രണ്ടു കാരണവന്മാരെപ്പറ്റി

രണ്ടു തുല്യ (അതുല്യ) പ്രതിഭകളെ അനായാസം നമ്മുടെ മുമ്പിൽ കൊണ്ടുവരുന്നു മണർകാട് മാത്യു. അത്യുക്തിയില്ല, അനർഹമായ വ്യക്തിപൂജയില്ല. സാഹിത്യത്തറവാട്ടിലെ രണ്ടു കാരണവന്മാരെ അവരർഹിക്കുന്ന നിലയിൽ തുലനം ചെയ്തു നമ്മുടെ മുമ്പിൽ കാണിക്കുന്നു. പുസ്തകം മുഴുവൻ വായിച്ചുകഴിഞ്ഞാൽ നമ്മുടെ മുമ്പിൽ കാണുക കൂടുതൽ ഉയരമാർജിച്ച രണ്ടു പ്രതിഭകളെയാണ്. വളരെ വ്യക്തിഗതമായ സംഭവങ്ങളുടെ വിവരണങ്ങൾ വഴി തകഴിയുടെയും ബഷീറിന്റെയും സാഹിത്യജീവിതം അനാവരണം ചെയ്യപ്പെടുകയാണ്, ഒപ്പം തന്നെ അവരുടെ വ്യക്തിജീവിതത്തിന്റെ ഔന്നത്യവും.

മണർകാട് മാത്യുവിന്റെ 'തകഴിയും ബഷീറും - കൂടിക്കാഴ്ചകളിൽ' എന്ന പുസ്തകം മലയാള ഭാഷയിൽ ഒരു നവീനമായ സങ്കേതമാണ്. പലപ്പോഴായി നടന്നിട്ടുള്ള കൂടിക്കാഴ്ചകളിലൂടെ സാഹിത്യകാരന്മാരുടെ അന്തസ്സത്ത വെളിപ്പെടുത്തുന്ന പുസ്തകം മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടില്ല. ടി.എൻ. ജയചന്ദ്രന്റെ ഇന്റർവ്യൂകൾ മറന്നിട്ടില്ല. പക്ഷേ മണർകാട് മാത്യുവിന്റെ പുസ്തകത്തിൽ ഇന്റർവ്യൂവിൽ നിന്നും ഒരുപടി മുന്നോട്ടു പോയിരിക്കുന്നു. ലോകസാഹിത്യത്തിൽത്തന്നെ ഇങ്ങിനെയുള്ള പുസ്തകങ്ങൾ അപൂർവ്വമായിരിക്കും. ഹെമിങ്‌വേയുടെ 'എ മൂവബ്ൾ ഫീസ്റ്റ്' എന്ന പുസ്തകവുമായി ഇതിനെ താരതമ്യപ്പെടുത്താം. പാരീസിൽ ഒപ്പം താമസിച്ചവരും അടുത്ത് ഇടപഴകിയവരുമായ ഫിറ്റ്‌സ്‌ജെറാൾഡ്, ജെസ്സ്റ്റ്രൂഡ് സ്റ്റെയ്ൻ എന്നിവരുമായുള്ള ഹെമിങ്‌വേയുടെ അനുഭവങ്ങൾ ഒരു ഹെമിങ്‌വേ നോവൽ വായിക്കുന്ന അത്രതന്നെ രസത്തോടെ വായിച്ചു പോകും. മണർകാട് മാത്യുവിന്റെ പുസ്തകവും ഒറ്റയിരിപ്പിന് നാം വായിച്ചു പോകുന്നത് തകഴി, ബഷീർ എന്നീ വ്യക്തികളും അവരുടെ സാഹിത്യവും ഈ പുസ്തകത്തിൽ ഒരേ സമയം അനാവരണം ചെയ്യപ്പെടുന്നു എന്നതുകൊണ്ടാണ്.

തകഴിയുടെ ഉത്തരങ്ങൾ പലപ്പോഴും വളരെ ആഴത്തിൽ പോയി എവിടെയോ ഒക്കെ കൊള്ളുന്നതു കാണാം. ബലൂൺ എന്ന പുസ്തകത്തിന്റെ പ്രസക്തിയെപ്പറ്റി ചോദിച്ചപ്പോഴാണ് തകഴി കാഫ്‌കെയുടെയും കമ്യുവിന്റെയും ചുവടു പിടിച്ച് എഴുതുന്ന ആധുനിക സാഹിത്യകാരന്മാരെപ്പറ്റി പറയുന്നത്. തുടർന്നുള്ള സംഭാഷണങ്ങൾ പലതും കൂട്ടി വായിക്കാൻ നമ്മെ നിർബ്ബന്ധിതരാക്കുന്നു. ഇങ്ങിനെ സംഭാഷണങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന പരിസമാപ്തി വായനക്കാർക്കു വിട്ടുകൊടുക്കുകയും താൻ അതിൽനിന്നൊക്കെ മാറി നിൽക്കുകയും ചെയ്യുകയാണ് മണർകാട് മാത്യു. നിർമ്മമത്വത്തോടടുക്കുന്ന ഈ നിഷ്പക്ഷതയോടെ ഒരു മികച്ച പത്രപ്രവർത്തകനാണ് താനെന്ന് മാത്യു തെളിയിക്കുന്നു.

തകഴിയിൽനിന്ന് ബഷീറിലേയ്ക്ക് വളരെ ദൂരമുണ്ട്. ആ ദൂരം അളന്നു കാണിക്കുകയാണ് ലേഖകൻ ഈ പുസ്തകത്തിലൂടെ. തകഴി തനിക്കു ചുറ്റും കണ്ട ലോകത്തെപ്പറ്റി എഴുതിയപ്പോൾ ബഷീർ തന്റെ ജീവിതം തന്നെയാണ് കഥകളിലേയ്ക്കും നോവലുകളിലേയ്ക്കും പകർത്തിയത്. രണ്ടിനും രണ്ടുവിധത്തിൽ ആർജ്ജവമുണ്ട്. നിങ്ങൾക്ക് താരതമ്യം ചെയ്യാം, പക്ഷേ എത്തുന്നത് നേരത്തെ പറഞ്ഞ തുലനാവസ്ഥയിൽത്തന്നെ. ബഷീർ നടന്ന വഴികളിലൂടെ തകഴിക്ക് നടക്കാൻ കഴിയില്ല, മറിച്ചും സംശയമാണ്.

തലമുതിർന്ന സാഹിത്യകാരന്മാരെപ്പറ്റി എഴുതു മ്പോൾ സാധാരണ സംഭവിക്കുന്നതെന്തെന്നാൽ ലേഖകൻ അവരെ ഉയർത്തിക്കൊണ്ടുപോയി ഏതാണ്ടൊരു അമാനുഷിക തലത്തിലേക്കെത്തിക്കാറുണ്ട്. വെറും ജീവചരിത്രമെഴുതുമ്പോൾക്കൂടി ഇതു സംഭവിക്കുന്നു. എന്നാൽ ഈ പുസ്തകത്തിലാകട്ടെ മണർകാട് മാത്യു രണ്ടു സാഹിത്യകാരന്മാരെയും പച്ചയായി അവരർഹിക്കുന്ന നിലയിൽത്തന്നെ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. അവരുടെ കഴിവുകളും കഴിവുകേടുകളും, നല്ല വശങ്ങളും ചീത്ത വശങ്ങളും. നിങ്ങൾക്കവരെ ഇഷ്ടമായാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം എന്ന ഭാവത്തിൽ. ഇഷ്ടമാവുമെന്ന് മാത്യുവിന് നല്ലപോലെ അറിയാം. ഇത്രയൊക്കെ കഴിഞ്ഞ് അവർ അമാനുഷികരാണെന്ന ബോധം നമുക്കുണ്ടാവുന്നുണ്ടെങ്കിൽ കുറ്റം പറയേണ്ടത് മാത്യുവിനെയല്ല, ഏതാണ്ട് അമാനുഷിക തലത്തിൽ ജീവിച്ചു മരിച്ച ഈ രണ്ടു സാഹിത്യകാരന്മാരെത്തന്നെയാണ്. പ്രത്യേകിച്ചു വൈക്കം മുഹമ്മദ് ബഷീറിനെ. അദ്ദേഹത്തിന്റെ ജീവിതം ആകാംക്ഷയുടെയും ആദരവിന്റെയും പിരിമുറുക്കത്തോടെയല്ലാതെ നമുക്ക് വായിച്ചു പോകാൻ പറ്റില്ല. 'നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിലപ്പെട്ട രണ്ടു കലാവ്യക്തികളെ സ്പർശിച്ചറിയാനുള്ള ഒരു പത്ര പ്രവർത്തകന്റെ ആവേശമാണ് ഈ കൃതി' എന്ന് മണർകാട് മാത്യു പറയുന്നുണ്ട്. ആ കാര്യത്തിൽ അദ്ദേഹം വിജയിച്ചുവെന്നു വേണം പറയാൻ.

മറ്റൊരു പ്രധാനപ്പെട്ട കാര്യമുള്ളത് തകഴിയും ബഷീറുമായി പലപ്പോഴായി മണർകാട് മാത്യു നടത്തിയ കൂടിക്കാഴ്ചകളുടെ ഫലമാണ് ഈ പുസ്തകമെങ്കിലും എവിടെയും 'ഞാൻ' എന്ന പദമോ ഭാവമോ വരുന്നില്ലെന്നതാണ്. വളരെ പക്വത വന്ന വിനീത മനസ്സിനേ ഇങ്ങിനെ ഒരു പുസ്തകം എഴുതിയുണ്ടാക്കാൻ പറ്റൂ. ഒ.വി. വിജയന്റെയും എം. മുകുന്ദന്റെയും ആമുഖങ്ങൾ പുസ്തകത്തെപ്പറ്റിയുള്ള നല്ല രണ്ട് അവലോകനങ്ങൾ കൂടിയാണ്. 'ദ വീക്കി'ന്റെ ചിത്രകാരൻ പ്രകാശ് ഷെട്ടി വരച്ച മനോഹര ചിത്രങ്ങൾ പുസ്തകത്തിന് മാറ്റു കൂട്ടുന്നു.

തകഴിയെയും ബഷീറിനെയും പരിചയപ്പെടുത്താൻ പറ്റിയ ഗ്രന്ഥമെന്ന നിലയ്ക്ക് ഈ പുസ്തകം മറ്റു ഭാഷകളിലേയ്ക്ക് പ്രത്യേകിച്ചും ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തുന്നത് അത്യാവശ്യമാണ്.

സാഹിത്യലോകം

ഇ ഹരികുമാര്‍

E Harikumar