എന്റെ ശത്രുക്കളെ സന്തോഷിപ്പിക്കാൻ വേണ്ടി ഒരു കഥ. വളരെ പഴയ കഥയാണ്. എനിക്ക് എട്ടോ പത്തോ വയസ്സു പ്രായം. പൊന്നാനി ന്യൂ എൽപി സ്കൂളിൽ പഠിക്കുന്നു. അതോ എ.വി. ഹൈസ്കൂളിലെത്തിയോ എന്നോർമ്മയില്ല. രണ്ടുസ്കൂളുകളും ഒരേ പരിസരത്താണ്. രണ്ടിനുമിടയിൽ മതിലുപോലുമുണ്ടായിരുന്നില്ല. എൽപി സ്കൂളിന്റെ ഗെയ്റ്റ് ഒരിടവഴിയിലേയ്ക്കാണെങ്കിൽ ഹൈസ്കൂളിന്റേത് പ്രധാന നിരത്തിലേയ്ക്കാണ്. ഗെയ്റ്റിനു മുമ്പിൽ സ്റ്റേഷനറിക്കടകൾ.
പ്രായത്തേക്കാൾ കൂടുതൽ വിവരവും തന്റേടവുമുള്ള ഏട്ടൻ പഠിച്ചിരുന്നത് എന്നേക്കാൾ ഒരു ക്ലാസ്സു മുകളിൽ. എന്റെ അനുജത്തി ഗിരിജയും അവളുടെ താഴെയുള്ള അനുജൻ ഉണ്ണിയും പഠിച്ചിരുന്നത് എന്നേക്കാൾ ഒരു ക്ലാസ്സ് താഴെ. ഈ ഗിരിജയാണെങ്കിൽ വൈകുന്നേരം അച്ഛൻ കോടതിയിൽനിന്നു വരാൻ കാത്തിരിക്കും എന്തെങ്കിലും ഏഷണി കൊളുത്തിക്കൊടുക്കാൻ. അവൾ കാരണം എനിക്കും സതീശേട്ടനും കിട്ടിയിട്ടുള്ള ശകാരങ്ങൾക്ക് കയ്യും കണക്കുമില്ല. ഇനി കഥയിലേയ്ക്കു പ്രവേശിക്കാം.
ഒരു ദിവസം രാവിലെ സകൂളിൽ പോകുമ്പോൾ ഗിരിജയ്ക്ക് പെൻസിൽ വാങ്ങാൻ വേണ്ടി അച്ഛൻ രണ്ടണ തന്നേൽപ്പിച്ചു. ആ രണ്ടണ തരുന്നതുവരെ അച്ഛന്നായിരുന്നു തലേവദന. അതു തന്നുകഴിഞ്ഞേപ്പാൾ ആ തലേവദനയും ഒപ്പം തരികയാണുണ്ടായത്, കാരണം ഗിരിജ സ്കൂളിലെത്തുന്നതുവരെ എനിക്ക് സ്വൈരം തന്നിട്ടില്ല. എന്നിട്ടും ഞാൻ ആ കാര്യം പാടെ മറന്നു. തിരിച്ച് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ഞാൻ പെൻസിൽ വാങ്ങിയിട്ടില്ലെന്ന കാര്യം ഗിരിജ മനസ്സിലാക്കി. അവൾ ഒന്നും മിണ്ടാതെ അച്ഛൻ വരുന്നതും കാത്തിരുന്നു. എന്തോ കാരണവശാൽ അച്ഛൻ നേരം വൈകിയാണ് എത്തിയത്, അപ്പോഴേയ്ക്ക് അവൾ ഉറക്കമായെന്നു തോന്നുന്നു. പിറ്റേന്ന് രാവിലെ അച്ഛൻ വിളിച്ചപ്പോൾ ഒരു ദുഃശ്ശങ്കയും കൂടാതെ ചെല്ലാൻ കഴിഞ്ഞത് അവളുടെ ഈ സ്വഭാവം കാരണമായിരിക്കണം. എന്താണ് പെൻസിൽ വാങ്ങാത്തതെന്ന് ചോദിച്ചേപ്പാൾ ഞാൻ മറന്നുവെന്നു പറഞ്ഞു. പണമെവിടെ എന്നു ചോദിച്ചപ്പോഴാണ് അതിനെപ്പറ്റി ഞാനും ഓർത്തത്. ട്രൗസറിന്റെ കീശയിൽ തപ്പിനോക്കി. ഇല്ല. എവിടെയാണ് വെച്ചതെന്ന് ഒരോർമ്മയും കിട്ടുന്നില്ല. അന്ന് ഇന്നത്തെ മാതിരി സ്കൂൾ ബാഗും മറ്റുമില്ല. കുറെ നേരം എല്ലായിടത്തും തപ്പിനോക്കി. കിട്ടിയില്ല. ഒരു കാര്യം പറഞ്ഞുതരാം ഓർമ്മ ശക്തിക്ക് ഞാനൊരിക്കലും ഒന്നാമനായിരുന്നില്ല. അന്നുമല്ല, ഇന്നുമല്ല.
പിന്നെയുണ്ടായത് അച്ഛന്റെ വക ഭേദ്യമായിരുന്നു. സതീശേട്ടനോട് വടിയെടുത്തു കൊണ്ടുവരാൻ അച്ഛൻ ആജ്ഞാപിച്ചു. അച്ഛന്റെ ആജ്ഞകൾ അതേപടി നിറവേറ്റുന്ന പ്രകൃതക്കാരനാണ് ഏട്ടൻ. അർദ്ധരാത്രി ഡോക്ടറെ വിളിച്ചുകൊണ്ടുവരാനാണെങ്കിലും, ആരെയെങ്കിലും ബസ്സുകയറ്റിവിടാനാണെങ്കിലും പാവം ഏട്ടൻ ടോർച്ചുമെടുത്ത് പോകും. ഞാൻ അങ്ങിനെയൊരു സംഭവം അറിഞ്ഞതേയില്ലെന്ന മട്ടിൽ മൂടിപ്പുതച്ചു കിടക്കുകയും ചെയ്യും. അപ്പോൾ പറഞ്ഞു വന്നത് വടിയുടെ കാര്യമാണ്. ഏട്ടൻ വളപ്പിൽ പോയി ചെമ്പരത്തിയുടെ കമ്പ് ഒടിച്ചുകൊണ്ടുവന്നു. എന്നോട് ട്രൗസർ ഊരാൻ ആജ്ഞാപിച്ചു. പിന്നെ പൊതിരെ അടിയാണ്. ചെമ്പരത്തിയുടെ കമ്പുകൊണ്ട് നഗ്നമായ ചന്തിയിൽ അടി കിട്ടിയാൽ എങ്ങിനെയുണ്ടാവുമെന്നറിയണമെങ്കിൽ അടി കൊള്ളുകതന്നെ വേണം. ഒരു വടി ഒടിഞ്ഞുകഴിയുമ്പോഴേയ്ക്ക് ഏട്ടൻ മറ്റൊരു വടി കൊണ്ടുവരും. എനിക്ക് അടി കൊള്ളട്ടെയെന്ന ഉദ്ദേശ്യമൊന്നുമായിരുന്നില്ല. കർത്തവ്യം നിറവേറ്റുക എന്നു മാത്രമേ എന്റെ ഏട്ടനുണ്ടായിരുന്നുള്ളൂ. അടിയുടെ ഒപ്പം അച്ഛന്റെ ചോദ്യങ്ങളും. നീ ആ പണം കൊണ്ട് എന്തു ചെയ്തു. ഞാൻ ആ പണം കൊണ്ട് ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കൊന്നും പറയാനുമുണ്ടായിരുന്നില്ല. അത് അച്ഛനെ കൂടുതൽ ക്രൂദ്ധനാക്കി. ഞാൻ കളവു പറയുകയായിരുന്നെന്ന് അദ്ദേഹം കരുതി. ഞാൻ എന്തെങ്കിലും വാങ്ങിത്തിന്നുവോ എന്നു ചോദിച്ചതിനും ഞാൻ ഇല്ലെന്നു പറഞ്ഞു. അടി തുടർന്നു. ഒടുവിൽ സഹിക്കവയ്യാതായേപ്പാൾ ഞാൻ പറഞ്ഞു. 'ശരിയാണ്, ഞാൻ മിട്ടായി വാങ്ങിത്തിന്നു. ഇനി അടി നിർത്തിക്കൂടെ?' എനിക്കു വേദനയെക്കാളധികം സങ്കടവും ദ്വേഷ്യവുമായിരുന്നു. ഞാൻ ചെയ്തിട്ടില്ലാത്ത ഒരു തെറ്റിന്നാണ് ശിക്ഷിക്കപ്പെടുന്നത്. പക്ഷേ എന്റെ നിരപരാധിത്വം തെളിയിക്കാൻ എനിക്കു കഴിയുന്നുമില്ല.
മിട്ടായി വാങ്ങിത്തിന്നു എന്നതൊരു നുണയായിരുന്നു. സ്കൂളിനു പുറത്ത് ഒരാൾ ചക്കര മിട്ടായി വിൽക്കാറുണ്ട്. വല്ലപ്പോഴും സ്നേഹിതന്മാർ വാങ്ങിത്തിന്നുമ്പോൾ ഒരെണ്ണം തന്നെങ്കിലായി. അല്ലാതെ ഞാനൊരിക്കലും അതു വാങ്ങിത്തിന്നാറില്ല. എന്തായാലും അച്ഛൻ അടി നിർത്തി. 'ഇത് ആദ്യമേ പറയായിരുന്നില്ലേ' എന്ന പ്രസ്താവനയോടെ. ചുറ്റും കൂടിയവർ പിരിഞ്ഞുപോയി. അമ്മയ്ക്ക് വിഷമമായി. സാധാരണ മട്ടിൽ അച്ഛൻ അടിക്കാറില്ല, ശാസിക്കാറേ ഉള്ളൂ. പക്ഷേ അതുതന്നെ തോലുരിഞ്ഞുപോകുന്നപോലെയാണ്. ഭേദം അടിയാണെന്ന് അമ്മ പറയാറുണ്ട്. (അല്ലെന്ന് ഇനി എനിക്ക് സാക്ഷ്യപ്പെടുത്താം.)
അന്ന് വൈകുന്നേരം സ്കൂൾ വിട്ടു വന്നപ്പോൾ എന്റെ നിരപരാധിത്വം താനെ തളിയിക്കപ്പെട്ടതായറിഞ്ഞു. തിരുമ്പാനായി എന്റെ ട്രൗസർ എടുത്തപ്പോൾ അതിന്റെ കീശയിൽനിന്ന് അമ്മയ്ക്ക് ആ രണ്ടണ നാണയം കിട്ടി. വൈകുന്നേരം സ്കൂൾ വിട്ടു വന്നപ്പോൾ ട്രൗസർ അഴിച്ചിട്ടത് എനിക്ക് ഓർമ്മയുണ്ടായില്ല. അടി കിട്ടിയ അന്നു വൈകുന്നേരം തന്നെ അച്ഛൻ തന്റെ അസിസ്റ്റന്റ്ചന്ദ്രേട്ടന്റെ കയ്യിൽ കൊടുത്തയച്ച ഈത്തപ്പഴം എന്നെ അടിച്ചതിന് പ്രായശ്ചിത്തം ചെയ്തതായിരുന്നു. അതു ഞാൻ മാത്രമല്ല തിന്നത് എന്നത് വേറെ കാര്യം.
അച്ഛൻ അന്നനുഭവിച്ച വേദന ഇന്ന് ഞാൻ മനസ്സിലാക്കുന്നു. അച്ഛൻ അടിച്ചതിന്റെ കാരണവും മനസ്സിലാവുന്നു. നിസ്വനായി ജനിച്ചു നിസ്വനായിത്തന്നെ മരിച്ച അദ്ദേഹം കരുതിവച്ചത് മനുഷ്യരാശിയെപ്പറ്റി കുറേ ശുഭാപ്തി വിശ്വാസം മാത്രമായിരുന്നു. അതിന്നിളക്കം വരുന്ന ഒന്നുംതന്നെ അദ്ദേഹം സഹിച്ചിരുന്നില്ല.