വർഷങ്ങൾക്കു മുമ്പ്, ഞാൻ ജോലിയെടുത്തിരുന്ന ഓഫീസിന്റെ അടുത്ത കെട്ടിടത്തിൽ ജോലിചെയ്യുന്ന ഒരു ആംഗ്ലോഇന്ത്യൻ പെൺകുട്ടിയെ പരിചയപ്പെടുവാനിടയായി. പേര് റോസ്. ബസ്‌സ്റ്റോപ്പിൽനിന്നുള്ള പരിചയമാണ്. അവൾ വാതോരാതെ സംസാരിക്കും. സംസാരത്തിൽ തമാശകൾ ഉതിർന്നു വീഴും, ഒപ്പംതന്നെ അവൾ പൊട്ടിച്ചിരിക്കുകയും ചെയ്യും. ബാന്ദ്രയായാൽ അവൾ ഇറങ്ങിപ്പോകും. എനിക്കിറങ്ങേണ്ടത് സാന്താക്രൂസിലാണ്.
അങ്ങിനെയിരിക്കുമ്പോൾ അവളെ ബസ്‌സ്റ്റോപ്പിൽ കാണാതായി. ഒരാഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ ചോദിച്ചു. 'എവിടെയായിരുന്നു?' മറുപടിയായി അവൾ അവളുടെ ജീവിതത്തെപ്പറ്റി ആദ്യമായി പറഞ്ഞുതന്നു. അവൾ കല്യാണം കഴിച്ചത് മൂന്നു വർഷം മുമ്പാണ്. ഭർത്താവിന് ജോലിയൊന്നുമില്ല. ഒരിക്കൽപ്പോലും ഒരു ജോലി എടുത്തിട്ടുമില്ല. പ്രേമവിവാഹത്തിന്റെ ഒരു ദുരന്തനായികയായിരുന്നു അവൾ. ഭർത്താവിന് ജോലിയില്ലെന്നു മാത്രമല്ല ഒരുപാട് ദുഃശ്ശീലങ്ങളുണ്ട് താനും. അതിനുള്ള പണം അവൾ കൊടുക്കണം. കൊടുത്തില്ലെങ്കിൽ ഉപദ്രവിക്കും. അവൾ ഒരു കെമിക്കൽ കമ്പനിയിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുകയാണ്. ഇത്രയും കഷ്ടപ്പാടുകൾക്കിടയിലും അവൾ ചിരിക്കുന്നു! അപ്പോൾ പറഞ്ഞുവന്നത്, ഭർത്താവ് ആശുപത്രിയിലാണ്. കരളിന്റെ മുക്കാൽ ഭാഗവും രോഗം കാർന്നു തിന്നിരിക്കുന്നു. നാളെ ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ ആയിരം രൂപയെങ്കിലും വേണം. അത്രയും പണം തന്ന് സഹായിക്കണം. തിരിച്ചു ഗഡുക്കളായി തരാമെന്ന് ഉറപ്പു തരുന്നു.
ഞാൻ കുറച്ചു വിഷമത്തിലായി. എന്റെ കയ്യിൽ തൽക്കാലം പണമുണ്ട്. പക്ഷേ കൊടുക്കണോ? രാത്രി ഏറെ നേരം ആലോചിച്ചു കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ കൊടുക്കേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തത്. പക്ഷേ പത്തുമണിക്ക് റോസ് ഫോൺ ചെയ്തപ്പോൾ ഞാൻ 'വരൂ, തരാം' എന്നാണ് പറഞ്ഞത്.
ആ ശനിയാഴ്ച അവൾ രാവിലെത്തന്നെ എന്റെ ഓഫീസിൽ വന്ന് രാത്രിഭക്ഷണത്തിന് വീട്ടിൽ ചെല്ലാൻ ക്ഷണിച്ചു. 'ഭാര്യ വീട്ടിലില്ലല്ലൊ, അപ്പോൾ പുറത്തുനിന്നുതന്നെയല്ലേ ഭക്ഷണം, എന്തായാലും വരണം.' അവളുടെ ശബ്ദത്തിൽ നന്ദി നിറഞ്ഞുനിന്നിരുന്നു. ആ സമയത്ത് പക്ഷേ എന്റെ മനസ്സിൽ അത്രതന്നെ വിശുദ്ധമല്ലാത്ത ചിന്തകളായിരുന്നു. അവൾ എന്തിനാണ് എന്നെ രാത്രിഭക്ഷണത്തിന് ക്ഷണിച്ചത്? എട്ടുമണി കഴിഞ്ഞാൽ ഇപ്പോഴും ഭർത്താവിന് ബോധമുണ്ടാവില്ലെന്ന് അവൾ തലേന്നുകൂടി പറഞ്ഞിരുന്നു. റോസ് ഭംഗിയുള്ള സ്ത്രീയായിരുന്നു. ഞാനാകട്ടെ ഏകദേശം ഒരു മാസമായി ഭാര്യയിൽനിന്നകന്നു നിൽക്കയും. ഞാൻ ഏഴ്, എട്ടു മണിയോടെ എത്തിക്കൊള്ളാമെന്ന് ഏറ്റു.
അവൾ തന്ന വിലാസം തേടി എത്തിയത് ബാന്ദ്രയിലെ അനേകം ഗലികൾക്കൊന്നിൽ ചേരികൾ എത്തുന്നതിനു മുമ്പുള്ള ഒരു പഴയ വീട്ടിലായിരുന്നു. ഒരു വശത്തു മുഴുവൻ ഉയരത്തിലുള്ള ഭംഗിയുള്ള കെട്ടിടങ്ങൾ, മറുവശത്ത് കുടിലുകളുടെ പരപ്പ്. രണ്ടിനുമിടയിൽ നോക്കുകുത്തിപോലെ ഈ ഓടിട്ട വീട്. ഞാൻ കരുതിക്കൂട്ടി വൈകി എത്തി. റോസിന്റെ ഭർത്താവ് ഊൺമേശക്കു മുമ്പിലിട്ട കസേലയിൽ ഇരിക്കുന്നു. മുമ്പിൽ കുപ്പിയും ഗ്ലാസ്സും. കുപ്പി കഴിയാറായിരിക്കുന്നു. അയാൾ എന്നെ കണ്ടപ്പോൾ കൈ നീട്ടിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. വിഫലമായ ആ ശ്രമം ഉപേക്ഷിച്ച് അയാൾ കസേലയിൽത്തന്നെ വീണു. എനിക്കു വിഷമം തോന്നി. ഞങ്ങൾ ഭക്ഷണത്തിനു മുമ്പിലിരുന്നു. അയാൾ ഒന്നും കഴിക്കുന്നില്ല. ഇത്രയധികം വിസ്‌കി അകത്താക്കിയ ശേഷം ഒന്നും കഴിക്കാതെ ഉറങ്ങാൻ പോകും. കരൾ മാത്രമല്ല കുടൽകൂടി കത്തിയെരിഞ്ഞില്ലെങ്കിലല്ലെ അദ്ഭുതമുള്ളൂ. ഒരൊമ്പതു മണിയോടെ റോസ് ഭർത്താവിനെ താങ്ങിപ്പിടിച്ച് അകത്തു കൊണ്ടുപോയി കിടത്തി തിരിച്ചുവന്നു. 'നിങ്ങൾ കുറച്ചുനേരം പാട്ടു കേൾക്കൂ. ഞാനൊന്ന് കുളിച്ചു വരാം.' അവൾ മേശപ്പുറത്തുള്ള ടേപ്പ് റെക്കോർഡർ ഓണാക്കി. പാട്ടു കേൾക്കുന്നതിനിടയിൽ ഞാൻ എന്റെ ഭാവനയും ഓണാക്കി.
ഞാൻ ഭാവനയിൽ കണ്ടപോലെത്തന്നെ അവൾ കുളിമുറിയിൽ നിന്ന് പുറത്തുകടന്ന് തലമുടി കെട്ടിക്കൊണ്ട് ഞാനിരുന്ന സോഫയുടെ നടുവിലായി വന്നിരുന്നു. അടുത്തല്ല, അകലത്തുമല്ല. ആ ഇരുത്തത്തിൽ പക്ഷേ അടുപ്പമുണ്ടായിരുന്നു. ടാൽക്കം പൗഡറിന്റെ സൗമ്യമായ വാസന. അവളുടെ ഉദ്ദേശ്യമെന്താണെന്ന് തീർച്ചയാക്കാനെന്നപോലെ ഞാൻ എന്റെ കൈകൾ അവൾക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. 'നേരം വൈകി, ഞാൻ പോട്ടെ?' അവൾ ആ കൈ അവളുടെ കൈയ്യിലൊതുക്കി പതുക്കെ അമർത്തി. 'എന്താണ് ധൃതി?' എന്റെ ഉള്ളിൽ കാമത്തിന്റെ നുരകൾ പതഞ്ഞു പൊന്തുകയാണ്.
പെട്ടെന്നാണ് അകത്തുനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ഞാൻ കൈ പിൻവലിച്ച് അവളെ ഒരു ചോദ്യത്തോടെ നോക്കി. 'എന്റെ മോനാണ്.' അവൾ എഴുന്നേറ്റ് അകത്തേയ്ക്കു പോയി ഉറക്കച്ചടവിൽ അന്ധാളിച്ച മുഖമുള്ള ഒരു കുട്ടിയെ എടുത്തുകൊണ്ടുവന്നു. ഒന്നര, രണ്ടു വയസ്സായിട്ടു ണ്ടാകും. ഓമന മുഖം. 'അങ്കിളിന് ഹായ് പറയൂ.' അവൻ എന്നെ ഒന്നു നോക്കി വീണ്ടും അമ്മയുടെ തോളിൽ അമർന്നു. 'ഞാനിവനെ ഉറക്കിയിട്ടു വരാം....'
റോസിന് കുട്ടിയുണ്ടെന്ന് അവളിതുവരെ എന്നോട് പറഞ്ഞിട്ടില്ല. ഞാനൊട്ട് ചോദിച്ചതുമില്ല. പക്ഷേ റോസിന്റെ ആ വരവ് എന്നെ ഉലച്ചു. അവൾ അമ്മയാണ്. പെട്ടെന്ന് എനിക്കു ലജ്ജ തോന്നി. ഞാൻ പകൽ മുഴുവൻ ഭാവനയിൽ കണ്ടിരുന്നതെല്ലാം, ഞാൻതന്നെ എഴുതിയ ഒരു തിരക്കഥ ചിത്രമാക്കുന്ന കണിശത്തോടെ സംഭവിച്ചപ്പോൾ എനിക്കു വിഷമമാവുകയാണ്. റോസ് അവളുടെ സന്മസ്സുകാരണം, അവളുടെ പ്രവർത്തികൾ കൊണ്ട് എനിക്കു നന്ദി പറയുകയാണ്. ഞാൻ എന്റെ നിഴൽപൂണ്ട മനസ്സിന്റെ പ്രേരണമൂലം അത് ചൂഷണം ചെയ്യാനൊരുങ്ങുകയുമായിരുന്നു. എനിക്ക് സ്വയം നിന്ദ തോന്നി. അവൾ ഉടനെത്തന്നെ പുറത്തു കടന്നപ്പോൾ കണ്ടത് പോകാനൊരുങ്ങി നിൽക്കുന്ന എന്നെയാണ്.
'ഇത്ര വേഗം?'
ഞാൻ നീട്ടിയ കൈകൾ ഗ്രഹിക്കുമ്പോൾ അവളുടെ മുഖത്ത് നന്ദി എന്ന വികാരമായിരുന്നു.