ഒരു സുന്ദര സായാഹ്നത്തില്‍

ബോംബെയിലെ ഖാറിൽ ഒരു സുന്ദരസായാഹ്നത്തിലാണ് ഞാനവരെ കണ്ടുമുട്ടുന്നത്. എഴുപതുകളുടെ മധ്യത്തിലാണ്. ബാന്ദ്രയ്ക്കും സാന്താക്രൂസിനുമിടയിലെ മനോഹരമായ താമസസ്ഥലമാണ് ഖാർ. ഇരുവശത്തും പൂമരങ്ങൾ തണലൊരുക്കുന്ന ഖാർ റോഡിൽ ഒരു സുന്ദര സായാഹ്നത്തിൽ..... ഞാൻ ബസ്സ് കാത്തു നിൽക്കുകയായിരുന്നു. എങ്ങോട്ടും പോകാൻ ധൃതിയൊന്നുമില്ലാത്തതുകൊണ്ട് തിരക്കുള്ള ബസ്സുകൾ ഒഴിവാക്കി. പറ്റിയാൽ അന്ധേരിക്കു പോയി അംബർ-ഓസ്‌കാർ തീയേറ്ററിൽ ഏതെങ്കിലും സിനിമയ്ക്ക് ടിക്കറ്റ് ബുക്കു ചെയ്ത് വീട്ടിലേയ്ക്കു മടങ്ങണം. (അംബർ- ഓസ്‌കാർ സിനിമാ തീയേറ്ററുകൾ ഇന്നില്ല).

അപ്പോഴാണ് എന്നെപ്പോലെ ധൃതിയില്ലാതെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുന്ന ഒരു സ്ത്രീയെ കാണുന്നത്. കണ്ടപാടെ ഓർത്തത് ഇവരെ എവിടെയോവച്ച് കണ്ടിട്ടുണ്ടെന്നാണ്. എവിടെ നിന്നാണെന്ന് പിടുത്തം കിട്ടുന്നില്ല. നാൽപ്പത്തഞ്ചു വയസ്സു തോന്നും, ഒരുപക്ഷേ കൂടുതൽ. നല്ല നിറം, ഭംഗിയുള്ള മുഖം. അവർ ഗുജറാത്തികളെപ്പോലെ സാരി വലത്തോട്ടാണ് ഉടുത്തിരിക്കുന്നത്. കണ്ടാൽത്തന്നെ തോന്നും സമ്പന്നമായൊരു കുടുംബത്തിൽ നിന്നാണവർ വരുന്നതെന്ന്. ഒരുപക്ഷേ ഞങ്ങളുടെ ഉത്തരേന്ത്യൻ കുടുംബസ്‌നേഹിതരുടെ ആരുടെയെങ്കിലും വീട്ടിൽ ഉള്ളവരായിരിക്കും, അല്ലെങ്കിൽ ഞങ്ങളുടെ കെട്ടിടത്തിലെ 30 ഫ്‌ളാറ്റു കളിലേതെങ്കിലുമൊന്നിൽ അതിഥികളായി വരുമ്പോൾ കണ്ടതായിരിക്കണം. ഞങ്ങളുടെ താഴത്തെ നിലയിൽ താമസിച്ചിരുന്നത് ഒരു ചോപ്ര കുടുംബമാണ്. അതിനെതിർവശത്തെ ഫ്‌ളാറ്റിൽ നരേന്ദ്രനാഥ്. (നടൻ പ്രേംനാഥിന്റെ ഇളയ സഹോദരൻ). മറ്റെ വിങ്ങിൽ താമസിച്ചിരുന്നത് കാമറാമാൻ കപാഡിയ. മറ്റു താമസക്കാർ പഞ്ചാബികളും, ആംഗ്ലോ ഇന്ത്യൻസുമാണ്. അവിടെയൊന്നും ഇവരെ കണ്ട ഓർമ്മയില്ല. എന്തെങ്കിലുമാകട്ടെ അവർ എന്നെയും ശ്രദ്ധിക്കുകയാണെന്ന് മനസ്സിലായപ്പോൾ അവർക്ക് എന്നെയും മനസ്സിലായെന്ന് എനിക്കുറപ്പായി. അവർ സാവധാനത്തിൽ നടന്ന് എന്റെ അരികിലെത്തി.

ഞാനും അവരും അന്യോന്യം ചിരിച്ചത് ഏകദേശം ഒരേ സമയത്തായിരുന്നു. ഞാൻ ചോദിച്ചു. 'ഇവിടെ?' അവർ എന്തോ മറുപടി പറഞ്ഞു. ഞാൻ എന്റെ ചോദ്യം ആവർത്തിച്ചു. ഇത്തവണ അവർ വ്യക്തമായിത്തന്നെ മറുപടി പറഞ്ഞു. 'കാംപർ ആയിഹെ.' ഒരു കാര്യം പറയട്ടെ, പത്തുപതിനഞ്ചു കൊല്ലം ഉത്തരേന്ത്യയിൽ താമസിച്ചിട്ടും എനിക്ക് ഹിന്ദി പഠിക്കാൻ കഴിഞ്ഞിട്ടില്ല. അവർ ജോലിക്കു വന്നതാണെന്നു മാത്രം മനസ്സിലായി. ഒരുപക്ഷേ അവിടെ അടുത്തുള്ള ഏതെങ്കിലും ഓഫീസിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരിക്കും. സമയം വൈകുന്നേരം ആറു മണിയോടടുത്തിരുന്നു. മുകളിൽ പടർന്നു പിടിച്ചു നിൽക്കുന്ന മരങ്ങൾ ആകാശവെളിച്ചത്തെ തടഞ്ഞതുകൊണ്ട് സമയം ഒരു ഏഴു മണിയായ പ്രതീതിയുണ്ടാക്കി. അവർ കൂടുതൽ അടുത്തു വന്നു. ബസ്സിലെ തിരക്ക് ഒഴിഞ്ഞശേഷം സാവധാനത്തിൽ പോകാമെന്ന് അവരും ഓർത്തു കാണും. അവർ ചോദിച്ചു. 'ആപ് കഹാൻ രെഹത്തേഹോ.' ഞാൻ ജുഹുവിൽ താമസിക്കുന്ന സൊസൈറ്റിയുടെ പേരു പറഞ്ഞു, പിന്നെ അതേ ചോദ്യം അവരുടെ നേർക്കും തൊടുത്തു. അവർ പറഞ്ഞു. 'വെർസോവ.' തുടർന്ന് അവർ ചോദിച്ചു. 'വീട്ടിൽ ആരൊക്കെയുണ്ട്?'

'ഭാര്യയും മകനും.'

പിന്നെ അവരെന്താണ് പറഞ്ഞതെന്ന് എനിക്കു മനസ്സിലായില്ല. എന്റെ അറിവിന്റെ പരിധിയിലൊതുങ്ങുന്നതായിരുന്നില്ല അവരുടെ ഭാഷ. ഒരു ടാക്‌സി പിടിക്കുന്നതിനെപ്പറ്റിയായിരുന്നു അവർ പറഞ്ഞിരുന്നതെന്ന് ഞാൻ ഊഹിച്ചെടുത്തു. ബസ്സുകളിൽ തിരക്ക് കുറഞ്ഞിരുന്നില്ല. ഒരു ടാക്‌സി പിടിക്കുക നല്ലൊരു കാര്യമാണ്. എനിക്ക് അന്തേരിയിൽ ഇറങ്ങാം. വെർസോവക്ക് പത്തോ പതിനഞ്ചോ രൂപയെ വരൂ. അത്രയും പണം അവരെ ഏൽപ്പിക്കുകയുമാവാം. ഞാൻ പറഞ്ഞു. 'ശരി.'

ഒരു ടാക്‌സി കിട്ടുന്നതുവരെ സംസാരം തുടരാൻ ഞാൻ തീർച്ചയാക്കി. ഞാൻ ചോദിച്ചു. 'വീട്ടിൽ ആരൊക്കെയുണ്ട്?'

'ഞാനും അമ്മയും മാത്രം. ഒരു മകളുള്ളതിന്റെ കല്യാണം കഴിഞ്ഞു.'

'ഭർത്താവ്?'

'ഉപേക്ഷിച്ചു പോയി.'

'അപ്പോൾ തുണയ്ക്ക് അമ്മ മാത്രം?'

'അതു സാരംല്ല്യ. അതൊരു കണ്ണും ചെവിയും ഇല്ലാത്ത സാധനാണ്. ഒരു ഭാഗത്ത് കിടന്നോളും. നമുക്ക് പോകാം.'

പെട്ടെന്ന് എന്തോ പന്തിയില്ലായ്മ തോന്നി ഞാൻ അവരെ നോക്കി. ഒരു നഗരത്തിൽ താമസിക്കുമ്പോൾ അവിടത്തെ സംസാരഭാഷ പഠിക്കണം. ഇല്ലെങ്കിൽ പ്രശ്‌നമാണ്. അവരെന്താണുദ്ദേശിച്ചതെന്ന് ആലോചിക്കുകയായിരുന്നു ഞാനെന്ന മന്ദബുദ്ധി. അധികനേരം പ്രശ്‌നം വച്ചിരിക്കേണ്ടി വന്നില്ല എനിക്ക്. അവർ ഒന്നുകൂടി അടുത്തേയ്ക്ക് നീങ്ങിനിന്നു. ഇപ്പോൾ അവർ എന്നെ തൊട്ടു തൊട്ടില്ലാ എന്ന മട്ടിലായിരുന്നു. ഞാൻ വല്ലാതായി. ഒരു പതിനായിരം വർഷങ്ങളുടെ ദൈർഘ്യം തോന്നിച്ച പത്തു സെക്കന്റുകളുടെ ഒടുവിൽ അവർ എന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു. 'എനിക്ക് എന്തു തരും? ക്യാ ദോഗെ?'

മുറുകെ പിടിച്ചിരുന്ന ഒരു കൈ തട്ടിമാറ്റിയതും, മുമ്പിൽ നീങ്ങിത്തുടങ്ങിയ ഒരു തിരക്കുള്ള ബസ്സിന്റെ ഫുട്‌ബോർഡിൽ കാലിന്റെ ഒരറ്റം വയ്ക്കാൻ പഴുതു കണ്ടെത്തിയതും അതിലേയ്ക്ക് ചാടി വാതിലിന്റെ വശത്തുള്ള ബാറിൽ കഷ്ടിച്ച് രണ്ടു വിരലുകൾകൊണ്ട് മുറുക്കെ പിടിച്ചതും ഓർമ്മയുണ്ട്. കണ്ടക്ടറുടെ ശകാരം ഞാനത്ര കാര്യമാക്കിയില്ല, കാരണം പിന്നിൽ നിന്ന് വന്നിരുന്ന വാക്കുകൾ അതിലും കഷ്ടമായിരുന്നു.

നീ എവിടെയാണെങ്കിലും എന്ന സമാഹാരത്തില്‍നിന്ന്

ഇ ഹരികുമാര്‍

E Harikumar