമായ ഒരു കുഴൽകിണറുപോലെ ആഴം കൂടുന്നു എന്നാണ്. അകത്തേയ്‌ക്കൊന്നും കാണാൻ കഴിയുന്നില്ലെന്ന തോന്നലുണ്ടായപ്പോൾ അവൾ ഫ്രിഡ്ജിലെ ബൾബ് മാറ്റിയിടുന്നു. ശരിയ്ക്കു പറഞ്ഞാൽ ഫ്രിഡ്ജി ന്റെ ഉള്ളിലെ വെളിച്ചം കുറഞ്ഞതോ കാഴ്ച കുറയുന്നതോ അല്ല പ്രശ്‌നം, തന്നിലേയ്ക്ക് ഉൾവലിയുന്ന ഒരു മനസ്സിന്റെ ക്രമാനുഗതമായ സ്വയം നഷ്ടപ്പെടലാണത്.
'അവളുടെ വീട് സന്തോഷമുണ്ടാക്കുന്ന ഒന്നിനേയും അകത്തേയ്ക്ക് കടത്തിവിടാത്ത കറുത്ത ഗോളമാണെന്ന് അവൾ വിശ്വസിച്ചിരുന്നു. മറിച്ച് അവൾ എഴുതിക്കൂട്ടിയ അക്ഷരങ്ങൾക്കും അവ പണിതെടുത്ത പ്രപഞ്ചത്തിനും അവൾക്കിഷ്ടപ്പെട്ട വെളുത്ത നിറമായിരുന്നു.' ഒറ്റപ്പെടുന്ന ഒരു സ്ത്രീയുടെ വികാരങ്ങൾ വളരെ മനോഹരമായി, തീവ്രമായി ആവിഷ്‌കരിക്കുകയാണ് റീനി. അതിനു നേരെ മറിച്ചാണ് എഴുത്തിന്റെ വഴികളും അതിന്റെ സൈബർ പ്രതികരണങ്ങളും, അതുപോലെ ഒരു പൂവിന്റെ മെയിൽ ഐ.ഡി.യുള്ള ഒരജ്ഞാതനുമായുള്ള ഇ.മെയിലുകളും. വർച്വൽ ലോകത്ത് അവൾ ഒറ്റപ്പെടുന്നില്ല. ആ ലോകമാകട്ടെ അവളുടെ സ്വന്തം സൃഷ്ടിയുമാണ്. ആ ലോകവും തകർന്നേക്കാവുന്ന ഒരവസ്ഥയിൽനിന്ന് അവൾ അദ്ഭുതകരമായി രക്ഷപ്പെടുകയാണ്. 'അരുതാത്ത ഇഷ്ടം ജീവിതസഹജമായ, ശിക്ഷയർഹിക്കാത്ത അപരാധമാണ്' എന്ന സ്വന്തം മനസ്സാക്ഷിയുടെ സാന്ത്വനം അവളെ ആ വർച്വൽ ലോകത്തെ ഒറ്റപ്പെടലിൽനിന്ന് ഒഴിവാക്കുകയാണ്. മനോഹരമായ കഥയാണ് 'എഴുത്തിന്റെ വഴികൾ'.
അരുതാത്ത ഇഷ്ടം ശിക്ഷയർഹിക്കാത്ത അപരാധമാണ് എന്ന തീം തന്നെയാണ് സെപ്റ്റംബർ 14 എന്ന കഥയുടെയും അന്തർധാര. ഇവിടെ പക്ഷെ അവളെ കാത്തിരിക്കുന്നത് വളരെ കനപ്പെട്ട പരീക്ഷയാണ്. സെപ്റ്റംബർ 11-ന് ലോകത്തെ നടുക്കിയ ട്വിൻ ടവർ അട്ടിമറിയിൽ നഷ്ടപ്പെട്ട മൂവ്വായിരത്തിൽ പരം പേരിൽ അവളുടെ മകനും ഉൾപ്പെട്ടുവോ എന്ന സംശയം.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും പിറന്ന നാടിന്റെ സ്പന്ദനങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചുവയ്ക്കുന്ന ഒരു മനസ്സ് എല്ലാ കഥകളിലും സജീവമാണ്. അത് പല വിധത്തിൽ അവളെ ബാധിയ്ക്കുന്നുണ്ട്, ആർദ്രസ്‌നേഹമായി, ഗൃഹാതുരമായി. പലപ്പോഴും ശല്യം ചെയ്തുകൊണ്ട് ആ ഓർമ്മകൾ അവളെ വേട്ടയാടുന്നു. നാട്ടിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന അമ്മ, അൽഷൈമേഴ്‌സ് പിടിച്ച് ഓർമ്മയുടെ ആണ്ട കയങ്ങളിൽ മുങ്ങിത്തപ്പുന്ന അപ്പൻ. 'ചിതറിപ്പോയ മാപ്പിൽ രാത്രി മുഴുവൻ സ്വന്തം നാടിനെ തിരയുന്ന' സുമി അങ്ങിനെ നിറമുള്ള കഥാപാത്രങ്ങളിലൂടെ ഈ കഥാകാരി ഒരു പുതിയ ലോകം, പുതിയ ഭാഷ നമുക്ക് തരുന്നു.
പ്രവാസലോകത്തെക്കുറിച്ച്, പ്രത്യേകിച്ച് അമേരിക്കൻ പ്രവാസികളുടെ ജീവിതത്തെക്കുറിച്ച് നമുക്ക് അധികം കഥകളൊന്നും ലഭിച്ചിട്ടില്ല. ആ ജീവിതം സ്വർഗ്ഗമാണ് എന്നു കരുതുന്നവർക്കിടയിൽ അപൂർവ്വമായെങ്കിലും വീർപ്പുമുട്ടലനുഭവിക്കുന്നവരുമുണ്ട് എന്ന് ഈ കഥകൾ നമ്മോട് പറയുന്നു. അങ്ങിനെയുള്ളവരുടെ ലോകം നമുക്കു മുമ്പിൽ തുറന്നുവെയ്ക്കുകയാണ് റീനി.
ഔട്ട്‌സോഴ്‌സിങ് ആണ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ കാതലായിട്ടുള്ള സവിശേഷത. എന്നാൽ മാതൃത്വത്തിൽ ഔട്ട്‌സോഴ്‌സിങ് നടത്തുന്നത് വളരെ സാധാരണമായിട്ടുണ്ടെന്ന കാര്യം ആരും അറിയുന്നുണ്ടാവില്ല. അതിന്റെയും ഗുണഭോക്താക്കൾ ഇന്ത്യക്കാരാണെന്നതും അധികമാർക്കും അറിയില്ല. ഗുണഭോക്താക്കൾ എന്നതു കൊണ്ടുദ്ദേശിക്കുന്നത് സാമ്പത്തികനേട്ടം മാത്രമാണ്. പക്ഷെ അതിനു കൊടുക്കേണ്ടിവരുന്ന 'വില' ഇന്ത്യൻ അമ്മമാർക്ക് നേട്ടമല്ല, മാനസികമായ കോട്ടംതന്നെയാണെന്ന് സൂചിപ്പിക്കുന്ന ഒരു കഥയാണ് 'ഔട്ട്‌സോഴ്‌സ്ഡ്'. അണ്ഡവും പുരുഷബീജവും വേറെ വ്യക്തികളുടേതാണ്. ബീജസംയോജനം ലാബിൽവെച്ചു നടക്കുന്നു. അതിനുശേഷമാണ് ഗർഭമേൽക്കാൻ സന്നദ്ധയായ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിലതു നിക്ഷേപിയ്ക്കുന്നത്. ശരിയ്ക്കു പറഞ്ഞാൽ ആ ഗർഭസ്ഥശിശു മറ്റൊരു ദമ്പതികളുടേതാണ്, ഈ സ്ത്രീ അതിനെ ഒമ്പതുമാസം ചുമക്കുന്നുവെന്നേയുള്ളു. ഇത്രയും യുക്തിസഹജമായി വാദിയ്ക്കാം. പക്ഷെ പ്രകൃതി, ഏത് സാധാരണ സ്ത്രീയെയും ഈ ഒമ്പതുമാസത്തിനുള്ളിൽ അവളുടെ ദേഹത്തിലെ പരിണാമങ്ങൾ വഴി ഒരമ്മയാക്കുന്നു. ഗർഭപാത്രത്തിൽ വളരുന്ന ശിശുവിനു കൊടുക്കാനായി അവളുടെ മുലകളിൽ പാൽ നിറയ്ക്കുന്നു, ഒരു കുട്ടിയ്ക്ക് കിടക്കുവാൻ പാകത്തിൽ അവളുടെ ദേഹം വികസിപ്പിയ്ക്കുന്നു. എല്ലാറ്റിനുമുപരി അവളുടെ മനസ്സിനാണ് ഏറ്റവും വലിയ പരിണാമമുണ്ടാക്കുന്നത്. വംശം നിലനിർത്താനുള്ള പ്രകൃതിയുടെ ആയുധമാണ് പുതുജാതരോടുള്ള ഒരമ്മയുടെ വാത്സല്യം, ആർദ്രത. ഇതൊന്നും ഒരു ദിവസംകൊണ്ട് തുടച്ചുനീക്കാവുന്നതല്ല. പിഞ്ചുവായുടെ അഭാവത്തിൽ മുലയിലെ പാൽ ക്രമേണ വറ്റിയെന്നു വരും, പക്ഷെ അവളുടെ മനസ്സിലുണ്ടായ മുറിവ് ഉണങ്ങിയെന്നു വരില്ല. മറിച്ച് ഒരു സ്ത്രീയും പുരുഷനും തമ്മിൽ കാണുന്നതുപോലും ഒരേയൊരു കാര്യത്തിന്, അതായത് ലൈംഗിക സമ്പർക്കത്തിന് മാത്രമാണെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഒരു നാട്ടിൽ, ഈ സെറഗെറ്റ് മാതൃത്വം അവൾക്ക് നൽകുന്നത് അപവാദങ്ങളും വേദനയും മാത്രമായിരിക്കും. ഇതെല്ലാം സഹിച്ച് ഒരു സ്ത്രീ കഴിയുമ്പോൾ അതിൽനിന്നു ലഭിക്കുന്ന പണംകൊണ്ട് നല്ല ജീവിതം നയിക്കുന്ന ഭർത്താവ് താൻ ഇതിന്റെയൊന്നും ഭാഗമല്ലെന്ന് നടിക്കുന്നു. സാന്ത്വനം നൽകുന്നില്ലെന്നു മാത്രമല്ല സ്വന്തം പ്രവൃത്തികൾകൊണ്ടും വാക്കുകൾ കൊണ്ടും അവളെ നോവിപ്പിയ്ക്കുകയും ചെയ്യുന്നു. റീനിയുടെ 'ഔട്ട്‌സോഴ്‌സ്ഡ്' എന്നത് ഒരസാധാരണ സൗന്ദര്യമുള്ള കഥയാണ്.
ആദ്യത്തെ കഥയായ 'ഓർമ്മകളുടെ ഭൂപടം' ചെറിയതാണെങ്കിലും മനസ്സിൽ തട്ടുന്ന കഥയാണ്. നാട്ടിൽ നിന്ന് അമേരിക്കയിലേയ്ക്ക് വരുന്ന ഒരു പഴയ സ്‌നേഹിതന്റെ ഫോൺ വിളിയിൽനിന്ന് അവൾ കോളജിൽ പഠിക്കുന്ന കാലത്ത് അവളെ സ്‌നേഹിച്ചുകൊണ്ട് പിന്നാലെ നടന്നിരുന്ന ജോർജ്ജിന്റെ മരണവാർത്ത അറിയുന്നു. ഒരു തീവണ്ടി സ്‌ഫോടനത്തിലാണയാൾ മരിച്ചത്. ആ വാർത്ത അവളിൽ വലിയ കോളിളക്കമൊന്നും സൃഷ്ടിച്ചിരുന്നില്ല, കാരണം അവൾക്കയാളെ ഇഷ്ടമല്ലായിരുന്നു. പക്ഷെ സ്‌നേഹിതൻ പറഞ്ഞതിലെ ഒരു വാക്യം അവളിൽ കോളിളക്കങ്ങൾ സ്രൃഷ്ടിക്കുകയാണ്. ആ പൊട്ടിത്തെറിയിൽ അവൾക്ക് നഷ്ടപ്പെട്ടത് സ്വന്തം നാടായിരുന്നു. നാട് മങ്ങിയ ഓർമ്മകൾക്കു പിന്നിൽ ശിഥിലമായെന്ന് അവളറിഞ്ഞു. കഥയുടെ അന്ത്യം വളരെ ഭാവസാന്ദ്രമാണ്. 'ചിതറിപ്പോയ മാപ്പിൽ അന്നു രാത്രിമുഴുവൻ ഞാനെന്റെ നാടിനെ തിരഞ്ഞു.'
'പുഴപോലെ' എന്ന കഥ മൂന്നു തലമുറകളുടെ കഥയാണ്. നാട്ടിൽ, ചെറുപ്പത്തിലേ വിധവയായ അമ്മ, അവരുടെ അമേരിക്കയിലേയ്ക്ക് കല്യാണം കഴിച്ചെത്തുന്ന മകൾ, അവരുടെ 'ഇരുണ്ട തൊലിയും വെളുത്ത മനസ്സുമായി' നടക്കുന്ന രണ്ടു മക്കൾ. 'വൈധവ്യം ക്രൂരമായി എറിഞ്ഞുകൊടുത്ത സ്വാതന്ത്ര്യം' ഇഷ്ടപ്പെടുക കാരണം മകന്റെ ഒപ്പം ജീവിക്കാനിഷ്ടമില്ലാതെ തറവാട്ടിന്റെ ഏകാന്തതയിലേയ്ക്കു തിരിച്ചു വന്ന ആ അമ്മയ്ക്കും അമേരിക്കൻ ജീവിതത്തിൽ ഇഴുകിച്ചേർന്ന തന്റെ മക്കൾക്കുമിടയിൽ ഞെരിയുന്ന ഒരു ചെറുപ്പക്കാരി അമ്മയുടെ ചിത്രം ഈ കഥയിൽ വരച്ചുകാണിക്കുന്നു. പിറന്ന നാടിനെയും വൃദ്ധയും നിരാലംബയുമായ അമ്മയെയും സ്‌നേഹിക്കുന്നുണ്ടെങ്കിലും അമേരിക്കയിൽവച്ച് ജന്മം നൽകിയ മക്കളുടെ ഭാവി ഓർത്ത് തിരിച്ചു പോകാൻ കഴിയാതാവുന്ന ഒരാത്മാവിന്റെ ധർമ്മസങ്കടം, തേങ്ങൽ ആണ് ഈ കഥ.
വയസ്സായ അച്ഛനെ വിദേശത്ത് ഒപ്പം താമസിയ്ക്കാൻ കൊണ്ടുവന്ന ഒരു മകന്റെ കഥയാണ് 'ശിശിരം'. തികച്ചും അപരിചിതമായ ഒരന്തരീക്ഷത്തിൽ ഒരു മിസ്ഫിറ്റായി തോന്നിയ ആ മനുഷ്യന് അൽഷൈമേഴ്‌സ് എന്ന മറവിരോഗംകൂടി പിടിപെട്ടു. എല്ലാവരുടെ ജീവിതത്തിലും ഒരു ശിശിരമുണ്ട് എന്ന് ഓർമ്മിപ്പിക്കുന്നതാണ് അവസാനമായി സഹോദരിയുടെ മകൾ പറയുന്ന വാചകം. നല്ല കഥ.
വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസമാണെങ്കിലും ഒരു മലയാളിയെപ്പോലെ ചിന്തിക്കുകയും, മലയാളം മലയാളംപോലെ എഴുതുകയും ചെയ്യുന്ന ഈ എഴുത്തുകാരി ഒരദ്ഭുതമാണ്. ചുരുക്കിപ്പറഞ്ഞാൽ ഗുണപരമായ മേന്മ അവകാശപ്പെടുന്ന ഈ മലയാളിക്കഥകൾ നമ്മുടെ വായനയെ ധന്യമാക്കുന്നു.