മലയാളസാഹിത്യവും നവമാധ്യമങ്ങളും

മലയാള സാഹിത്യവും നവമാധ്യമങ്ങളും എന്നതാണ് നമ്മുടെ വിഷയം. നവമാധ്യമങ്ങൾ എന്നതു കൊണ്ട് തീർച്ചയായും ഉദ്ദേശിക്കുന്നത് ഇ-റീഡിങ് അതുപോലെ ഇ-റൈറ്റിങ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളാണ്. ഇ-റൈറ്റിങ് മലയാളത്തിൽ തുടങ്ങിയിട്ട് പത്തിരുപതു വർഷമായി. ഞാനും സി. രാധാകൃഷ്ണനുമാണ് അതിന്റെ തുടക്കക്കാർ. കുറെക്കാലം അതു ഞങ്ങളിൽത്തന്നെ ഒതുങ്ങിയെന്നത് വേറെ കാര്യം. പിന്നീട് അഷ്ടമൂർത്തി മുതലാണെന്നു തോന്നുന്നു സാവധാനത്തിലെങ്കിലും ഈ നിലയിലെത്തിച്ചത്. കൈകൊണ്ട് എഴുതുന്നതിനു പകരം കീബോർഡു വഴിയുള്ള എഴുത്തിലേയ്ക്ക് മാറാൻ പൊതുവേ നമ്മുടെ എഴുത്തുകാർ വൈമുഖ്യം കാണിച്ചിരുന്നു. ഇന്നതല്ല സ്ഥിതി. വളരെയധികം എഴുത്തുകാർ കമ്പ്യൂട്ടർ ഉപയോഗിച്ച് മലയാളത്തിൽ രചന നടത്തുന്നു, കത്തുകളയക്കുന്നു, സോഷ്യൽ നെറ്റ്‌വർക്കിൽ ആശയ വിനിമയം നടത്തുന്നു, അവരുടെ സൃഷ്ടികൾ കൈമാറുന്നു. ഇന്നുള്ള ഇ-മാധ്യമങ്ങളിൽ വളരെ മുന്നിൽ നിൽക്കുന്നത് സോഷ്യൽ നെറ്റ്‌വർക്കിലൂടെയുള്ള സൃഷ്ടികളാണ്. കൂടുതൽ പേർ ഈ സൗകര്യം ഉപയോഗിക്കുന്നു എന്നതു കൊണ്ടാണ് ഞാനതു പറയുന്നത്.

പക്ഷെ മലയാളസാഹിത്യം നവമാധ്യമങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പു ചെയ്യേണ്ടിയിരുന്ന ഒരു കാര്യമുണ്ട്. ലിപി മാനകീകരണം. ചുരുക്കിപ്പറഞ്ഞാൽ ഒരാൾ സ്വന്തം കമ്പ്യൂട്ടറിൽ ഒരു ലേഖനമെഴുതി ഓൺലൈനിൽ ഇട്ടാൽ അത് അതേപോലെ ലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടറുകളിൽ വായിക്കാൻ പറ്റുക. അവൻ എന്ന വാക്ക് എഴുതിയാൽ അത് അവൻ എന്നുതന്നെയല്ലാതെ അവന് എന്നു വരരുത്. അങ്ങിനെയുള്ള ഒരു സംവിധാനം ഉണ്ടാക്കിയാലെ ഇതിൽ എന്തെങ്കിലും പുരോഗതിയുണ്ടാവു. ആറു മാസംകൊണ്ടത് ചെയ്യാവുന്നതേയുള്ളു. അതിനു വേണ്ടത് അതിനായി നിയമിക്കപ്പെട്ട വകുപ്പുകളുടെ ഇഛാശക്തിയാണ്. ഇന്ന് അതില്ലാത്തതുകൊണ്ട് അടുത്തൊന്നും ലിപി മാനകീകരണം നടക്കുമെന്ന് തോന്നുന്നില്ല. നമുക്ക് ഇത്രയൊക്കെയേ വിധിച്ചിട്ടുള്ളു എന്നു കരുതുക.

നവമാധ്യമങ്ങളിലേയ്ക്കുള്ള അക്കാദമിയുടെ യാത്ര തുടങ്ങിയത് 1998 ലാണ്. അപ്പോഴാണ് സാഹിത്യ അക്കാദമിയിൽ കമ്പ്യൂട്ടർവത്കരണം നടന്നത്. അന്ന് പ്രസിഡന്റായിരുന്ന ശ്രീ എം.ടി. വാസുദേവൻ നായർ എന്നെ ജനറൽ കൗൺസിലിൽ എടുത്തതുതന്നെ ഇവിടുത്തെ ആർക്കൈവ്‌സ് ശരിയാക്കിയെടുക്കാനായിരുന്നു. ആദ്യം വേണ്ടത് അക്കാദമി കമ്പ്യൂട്ടറൈസ് ചെയ്യുകയാണെന്ന നിർദ്ദേശത്തെ അദ്ദേഹവും സെക്രട്ടരി പ്രൊഫ. ദാമോദരൻ കാളിയത്തും അനുകൂലിച്ചു. അങ്ങിനെയാണ് എന്റെ നേതൃത്വത്തിൽ ഇവിടെ കമ്പ്യൂട്ടർ സ്ഥാപിക്കുകയും അതിനോടനുബന്ധിച്ച പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തത്. മൂന്നു കാര്യങ്ങളാണ് ഞാൻ ചെയ്തത്, ഒന്ന് മൺമറഞ്ഞ സാഹിത്യകാരന്മാരെക്കുറിച്ചുള്ള ഒരു ഇന്ററാക്ടീവ് സി.ഡി.യുണ്ടാക്കി. ആ സാഹിത്യകാരന്മാരുടെ ഫോട്ടോ, ലഘുജീവചരിത്രം, കൈപ്പട, പുസ്തകങ്ങളുടെ ലിസ്റ്റും കവർ ചിത്രങ്ങളും, അവരുടെ ശബ്ദം (അവ കിട്ടാവുന്നിടത്തോളം) ഈ സി.ഡി.യിൽ ചേർത്തിട്ടുണ്ട്. പോരാത്തതിന് അക്കാദമിയുടെ വിവിധ അവാർഡുകളെപ്പറ്റിയുള്ള വിവരം, അക്കാദമി പ്രസിദ്ധീകരണങ്ങളുടെ പട്ടിക തുടങ്ങി പല വിവരങ്ങളും ഈ സി.ഡി.യിലുണ്ട്. പിന്നീട് വെബ്ബിൽ ഇടാനുള്ള സൗകര്യം പ്രമാണിച്ച് എച്ച്.ടി.എം.എല്ലിലാണ് അതു എഴുതിയിട്ടുള്ളത്. പ്രൊഫ. എസ്. കെ. വസന്തനാണ് എഴുത്തുകാരെക്കുറിച്ച് ഗവേഷണം നടത്തിയതും ജീവചരിത്രക്കുറിപ്പുകൾ തയ്യാറാക്കിയതും. അദ്ദേഹത്തിനും എനിക്കും അക്കാദമി ലൈബ്രേറിയന്റെയും സ്റ്റാഫിന്റെയും മാത്രമല്ല മൊത്തം അക്കാദമി സ്റ്റാഫിന്റെ ആത്മാർത്ഥമായ സഹകരണം ലഭിച്ചിട്ടുണ്ട്, എടുത്തു പറയേണ്ട മൂന്ന് പേരുകളാണ് ലൈബ്രേറിയൻ രാജേന്ദ്രൻ, ജോസ്, മാധവിക്കുട്ടി എന്നിവരുടേത്.

രണ്ടാമതായി ചെയ്ത കാര്യം അക്കാദമി സ്റ്റാഫിന് കമ്പ്യൂട്ടർ ട്രെയിനിങ് കൊടുക്കലാണ്. അവരെ മലയാളം ടൈപ് സെറ്റിങ് പഠിപ്പിച്ചു. അതു കാരണം നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം എന്ന നാലു വാള്യങ്ങളുള്ള പുസ്തകം മുഴുവനും അക്കാദമി സ്റ്റാഫിനു തന്നെ ടൈപ്‌സെറ്റ് ചെയ്യാൻ കഴിഞ്ഞു. അതൊരു വലിയ നേട്ടമാണ്. ഈ പുസ്തകത്തിന്റെ കൺവീനറായിരുന്നു ശ്രീ വൈശാഖൻ.

അക്കാദമി അംഗമായിരിക്കുമ്പോൾ ഞാനേറ്റെടുത്ത മൂന്നാമത്തെ പ്രൊജക്ടാണ് ലൈബ്രറി ഡേറ്റാബേസ്. ശ്രീ. കെ.എം. ഗോവിയായിരുന്നു അക്കാദമിയുടെ പുസ്തകങ്ങളുടെ വിശദമായ പ്രിന്റഡ് കാറ്റലോഗ് തയ്യാറാക്കിയത്. അനേക വർഷത്തെ അദ്ധ്വാനം അതിനു പിന്നിലുണ്ടായിരുന്നു. അക്കാദമി കമ്പ്യൂട്ടറൈസ് ചെയ്തപ്പോൾ ഈ കാറ്റലോഗുകൾ ഒരു ഡേറ്റാബേസിലാക്കാമെന്ന് നിർദ്ദേശിച്ചത് അദ്ദേഹവും ലൈബ്രേറിയൻ ശ്രീ രാജേന്ദ്രനുമായിരുന്നു. ഞാൻ എം.ടി.യുമായി ആ കാര്യം ചർച്ച ചെയ്തു. അതൊരു പുതിയ പ്രൊജക്ടായി തുടങ്ങാമെന്ന് തീർച്ചയാക്കുകയും ചെയ്തു. ഞാൻതന്നെയാണ് അതിന്റെ മേൽനോട്ടവും വഹിച്ചത്. ഡേറ്റാബേസിന്റെ ജോലി ഏൽപിച്ചത് എന്റെ മരുമകൻ ഇ. ദിനകരനെയായിരുന്നു. അദ്ദേഹം ഒരു ഡേറ്റാബേസ് വിദ്ഗ്ദനാണ്. ദിനകരനും രണ്ടു സ്‌നേഹിതരും കൂടിയാണ് ആ ഡേറ്റാബേസ് ഉണ്ടാക്കിയത്. പ്രിന്റഡ് കാറ്റലോഗിൽ ഒരു പുസ്തകം കണ്ടുപിടിക്കാൻ പലപ്പോഴും വളരെ സമയമെടുക്കും. മറിച്ച് ഒരു ഡേറ്റാബേസിൽ സെക്കന്റുകൾക്കുള്ളിൽ ഒരു പുസ്തകത്തിന്റെ മുഴുവൻ വിവരങ്ങളും ലഭിക്കും, അതായത് ഗ്രന്ഥകാരന്റെ പേര്, പ്രസിദ്ധീകരിച്ച വർഷം, പേജുകളുടെ എണ്ണം, വില, പ്രസാധകന്റെ പേര്, പുസ്തകം ഏതു ഷെൽഫിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നുവരെയുള്ള മുഴുവൻ വിവരങ്ങളും. ഇനി ഒരു പുസ്തകത്തിന്റെ പേര് ഓർമ്മയില്ല എങ്കിൽത്തന്നെ ഗ്രന്ഥകാരന്റെ പേര് എഴുതിയാലും നമുക്ക് ആ വിവരങ്ങൾ കിട്ടും. മലയാളലിപിയ്ക്ക് ആദ്യമായി അക്ഷരമാലക്രമത്തിൽ ഇന്റക്‌സ് ചെയ്യാനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തതും ദിനകരനാണ്. അതുണ്ടെങ്കിലേ സേർച്ച് എഞ്ചിൻ പ്രവർത്തിക്കു. ശരിക്കു പറഞ്ഞാൽ ആ സോഫ്റ്റ്‌വെയർ നിർമ്മിച്ചതുകൊണ്ടു മാത്രമാണ് ഈ ഡേറ്റാബേസ് ഉണ്ടാക്കാൻ തന്നെ കഴിഞ്ഞത്.

തിരിച്ച് സോഷ്യൽ നെറ്റ്‌വർക്കിങ്ങിലേയ്ക്കു കടക്കാം. ഇന്ന് പ്രിന്റ് മാധ്യമങ്ങളിൽ, അതായത് വാരികകളിലും മാസികകളിലും വരുന്നതിനേക്കാൾ നല്ല കവിതകളും കഥകളും എനിക്ക് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലും ഓൺലൈൻ മാസികകളിലും വായിക്കാൻ പറ്റാറുണ്ട്.

ഇന്നിവിടെ പ്രസംഗിക്കാൻ എത്തിയവരിൽ പലരും സോഷ്യൽ നെറ്റ്‌വർക്കിങ്ങിലൂടെ സ്വന്തം കൃതികൾ വായനക്കാരിലെത്തിക്കുന്നു. അഷ്ടമൂർത്തി പ്രസിദ്ധപ്പെടുത്തിയ ഓരോ ലേഖനവും കഥയും അപ്പോൾത്തന്നെ നമുക്ക് ഫേസ്ബുക്കിൽ നിന്നു വായിക്കാം. പലരും മറ്റുള്ളവരുടെ കൃതികൾ പരിചയപ്പെടുത്തുന്നു. വേദിയിലുള്ള മണിലാൽ, എൻ. രാജൻ, രഘുനാഥൻ പറളി തുടങ്ങിയവർ പലരും ഫേസ്ബുക്കിൽ സജീവമാണ്. ബ്ലോഗ്ഗിൽ ലേഖനങ്ങളും ചിന്തകളും കുറിക്കുന്ന മറ്റെഴുത്തുകാരാണ് രാം മോഹൻ പാലിയത്ത്. ബാലു മേലേതിൽ, സരിതവർമ്മ തുടങ്ങിയവർ, എനിക്ക് പെട്ടെന്ന് ഓർമ്മ വന്ന ഏതാനും പേരുകൾ പറഞ്ഞുവെന്നേയുള്ളു.

മറ്റൊരു പ്രധാനപ്പെട്ട മാധ്യമമാണ് വെബ്‌സൈറ്റുകൾ. അതിനുള്ള പ്രത്യേകത എന്താണെന്നാൽ അത് നമ്മുടെ വ്യക്തിഗതമായ ഒരു മാധ്യമമാണ്. ഇതിൽ നമ്മുടെ സാഹിത്യരചനകൾ മാത്രമല്ല, അവയെപ്പറ്റിയുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളും വായനക്കാർക്ക് എളുപ്പത്തിൽ എടുക്കാൻ പാകത്തിൽ നിരത്തി വെക്കാം.

ഒരു പുതിയ മാധ്യമമാണ് മൊബൈൽ ആപ്പുകൾ. സ്മാർട്ട് ഫോണുകളുടെ പിറവിയോടെ മൊബൈൽ ഫോണിലൂടെയുള്ള വായനയ്ക്ക് വളരെ പ്രിയമേറിയിട്ടുണ്ട്. ന്യൂസ് ഹണ്ട് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ ഞാനെന്റെ എല്ലാ കൃതികളും സൗജന്യമായിത്തന്നെ ചേർത്തിട്ടുണ്ട്. അതിനു കിട്ടിയ സ്വീകരണം അദ്ഭുതാവഹമായിരുന്നു. ഒന്നോ രണ്ടോ ആഴ്ചകൾക്കകം നിരവധി ഡൗൺലോഡുകൾ പുസ്തകങ്ങൾക്ക് ലഭിച്ചു. ഫോൺ വഴിയും ഇമെയിൽ വഴിയായും എനിക്ക് ധാരാളം നല്ല അഭിപ്രായങ്ങൾ കിട്ടി. ന്യൂസ് ഹണ്ടിന്റെ ആപ്പ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽനിന്ന് സൗജന്യമായി ഡൗൺലോഡു ചെയ്യാം. ഞാനെന്റെ കൃതികൾ സൗജന്യമായിട്ടാണ് കൊടുക്കുന്നതെങ്കിലും താല്പര്യമുള്ളവർക്ക് വിലയോടെ വിൽക്കാനുള്ള സംവിധാനവുമുണ്ട് ന്യൂസ് ഹണ്ടിൽ. നമ്മുടെ സാഹിത്യകാരന്മാർക്ക് ഈ സൗകര്യം ഉപയോഗിച്ച് കൂടുതൽ വായനക്കാരിലേയ്‌ക്കെത്താം. ഇന്ത്യക്കു പുറത്തുള്ള വായനക്കാർക്ക് മലയാള പുസ്തകം കിട്ടുക എളുപ്പമല്ല. പുസ്തകത്തിന്റെ വിലയേക്കാൾ കൂടുതൽ ചിലവു വരും അതവിടെ എത്തിക്കാൻ. അവർക്കെല്ലാം ഓൺലൈൻ വായന ഒരനുഗ്രഹമാണ്. സായാഹ്ന എന്ന പോർട്ടലിൽ നമുക്ക് നമ്മുടെ രചനകൾ സൗജന്യമായി പോസ്റ്റ് ചെയ്യാം. വിക്കിപീഡിയയുടെ മാതൃകയിലാണ് ആ പോർട്ടൽ സംവിധാനം ചെയ്തിട്ടുള്ളത്. അതിന്റെ ഉപജ്ഞാതാവ് ശ്രീ. സി.വി. രാധാകൃഷ്ണനാണ്.

ഞാൻ ഇത്രയും പറയുന്നത് ഇലക്ട്രോണിക് മാധ്യമങ്ങളുടെ അനന്ത സാധ്യതകളെപ്പറ്റി നിങ്ങളെ ബോധവാന്മാരാക്കാൻ വേണ്ടി മാത്രമാണ്. സദയം ക്ഷമിക്കുക.

രണ്ടായിരത്തി പതിമൂന്നിലാണ് എന്റെ മുഴുവൻ കൃതികളും ഉൾപ്പെടുത്തി ഒരു സി.ഡി.യുണ്ടാക്കിയത്. എന്റെ സാഹിത്യശ്രമങ്ങളുടെ അമ്പതാം വാർഷികത്തിൽ. ദിവസത്തിൽ പതിനാലു മണിക്കൂർ ജോലി ചെയ്ത് ഒന്നരക്കൊല്ലം വേണ്ടിവന്നു അതു പൂർത്തിയാക്കാൻ.

എന്റെ സാഹിത്യത്തെപ്പറ്റി അറിയണമെങ്കിൽ ആ ഒരു സി.ഡി. മാത്രം മതിയാകും. എന്നിട്ടോ വളരെ ചുരുക്കം പേരൊഴിച്ചാൽ സാഹിത്യലോകം അതു പാടെ അവഗണിക്കുകയാണുണ്ടായത്. ഒരുപക്ഷെ ഞാൻ കുറച്ചു മുമ്പു നടന്നുവെന്നതായിരിക്കാം ഒരു കാരണം. പലരും നല്ല അഭിപ്രായം പറഞ്ഞുവെങ്കിലും ശ്രീ. അഷ്ടമൂർത്തി മാത്രമാണ് അതിനെപ്പറ്റി എഴുതിയത്. അദ്ദേഹം ദേശാഭിമാനി വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിന്റെ അവസാനം ഇങ്ങിനെ. 'ലോകത്തിൽത്തന്നെ ആദ്യമായിട്ടാവില്ലെ ഒരെഴുത്തുകാരൻ തന്റെ സ്വത്തുക്കൾ ഇങ്ങിനെ കാറ്റത്തിടുന്നത്?' അഷ്ടമൂർത്തിയ്ക്ക് നന്ദി.

മലയാള സാഹിത്യത്തിലെ നവസ്പന്ദനങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനുമായി ഉദ്ദേശിച്ച ഒരു സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി. ഞാനെന്റെ സി.ഡി. അവർക്കു സമർപ്പിച്ചിരുന്നു. ഒരെഴുത്തുകാരൻ ജീവിതകാലം മുഴുവൻ ഇരുന്നെഴുതിയ കൃതികൾ എഴുത്തിന്റെ അമ്പതാം വാർഷികത്തിൽ വായനക്കാർക്ക് സൗജന്യമായി, എളുപ്പം എടുക്കാൻ പാകത്തിൽ സമർപ്പിക്കുകയാണ്, സി.ഡി.യിലും വെബ്ബിലുമായി. മലയാള സാഹിത്യത്തിൽ മാത്രമല്ല ലോകചരിത്രത്തിൽത്തന്നെ നടാടെയാണ് ഇങ്ങിനെയൊരു സംരംഭം ഉണ്ടായിട്ടുള്ളത്. പല പുതുമകളുമുള്ള ഈ സംരംഭം അക്കാദമി ഒരു ആഘോഷമാക്കി മാറ്റേണ്ടതായിരുന്നു. മറിച്ച് അവരത് പാടെ അവഗണിക്കുകയാണുണ്ടായത്. കാരണങ്ങളുണ്ടാവാം. ഒരു പക്ഷെ മറ്റൊരു സാഹിത്യകാരനാണിതു ചെയ്തതെങ്കിൽ കാര്യങ്ങൾ മറിച്ചാകുമായിരുന്നു. ഇന്ത്യയിലെ ഇതരഭാഷകളുടെ ഇടയിൽത്തന്നെ മലയാള സാഹിത്യത്തെ ഉയർത്തിപ്പിടിച്ച് കാണിക്കാനുള്ള ഒരവസരം അക്കാദമി നഷ്ടപ്പെടുത്തുകയാണുണ്ടായത്.

മലയാള സാഹിത്യം വളരെ വലിയ തോതിൽത്തന്നെ നവമാധ്യമങ്ങളിലേയ്ക്ക് ചേക്കേറിയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഒരു അഞ്ചു കൊല്ലത്തിനുള്ളിൽ അത് പൂർണ്ണമാകുമെന്നാണ് എന്റെ പ്രതീക്ഷ.

കൂടുതൽ പറയുന്നില്ല. മറ്റുള്ളവർ സംസാരിക്കട്ടെ. ഇത്രയും നേരം എന്നെ സഹിച്ചതിന് നന്ദി.

കേരള സാഹിത്യ അക്കാദമി - 2015 ഫെബ്രുവരി 10

ഇ ഹരികുമാര്‍

E Harikumar