വളരെ കുട്ടിക്കാലത്ത് ഞാൻ താമസിച്ചിരുന്ന വീട്ടിനുചുറ്റും വയലുകളായിരുന്നു. നീണ്ടു കിടക്കുന്ന വയലുകൾ. അവയ്ക്ക മുകളിൽ ആകാശം. ഈ വയലുകളുടെ പച്ചപ്പും വിശാലതയും ആകാശത്തിന്റെ നീലിമയും ആഴവും എന്റെ മനസ്സിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇവയിൽ കാലാവസ്ഥ വരുത്തുന്ന മാറ്റങ്ങൾ. മഴക്കാലം, കുളങ്ങളും തോടുകളും കവിഞ്ഞൊഴുകി വയലുകൾ മൂടിക്കിടക്കുന്ന ജലപ്പരപ്പ്, വീതികുറഞ്ഞ വരമ്പുകൾക്കിടയിൽ ശക്തിയായി കുത്തിയൊഴുകുന്ന തോടുകൾ. അവയിൽ നീന്തിക്കളിക്കുന്ന പരൽമീനുകൾ. കുട്ടിക്കാലത്ത് സ്ക്കൂളിൽ പോകുമ്പോൾ കൊച്ചുകാലുകൾ കൊണ്ട് ചാടിക്കടക്കാൻ പ്രയാസമായ ഈ തോടുകൾ എന്നിലുണ്ടാക്കിയിരുന്ന ഭയവും സംഭ്രമവും ഇന്നും എനിക്കോർമയുണ്ട്. പാടങ്ങൾ ഉഴുമ്പോൾ ഉയർന്നുവന്ന ചെളിഗന്ധം, നെല്ലിൻവിത്തുകൾ മുളപൊട്ടി കൂമ്പുകൾ വരുന്നത്, കാറ്റിൽ ഓളം തല്ലുന്ന പച്ചപ്പ്, മഴക്കു ശേഷം പറമ്പിൽ മുളച്ചുണ്ടാകുന്നതും സൃഷ്ടിയുടെ അത്ഭുതപ്രതിഭാസമായി എനിക്കു തോന്നിയിട്ടുള്ളതുമായ അനേകം സസ്യങ്ങൾ, മറ്റു ജീവജാലങ്ങൾ. പ്രകൃതിയായിരുന്നു എന്റെ കൂട്ടുകാരി. അവളുടെ വിശാലതയും സൗന്ദര്യവും എന്നെ ഒരു കവിയാക്കാൻ പോന്നവയായിരുന്നു.
ഓർമവെച്ചനാൾ മുതൽ വീട്ടിൽ കവിതയുണ്ടായിരുന്നു. കവിതാ പുസ്തകങ്ങൾ, അച്ഛനും അമ്മയും മൂളിപ്പാടിയിരുന്ന കവിതാശകലങ്ങൾ. എന്റെ വല്യമ്മമാരുടെ മക്കൾ അച്ഛന്റെ കവിതകൾ ഉറക്കെ വായിച്ചിരുന്നത് എനിക്കോർമ്മയുണ്ട്. വീട്ടിൽ ജിയുടെയും വൈലോപ്പിള്ളിയുടെയും വള്ളത്തോളിന്റെയും മറ്റു പല കവികളുടെയും കവിതാ പുസ്തകങ്ങളുണ്ടായിരുന്നു. വായിക്കാറായപ്പോൾ അവയിൽ ചില കവിതകൾ വായിക്കുകയും ആ കവിതകൾക്ക് പ്രകൃതിയോടുണ്ടായിരുന്ന അടുപ്പം കണ്ട് അത്ഭുതപ്പെടുകയും ആഹ്ലാദിക്കുകയും ചെയ്തിട്ടുണ്ട്. ഉള്ളൂരിന്റെയും കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകൾ അമ്മ കുട്ടിയായിരിക്കുമ്പോൾ നോട്ടു പുസ്തകങ്ങളിൽ എഴുതിവെച്ചിരുന്നത് അലമാരിയിൽ പുസ്തകങ്ങൾക്കു വേണ്ടി പരതുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്. അമ്മയ്ക്ക് കവിതയോടുള്ള അഭിനിവേശം അത്ര കടുത്തതായിരുന്നു. മുപ്പതുകളുടെ അവസാനത്തിലും നാല്പതുകളിലും അമ്മ കഥകളും കവിതകളും എഴുതിയിരുന്നു. ചില കഥകളും കവിതകളും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കവിത പ്രകൃതിയുടെ ഒരു പ്രതിഫലനമാണെന്നു തോന്നി. ആദ്യമായി പെൻസിലെടുത്ത് ഒരു കവിത എഴുതാനുള്ള പ്രചോദനവും അതുതന്നെയായിരിക്കണം. പക്ഷേ, എന്തുകൊണ്ടോ ഞാൻ കവിതയിൽ ഉറച്ചുനിന്നില്ല. കഥകളെഴുതാനാണ് തുടങ്ങിയത്. വിശ്വസാഹിത്യത്തിന്റെ ഒരു നല്ല ശേഖരവും വീട്ടിലുണ്ടായിരുന്നു. ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് ഞാൻ പാവങ്ങൾ വായിച്ചത്. എന്നെ വളരെയധികം സ്വാധീനിച്ച ഒരു പുസ്തകമായിരുന്നു അത്. വിശ്വസാഹിത്യത്തോടുള്ള അടുപ്പം മാത്രമല്ല ഗുണനിലവാരത്തെപ്പറ്റി അച്ഛന്റെ കർശനമായ നിയന്ത്രണവും എന്നെ നല്ല സാഹിത്യം രചിക്കുവാൻ പ്രേരിപ്പിച്ചു. കഥയെഴുതിയാൽ അച്ഛനെ കാണിക്കുകയാണ് പതിവ്. അച്ഛൻ കഥകളെ നിശിതമായി വിമർശിച്ചു. എങ്ങിനെ മാറ്റിയാലാണ് കഥ നന്നാവുക എന്ന് നിർദ്ദേശിച്ചു. കഥകൾ ഒന്നിലധികം പ്രാവശ്യം മാറ്റിയെഴുതുകയും അച്ഛനെ കാണിക്കുകയും വേണ്ടിയിരുന്നു. മാറ്റിയെഴുതാൻ പറഞ്ഞ കഥ മാറ്റിയെഴുതാതിരുന്നാൽ അച്ഛന് ഇഷ്ടമാവാറില്ല. കഥയെഴുതിയാൽ അച്ഛനെ കാണിക്കുക എന്ന പതിവ് പതിനേഴാം വയസ്സിൽ കൽക്കത്തയിലേക്കു പോയിട്ടും തുടർന്നു. കഥയെഴുതി അച്ഛന്നയച്ചുകൊടുത്താൽ മറുപടി കിട്ടുന്നവരെയുള്ള ദിവസങ്ങൾ വളരെ അക്ഷമങ്ങളായിരുന്നു.
ഇത്രയധികം പ്രോത്സാഹനങ്ങൾ കിട്ടിയിട്ടും ഞാൻ വളരെ കുറച്ചു കഥകൾ മാത്രം എഴുതി. കൊല്ലത്തിൽ ഒരു കഥ അല്ലെങ്കിൽ രണ്ട്. ഒരു കഥപോലും എഴുതാത്ത കൊല്ലങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു കഥ വാരികയിൽ പ്രസിദ്ധപ്പെടുത്തിയാൽ അച്ഛന്റെ കത്തുണ്ടാവും. ഒരു കഥ വെളിച്ചം കണ്ടാലെ വേറൊരു കഥ എഴുതൂ എന്ന നിർബന്ധമുണ്ടെങ്കിൽകൂടി വേറൊരു കഥ എഴുതേണ്ട സമയമായി, എന്നിട്ടും ഞാൻ എഴുതിയില്ല. കഥ മനസ്സിന്റെ ഉള്ളിൽ നിന്നു വരേണ്ടിയിരുന്നു. പലപ്പോഴും കഥ മുഴുവൻ രൂപത്തിൽ മനസ്സിൽ വന്നാലും ഞാൻ പേനയെടുക്കാറില്ല. കഥ മനസ്സിലുണ്ടാക്കിയ ചിത്രം കണ്ട് ഞാൻ തൃപ്തനായിരുന്നു.
എന്റെ ജീവിതത്തിലെ ഒരു വലിയ ദുരന്തമായി ഞാൻ കണക്കാക്കുന്നത് പതിനേഴാം വയസ്സിൽ ജോലി അന്വേഷിച്ച് നാടുവിടേണ്ടിവന്നതാണ്. പിന്നെ നാടിനോടും അതോടൊപ്പം പ്രകൃതിയോടും തന്നെയുണ്ടായിരുന്ന എല്ലാ ബന്ധവും വിച്ഛേദിക്കേണ്ടിവന്നു. പ്രകൃതി എന്തെന്നറിയുംമുമ്പേ അതിനോട് വിട ചൊല്ലേണ്ടിവന്നു. മുലകുടി നിർത്തുംമുമ്പ് തള്ളമരിച്ചുപോയ കുഞ്ഞിനെപ്പോലെയായി ഞാൻ. ഞാൻ പോയത് കൽക്കത്തയിലേക്കായിരുന്നു. വളരെ വിശാലവും വൈചിത്ര്യം നിറഞ്ഞതുമായ ആ നഗരത്തിലുള്ള താമസം എന്റെ മനസ്സിനെ വളരെ വിശാലമാക്കി. പ്രകൃതി നഷ്ടപ്പെട്ട എനിക്ക് അറിവിന്റെ വിശാലമായ ലോകം ആ മഹാനഗരം തുറന്നുതന്നു. ഒരു നഷ്ടത്തിന് ഒരു നേട്ടം. പക്ഷേ, ആ നേട്ടം എനിക്കു സംഭവിച്ച കോട്ടംവെച്ചുനോക്കുമ്പോൾ നിസ്സാരമായിരുന്നു. എന്റെ അച്ഛന്റെ വളർന്നുവന്ന വളക്കൂറുള്ള മണ്ണിൽ, ഗ്രാമീണാന്തരീക്ഷത്തിൽ, ബുദ്ധിയുറക്കാൻ തുടങ്ങിയ കാലത്തു വളരാനും വികസിക്കാനും എനിക്കു കഴിയാതെ പോയി.
ആരേ പോയ പുകിൽക്കീ പാട-
ത്തരിമയോടാരിയൻ വിത്തിട്ടു
എന്നീ വരികൾക്കു സമമായ ഒരു വാചകം എഴുതിയുണ്ടാക്കാൻ എന്നെക്കൊണ്ടാവില്ലെന്ന ദുഃഖസത്യം അവശേഷിക്കുന്നു. ഞാൻ ഒരു നാഗരീക സാഹിത്യകാരനായി വളർന്നു വരികയായിരുന്നു.
ആയിടയ്ക്കാണ് ഞാൻ ചിത്രകലയുമായി അടുത്തത്. ഞാൻ ഒമ്പതിൽ പഠിക്കുമ്പോഴാണ് ടി. കെ. പത്മിനി എന്ന ഒരു കുട്ടി വീട്ടിൽ താമസിക്കാൻ വരുന്നത്. ശ്രീ. നമ്പൂതിരിയുടെ കീഴിൽ ചിത്രകല പഠിക്കുകയായിരുന്നു ലക്ഷ്യം.
ഞങ്ങൾ പത്മിനിയേട്ത്തി എന്നു വിളിച്ചിരുന്ന ആ കുട്ടിക്ക് എന്തിനാണ് നമ്പൂതിരിയുടെ ശിഷ്യത്വം എന്ന് എനിക്കുതോന്നാറുണ്ടായിരുന്നു. കാരണം അത്രയധികം തന്മയത്വത്തോടു കൂടി അവർ ചിത്രം വരച്ചിരുന്നു. അവർ അനായാസേന വരച്ചിരുന്ന പ്രകൃതിദൃശ്യങ്ങൾ ഞാൻ രഹസ്യമായി കോപ്പി ചെയ്തുനോക്കി. തീരെ തൃപ്തികരവും ആശാവഹവുമല്ലാത്ത ഫലം നോക്കി ഞാൻ വിഷണ്ണനായി ഇരുന്നിട്ടുണ്ട്. ചില ചിത്രങ്ങൾ പത്മിനിയേട്ത്തിയുടെ കൈയിൽ കിട്ടുകയും എന്നെ പ്രോത്സാഹിപ്പിക്കാനായി അവർ നല്ല അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ടെങ്കിലും ഞാൻ വര തുടങ്ങുകയുണ്ടായില്ല. കേരളത്തിന് അങ്ങിനെ ഒരു വലിയ ചിത്രകാരൻ നഷ്ടപ്പെട്ടു!
പത്മിനിയേട്ത്തി വഴിക്കാണ് ചിത്രകലാരംഗവുമായി ഞാൻ അടുത്തത്. അവർ മദ്രാസ് കോളേജ് ഓഫ് ആർട്‌സിൽ പഠിക്കുവാൻ തുടങ്ങി. കൽക്കത്തയിൽ നിന്ന് ആണ്ടിലൊരിക്കൽ ലീവിൽ വരുമ്പോൾ ഞാൻ കോളേജ് ഓഫ് ആർട്‌സിൽ ഏതാനും മണിക്കൂറുകൾ തങ്ങാറുണ്ട്. പത്മിനിയേട്ത്തിയുടെ കൂട്ടുകാരനായ കെ. ദാമോദരൻ (പിന്നീട് ഇദ്ദേഹം പത്മിനിയേട്ത്തിയെ വിവാഹം ചെയ്തു) മുത്തുകോയ, സി.എൻ. കരുണാകരൻ, വിശ്വനാഥൻ, ഹരിദാസ്, ജയപാലപണിക്കർ മുതലായവരെ അവിടെവച്ച് പരിചയപ്പെട്ടു. ചിത്രപ്രദർശനങ്ങൾ, ആർട്ട് ഗ്യാലറികൾ എന്നിവ എന്റെ നിത്യസന്ദർശന കേന്ദ്രങ്ങളായി. ആധുനിക ചിത്രങ്ങളുടെ പൊരുൾതേടി ഞാൻ എത്തിയത് കൽക്കത്തയിലെ നാഷണൽ ലൈബ്രറിയിലായിരുന്നു. ഇത്രയും വലിയൊരു ഗ്രന്ഥശേഖരം ഞാൻ മുമ്പു കണ്ടിരുന്നില്ല. അവിടെവെച്ചാണ് ലോകത്തിലെ പല ഉത്തമ ചിത്രകാരന്മാരുടെയും ശില്പികളുടെയും സൃഷ്ടികളുമായി പരിചയപ്പെടാൻ ഇടയായത്. അതൊരു മതിമയക്കുന്ന അനുഭവമായിരുന്നു. ഞാൻ ഉന്മത്തനായി. ഒഴിവുദിവസങ്ങൾ മുഴുവൻ ലൈബ്രറിയിൽ ചെലവഴിച്ചു. അവിടെ മലയാളം വിഭാഗം തലവനായിരുന്ന ശ്രീ കെ.എം. ഗോവിയെ ഞാൻ ഇന്നും നന്ദിപൂർവ്വം ഓർക്കുന്നു.
ചിത്രകലയുമായുള്ള എന്റെ ബന്ധം എന്റെ ആദ്യകാല കഥകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കൂറകൾ എന്ന സമാഹാരത്തിലെ ഒട്ടുമുക്കാലൂം കഥകളും ചിത്രകലയോട് അടുത്തു നില്ക്കുന്നവയായിരുന്നു. പ്രത്യേകിച്ചും മധുവിധു എന്ന കഥ. ഒരു ചിത്രം എന്ന നിലയ്ക്കല്ലാതെ ഒരു കഥ എന്ന നിലയ്ക്ക് അതിന്റെ നിലനില്പ് വളരെ അപകടം പിടിച്ചതായിരുന്നു.
ചിത്രകലയുടെ സ്വാധീനത്തിൽ നിന്ന് കുതറിയോടാൻ ഏകദേശം പത്തുകൊല്ലമെടുത്തു. ബോധപൂർവമല്ലാത്ത ആ പലായനത്തിലൂടെ എന്റെ കഥകൾ കൂടുതൽ പൂർണതയെത്തുന്നതായി എനിക്കു തോന്നി. ഒരുപക്ഷേ ഒരു സമ്പൂർണ്ണ ചിത്രം വരയ്ക്കാൻ ഒരുങ്ങുന്ന ചിത്രകാരൻ ആദ്യം വരച്ചുണ്ടാക്കുന്ന നിരവധി സ്‌കെച്ചുകൾ പോലെയായിരിക്കണം എന്റെ ആദ്യകാല കഥകൾ.
ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചുവന്നത് മലയാള മനോരമയിലായിരുന്നു. എന്റെ കഥകൾ പ്രസിദ്ധീകരണയോഗ്യമാണെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. പിന്നെ അത്ഭുതമെന്നു തോന്നാം കഥകൾ പ്രസിദ്ധപ്പെടുത്തിക്കാണാൻ വലിയ തിടുക്കമോ ആവേശമോ എനിക്ക് അന്നുമുണ്ടായിരുന്നില്ല. പേരെടുത്ത ഒരു കവിയുടെ മകനെന്ന നിലയ്ക്ക് ഇത് കുറച്ച് അസ്വാഭാവികവും അവിശ്വസനീയവുമായി തോന്നിയേയ്ക്കാം. ഞാൻ തിരുത്താൻ വേണ്ടി അയച്ചുകൊടുത്ത കഥകളിലൊന്ന് അച്ഛൻ പി.സി.യമ്മാവന് (ഉറൂബ്) അയച്ചു കൊടുത്തു. നിലവാരമുള്ള കഥയാണെന്നു തോന്നിയിട്ടായിരിക്കണം, പി.സി.യമ്മാവൻ ഉടനെ അച്ഛന് മറുപടി എഴുതി ഇവനെ കാര്യമായി എടുക്കേണ്ട സമയമായിരിക്കുന്നു. ഞാൻ ഈ കഥ വർഗീസ് കളത്തിലിന് അയച്ചുകൊടുക്കാം. മഴയുള്ള ഒരു രാത്രിയിൽ എന്ന കഥയായിരുന്നു അത്.
എന്റെ സാഹിത്യപരിശ്രമങ്ങളെപ്പറ്റി പി.സി.യമ്മാവന് അറിയാമായിരുന്നു. കഥകളെഴുതി ത്തുടങ്ങിയപ്പോൾ ഞാൻ അത്യാർത്തിയോടെ വായിച്ചിരുന്നത് പി.സി.യമ്മാവന്റെയും ടി.പത്മനാഭന്റെയും കാരൂരിന്റെയും, പൊറ്റെക്കാട്ടിന്റെയും കോവിലന്റെയും കഥകളായിരുന്നു. എം.ടി.യും മാധവിക്കുട്ടിയും പിന്നീടാണ് വന്നത്. അവർ കൂടി വന്നപ്പോൾ മലയാള ചെറുകഥാരംഗം തികച്ചും സമ്പൂർണമായെന്ന തോന്നൽ എനിക്കുണ്ടായി.
ആയിടയ്ക്ക് ഞാൻ എഴുതിയ ഒരു കഥ അച്ഛൻ നിശിതമായി വിമർശിച്ചു. ഒരു ഭ്രാന്തന്റെ ജല്പനങ്ങളെപ്പറ്റിയായിരുന്നു കഥ. കഥ നന്നായില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചുകൊണ്ട് അച്ഛൻ പറഞ്ഞു. ഒരു ഭ്രാന്തൻ നമ്മെ ചിരിപ്പിച്ചെന്നിരിക്കും. പക്ഷെ ഒരു വായനക്കാരന്റെ ഉള്ളിൽ കൊള്ളുന്നത് അയാൾ നമ്മെ കരയിക്കുന്നതായിരിക്കും. ഇരുട്ടിന്റെ ആത്മാവിൽ എം.ടി. എന്താണ് ചെയ്തിരിക്കുന്നതെന്ന് നോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു തീം കഥാകൃത്തിന്റെ കൈയിൽ ഉത്തമകലയായി മാറുന്ന അത്ഭുതം നോക്കി പഠിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കണ്ണീർക്കണം; അതുണ്ടാക്കാൻ കഴിഞ്ഞാലേ സാഹിത്യകാരൻ ജയിക്കൂ. ഇരുട്ടിന്റെ ആത്മാവും എന്റെ ആ കഥയുമായി യാതൊരു താരതമ്യവുമില്ലായിരുന്നു. ഞാനാ കഥ കീറിക്കളഞ്ഞു.
ഉറൂബിന്റെയും ടി.പത്മനാഭന്റെയും എം.ടിയുടെയും മാധവിക്കുട്ടിയുടെയും കഥാപാത്രങ്ങൾ എന്നിൽ മായാതെ കിടക്കുന്നു.
ശ്രീ വർഗീസ് കളത്തിൽ എനിക്ക് നേരിട്ട് കത്തെഴുതി. കഥ വളരെ നന്നായെന്നും മനോരമയിൽ കൊടുക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും. തുടർന്ന് രണ്ട് വർഷങ്ങളിലായി രണ്ട് കഥകൾകൂടി മനോരമയ്ക്കയച്ചു കൊടുത്തു. മാതൃഭൂമിയിൽ ആദ്യമായി കഥ വന്നത് 1965ൽ ആണ്. ഉണക്കമരങ്ങൾ എന്ന കഥ. കൂറകൾ എന്ന കഥയ്ക്ക് ശേഷമാണ് പരീക്ഷണത്തിന്റെ കാലഘട്ടം തുടങ്ങിയത്. ചിത്രകലയുടെ സ്വാധീനമുണ്ടെന്ന് ഞാൻ അവകാശപ്പെടുന്ന കഥകൾ. നവീനതയെ പ്രോത്സാഹിപ്പിക്കുന്ന എം.ടി. ആ കഥകൾ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെട്ടു.
അറുപതുകളുടെ ആരംഭത്തിലാണ് ഞാൻ ഹെമിംഗ്‌വേ, ട്രുമാൻ കപോട്ടി, സ്റ്റിൻബെക്ക്, ഗുന്തർഗ്രസ്സ്, പിരന്തലോ എന്നീ സാഹിത്യകാരന്മാരുടെ കൃതികളുമായി പരിചയപ്പെടുന്നത്. ഇവരിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഹെമിംഗ്‌വേ ആയിരുന്നു. ഒരു ചെറുകഥാകൃത്തെന്ന നിലയിൽ അദ്ദേഹത്തിനുള്ള സ്ഥാനം മറ്റാർക്കും കൊടുക്കാൻ കഴിയുന്നില്ല. കഥയിൽ സ്റ്റൈൽ എന്ന മാനം വേണമെന്ന് ഹെമിംഗ്‌വേ കഥകളാണ് എന്നെ മനസ്സിലാക്കിച്ചത്. അദ്ദേഹത്തിന്റെ മെൻ വിത്തൗട്ട് വിമൻ എന്ന കഥാസമാഹാരം ഒരു ബൈബിളായി ഞാൻ കൊണ്ടുനടന്നിരുന്നു.
എന്റെ സ്വന്തം അനുഭവങ്ങൾ മാത്രമല്ല ഞാൻ കഥയാക്കുന്നത്. നേരിട്ട് പരിചയമുള്ളവരുടെ അനുഭവങ്ങൾ, കേട്ട സംഭവങ്ങൾ എല്ലാം കഥയ്ക്ക് വിഷയമാവുന്നു. എന്റേതായിട്ടുള്ള രൂപവും ഭാവവും നല്കുന്നുവെന്നു മാത്രമേയുള്ളൂ. എന്റേതായിട്ടുള്ള ദർശനം കഥാപാത്രങ്ങളിൽ അടിച്ചേല്പിക്കരുതെന്നുണ്ട് എനിക്ക്. വളരെ ആത്മാംശമുള്ള കഥകളിൽ മുഖ്യകഥാപാത്രത്തിന് എന്റെ ജീവിതവീക്ഷണം കിട്ടിക്കൂടെന്നില്ല. അതൊഴിവാക്കാൻ പറ്റാത്തതുമാണ്.
വായനക്കാർ എന്റെ കഥകളെ പൊതുവെ നന്നായി സ്വീകരിച്ചിട്ടുണ്ട്. പക്ഷേ പലപ്പോഴും അത് തീരെ ശ്ലാഘനീയമായി തോന്നാത്ത അവസരങ്ങളുണ്ടായിട്ടുണ്ട്. എന്റെ കഥയുടെ ദ്വന്ദഭാവമാണതിനു കാരണം. ഒപ്പം തന്നെ ആഴത്തിൽ പോകാൻ മടികാണിക്കുന്ന വായനക്കാരന്റെ ഉദാസീനതയും. കഥയുടെ പരപ്പ് കണ്ട് ആഹ്ലാദഭരിതരാവുകയും പരപ്പിൽ നീന്തിക്കളിച്ച് സംതൃപ്തിയടയുകയുമാണ് പലരും ചെയ്യുന്നത്. കഥകളുടെ ആഴത്തിലേയ്ക്ക് മുങ്ങാങ്കുളിയിടുകയും അവിടെ ഒളിപ്പിച്ചുവെച്ച മുത്തുകൾ വാരിയെടുക്കുകയും ചെയ്യുന്ന ചുരുക്കം ചിലർ മാത്രമേ എന്റെ കഥകളോട് നീതിപുലർത്തുന്നുള്ളു. എനിക്ക് ആത്മസംതൃപ്തി നല്കുന്നുള്ളു.
ശ്രീപാർവ്വതിയുടെ പാദം എന്ന കഥയിൽ ഗൃഹാതുരത്വം മാത്രം കണ്ട് പലരും ആസ്വദിച്ചിട്ടുണ്ട്. ഞാൻ ഊന്നൽ കൊടുത്തതാകട്ടെ ഇന്ന് വളരെ അപൂർവമായി കാണുന്നതും ഒരു പക്ഷേ ഒന്നോ രണ്ടോ തലമുറകൾ കൂടി കഴിയുമ്പോഴേയ്ക്ക് തീരെ ഇല്ലാതായേക്കാവുന്നതുമായ സ്നേഹം എന്ന വികാരത്തിനാണ്. സ്നേഹം എന്ന വികാരം എന്നെ വല്ലാതെ ആകർഷിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിൽ മാത്രമല്ല, മൃഗങ്ങളോടും ചെടികളോടും അതായത് പ്രകൃതിയിലെ സകല ചരാചരങ്ങളോടും ഉള്ള സമന്വയവും സ്‌നേഹവും .
സാഹിത്യകാരൻ സ്വതന്ത്രനാവണം. അയാൾ രാഷ്ട്രീയപാർട്ടികളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ പ്രചാരകനാകരുത്. പ്രചാരകനാകുക എന്നതിനർത്ഥം സ്വന്തം യുക്തിയും സ്വാതന്ത്ര്യവും പണയംവെയ്ക്കുക എന്നതാണ്. ഇതു രണ്ടും പണയംവെച്ച് ഒരാൾക്ക് നല്ല സാഹിത്യകാരനാകാൻ പറ്റില്ല. ഞാൻ കഥയെഴുതുന്നത് എന്റെ ആത്മസാക്ഷാത്കാരത്തിന് മാത്രമാണ്. സംതൃപ്തിക്കു വേണ്ടിയാണ്. അല്ലാതെ സമുഹം നന്നാവാനോ ഒന്നുമല്ല. പക്ഷെ എന്റെ കഥകൾ വായിച്ച് ഒരു മനുഷ്യനെങ്കിലും സംസ്‌കാരസമ്പന്നനായിട്ടുണ്ടെങ്കിൽ എനിക്ക് സന്തോഷവും സംതൃപ്തിയുമുണ്ടാകും. മറിച്ച് ഒരു മനുഷ്യൻ ചീത്തയായിട്ടുണ്ടെങ്കിൽ അത് വേദനാജനകവുമാകും. അതുകൊണ്ട് ഏതു കഥാബീജം കിട്ടിയാലും കടലാസെടുത്ത് എഴുത്ത് തുടങ്ങുന്നതിന് മുമ്പ് ആ കഥയുടെ ധാർമ്മികനിലനില്പിനെപ്പറ്റി, ആ കഥ സംസ്‌കൃതിയോ കാടത്തമോ ഉണ്ടാക്കാൻ പോകുന്നതെന്ന് ഞാൻ അന്വേഷിക്കാറുണ്ട്. കാടത്തമാണ് ഫലം എന്നറിഞ്ഞാൽ ഞാൻ ആ കഥ എഴുതില്ല. അത്രയും വിവേചന ബുദ്ധി എല്ലാ എഴുത്തുകാർക്കും വേണമെന്നാണ് എന്റെ പക്ഷം.