ഞാൻ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിച്ചുകൂട്ടിയത് ഒരു പ്രവാസിയായിട്ടായിരുന്നു. തൊള്ളായിരത്തി അറുപതിൽ കൽക്കത്തയ്ക്കു വണ്ടി കയറി തൊള്ളായിരത്തി എൺപത്തിമൂന്നിൽ തിരിച്ചു നാട്ടിലേയ്ക്കു വന്നു. അതിനിടെ കൽക്കത്തയിൽ ഒമ്പതുകൊല്ലവും ദില്ലിയിൽ രണ്ടുകൊല്ലവും ബോംബെയിൽ പതിനൊന്നു കൊല്ലവും ജീവിച്ചു. എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം കടന്നുപോയത് ഈ മൂന്നു മഹാനഗരങ്ങളിലൂടെയാണ്. എന്റെ സാഹിത്യജീവിതത്തെ സാരമായി സ്വാധീനിച്ചതും ഈ നഗരവാസമായിരുന്നു. കൽക്കത്തയിൽ താമസിക്കുമ്പോഴാണ് എന്റെ ആദ്യ കഥകൾ പ്രസിദ്ധീകരിച്ചുവന്നത്. ആദ്യത്തെ മൂന്നു കഥകൾ മലയാള മനോരമയിലും പിന്നീടുള്ള കഥകൾ മാതൃഭൂമിയിലും. എഴുത്തിന്റെ കാര്യത്തിൽ വളരെ പിശുക്കു കാട്ടിയതു കാരണം കൽക്കത്തയിലെ താമസക്കാലത്ത്, അതായത് ഒമ്പതു കൊല്ലംകൊണ്ട് ഞാൻ എഴുതിയത് 'കൂറകൾ' എന്ന ഒരു ചെറിയ പുസ്തകത്തിലേക്കുള്ള കഥകൾ മാത്രമായിരുന്നു. വർഷത്തിൽ കഷ്ടിച്ചൊരു കഥ മാത്രം. എനിക്ക് അതുകൊണ്ടുണ്ടായ നഷ്ടം പറഞ്ഞറിയിക്കാൻ വയ്യ. നിരന്തരം കഥകളെഴുതി വായനക്കാരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടാലേ നമ്മൾ ശ്രദ്ധിക്കപ്പെടുകയുള്ളൂ.
ബോംബെയിൽ എന്നെ സംബന്ധിച്ചിടത്തോളം അജ്ഞാതവാസം തന്നെയായിരുന്നു. പക്ഷേ, കൽക്കത്തയിൽ ഏതാനും എഴുത്തുകാർ സ്‌നേഹിതന്മാരായി ഉണ്ടായിരുന്നു. അതുപോലെ ദില്ലിയിലും. കെ.പി. നിർമ്മൽകുമാർ, സി. ചന്ദ്രശേഖരൻ, എം.പി. പണിക്കർ (മാതൃഭൂമിയിൽ ബംഗാളി സിനിമകൾ റിവ്യു ചെയ്തിരുന്നത് ഇദ്ദേഹമായിരുന്നു) തുടങ്ങിയവർ അന്ന് കൽക്കത്തയിലുണ്ടായിരുന്നു.
ദില്ലിയിൽ ഞാനും മുകുന്ദനും താമസിച്ചിരുന്നത് സൗത്ത് എക്സ്റ്റൻഷനിൽ അടുത്തടുത്തായിരുന്നു. മുകുന്ദനും ശ്രീജയും ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാറുണ്ട്. ഞങ്ങൾ അങ്ങോട്ടും. ഞാൻ കല്യാണം കഴിച്ചുവന്ന ദിവസം നല്ല തണുപ്പുണ്ടായിരുന്നു. ലളിതയ്ക്ക് കമ്പിളിവസ്ത്രങ്ങളൊന്നും വാങ്ങിയിരുന്നില്ല. രാത്രി മുകുന്ദന്റെ വീട്ടിലായിരുന്നു ഭക്ഷണം. അതുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നല്ല തണുപ്പ്. അപ്പോൾ ശ്രീജയാണ് അവളുടെ സ്വറ്റർ ഇടാൻ കൊടുത്തത്.
ദില്ലിയിൽ ഒ.വി. വിജയൻ, സി. രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, കെ. കുഞ്ഞികൃഷ്ണൻ, കഥാകൃത്ത് കെ. ബാലകൃഷ്ണൻ മുതലായവരെയെല്ലാം സ്ഥിരം കാണാറുണ്ടായിരുന്നു. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് ഒത്തുചേരാറുമുണ്ടായിരുന്നു.
പക്ഷേ, ബോംബെയിൽ താമസിച്ചിരുന്ന കാലത്ത് എന്തുകൊണ്ടോ എനിക്ക് അവിടുത്തെ സാഹിത്യകാരന്മാരുമായി ഒരുവിധത്തിലുള്ള ബന്ധങ്ങളുമുണ്ടായിരുന്നില്ല. അക്കാലത്ത് ഞാൻ ഒരുപാടു കഥകളെഴുതി. എല്ലാം ബോംബെ പശ്ചാത്തലമാക്കിയുള്ളവ. ഒരു പ്രവാസിയുടെ ഗൃഹാതുരത്വം നിറഞ്ഞവയായിരുന്നു മിക്കതും. കലാകൗമുദിയുടെ ആദ്യലക്കത്തിൽ വന്ന 'കുങ്കുമം വിതറിയ വഴികൾ' എന്ന കഥയുടെ രംഗം വില്ലെ പാർലെയും ജുഹുവും ജുഹു ബീച്ചുമൊക്കെയാണ്. ഞാൻ പത്തുകൊല്ലം താമസിച്ച സ്ഥലം.
എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് ബോംബെ സാഹിത്യത്തിനു പറ്റിയ അന്തരീക്ഷമല്ലെന്നുതന്നെയാണ്. കൽക്കത്തയിലോ ദില്ലിയിലോ അതല്ല സ്ഥിതി. എന്താണങ്ങനെ എന്നു ചോദിച്ചാൽ എനിക്കു മറുപടി ഇല്ല. ഒരുപക്ഷെ, എന്റെ തോന്നലുകളായിരിക്കാം. ഞാൻ ബോംബെ വിട്ടത് തൊള്ളായിരത്തി എൺപത്തിമൂന്നിലാണ്. ഇപ്പോൾ ഇരുപതുകൊല്ലം കഴിഞ്ഞു. ഇന്ന് സ്ഥിതിഗതികൾ മാറിയിട്ടുണ്ടാകാം. കൽക്കത്തയിലും ദില്ലിയിലും വല്ലപ്പോഴും മാത്രം കഥകളെഴുതിയിരുന്ന ഞാൻ എന്തുകൊണ്ട് ബോംബെയിലെത്തിയപ്പോൾ ധാരാളം എഴുതി എന്ന ചോദ്യം വരും. ഒരുപക്ഷേ, ആ മഹാനഗരത്തിൽ അനുഭവങ്ങൾ കൂടുതലുണ്ടായതുകൊണ്ടായിരിക്കാം.
എന്തൊക്കെയായാലും എന്റെ ഇരുപത്തിമൂന്നു വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ മനസ്സിലാക്കുന്നു, മലയാളത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർ കേരളത്തിനു പുറത്തുള്ള മലയാളികളാണ്. അവിടുത്തെ എഴുത്തുകാരാണ്. കേരളത്തിൽനിന്ന് വിട്ടുനിൽക്കുമ്പോഴാണ് മലയാളം ഒരമ്മയെപ്പോലെ നമുക്ക് സാന്ത്വനമരുളുന്നത്. ലോകത്തിന്റെ ഏതു ഭാഗത്ത് എത്തിപ്പെട്ടാലും മലയാള ഭാഷ നമ്മുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ടാവും. കേരളത്തിൽ അതല്ല സ്ഥിതി എന്നും പറയട്ടെ.