ഒരു യാത്രയുടെ ഓര്‍മ്മ

ഞാൻ യാത്രയിൽ തൊട്ടടുത്ത ഇരിപ്പിടത്തിൽ ഒരു സ്ത്രീ ഇരിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം സൗകര്യംപോലെ ഇരിക്കാനുള്ള സ്വാതന്ത്ര്യം പണയപ്പെടുത്തേണ്ടിവരും, പ്രത്യേകിച്ച് ദൂരയാത്രകളിൽ. പുരുഷനാണ് തൊട്ടടുത്തതെങ്കിൽ എങ്ങിനെവേണമെങ്കിലും ഇരിക്കാമല്ലോ. മറിച്ച് അബദ്ധത്തിലെങ്ങാനും കൈ മുട്ടുകയോമറ്റോ ചെയ്താൽ നീണ്ടുവരുന്ന നോട്ടം അത്ര സുഖകരമായിരിക്കില്ല. അതുകൊണ്ട് ബോംബെയിൽ നിന്ന് രാവിലെ പുറപ്പെട്ട ലക്ഷൂറി ബസ്സിൽ തൊട്ടടുത്ത് ഒരു സ്ത്രീയാണെന്നറിഞ്ഞപ്പോൾ എനിക്ക് വിഷമമാവുകയാണുണ്ടായത്. ചെറുപ്പക്കാരി, ഇരുപത്തിനാല് ഇരുപത്തഞ്ചു വയസ്സു പ്രായമുണ്ടാവും. നല്ല നിറം, അധികം തടിയില്ല. സാരി പൊക്കിളിനു താഴെയുടുത്ത്, ഇറക്കം കുറഞ്ഞ ബ്ലൗസുമായി അവൾ അരികിലെ ഇരിപ്പിടത്തിൽ ഇരിക്കുന്നു. ദൈവമേ, ഞാൻ പ്രാർത്ഥിച്ചു. എന്തിനാണ് എന്നെ ഇങ്ങിനെ പരീക്ഷിക്കുന്നത്? എന്റെ ബ്രീഫ്‌കേസ് മുകളിലുള്ള റാക്കിൽ വച്ച് ഞാൻ അവിടെ സംശയിച്ചു നിന്നു. അപ്പോൾ അവൾ എന്നെ ഒരു നോട്ടം. ഞാൻ മനസ്സിൽ പറഞ്ഞു. അതിന് ഞാൻ ഇരുന്നിട്ടേ ഇല്ലല്ലോ? പിന്നെ ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ കുറച്ചുറക്കെ പറഞ്ഞു. 'നിങ്ങൾ ഇരിക്കുന്നത് എന്റെ സീറ്റിലാണ്.'

അവൾ പെട്ടെന്ന് പതറി. ഒന്ന് എഴുന്നേൽക്കാൻ ശ്രമിച്ച് വീണ്ടും അവിടെത്തന്നെ ഇരിപ്പുറപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു. 'എക്‌സ്‌ക്യൂസ് മി, ഞാൻ സൈഡ് സീറ്റിൽ ഇരുന്നോട്ടെ.' ആണൊരുത്തനാണ് ചോദിച്ചിരുന്നതെങ്കിൽ അതൊരു തട്ടിക്കളയേണ്ട ശരാശരി അഭ്യർത്ഥനയായേനെ. മറിച്ച് ഒരു ഇരുപത്തഞ്ചുകാരി സുന്ദരി ചോദിക്കുമ്പോൾ അതൊരു ആജ്ഞയായി മാറുന്നു, നിങ്ങൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അവൾക്കവിടെനിന്ന് എഴുന്നേൽക്കാനുള്ള ഉദ്ദേശ്യമൊന്നുമില്ലെന്നു മനസ്സിലായപ്പോൾ, കനത്ത ഒരു മൂളലോടെ ഞാൻ അവളുടെ അടുത്ത് രണ്ടാമത്തെ സീറ്റിൽ ഒതുങ്ങി ഇരുന്നു. ഒരാഴ്ച മുമ്പ് ടിക്കറ്റ് ബുക്കു ചെയ്തപ്പോൾ സൈഡ് സീറ്റു കിട്ടാനായി ബുക്കിങ് ക്ലാർക്കുമായി ഉരസലുണ്ടായത് ഞാനോർത്തു. അതെന്റെ ലാഭം.

ബസ് പുറപ്പെട്ടു. അതുവരെ പുറത്തേയ്ക്ക് നോക്കിനിൽക്കുകയാണെന്ന ഭാവത്തിൽ എന്റെ അടുത്ത നീക്കവും പ്രതീക്ഷിച്ചുകൊണ്ടിരുന്ന അവൾ തിരിഞ്ഞ് എന്നെ നോക്കി ഒരു പുഞ്ചിരി. അതിന്റെ പിന്നാലെ ഒരു ചോദ്യവും. 'എങ്ങോട്ടാണ്?' മനസ്സുള്ളിടത്തേയ്ക്ക്, എന്ന് മനസ്സിൽ പറഞ്ഞു. സൈഡ് സീറ്റ് നഷ്ടം എനിക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. എന്റെ ചെവി കുറച്ചു പതമാണെന്നവൾക്കു തോന്നിയിട്ടുണ്ടാവണം, കുറച്ചുകൂടി അടുത്തേയ്ക്ക് ചാഞ്ഞിരുന്നുകൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു. ഇപ്പോൾ അവളുടെ ചുമൽ എന്റെ ചുമലുമായി മുട്ടുന്നുണ്ട്. ഞാൻ പറഞ്ഞു.

'തൃശ്ശൂർക്ക്.'

'ഞാൻ കോഴിക്കോട്ടേയ്ക്കാണ്.' അവൾ തുടർന്നു. 'എനിക്ക് സാമാധാനായി, ഒരു കൂട്ടുണ്ടല്ലോ.'

പിന്നെ സംസാരമായിരുന്നു. എന്നെക്കുറിച്ചുള്ള ചോദ്യങ്ങളാണധികവും. എന്റെ കുടുംബം നാട്ടിലാണെന്നും അവരെ കാണാൻ പോവുകയാണെന്നും പറഞ്ഞു. അതു കഴിഞ്ഞപ്പോൾ പൊതുവായ കാര്യങ്ങളെപ്പറ്റിയായി സംസാരം. അവളെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ അവൾ വളരെ സമർത്ഥമായി വഴുതി മാറുന്നത് ഞാൻ ശ്രദ്ധിച്ചു. പേരു മാത്രം പറഞ്ഞുതന്നു. ദേവി. ശരിക്കുള്ള പേരാണോ എന്ന് ദൈവത്തിനു മാത്രം അറിയാം. സമയം പോയതറിഞ്ഞില്ല. ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ഒരു റെസ്റ്റോറണ്ടിന്റെ മുമ്പിൽ വണ്ടി നിർത്തിയപ്പോൾ ഞാൻ ചോദിച്ചു. 'ഭക്ഷണം കഴിക്കുന്നില്ലേ?' ആദ്യം ഇല്ലെന്നു പറഞ്ഞെങ്കിലും ഒരിക്കൽക്കൂടി ആലോചിച്ചേശഷം അവൾ പറഞ്ഞു. 'എന്തെങ്കിലും കഴിക്കാമല്ലെ?' റസ്റ്റോറണ്ടിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അവൾ സംസാരം നിർത്തിയിരുന്നില്ല. 'എന്തെങ്കിലും കഴിക്കാ'മെന്നു പറഞ്ഞ അവൾ കഴിച്ചത് ചിക്കൻ ബിരിയാണിയായിരുന്നു. അതിനുമേലെ ഒരു ഐസ്‌ക്രീമും. ഞാൻ രണ്ടുപേരുടേയും ബിൽ കൊടുക്കുന്ന സമയത്ത് അവൾ പ്രകൃതിഭംഗി ആസ്വദിക്കുകയായിരുന്നു. അതെന്തായാലും നന്നായി. പ്രകൃതി ഭംഗി ആസ്വദിക്കുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും ഉണ്ടല്ലോ. ആഷാമേനോന് സമാധാനമാവട്ടെ.

രാത്രിയിലും ഇതുതന്നെ ആവർത്തിച്ചു. പക്ഷേ പ്രകൃതിഭംഗിക്കുപകരം അവളെന്താണ് ആസ്വദിച്ചതെന്ന് ഞാൻ ശ്രദ്ധിച്ചില്ല. ബസ്സു പുറെപ്പട്ടപ്പോൾ കുറേശ്ശേ തണുപ്പുണ്ടായിരുന്നു. ഞാൻ എന്റെ ബ്രീഫ്‌കേസ് തുറന്ന് പുതപ്പെടുത്തു പുതച്ചു. സഹയാത്രിക സാരികൊണ്ട് പുതച്ചു. നേരിയ സാരികൊണ്ട് തണുപ്പു മാറിയില്ലെന്നു തോന്നുന്നു. അവൾ ചൂളിക്കൊണ്ടിരുന്നു. സാവധാനത്തിൽ അവൾ എന്റെമേൽ ചാരിയിരുന്നു. ഒരു വശമെങ്കിലും തണുക്കാതിരിക്കട്ടെ എന്നു കരുതിയാവും. എനിക്ക് പെട്ടെന്ന് അവളോട് ദയ തോന്നി. ഞാൻ ചോദിച്ചു. 'ഈ പുതപ്പ് വേണോ?' കേട്ടപാതി കേൾക്കാത്ത പാതി അവൾ കൈനീട്ടി. ഞാൻ പുതച്ചുകൊണ്ടിരുന്ന പുതപ്പെടുത്ത് അവൾക്കു നീട്ടി. അതിനു ശേഷം ചൂളിക്കൊണ്ടിരിക്കുന്ന ജോലി ഞാൻ ഏറ്റെടുത്തു. സമയം പത്തു മണിയായി, നല്ല തണുപ്പുണ്ടായിരുന്നു. ദേവി നല്ല ഉറക്കത്തിലാണ്. ഇതിനകം എന്നോടൊട്ടി ഇരുന്നിരുന്ന അവൾ എന്റെ ചുമലിൽ തല ചായ്ചു വെച്ചു. എന്റെ സ്ഥിതി എല്ലാംകൊണ്ടും പരുങ്ങലിലായി. അനങ്ങാൻ വയ്യ. ഒരുവശം വേദനിച്ചുതുടങ്ങി. നല്ല തണുപ്പും. ഒരിക്കൽ ഞാൻ അവളെ വിളിച്ചു നോക്കി. അവൾ ഉണർന്ന് ഒന്നെന്നെ നോക്കിയ ശേഷം വീണ്ടും എന്റെ ചുമലിൽ തലചായ്‌ച്ച് ഉറക്കമായി. എന്റെ കൈ വേദനിച്ചുതുടങ്ങിയപ്പോൾ ഞാൻ അതു വലിച്ചെടുത്തു. അതോടെ അവളുടെ മുഖം എന്റെ മാറിലായി. സുന്ദരമായ ഉറക്കം. എന്റെ വലിച്ചെടുത്ത കൈ എവിടെ വെയ്ക്കണമെന്ന് ഒരു മിനുറ്റ് ആലോചിച്ചശേഷം ഞാൻ അതവളുടെ ചുമലിലൂടെ ഇട്ടു. പിന്നെ ഉണർന്നത് രാവിലെയാണ്. അവൾ അപ്പോഴും ഉറങ്ങുകയായിരുന്നു.

മംഗലാപുരത്ത് ബസ്സ് നിർത്തിയിടത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് ഓട്ടോവിൽ പോകാനുള്ള ദൂരമുണ്ട്. ഞാൻ പറഞ്ഞു. 'നമുക്കൊരു ഓട്ടോവിൽ പോകാം.' അവൾ ഒന്നും പറഞ്ഞില്ല. പറയാതിരുന്നതിന്റെ കാരണം ഒരു മിനുറ്റിനുള്ളിൽത്തന്നെ മനസ്സിലായി. ബസ്സു നിന്ന ഉടനെ പുതപ്പെടുത്ത് എന്റെ മേലിട്ട് ഹാന്റ്ബാഗും തോളിലിട്ട് അവൾ പുറത്തിറങ്ങി. തിരിഞ്ഞുനോക്കാതെ, യാത്ര പറയാതെ, നന്ദി എന്ന വാക്കുപോലും ഉച്ചരിക്കാതെ! ഞാൻ പുറത്തു നോക്കിയപ്പോൾ അവൾ ധൃതിപിടിച്ചു നടന്നിരുന്നത് അവൾക്കുവേണ്ടി ചിരിച്ചുകൊണ്ട് കാത്തിരുന്ന ഒരു ചെറുപ്പക്കാരന്റെ അടുത്തേയ്ക്കാണ്. അവൾ സംസാരിച്ചുകൊണ്ട് നടന്നു നീങ്ങി. എനിക്കങ്ങനെത്തന്നെ വേണം, ഞാൻ ദൈവത്തോട് പറഞ്ഞു.

ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്. ഞാൻ റെയിൽവേ കാന്റീനിൽ പോയി ദോശയും കാപ്പിയും കഴിച്ച് ടിക്കറ്റെടുത്ത് ഒഴിഞ്ഞുകിടക്കുന്ന കമ്പാർട്ടുമെന്റും നോക്കി നടന്നു. ഒരു കമ്പാർട്ടുമെന്റിൽ കയറി സൈഡ് സീറ്റിൽ ഇരുന്നു. രാത്രി ഉറക്കം കുറഞ്ഞതിനാൽ ഉറക്കം വന്നിരുന്നു. ഞാൻ പ്ലാറ്റുഫോറത്തിലേയ്ക്കു നോക്കിക്കൊണ്ട് ഇരുന്നു. അടുത്ത് ആരോക്കെയാണ് വന്നിരിക്കുന്നതെന്ന് ഞാൻ നോക്കിയില്ല. പെട്ടെന്ന് പരിചയമുള്ള ഒരു ശബ്ദം കേട്ടു. 'എക്‌സ്‌ക്യൂസ് മി.' ഞാൻ തിരിഞ്ഞു നോക്കി. അതെ അവൾ തന്നെ, ദേവി. അവൾ മധുരമായി ചിരിച്ചുകൊണ്ട് ചോദിച്ചു. 'ഞാൻ സൈഡ് സീറ്റിൽ ഇരുന്നോട്ടെ?'

ഒന്നും പറയാതെ, മുകളിലെ ബർത്തിൽ കയറ്റിവച്ച ബ്രീഫ്‌കേസ് എടുത്തുകൊണ്ട് ഞാൻ എഴുന്നേറ്റു കമ്പാർട്ടുമെന്റിനു പുറത്തേക്കിറങ്ങി.

നീ എവിടെയാണെങ്കിലും എന്ന സമാഹാരത്തില്‍നിന്ന്

ഇ ഹരികുമാര്‍

E Harikumar