നഷ്ടക്കാരി'യുടെ കാതല്‍

"ഏഴു മണിയ്ക്ക് അപ്പോഴും തീരെ നഷ്ടപ്പെട്ടിട്ടില്ലാത്ത മങ്ങിയ വെളിച്ചത്തിൽ പൂട്ടിന്റെ ദ്വാരം തപ്പിനോക്കി താക്കോലിട്ട് വാതിൽ തുറക്കുമ്പോൾ നിശ ആലോചിച്ചു. ഒരു ദിവസമെങ്കിലും വീട്ടിൽ വരുമ്പോൾ അകത്ത് വെളിച്ചം കണ്ടെങ്കിൽ? നിറയെ ആൾക്കാരുണ്ടായെങ്കിൽ? അറിയാത്തവരായാലും മതി. ബെല്ലടിച്ച് കാത്തു നിൽക്കുമ്പോൾ അവരിലൊരാൾ വാതിൽ തുറന്നാൽ, ദിവസേന സംഭവിക്കുന്ന ഒരു കാര്യംപോലെ അകത്തു കടന്ന് തോളിലിട്ട തുകൽ സഞ്ചിയെടുത്ത് മേശമേൽ വെച്ച് മുറിയുടെ മൂലയിൽ ഇട്ട ഉയരം കുറഞ്ഞ സ്റ്റൂളിലിരുന്ന് കുനിഞ്ഞ് ചെരുപ്പിന്റെ ബക്കിളഴിക്കുമ്പോൾ തീവണ്ടിയിൽ എന്ത് തിരക്കായിരുന്നു എന്ന് പറയാൻ ആരെങ്കിലുമുണ്ടായെങ്കിൽ? അതുമല്ലെങ്കിൽ വരുമ്പോൾ വാതിൽ മലർക്കെ തുറന്നു കിടക്കുന്നതായും അകത്തെ സാധനങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടതായും കണ്ടാൽ മതിയായിരുന്നു. എന്തും, ഇനി അടുത്ത നിമിഷത്തിൽ, തന്നെ വലയം ചെയ്യാൻ പോകുന്ന ഏകാന്തതയേക്കാൾ വളരെ ഭേദമാണ്."

'ഒരു നഷ്ടക്കാരി' എന്ന കഥയുടെ തുടക്കമാണിത്. ഈ തുടക്കത്തിൽത്തന്നെ, ജോലിയെടുക്കുന്ന ഒരു സ്ത്രീയുടെ ഏകാന്തതയും നൈരാശ്യവും എല്ലാറ്റിനുമുപരിയായി ഇതിൽനിന്നെല്ലാമുടലെടുക്കുന്ന സാഹസികതയും കാണാം. ആദ്യത്തെ ഖണ്ഡികയിലെ സ്വീകാര്യതയിൽനിന്ന് തീരെ വ്യത്യസ്തമായ മൂഡിലേയ്ക്ക് രണ്ടാമത്തെ ഖണ്ഡിക ചാടിയത് ശ്രദ്ധിക്കണം. എന്നാൽ ഈ സാഹസികതയ്ക്കുമപ്പുറത്ത് അവൾ ഒരു നഷ്ടക്കാരിയാവുന്ന കഥയാണിത്.

എനിയ്ക്ക് വളരെ അടുപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെയാണ് ഇതിൽ കഥാപാത്രമാക്കിയിരിയ്ക്കുന്നത്. അതുകൊണ്ട് എനിയ്ക്ക് അവളുടെ ഹൃദയത്തുടിപ്പുകൾ നന്നായി അറിയാമായിരുന്നു. അവളുടെ സ്വപ്‌നങ്ങൾ, അഭിലാഷങ്ങൾ, പ്രതീക്ഷകൾ, നിഗൂഢഭയങ്ങൾ എല്ലാംതന്നെ സ്വന്തം ഹൃദയതാളംപോലെ എനിയ്ക്ക് മനപ്പാഠമായിരുന്നു. അവളുടെ ജീവിതത്തിൽ ഒരുവിധത്തിലും ഇഴുകിച്ചേരാത്ത ഭർത്താവ് പ്രസാദിനു നേരെ എതിരായിരുന്നു അവളുടെ ഏതാവശ്യവും മനസ്സിലാക്കുന്ന, ഓരോ നിമിഷവും അവളെ പ്രശംസിച്ചുകൊണ്ടിരിയ്ക്കുന്ന മേലുദ്യോഗസ്ഥൻ അനിൽ. അവൾ തന്റെ അവിവാഹിതനായ ബോസിനെ ഓർത്തു.

'മിസ്സിസ്സ് പ്രസാദ്, നിങ്ങളുടെ ചുണ്ടിലും തലമുടിയിലും ഓരോ പൂ.''
അയാൾ എന്തെങ്കിലും പ്രശംസ ചൊരിയാത്ത ദിവസങ്ങളുണ്ടാവില്ല.

ഇവർക്കു രണ്ടുപേർക്കുമിടയിൽ അവളുടെ ജീവിതം ആപൽക്കരമായി ആടുകയാണ്. ഒരു തട്ടിൽ രക്ഷപ്പെടാനുള്ള വാഞ്ചയും മറുതട്ടിൽ കർത്തവ്യബോധവും, അല്ലെങ്കിൽ പാരമ്പര്യത്തോടുള്ള ബഹുമാനവും, ഭയവും? ഒരു കലാപത്തിന്റെ വക്കത്തെത്തിയതാണ് അവൾ. അവൾ ഒന്നും പറഞ്ഞില്ല. അവളുടെ ഏകാന്തതയെപ്പറ്റി, ഓഫീസിൽനിന്നു വരുമ്പോൾ അവളെ എതിരേൽക്കുന്ന ഇരുണ്ട അപരിചിതരൂപങ്ങളെപ്പറ്റി, അവളെ പിൻതുടരുന്ന അരക്ഷിതത്വത്തെപ്പറ്റി, സ്‌നേഹത്തിനുവേണ്ടിയുള്ള ദാഹത്തെപ്പറ്റി ഒന്നും പറയാൻ പറ്റില്ല. പ്രത്യേകിച്ചും പ്രസാദിനോട്. അയാളോട് സംസാരിക്കുമ്പോൾ വാക്കുകൾ ഇരുണ്ട ഇടനാഴികകളിൽ വവ്വാലുകളെപ്പോലെ അടച്ചിടപ്പെടുന്നു, പുറത്തേയ്ക്ക് വഴിയില്ല. എനിയ്ക്കു വേണ്ടത് ഉത്തരമാണ്. മൗനമല്ല.

രക്ഷപ്പെടലിന്റെ പാതി വഴിയിലെത്തിയ ഈ കലാപകാരി ഒരു നഷ്ടക്കാരിയാവുന്നതാണ് കഥ. കാരണം ഇവിടെ പുരുഷൻ, അവളുടെ ഭർത്താവ്, നിസ്സഹായകഥാപാത്രമായി മാറുകയാണ്. അയാളുടെ മദർ ഫിക്‌സേഷൻ, ലൈംഗികതയിലെ ശേഷിക്കുറവ് എല്ലാം അയാളെ ഭാര്യയുടെ മുമ്പിൽ ദുർബ്ബലനും അനുകമ്പ പ്രതീക്ഷിയ്ക്കുന്ന വ്യക്തിയുമാക്കുന്നു. അനുകമ്പ 'അർഹിക്കുന്ന' എന്നു ഞാൻ കരുതിക്കൂട്ടി എഴുതാതിരുന്നതാണ്, കാരണം ഏതൊരു മനുഷ്യനും സ്വന്തം ജീവിതം, ഇവിടെ ഇണയോടുകൂടിയ ജീവിതം, താറുമാറാകുന്നു എന്നു കാണുമ്പോൾ അതിനെപ്പറ്റി വ്യാകുലപ്പെടേണ്ടതാണ്. അതിനു പകരം ഇവിടെ നിശയുടെ ജീവിതത്തെപ്പറ്റി ഉൽക്കണ്ഠയില്ലെന്നു മാത്രമല്ല അയാൾ നിസ്സംഗനുമാണെന്നത് ആശങ്കയുളവാക്കുന്നു. അങ്ങിനെയുള്ള ഒരു വ്യക്തി ഒരിക്കലും അനുകമ്പ അർഹിക്കുന്നില്ല.

നിശയുടെ ലൈംഗികത, ഉൾത്തട്ടിൽനിന്ന് അരിച്ചരിച്ച് പുറത്തുവരുന്ന സന്ദർഭങ്ങളുണ്ട്. ഓഫീസിൽനിന്ന് വന്ന് വസ്ത്രം മാറി അടുക്കളയിൽ പച്ചക്കറി നുറുക്കിക്കൊണ്ട് ഭർത്താവിന്റെ വരവും പ്രതീക്ഷിച്ചിരിയ്ക്കയാണ് അവൾ. അപ്പോൾ പുറത്തെ വാതിലിൽ താക്കോലിടുന്ന ശബ്ദം കേട്ടു. പെട്ടെന്നവൾ പ്രക്ഷുബ്ധയായി. കത്തിയുടെ പിടിമേൽ കൈമുറുക്കി. താക്കോൽ പൂട്ടിന്റെ ദ്വാരത്തിൽ തിരിയുന്ന ശബ്ദം അവൾ ശ്രദ്ധിച്ചു. ഒരു ക്ലിക് ശബ്ദം. പിന്നെ വാതിൽ തുറക്കുമ്പോൾ ഉണ്ടാകുന്ന കരകര ശബ്ദം. ആൾ അകത്തു കടന്നു. പിന്നിൽ വാതിലടഞ്ഞു. അകത്തു കടന്ന ആളുടെ രൂപത്തെപ്പറ്റി അവൾ ഊഹം നടത്തി. തടിച്ച് കരുത്തനായ ഒരാൾ. താൻ മുമ്പു കണ്ട ആരെങ്കിലുമായിരിക്കുമോ?
.......................................................

കാൽപ്പെരുമാറ്റം സ്വീകരണമുറിയിൽ നിന്ന് ഇടനാഴികയിലൂടെ കിടപ്പറയിലേയ്ക്ക് പോകുന്നതവൾ ശ്രദ്ധിച്ചു. അലകു കൂർത്ത കത്തിയുടെ പിടിമേൽ അവൾ കൈ മുറുക്കി. അയാൾ അവളെ തിരയുകയാണ്. ഇനി വരാൻ പോകുന്നത് അടുക്കളയിലേക്കായിരിക്കും. അയാളുടെ ഉദ്ദേശം വളരെ വ്യക്തമാണ്. ഒരു ശക്തിപരീക്ഷ കഴിഞ്ഞല്ലാതെ തന്നെ ബലാൽസംഗം ചെയ്യാൻ കഴിയില്ല. താൻ പൊരുതാൻ തന്നെ തീർച്ചയാക്കിയിരിയ്ക്കുന്നു. കൈകളുടെ പേശികൾ മുറുകി നിൽക്കുന്നത് അവൾ ശ്രദ്ധിച്ചു.

കാലടി ശബ്ദം കിടപ്പറയിൽനിന്ന് അടുത്തടുത്ത് വന്ന് അടുക്കളയിൽ അവസാനിച്ചു.
അവൾ ഒരു ദീർഘശ്വാസത്തോടെ കത്തി താഴെ വെച്ചു.

പുറത്തെ വാതിലിൽ താക്കോലിടുന്ന ശബ്ദം കേട്ട നിമിഷം നിശയ്ക്ക് അതാരാണെന്ന് മനസ്സിലായിരുന്നു. പക്ഷെ അപ്പോഴേയ്ക്ക് അവളുടെ ഭ്രമകൽപനകൾ തുടങ്ങിയിരുന്നു. അതാകട്ടെ അവളുടെ ലൈംഗികതയോടു ബന്ധപ്പെട്ടിട്ടുള്ളതാണ് താനും. ക്ഷണികമായി അവൾ മറ്റൊരു ലോകത്തെത്തിയെന്നർത്ഥം. ഇതൊരുതരം വിപരീതസ്വഭാവത്തിലുള്ള കല്പനയാണ്. ഉദ്ദേശിക്കുന്നതിനു നേരെ വിപരീതമായാണ് അവൾ കാണുന്ന ഭാവനാചിത്രം. 'കരുത്തനായ ഒരാൾ' എന്നത് അവളുടെ പ്രതീക്ഷയാണ്, ഭയമല്ല. ഒരു സാധാരണ വായനക്കാരൻ ഇത് അവളുടെ ഭയമായി മനസ്സിലാക്കുന്നു, അതിലെ ലൈംഗിക അണ്ടർടോൺ ശ്രദ്ധിക്കുന്നുമില്ല. അങ്ങിനെയല്ലെന്ന് താഴെക്കൊടുത്ത ഖണ്ഡിക തെളിയിക്കുന്നുണ്ട്.

പ്രസാദ് കിടക്കയിൽ കുറച്ചകലെ മറുവശം തിരിഞ്ഞു കിടക്കുകയായിരുന്നു. അയാൾ തിരിഞ്ഞു കിടന്ന് തന്നെ വരിഞ്ഞ് ഭ്രാന്തമായി ചുംബിച്ച് സ്‌നേഹം പ്രകടിപ്പിച്ചെങ്കിലെന്ന് അവൾ ആശിച്ചു. വളരെ ബലാൽക്കാരമായി തന്നെ കീഴ്‌പ്പെടുത്താൻ, തന്റെ വസ്ത്രങ്ങൾ വലിച്ചു ചീന്തിയെറിഞ്ഞ് തന്നെ ഭോഗിക്കാൻ അവൾ മോഹിച്ചു. പക്ഷെ ഇവിടെ അയാൾ നിസ്സംഗനായി.........

ഈ ഖണ്ഡിക സ്വയം സംസാരിയ്ക്കുന്നു, മാത്രമല്ല അവളുടെ ഭ്രമകല്പന മനസ്സിലാക്കാൻ തുണയുമാകുന്നു. മറ്റൊരു പ്രതീകാത്മകബിംബം ഈ കഥയിൽ ആദ്യമൊക്കെ എന്റെ ശ്രദ്ധയിൽ പെടാതെ പോയി. അതു താഴെ കൊടുക്കുന്നു.

"ആട്ട കുഴക്കാന്‍ മാവെടുക്കാൻവേണ്ടി ടിൻ താഴേയ്ക്കു വെച്ചപ്പോഴാണവൾ കണ്ടത്. ഒരു എട്ടുകാലി. മെലിഞ്ഞ നീണ്ട കാലുകൾ. നടുവിൽ ഒരു കടുകുമണിയോളം പോന്ന ഉടൽ. അവൾ പെട്ടെന്ന് പേടിയും അറപ്പും കൂടിയ ഒരു ശബ്ദം പുറപ്പെടുവിച്ചു.
അവൾക്ക് ഒരു കൂറയെ (പാറ്റയെ) ചൂലുകൊണ്ട് അടിച്ചു കൊല്ലാം. പക്ഷെ എട്ടുകാലി! അതു വയ്യ.
എട്ടുകാലി ഒരു സ്പ്രിംഗിനു മുകളിൽ വെച്ചപോലെ ഉയരുകയും, താഴുകയുമായിരുന്നു. കുറച്ചകലെ നിന്ന് അവൾ അതു വീക്ഷിച്ചു.
അതിനൊന്ന് നടന്നു പൊയ്ക്കൂടെ? ഇല്ലെങ്കിൽ ഞാൻ റൊട്ടി ഉണ്ടാക്കിയില്ലെന്നേ വരൂ.
ഭാഗ്യത്തിന് എട്ടുകാലി അതിന്റെ സ്പ്രിംഗ് നൃത്തം അവസാനിപ്പിച്ച് നടക്കാൻ തുടങ്ങി.
കുറച്ചുകൂടി അടുത്തു വന്ന് അവൾ അതിന്റെ ഗതി വീക്ഷിച്ചു. ടിന്നിന്റെ അരുകിലൂടെ അത് ഇറങ്ങി നിലത്തുകൂടെ നീണ്ട കാലുകൾ വെച്ച് അരിച്ച് ചുമരിൽ കയറുന്നത് അവൾ ആശ്വാസത്തോടെ നോക്കി.
ഞാൻ എന്തിനാണ് എട്ടുകാലികളെ ഭയപ്പെടുന്നത്? അവളാലോചിച്ചു.
ഒരു പക്ഷെ അവയുടെ നീണ്ട കാലുകൾ കാരണമായിരിയ്ക്കും.
ഒരു എട്ടുകാലി ദേഹത്തിലാസകലം അരിച്ചുനടക്കുകയും തനിക്കതിനെ എടുത്തു മാറ്റാൻ പറ്റാതിരിയ്ക്കുകയും ചെയ്യുന്ന ഒരവസ്ഥ അവളുടെ ദുഃസ്വപ്‌നങ്ങളിലൊന്നായിരുന്നു."

മേലാകെ അരിച്ചു നടക്കുന്ന എട്ടുകാലി എന്ന ഈ ബിംബത്തിന്റെ അർത്ഥം എനിയ്ക്കു ഒരു വെളിപാടായി കിട്ടിയത് ഏഴു കൊല്ലത്തിനു ശേഷം 1980-ൽ 'ബസ്സു തെറ്റാതിരിയ്ക്കാൻ' എന്ന കഥയെഴുതിയപ്പോഴാണ്. ഈ രണ്ടു കഥകളിലും പുരുഷകഥാപാത്രങ്ങൾക്ക് സമാനസ്വഭാവമാണുള്ളത്. ആ കഥയിൽനിന്നൊരുദ്ധരണി താഴെ കൊടുക്കുന്നു.

"ഒന്ന് മയങ്ങിയപ്പോൾ പെട്ടെന്ന് എന്തോ സ്വർശിക്കുന്നതറിഞ്ഞ് അവൾ ഞെട്ടിയുണർന്നു. അത് ഗോപിയുടെ കയ്യുകളാണെന്ന് അവൾക്കു മനസ്സിലായി. അയാൾ അവളുടെ അരക്കെട്ടിൽ കൈ വെച്ചതായിരുന്നു. അവൾ ഉറക്കമുണർന്നത് അറിയിക്കാതിരിക്കാൻ സാധാരണ മട്ടിൽ ശ്വാസം കഴിച്ച് അനങ്ങാതെ കിടന്നു. ഗോപി കൈ അവളുടെ അരക്കെട്ടിൽ വെച്ച് കുറെ നേരത്തേയ്ക്ക് അനങ്ങാതെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൈകൾ ഇളകാൻ തുടങ്ങി. പതുക്കെ മുകളിലേയ്ക്ക്. ബ്ലൗസിന്റെ കുടുക്കുകളിൽ വിരലുകൾ തടഞ്ഞുനിന്നു. ആശയുടെ ശ്വാസം ദ്രുതഗതിയിലായി. അവൾ അനങ്ങാൻ ധൈര്യമില്ലാതെ കിടക്കുകയായിരുന്നു. തനിയ്ക്കുവേണ്ടി ഒരു ബലൂൺ വീർപ്പിയ്ക്കുന്നത് ശ്വാസമടക്കി നോക്കി നിൽക്കുന്ന ഒരു ചെറിയ കുട്ടിയെപ്പോലെ. വീണ്ടും അഞ്ചു മിനിറ്റു നേരത്തേയ്ക്ക് അനക്കമില്ല. പിന്നെ വീണ്ടും അയാളുടെ വിരലുകൾ ചലിക്കാൻ തുടങ്ങി. പെട്ടെന്നവൾ അറിയാതെ അനങ്ങിപ്പോയി. അതോടെ ഗോപി കൈ പിൻവലിക്കുകയും ചെയ്തു. അവൾ പതുക്കെ വിളിച്ചു.
''ഗോപി.''
അനക്കമില്ല.
അവൾ ഒരിക്കൽക്കൂടി വിളിച്ചുനോക്കി.
അയാൾ ഉറങ്ങിയ മട്ടിൽ ശ്വാസം കഴിക്കുകയായിരുന്നു. അവൾക്ക് പെട്ടെന്ന് സങ്കടമായി. അവൾ ശബ്ദമില്ലാതെ കരഞ്ഞു. ഗോപിയുടെ പെരുമാറ്റം വളരെ വിചിത്രമായി അവൾക്കു തോന്നി. ചെയ്യാൻ പാടില്ലാത്ത ഒന്നു ചെയ്യുന്നപോലെ."

മേലാസകലം അരിച്ചുനടക്കുന്ന എട്ടുകാലികൾ. അവ നൂറ്റാണ്ടുകളായി, ഒരുപക്ഷേ സഹസ്രാബ്ദങ്ങളായി സ്ത്രീകളെ പീഡിപ്പിച്ചുകൊണ്ടിരിയ്ക്കയാണ്. അതവരുടെ ഉപബോധമനസ്സിന്റെ അന്തരാളങ്ങളിൽ ഒരു ഭീഷണിയായി, പ്രലോഭനമായി, പ്രതീക്ഷയായി പാർത്തുകൊണ്ടിരിയ്ക്കയാണ്. നമുക്ക് 'ഒരു നഷ്ടക്കാരി' എന്ന കഥയിലേയ്ക്കു തിരിച്ചു പോകാം. ഗോതമ്പുപൊടിയിട്ട ടിന്നിനു മുകളിൽ കണ്ട എട്ടുകാലിയെപ്പറ്റി അവൾ പ്രസാദിനോട് പറഞ്ഞു.
''ആട്ടയിട്ടുവച്ച ടിന്നിന്മേൽ ഒരു എട്ടുകാലിയുണ്ടായിരുന്നു.'' അവൾ പറഞ്ഞു. ''വളരെ മെലിഞ്ഞ ഒരെട്ടുകാലി.''
പ്രസാദ് ചുമരിന്മേലും, തട്ടിന്മേലും കണ്ണോടിച്ചു പറഞ്ഞു.
''ഇപ്പോൾ കുറെ ദിവസായി മരുന്നടിച്ചിട്ട്. ഈ ഞായറാഴ്ച ചെയ്യണം.''
പ്രസാദിന്റെ പ്രതികരണം സാധാരണപോലെ നിരാശാവഹമായിരുന്നു.
അയാൾ കൂടുതൽ വല്ലതും പറയുമെന്ന്, തന്റെ ഭയങ്ങളെ അകറ്റാൻ ശ്രമിയ്ക്കുമെന്ന് അവൾ പ്രത്യാശിച്ചു.
എന്നിട്ട് എന്തു ചെയ്തു എന്ന ചോദ്യമുണ്ടായാൽ അവൾക്ക് കൂടുതൽ പറയാമായിരുന്നു.
തനിയ്ക്ക് എട്ടുകാലികളെ എന്തു പേടിയാണെന്ന്,
വൈകുന്നേരം ഓഫീസിൽ നിന്നു വരുമ്പോൾ വീട്ടനകത്തു ചൂഴ്ന്നുനിൽക്കുന്ന ജീവനുള്ള വസ്തുക്കളെപ്പറ്റി,
തന്റെ നിഗൂഢഭയങ്ങളെപ്പറ്റിയെല്ലാം പറയാമായിരുന്നു. പക്ഷെ ഈ ഉത്തരം എല്ലാ വാതിലുകളും അടച്ചിട്ടു.

ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ അവൾ അച്ഛനെ ഓർക്കുന്നു. അച്ഛനോടാണ് ഇതു പറഞ്ഞതെങ്കിൽ അദ്ദേഹം ചോദിക്കുമായിരുന്നു.
'എന്നിട്ടോ മോളെ, എന്തുണ്ടായി?'
പ്രസാദിന്റെ ഉത്തരങ്ങൾ കൂടുതൽ സംസാരത്തെ നിരുത്സാഹപ്പെടുത്തുന്നതാണ്. അതുപോലെ രണ്ടുപേരും കൂടെ ചപ്പാത്തിയുണ്ടാക്കുമ്പോൾ നിശ അവളുടെ ബോസ് അനിൽ തരാമെന്നു പറഞ്ഞ കള്ളിച്ചെടിയെപ്പറ്റി പറഞ്ഞു. മറുപടിയൊന്നുമുണ്ടായില്ല. അല്പനേരം കാത്തശേഷം അവൾ വീണ്ടും തുടർന്നു. അത് അപൂർവ്വം കാണുന്ന ചെടിയാണെന്നും മറ്റും. വീണ്ടും മറുപടിയൊന്നുമില്ല. അവൾക്ക് നിരത്തിലൂടെ നടക്കുമ്പോൾ പെട്ടെന്ന് നഗ്നയാവുന്നപോലെ തോന്നുകയാണ്.

എന്താണ് ഈ മനുഷ്യന്റെ മനസ്സിൽ? മിണ്ടാതിരുന്നാൽ മറ്റുള്ളവർക്ക് എന്താണ് മനസ്സിലാവുക? ഈ നിശ്ശബ്ദത ഞാൻ വെറുക്കുന്നു. പ്രസാദിന് വേറെ എന്തു വേണമെങ്കിലും ചെയ്യാം. ലഹള കൂട്ടാം. അനിലിനെ ഇഷ്ടമല്ലെന്നു പറയാം. ആ കള്ളിച്ചെടി ഗട്ടറിലേയ്ക്കു വലിച്ചെറിയാൻ പറയാം. ചപ്പാത്തിപ്പലകയും, റോളറും വലിച്ചെറിഞ്ഞു ദേഷ്യം പ്രകടിപ്പിയ്ക്കാം. എന്തും ഈ മൂകതയേക്കാൾ, നിർവ്വികാരതയേക്കാൾ ഭേദമാണ്. ഇതു മനസ്സിലാക്കാൻ ഇത്ര പ്രയാസമാണോ?

അവൾ പ്രസാദിനോട് സംസാരിക്കുന്നത് വളരെ വ്യക്തമായ ഭാഷയിലാണ്. അതിനുള്ള ഉത്തരമില്ലാത്തതിനാൽ അയാൾ മൗനംകൊണ്ട് രക്ഷാമാർഗ്ഗങ്ങളുണ്ടാക്കുകയാണ്. മൗനം ഒരു വൃത്തികെട്ട അടവാണ്. എതിരാളിയെ നിലംപരിശാക്കാൻ പുരുഷനും സ്ത്രീയും ഉപയോഗിക്കുന്ന ഏറ്റവും നികൃഷ്ടമായ വിദ്യ. പക്ഷെ അത് പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനു പകരം പർവ്വതീകരിയ്ക്കുകയാണ് ചെയ്യുന്നത്. എല്ലാം കഴിഞ്ഞാലോ?

അയാളിൽ വലിയ ഭാവഭേദമൊന്നുമില്ല. ദ്വേഷ്യത്തിന്റെ ഒരു ലാഞ്ചനയെങ്കിലും കണ്ടാൽ എത്ര നന്നായിരുന്നു. ഈ നിർവ്വികാരത സഹിക്കാൻ പറ്റുന്നില്ല. താൻ മുമ്പിൽവെച്ച് ബലാൽസംഗം ചെയ്യപ്പെടുന്നതു കണ്ടാലും ഒരുപക്ഷേ ഇതേ നിർവ്വികാരതയായിരിയ്ക്കും മുഖത്ത്. എത്ര അനിശ്ചിതമാണ്, എത്ര അരക്ഷിതമാണ് ഈ ജീവിതം?

''അടുക്കളയുടെ ജനൽ അടച്ചില്ലെ?'' അയാൾ ചോദിച്ചു.
ഇതെല്ലാം സ്ഥിരം വാചകങ്ങളാണ്.
'ഫാൻ എത്രയിലാണ് ഇട്ടിരിക്കണത്?....'
'പാൽക്കുപ്പി വെച്ചില്ലെ?'
മടുപ്പുണ്ടാക്കുന്ന നിത്യവാചകങ്ങൾ. അവയിൽ സ്‌നേഹമില്ല. കർത്തവ്യം മാത്രമേയുള്ളു.

നിശയുടെ കലാപവും ഇതിനെതിരെയാണ്. സ്‌നേഹമില്ലാത്ത കർത്തവ്യം. കലാപം പക്ഷെ അവസാനംവരെ കൊണ്ടുപോകാൻ കഴിയാതിരുന്നത് അവളുടെ മാത്രം നഷ്ടമല്ല, അവളെപ്പോലുള്ള ലക്ഷോപലക്ഷം സ്ത്രീകളുടെ നഷ്ടമാണ്, ശാപമാണ്."

ഈ കഥയിൽ നിന്ന് ഒരു കാര്യത്തിൽ വ്യത്യസ്തമാണ് 'ബസ്സു തെറ്റാതിരിയ്ക്കാൻ' എന്ന കഥയിലെ ആശ. അവൾക്ക് ബൗദ്ധികമായൊരു പശ്ചാത്തലമുണ്ട്, അതുകൊണ്ടുളവാകുന്ന ധൈര്യവും. 'ഒരു നഷ്ടക്കാരി'യിലെ നിശ ഒരു നഷ്ടക്കാരിയാവുമ്പോൾ 'ബസ്സു തെറ്റാതിരിയ്ക്കാൻ' എന്ന കഥയിലെ ആശ നല്ലൊരു ജീവിതത്തിലേയ്ക്കുള്ള ബസ്സു തെറ്റാതിരിയ്ക്കാൻ വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽത്തന്നെ ഭർത്താവിനെ ഉപേക്ഷിച്ചു പോകുകയാണ്. 'നഷ്ടക്കാരി' സ്വന്തം കരുത്ത് ഉപയോഗിക്കാൻ മടിക്കുന്നിടത്ത് 'ബസ്സു തെറ്റാതിരിയ്ക്കാൻ' ഓടുന്ന ആശ വരുംവരായ്കകളെപ്പറ്റി ആലോചിക്കാതെത്തന്നെ ഒരു തീരുമാനമെടുക്കുകയാണ്. കാരണം അവൾക്ക് ഒരു ജീവിതം രക്ഷിക്കേണ്ടതുണ്ട്. സ്വന്തം ജീവിതം.

''നീ എങ്ങോട്ടാണ് യാത്ര?'' അമ്മായിയമ്മയുടെ ചോദ്യം.

''വീട്ടിലേയ്ക്ക്.''

''അങ്ങിനെ ഇടയ്ക്കിടയ്ക്ക് വീട്ടിലേയ്ക്ക് പോവാനൊന്നും പറ്റില്ല.'' അവർ തുടർന്നു. ''നീയല്ലെ ഒരു മാസം മുമ്പ് പോയി വന്നത്?''

''ഞാനെന്റെ വീട്ടിലേയ്ക്കാ പോണത്.'' ആശ പറഞ്ഞു.

''ഒന്നുംല്ല്യെങ്കിൽ ആൾക്കാരെന്താ വിചാരിക്ക്യാ?'' അമ്മായിയമ്മ വീണ്ടും.

''കല്യാണം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ ഭാര്യ ഭർത്താവിന്റെ വീട്ടിൽ നിന്ന് പോവ്വാണെങ്കിൽ....''

ആശ കുറച്ചുറക്കെത്തന്നെ പറഞ്ഞു. ''അതിന്റെ കാരണൂം ആൾക്കാർ ശരിയ്ക്കുതന്നെ ധരിയ്ക്കും.''

ബൗദ്ധികമായി ഉയർന്ന തട്ടിലുള്ള മറ്റൊരു സ്ത്രീകഥാപാത്രം എന്റെ 'കോമാളി' എന്ന കഥയിലുണ്ട്. ('വൃഷഭത്തിന്റെ കണ്ണ്' എന്ന സമാഹാരം) ഓഫീസിൽ ഉയർന്നു വരാനായി കഠിനാദ്ധ്വാനം ചെയ്യുന്ന സുഗതൻ എന്ന എക്‌സിക്യൂട്ടീവിന്റെ കഥയാണിത്. ഇത് കുറെയൊക്കെ എന്റെ സ്വന്തം കഥയാണെന്നു പറയാം. ഭാര്യ മായ അയാളെ ഓരോ നിമിഷവും അതിനെതിരായി താക്കീതു ചെയ്യുന്നുണ്ട്. ഒരു തത്വജ്ഞാനിയ്ക്കു മാത്രം ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് വെറുമൊരു വീട്ടമ്മയായ മായ ചെയ്യുന്നത്. അതു കേൾക്കാൻ അയാൾ തയ്യാറായില്ല. ഫലമോ അയാൾ സ്വയം ഒരു കോമാളിയായി മാറുന്നു.

മായ പറയാറുണ്ട്. ''സുഗതൻ, നീ വിട്ടം താങ്ങുന്ന ഗൗളിയാണെന്ന് എപ്പോഴാണ് മനസ്സിലാക്കുക? ഒരു ദിവസം കസ്റ്റമേഴ്‌സ് ടെലിഫോൺ ചെയ്യുമ്പോൾ നിന്നെ കിട്ടിയില്ലെങ്കിൽ എന്താണുണ്ടാവുക? അവർ പിറ്റെ ദിവസം വീണ്ടും വിളിയ്ക്കും. അപ്പോഴും കിട്ടിയില്ലെങ്കിൽ പിറ്റേന്ന് വീണ്ടും വിളിയ്ക്കും. എന്തുകൊണ്ട് നിനക്ക് ലീവെടുത്ത് രണ്ടു ദിവസം വീട്ടിലിരുന്നുകൂടാ? ഇക്കണക്കിന് നീയൊരു ഞരമ്പുരോഗിയായി മാറും.''

മായയ്ക്കു മനസ്സിലാവാത്ത പലതും ഒരാഫീസിലുണ്ട്. അധികാരതൃഷ്ണ, മത്സരം. ഇതൊരു മ്യൂസിക്കൽ ചെയർ കളിയാണ്. എപ്പോഴും മുമ്പിലുള്ള കസേരയിൽ കണ്ണുവെച്ചേ ഓടാവൂ. അല്ലെങ്കിൽ സംഗീതം നിൽക്കുമ്പോൾ സാമർത്ഥ്യമുള്ളവർ കസേരകളെല്ലാം തട്ടിയെടുക്കും.

കോമാളിയിലെ പുരുഷകഥാപാത്രത്തെ മോഡലാക്കിയത് എന്നെത്തന്നെയായിരുന്നു, മായ എന്റെ ഭാര്യയും. ഞാൻ പറയാൻ പോകുന്നത് 'കോമാളി' എന്ന കഥയിലെ സ്ത്രീകഥാപാത്രത്തെപ്പറ്റിയാണ്. മായ ഒരു ബുദ്ധിജീവിയായത് വിദ്യാഭ്യാസം കൊണ്ടുമാത്രമാവണമെന്നില്ല. അവളുടെ ചിന്തകളുടെ ഫലവും കൂടിയാണ്. ലൈംഗികതയെപ്പറ്റി അവളുടെ അഭിപ്രായങ്ങൾ വളരെ ആധുനികവും ഉദാരവുമാണ്.

കുളിമുറിയിൽനിന്നും പുറത്തു കടന്നപ്പോൾ അയാൾ പശ്ചാത്തപിച്ചു. ഞാനെന്തിനിതു ചെയ്തു? എന്തായിരുന്നു അതിന്റെ ആവശ്യം? മായ അയാൾക്ക് ഇപ്പോഴും ഒരു ലഹരിയായിരുന്നു. പിന്നെ എന്തിന് അവളെക്കാൾ ഒട്ടും സുന്ദരിയല്ലാത്ത ഒരു സ്ത്രീയുടെ, അതും വേശ്യയുടെ അടുത്തു പോയി? അയാൾ മായ പറയാറുള്ളത് ഓർത്തു.

''നിനക്ക് വേറൊരു പെണ്ണിന്റെ ഒപ്പം കിടക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ ചെയ്തുകൊള്ളു. ഒരു മാറ്റം നല്ലതുതന്നെയാണ്. പക്ഷെ വേശ്യകളുടെ അടുത്ത് പോകരുത്. അവർക്ക് വൃത്തിയുണ്ടാവില്ല. പിന്നെ രോഗങ്ങളുമുണ്ടായേക്കാം.''

വളരെ ഉന്നതതലത്തിലുള്ള ആധുനികചിന്താഗതിയുള്ള ഒരു സ്ത്രീയ്‌ക്കേ ഇതു പറയാൻ പറ്റു. മാത്രമല്ല ഇങ്ങനെ പറയണമെങ്കിൽ സ്വന്തം കഴിവിൽ അത്രമാത്രം വിശ്വാസവും വേണം. ഭർത്താവ് തന്റെ അടുത്തേയ്ക്കു തന്നെ തിരിച്ചുവരുമെന്ന് ഉറപ്പാക്കണമെങ്കിൽ അപാരമായ ആത്മവിശ്വാസമോ അല്ലെങ്കിൽ ഭർത്താവിന്റെ കഴിവുകേടിൽ അത്രയധികം ഉറപ്പോ ഉണ്ടാവണം. ജീവിതത്തിന്റെ മടുപ്പിൽനിന്ന് രക്ഷപ്പെടാൻ ഒരു കുറുക്കുവഴിയായിട്ടു മാത്രമേ മായ ഇതു പറഞ്ഞിട്ടുണ്ടാവൂ, അല്ലാതെ ഒരു സ്ത്രീയെ സ്‌നേഹിച്ചുകൊണ്ട് അവളുമായി കിടക്ക പങ്കിടലല്ല. എന്റെ പല കഥകളിലും ആവർത്തിച്ചു വന്നിട്ടുള്ള കാര്യമാണിത്. ഒരു സ്ത്രീയുമായി കിടക്ക പങ്കിടണമെങ്കിൽ അവളുമായി സ്‌നേഹത്തിലാവണം. അതു പോലെ ഒരാൾക്ക് ഒന്നിലധികം പേരെ സ്‌നേഹിക്കാം. അതു മനസ്സിലാക്കാത്തതുകൊണ്ടാണ് പല കലഹങ്ങളുമുണ്ടാകുന്നത്. പറയാൻ എളുപ്പമാണ്. ഇതു സമ്മതിച്ചുതരുന്ന ഒരു സ്ത്രീയെ ഞാൻ കാണാനിരിയ്ക്കുന്നതേയുള്ളു. മായ എന്തായാലും ആ വകുപ്പിൽ പെടുന്നില്ല. പുരുഷന്റെ ജനിതകഗ്രന്ഥത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഒരു സ്വഭാവവിശേഷമായിരിക്കണം അത്. അവന്റെ സൗകര്യത്തിനായി ദൈവം തമ്പുരാൻ ഏർപ്പാടാക്കിയിട്ടുള്ള ഒരു പ്രത്യേക മാനസികാവസ്ഥാവിശേഷം. ദൈവം എന്നും ആദാമിന്റെ ഭാഗത്തായിരുന്നു.

എന്റെ സ്ത്രീകള്‍ എന്ന സമാഹാരത്തിലെ ലേഖനം