പൊന്നാനിക്കാരനാവുക എന്നതിനര്‍ത്ഥം ഒരു വലിയ പാരമ്പര്യം തലയിൽ ചുമക്കുക എന്നതാണ്. പിറന്നു വീഴുന്ന ഓരോ പൊന്നാനിക്കാരനും ആ ഭാരം തലയിലേറ്റി നടക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. എനിക്കു ചെറുപ്പത്തിലേ ബോധ്യമായിട്ടുള്ളതാണിത്. അച്ഛനും അമ്മയുമടക്കം അരഡസന്‍ സാഹിത്യകാരന്മാരും കലാകുതുകികളും അടങ്ങുന്ന ഒരു കുടുംബത്തിൽ സ്വാഭാവികമായി അങ്ങനെയേ വരൂ. ആ അന്തരീക്ഷത്തില്‍ എന്തുകൊണ്ട് ഒരു കഥ അല്ലെങ്കിൽ കവിത എഴുതിയില്ല എന്ന ചോദ്യത്തിനേ പ്രസക്തിയുള്ളൂ. അതുകൊണ്ടായിരിക്കണം ഞാന്‍ കഥയും കവിതയും എഴുതിത്തുടങ്ങിയത്. പിന്നീടു കവിത നിര്‍ത്തി കഥ മാത്രമെഴുതി. മനസ്സില്‍ കുറച്ചു കവിതയും കൂടുതൽ കഥകളുമുള്ളതുകൊണ്ടല്ല, മറിച്ചായിരുന്നു. മനസ്സില്‍ നിറയെ കവിതയും വളരെ കുറച്ചു കഥകളുമായിരുന്നു.
ആദ്യമെഴുതിയ കഥ വെറും നേരമ്പോക്കായിരുന്നു. ആയിരം രൂപ ലോട്ടറി അടിച്ചുവെന്നു പറഞ്ഞ് അടുത്തുകൂടിയ സ്നേഹിതൻ ചായ കുടിക്കാൻ ഹോട്ടലിലേക്കു ക്ഷണിക്കുന്നതും പണം കൊടുക്കാന്‍ നേരത്ത് അപ്രത്യക്ഷനാകുന്നതുമായിരുന്നു കഥ. പതിമൂന്നോ പതിനാലോ വയസ്സിലാണ് ആ കഥ എഴുതിയത്. ആ കഥ എന്നെ കുടുംബത്തിലെ ഒരു വീരപുരുഷനാക്കി മാറ്റി. അംഗീകാരത്തിന്റെ ലഹരിയില്‍ മയങ്ങിക്കിടന്നു കുറേക്കാലം. അടുത്ത കഥ എഴുതുന്നതുവരെ. ഞാനെപ്പോഴും അങ്ങനെയാണ്. കല്‍ക്കത്തയിൽ ജോലിയന്വേഷിച്ചു പോയപ്പോഴാണ് ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത്. അച്ഛന്റെ കത്തുണ്ടാവും. ഒരു കഥ അച്ചടിച്ചു വന്നാലെ വേറൊരു കഥ എഴുതാന്‍ പാടുള്ളൂ എങ്കില്‍ ഇപ്പോൾ എഴുതേണ്ട സമയമായി. എന്നിട്ടും ഞാൻ എഴുതിയില്ല. കൊല്ലത്തില്‍ ഒരു കഥ മാത്രം. ചില കൊല്ലങ്ങളില്‍ അതുമില്ല.
കല്‍ക്കത്തയിൽ പോയശേഷം എഴുതിയ രണ്ടാമത്തെ കഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചുവന്ന കഥ 'മഴയുള്ള ഒരു രാത്രിയില്‍'. സാധാരണ ചെയ്യാറുള്ളതുപോലെ ആ കഥയും അച്ഛനുകൊടുത്തു. നിര്‍ദ്ദേശങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വേണ്ടി. ഓരോ കഥ എഴുതിക്കഴിഞ്ഞാലും അങ്ങനെയാണ്. അച്ഛനു കാണിച്ചുകൊടുക്കും. നിര്‍ദ്ദേശങ്ങളും തിരുത്തലുകളുമുണ്ടാകും. ഇപ്രാവശ്യം അതല്ല ഉണ്ടായത്. മറുപടിയില്‍ പിസിമ്മാവന്റെ (ഉറൂബ്) ഒരു കത്തും ഒപ്പം വെച്ചിരുന്നു. ''ഹരിയെ ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. ഞാന്‍ ഈ കഥ വര്‍ഗീസ് കളത്തിലിന് അയച്ചുകൊടുക്കാം. മനോരമയില്‍ ഇടാന്‍ പറ്റുമോ എന്നു നോക്കാന്‍.''
കഥ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി അതുവരെ ആലോചിച്ചിരുന്നില്ല. കഥ പ്രസിദ്ധീകരിക്കുമെന്നു വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. സന്തോഷം തോന്നി. അധികം താമസിയാതെ വര്‍ഗീസ് കളത്തിൽ സാറിന്റെ കത്തുകിട്ടി. അച്ഛൻ അയച്ച കത്താണ്. അച്ഛന്‍ അത് എനിക്കയച്ചുതന്നു. കഥ വളരെ ഇഷ്ടപ്പെട്ടു എന്നും, മനോരമയില്‍ കൊടുക്കാമെന്നും. ഇങ്ങനെ ഒരു മകനു ജന്മം നല്‍കിയതിൽ ജാനകിയമ്മയ്ക്ക് അഭിമാനിക്കാമെന്നും മറ്റും പറഞ്ഞുകൊണ്ടുള്ള കത്ത്.
ആദ്യം പ്രസിദ്ധീകരിച്ച കഥ എഴുതാനുള്ള പ്രചോദനം കിട്ടിയത് അടുത്തവീട്ടിലെ ബ്രാഹ്മണസ്ത്രീയില്‍നിന്നാണ്. അമ്മയുടെ പ്രായം കാണും. ഒരു ദിവസം അവരെ കാണാന്‍ പോയപ്പോൾ അവർ വളരെ വിഷമിച്ചിരിക്കുന്നതുപോലെ തോന്നി. എന്തോ അലട്ടുന്നപോലെ. ഇടയ്ക്കിടയ്ക്കു ജനലിന്നടുത്തുപോയി പുറത്തേയ്ക്കു നോക്കും. സ്വസ്ഥതയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. സുഖമില്ലേ എന്ന ചോദ്യത്തിനും മറുപടിയൊന്നുമുണ്ടായില്ല.
പിന്നീടാണു ഞാന്‍ കാരണം മനസ്സിലാക്കിയത്. അവരുടെ മകന്‍ മരിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ ദിവസമായിരുന്നു. എന്റെ മനസ്സില്‍ ആ സംഭവം എന്തൊക്കെയോ ചലനങ്ങളുണ്ടാക്കി. അന്നു വൈകുന്നേരം നടക്കാനിറങ്ങിയതു ഡോക്കിന്റെ പരിസരത്തായിരുന്നു. അസ്തമനം കണ്ടു. അതോടെ കഥയ്ക്കു പശ്ചാത്തലവും കിട്ടി.
കഥ മനോരമയില്‍ അച്ചടിച്ചുവന്നപ്പോൾ വളരെ സന്തോഷം തോന്നി. പ്രത്യേകിച്ചും സ്നേഹിതന്മാരുടെ അഭിനന്ദനങ്ങളും അംഗീകാരവും കിട്ടിയപ്പോൾ. രണ്ടു കഥകള്‍കൂടി മനോരമയിൽ പ്രസിദ്ധീകരിച്ചുവന്നു. പിന്നീടാണ് ഒരു കഥ മാതൃഭൂമിക്കയച്ചുകൊടുത്തതും എം.ടി. അതു പ്രസിദ്ധീകരിച്ചതും